അടിമയും ഉടമയുമല്ല; കവിയോട് മാപ്പു പറഞ്ഞ് ബ്രിട്ടിഷ് ലൈബ്രറി
Mail This Article
നൂറ്റാണ്ടുകള്‍ മുന്‍പു ജീവിച്ചിരുന്ന പിതാമഹന്‍ അടിമ വ്യാപാരത്തില്‍ ഏര്‍പ്പെട്ടു എന്ന ആരോപണം ഉയര്‍ത്തി ബ്രിട്ടന്റെ ആസ്ഥാന കവിയായിരുന്ന ടെഡ് ഹ്യൂസിനെ അപമാനിക്കാനുള്ള ശ്രമത്തില്‍നിന്നു പിന്‍മാറി ബ്രിട്ടിഷ് ലൈബ്രറി. കോളനി വാഴ്ചയില്‍ നിന്നും അടിമ വ്യാപാരത്തില്‍നിന്നും സ്വത്ത് ആര്‍ജിച്ച 300 പേരുടെ പട്ടികയില്‍ ടെഡ് ഹ്യൂസിനെ ഉള്‍പ്പെടുത്തിയ സംഭവത്തിലാണ് ലൈബ്രറി മാപ്പു പറഞ്ഞത്. ടെഡിന്റെ ഭാര്യ കാരള്‍ ഹഗ്സിനോടാണ് ലൈബ്രറി ക്ഷമാപണം നടത്തി തടിതപ്പിയിരിക്കുന്നത്.
1592 -ല്‍ ജനിച്ച നിക്കോളാസ് ഫെറാര്‍ എന്ന പിതാമഹനുമായാണ് ടെഡ് ഹ്യൂസിനെ ബന്ധപ്പെടുത്താന്‍ ശ്രമമുണ്ടായത്. ലണ്ടന്‍ വെര്‍ജീനീയ കമ്പനി സ്ഥാപിച്ചത് ഫെറാര്‍ ആയിരുന്നു. വടക്കേ അമേരിക്കയില്‍ കോളനി സ്ഥാപിക്കുകയായിരുന്നു വെര്‍ജീനിയ കമ്പനിയുടെ ദൗത്യം. ഫെറാര്‍ ടെഡിന്റെ പിന്‍ഗാമിയാണെന്ന കണ്ടെത്തല്‍ കൂടിയായതോടെ കവിയും കോളനിവല്‍ക്കരണത്തില്‍നിന്ന് സ്വത്ത് നേടിയെന്ന ആരോപണമാണ് ലൈബ്രറി ഉയര്‍ത്തിയത്. എന്നാല്‍ ടെഡിന്റെ ജീവചരിത്രകാരനായ ജൊനാഥന്‍ ബേറ്റന്‍ ഈ ആരോപണം നിഷേധിച്ചു രംഗത്തെത്തി. നിക്കോളാസ് ഫെറാറിന് കുട്ടികളില്ലായിരുന്നു എന്നും അദ്ദേഹം കണ്ടെത്തി. ഇതോടെ ലൈബ്രറി വെട്ടിലായി.
കാരള്‍ ഹഗ്സിനോടും ടെഡിന്റെ ആരാധകരോടും തങ്ങള്‍ നിരുപാധികം മാപ്പു പറയുകാണെന്ന് ലൈബ്രറി വിശദീകരിച്ചു. സംഭവം ഞങ്ങള്‍ക്കു പറ്റിയ തെറ്റാണ്. മാപ്പു പറയുന്നു എന്നു മാത്രമല്ല, ഇങ്ങനെയൊരു തെറ്റ് ഇനി ആവര്‍ത്തിക്കുകയില്ല എന്നും ഉറപ്പു പറയുന്നതായും ലൈബ്രറി വ്യക്തമാക്കി.
കോളനി വാഴ്ചയൂടെ കാലത്തെ അക്രമങ്ങളില്‍ നിന്നോ അന്നത്തെ വ്യാപാരത്തില്‍ നിന്നോ സമ്പത്തുണ്ടാക്കിവരെ കണ്ടുപിടിക്കാന്‍ ചരിത്രകാരന്‍മാരെ ബ്രിട്ടിഷ് ലൈബ്രറി നിയോഗിച്ചിരുന്നു. അവരുടെ ഭാഗത്തുണ്ടായ പിഴവാണ് ടെഡിനെ അടിമ വ്യാപാരവുമായി ബന്ധപ്പെടുത്തുന്നതില്‍ കലാശിച്ചത്. കാര്യങ്ങള്‍ വ്യക്തമാവും മുന്‍പു തന്നെ ഇങ്ങനെയൊരു ലിസ്റ്റ് പ്രസിദ്ധീകരിച്ചത് അപക്വമായിപ്പോയി എന്നും ലൈബ്രറി പറയുന്നു.
ക്ഷമാപണം വന്നതോടെ ടെഡിന്റെ വിധവ കാരള്‍ താന്‍ മാപ്പ് അംഗീകരിക്കുന്നതായി പറഞ്ഞു. തന്റെ ഭര്‍ത്താവിനെ അടിസ്ഥാനമില്ലാത്ത ആരോപണത്തില്‍ ബന്ധപ്പെടുത്തി കരിവാരിത്തേക്കാനുണ്ടായ ശ്രമം തെറ്റായിരുന്നെന്നും അവര്‍ സമര്‍ഥിക്കുന്നു. എന്തായാലും ബ്രിട്ടന്റെ മഹാന്‍മാരായ കവികളില്‍ ഒരാളായ ടെഡ് ഹ്യൂസിന് അടിമത്വത്തിന്റെ ഇരുട്ടില്‍നിന്ന് മോചനമായിരിക്കുന്നു.
അമേരിക്കന്‍ കവിയത്രി സില്‍വിയ പ്ലാത്ത് ആയിരുന്ന ടെഡിന്റെ ആദ്യഭാര്യ. 1956 മുതല്‍ 63 വരെ ദീര്‍ഘിച്ച വിവാഹബന്ധത്തിന്റെ ഒടുവില്‍ സില്‍വിയ പ്ലാത്ത് 30-ാം വയസ്സില്‍ ജീവനൊടുക്കുകയായിരുന്നു. സില്‍വിയ മരിച്ചുകാണണമെന്ന് താന്‍ ആഗ്രഹിക്കുന്നെന്ന് ടെഡ് പറഞ്ഞതായുള്ള ആരോപണം പുറത്തവന്നപ്പോള്‍ ടെഡിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്. സില്‍വിയയുടെ മരണത്തിന്റെ കാരണം ടെഡ് ആണെന്നായിരുന്നു ആരോപണം.
English Summary: British library apologises for linking Ted Hughes to slave trade