ചോര പൊടിയുമെഴുത്ത്, തീയാളും വാക്കുകൾ...
Mail This Article
കത്തിവായ പോലെ മൂർച്ചയേറിയ വാക്കുകളേറ്റു മുറിഞ്ഞിട്ടുണ്ടോ? വഴുക്കലുള്ള മുറ്റം പോലത്തെ നാട്ടുഭാഷയിൽ തെറ്റി വീണു നടുവുളുക്കിയിട്ടുണ്ടോ? ആലസ്യത്തോടെ, സുഖകരമായ വായനയ്ക്കുള്ള നോവലല്ല ആർ. രാജശ്രീയുടെ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’. ഓരോ വാക്കിലും ഓരോ വാചകത്തിലും ഓരോ പുറത്തിലും അസ്വസ്ഥപ്പെടുത്തുന്ന ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുന്ന തീയാളുന്ന നോവലാണത്. അസ്വസ്ഥപ്പെടുത്തലുകൾ അനിവാര്യമായ കാലത്ത് ആ ദൗത്യം കൃത്യമായി നിർവഹിക്കുന്ന രചന. വായനയ്ക്കൊപ്പം കൂടെക്കൂടുന്ന കല്യാണിയും ദാക്ഷായണിയും നമ്മുടെയാരൊക്കെയോ ആയി മാറുന്നു, മനസ്സിൽ കയറി പാർപ്പുറപ്പിക്കുന്നു. എഴുത്തുജീവിതത്തെക്കുറിച്ച് ആർ. രാജശ്രീയുമായുള്ള സംസാരം.
തിരിച്ചുവരവ്
‘‘ഇരുപതു വർഷം മുമ്പു സജീവമായി എഴുതിയിരുന്ന ആളാണ് ഞാൻ. അന്ന് എനിക്ക് എഴുത്തിൽ കുറേ സമ്മാനങ്ങൾ കിട്ടി. ആനുകാലികങ്ങളിൽ കഥകൾ പ്രസിദ്ധീകരിച്ചു. പിന്നീട് ജീവിതത്തിന്റെ മുൻഗണനകൾ മാറി. എഴുത്തിനെക്കുറിച്ചു ഗൗരവത്തോടെ ചിന്തിച്ചതുമില്ല. എന്തായാലും അക്കാലത്ത് എഴുതിത്തുടങ്ങുകയും എഴുതി നിർത്തുകയും ചെയ്ത ഒരുപാടുപേരിൽപ്പെടും ഞാനും. എന്നെ സംബന്ധിച്ചിടത്തോളം അന്ന് എഴുത്തൊരു സേഫ്റ്റിവാൽവ് ആയിരുന്നു. ഇടക്കാലത്ത് ജീവിതത്തിൽ നിശബ്ദരായിപ്പോകുന്ന എല്ലാ സ്ത്രീകൾക്കും അവരവരുടെ കലയും എഴുത്തുമൊക്കെ അങ്ങനെ തന്നെയാണെന്നാണ് എന്റെ വിചാരം. ഉള്ളിലുള്ളത് അവിടെത്തന്നെയുണ്ടാകും. സാഹചര്യങ്ങൾക്കനുസരിച്ചു മനസ്സും പ്രവർത്തിച്ചാൽ ഒക്കെയും വെളിച്ചപ്പെടും. കുടുംബത്തിലെ ജനാധിപത്യമെന്നൊക്കെ പറയേണ്ടി വരുന്നത് അപ്പോഴാണ്’’. ഈ അഭിപ്രായത്തോടു കൂട്ടിവായിക്കാനായി നോവലിൽ ഇങ്ങനെയൊരു പരാമർശമുണ്ട്: ‘അത്യാവശ്യ സന്ദർഭങ്ങളിൽ സ്ത്രീകൾക്ക് അവരുടെ മനസ്സ് ശരീരത്തിനും കിടയ്ക്കക്കുമപ്പുറത്തേക്ക് ഊരിയിടാൻ പറ്റും. പുലരുമ്പോൾ തിരിച്ചെടുത്തിട്ടാൽ മതി’.
വായനക്കൂട്ടം
‘‘സമ്പൂർണ്ണമായി ഫോണിലെഴുതിയ നോവലാണു കല്യാണിയും ദാക്ഷായണിയും. അതിനാൽ ദൈനംദിനജീവിതത്തിൽ വീണു കിട്ടുന്ന ഇടവേളകളിലടക്കം എഴുത്തു നടന്നു. എഴുത്തിലും വായനയിലും സവിശേഷമായ ജനാധിപത്യവൽക്കരണം നടന്ന കാലം കൂടിയാണിത്. എഴുത്തിന്റെ മാധ്യമമടക്കം മാറിപ്പോകുന്നതിനെ അങ്ങനെയും കാണണം. ഫെയ്സ്ബുക്കിൽ നോവൽ പോസ്റ്റ് ചെയ്യുന്ന സമയത്ത് ഓരോ അധ്യായവും തലേന്നു മാത്രമാണ് എഴുതിയിരുന്നത്. പോസ്റ്റ് ചെയ്യുന്നതിനു മുമ്പ് ഒന്നു രണ്ടു തവണ കൂടി നോക്കി മിനുക്കിയെടുക്കും. സുഹൃത്തുക്കൾ പകർന്ന ആത്മവിശ്വാസമായിരുന്നു ഈ നോവൽ മുന്നോട്ടുകൊണ്ടുപോയതിൽ പ്രധാന കൈമുതൽ. അവസാനം വരെ ഏറ്റവും വിമർശനാത്മകമായി ഓരോ അധ്യായത്തെയും പിന്തുടർന്നവരുണ്ട്. പണ്ട് എഴുതിയത് ആരെങ്കിലും കാണുന്നതു വിഷമമായിരുന്നു. ഈ നോവലിന്റെ കാര്യത്തിൽ അതുണ്ടായില്ല. ചർച്ചകളും വിമർശനങ്ങളും മിനുക്കുപണികളിൽ ഏറെ സഹായമായി. 70 അധ്യായം എഫ്ബിയിൽ തുടർച്ചയായ 70 ദിനങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്നു പുസ്തകമാക്കിയപ്പോൾ 82 അധ്യായത്തിലേക്കു നോവൽ വളർന്നു’’.
അടുത്ത നോവൽ
നായികാനിർമിതി - വഴിയും പൊരുളും, അപസർപ്പകാഖ്യാനങ്ങൾ - ഭാവനയും രാഷ്ട്രീയവും, കൃഷ്ണനു വേണ്ടിയുണ്ടായ പെണ്ണുങ്ങൾ എന്നിങ്ങനെ മൂന്നു പുസ്തകങ്ങൾ രാജശ്രീയുടേതായി പുറത്തുവന്നിട്ടുണ്ട്. പഠന ഗ്രന്ഥങ്ങളാണു മൂന്നും. ‘‘ഇതു സത്യത്തിൽ എന്റെ രണ്ടാമത്തെ നോവലാണ് എന്നു പറയാം. ആദ്യ നോവൽ പാതിക്കു നിർത്തി. പണ്ടെഴുതി പ്രസിദ്ധീകരിച്ച ചെറുകഥകൾ പുസ്തകമാക്കാനുള്ള ഒരാലോചന എനിക്കുണ്ടായിരുന്നു. കാൽനൂറ്റാണ്ടു മുമ്പത്തെ ഭാവുകത്വമാണല്ലോ അവ പ്രതിഫലിപ്പിക്കുന്നതെന്നോർത്ത് അതും ഉപേക്ഷിച്ചു. എഴുതുന്നതെല്ലാം പ്രസിദ്ധീകരിക്കാനുള്ളതല്ല എന്നൊരു വിശ്വാസമുള്ളതുകൊണ്ട് അതിലൊന്നും നിരാശയില്ല. പക്ഷേ, പാതിക്കുവച്ചു നിർത്തിയ നോവൽ പൂർത്തിയാക്കണമെന്നു വിചാരിക്കുന്നുണ്ട്’’.
സ്ത്രീപക്ഷം
‘‘മുഖ്യധാരാസാഹിത്യം സ്ത്രീകളെ അടയാളപ്പെടുത്തിയതിലെ പ്രശ്നങ്ങൾ വളരെയധികം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതിനോടുള്ള പ്രതികരണങ്ങൾ സ്ത്രീപക്ഷ വായനയായും എഴുത്തായും രൂപപ്പെട്ടു. അവ പോലും പലപ്പോഴും ആൺ മേധാവിത്വത്തന്നെ പിന്താങ്ങുന്നതും കാണാം. അത്രയും ആഴത്തിൽ ദിശ തിരിച്ചുവിടപ്പെട്ട ഒരു ചരിത്രം പെണ്മയ്ക്കുള്ളതുകൊണ്ടു കൂടിയാണത്. നിലവിലുള്ള ഭാഷയും അതിലെ ആവിഷ്കരണോപാധികളും ഉപയോഗിക്കേണ്ടി വരുമ്പോഴുള്ള പരിമിതികൾ സ്ത്രീകൾ എഴുതുമ്പോഴുണ്ടാകും. രാഷ്ട്രീയശരികേടുകൾ നിറഞ്ഞ പ്രയോഗങ്ങളെക്കുറിച്ചടക്കം ജാഗ്രത പുലർത്തേണ്ടി വരും. ഇത് ഒരു വ്യവസ്ഥയുടെ നേതൃസ്ഥാനത്തു നിന്നു മാറ്റിനിർത്തപ്പെടുന്ന എല്ലാ വിഭാഗങ്ങൾക്കുമുള്ള പരിമിതിയാണ്. അതിനെ മറികടക്കൽ നല്ല പ്രയാസമുള്ള പണിയാണ്. പുതിയ വാക്കുകൾ നിർമിക്കുകയോ നിലവിലുള്ളതിനെ പൊട്ടിക്കുകയോ ഒക്കെ ചെയ്യേണ്ടി വരും’’.
ആൺഭാഷ
‘‘നമ്മുടെ സിനിമ, സാഹിത്യം, മാധ്യമം, രാഷ്ട്രീയം തുടങ്ങി നിത്യ ജീവിത പരിസരത്ത് എവിടെയെല്ലാമാണ് ആൺമേധാവിത്വത്തിന്റെ ഭാഷയും രാഷ്ട്രീയവും സജീവമല്ലാത്തത്. പഴഞ്ചൊല്ലുകളിലില്ലേ? കെട്ടിലമ്മ ചാടിയാൽ, നാരി നടിച്ചിടം, ആണില്ലെങ്കിൽ വീടിന്റെ തൂണിനെ പേടിക്കണം... അങ്ങനെയെത്ര. പുരുഷന്റെ താൽപര്യത്തിനൊപ്പം സ്വയം പാകപ്പെടുന്നവരല്ലേ ഉത്തമസ്ത്രീകളായി സിനിമയിലും സാഹിത്യത്തിലും അവതരിപ്പിക്കപ്പെടുന്നത്? പൂമുഖവാതിൽക്കൽ... എന്നു തുടങ്ങുന്ന പാട്ടിന്റെ വരികൾ ഒന്നു ശ്രദ്ധിച്ചു നോക്കൂ. സ്ത്രീയെയും അവളുടെ അനുഭവലോകത്തെയും ചിത്രീകരിക്കാൻ പുരുഷൻ ഉപയോഗിക്കുന്ന വ്യവസ്ഥാപിത എഴുത്തുഭാഷ തന്നെയല്ലേ സ്ത്രീകളും എഴുതുമ്പോൾ ഉപയോഗിക്കേണ്ടി വരുന്നത്? നമ്മുടെ അസഭ്യപ്രയോഗങ്ങൾ ശ്രദ്ധിച്ചാലറിയാം. ഒട്ടും പൊളിറ്റിക്കൽ കറക്റ്റ്നെസ് ഇല്ലാത്തവയാണവ. ഒരു പുരുഷൻ മറ്റൊരു പുരുഷനെ ചീത്ത വിളിക്കുമ്പോൾ എതിരാളിയുടെ അമ്മയെയുൾപ്പെടെയുള്ള സ്ത്രീകളെ പരമാർശിക്കുന്ന വ്യവസ്ഥയിൽ സ്ത്രീകൾക്കും അതേ വാക്കുപയോഗിക്കാതെ രക്ഷയില്ല. അതു സ്ത്രീ വിരുദ്ധവും അപൊളിറ്റിക്കലും ആണെന്നറിഞ്ഞ് ഉപയോഗിക്കുന്നതു തന്നെയാണ്’’.
കല്യാണിയിഷ്ടം
‘‘ഒരുപാടു പ്രതികരണങ്ങൾ വന്നു. എസ്റ്റാബ്ലിഷ്ഡ് അല്ലാത്ത ഒരു എഴുത്തുകാരിയെ തേടി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഫോൺകോളുകളും സന്ദേശങ്ങളും വന്നു. കാണാനായി മാത്രം 150 കിലോമീറ്റർ സഞ്ചരിച്ചെത്തിയവരുണ്ട്. വിളിച്ച് ഒന്നും പറയാതെ കരഞ്ഞവരുണ്ട്. അത്തരം വൈകാരിക പ്രതികരണങ്ങൾക്കപ്പുറത്ത് ഒരു സാഹിത്യകൃതിയെന്ന നിലയ്ക്ക് തികഞ്ഞ നിഷ്കർഷയോടെ വായിച്ചവരുമുണ്ട്. നോവലിലെ ചേയിക്കുട്ടി ഇറങ്ങിപ്പോയ കിണർ ചേച്ചിയെ ചതിച്ചതിൽ അവരുടെ മനസ്സിലുള്ള കുറ്റബോധത്തിന്റെ പ്രതീകമല്ലേ എന്നു നേരിട്ടു ചോദിച്ച ഒരു സാധാരണ തൊഴിലാളിയുണ്ട്. നല്ല ആഴവും പരപ്പുമുള്ള വായന അക്കാദമിക് പരിസരങ്ങളിലാണുണ്ടാവുകയെന്ന തെറ്റിദ്ധാരണ മാറ്റിത്തന്നത് അദ്ദേഹമാണ്. എഴുത്തിന്റെയും വായനയുടെയും കുത്തകകളൊക്കെ പൊളിഞ്ഞുവെന്ന് എനിക്ക് ഉറപ്പായി’’.
കണ്ണൂർ ഭാഷ
‘‘എഫ്ബിയിൽ നേരത്തേ തന്നെ രൂപപ്പെടുത്തിയിരുന്ന കഥാപാത്രമാണ് കല്യാണിയേച്ചി. അവർ സംസാരിച്ചിരുന്നത് കണ്ണൂരിന്റെ പ്രാദേശിക ഭാഷയിലാണ്. നോവലിലേക്ക് ആ കഥാപാത്രം വന്നപ്പോൾ അവരുടെ ഭാഷയും കൂടെ വന്നു. പ്രാദേശിക ഭാഷയും ചരിത്രവും സാംസ്കാരിക വ്യത്യാസങ്ങളും ചിത്രീകരിക്കപ്പെടുന്ന നോവലിൽ അതൊരു അത്യാവശ്യമായിരുന്നു. അച്ചടിഭാഷയ്ക്ക് വിനിമയം ചെയ്യാനാവാത്ത പ്രാദേശികമായ മനുഷ്യാനുഭവങ്ങളുണ്ട്. അവയെ പറഞ്ഞു ഫലിപ്പിക്കാനും അതു വേണ്ടിയിരുന്നു. കഥ ‘കത’യാവുന്നതും അങ്ങനെയാണ്’’. മലയാളമെന്നാൽ ചില പ്രത്യേക പ്രദേശങ്ങളിൽ സംസാരിക്കുന്ന ഏകശിലാ സ്വഭാവമുള്ള ഭാഷ മാത്രമല്ലെന്നും ഒട്ടേറെ കൈവഴികൾ വന്നുചേരുന്നൊരു നദിയാണെന്നുമുള്ള ശക്തമായ സന്ദേശം കൂടി നോവലിന്റെ അന്തർധാരയായി പ്രവർത്തിക്കുന്നു. പുരുവൻ (ഭർത്താവ്), കെരണ്ട് (കിണർ), ബായി (വായ), ബേള (പിടലി), ഈട (ഇവിടെ), ബീട് (വീട്), ഓറ് (അവർ), എന്തിനേനു (എന്തിനായിരുന്നു), പോട് (പൊയ്ക്കോ), ഇബള (ഇവളെ) എന്നൊക്കെ കേൾക്കുമ്പോൾ നെറ്റി ചുളിയാതിരിക്കാനും മൂക്കു ചൊറിയാതിരിക്കാനുമുള്ള പ്രാഥമിക വിദ്യാഭ്യാസം കൂടി നോവൽ പകർന്നു നൽകുന്നതങ്ങനെയാണ്.
ക്രിക്കറ്റ്
‘ഫീൽഡിങ് നിയന്ത്രണമുള്ള ആദ്യത്തെ പതിനഞ്ച് ഓവറുകളിൽ സ്ട്രൈക്കിങ് എൻഡിൽ നിന്നു തന്നെ വിക്കറ്റുകൾ വീഴുന്നത് ഒരു ദേശത്തിനും അഭിമാനകരമല്ല. മോഹിപ്പിച്ചുകൊണ്ടു ചില പന്തുകൾ സ്പിൻ ചെയ്തു വരും. വായുവിലത് ഉരുണ്ടുതിരിഞ്ഞുവരുന്നതു കാണുമ്പോൾ അമിതാവേശത്തിൽ കൂറ്റനടികൾക്കു ശ്രമിക്കരുത്. പവലിയനിലേക്കുള്ള ഏറ്റവും നിരാലംബമായ മടക്കയാത്രയാകും ഫലം’. നോവലിലെ ചില അധ്യായങ്ങൾ ആരംഭിക്കുന്നതു ജീവിതവും ക്രിക്കറ്റ് കളിയുമായുള്ള സാദൃശ്യങ്ങളിലൂന്നിയാണ്. ക്രൂരമായ ചില ജീവിത യാഥാർഥ്യങ്ങൾ പരിഹാസരൂപേണ അവതരിപ്പിക്കാൻ ക്രിക്കറ്റിനെ സമർഥമായി ഉപയോഗിച്ചിരിക്കുകയാണിവിടെ. ‘‘ക്രിക്കറ്റ് എനിക്കു വ്യക്തിപരമായി ഇഷ്ടമാണ്. അതിനപ്പുറത്ത് ചില കൗതുകരമായ സംഗതികൾ ഉണ്ട്. ടീമിന്റെ മുഴുവൻ പിന്തുണ ഉണ്ടെങ്കിലും ക്രീസിൽ നിൽക്കുന്ന നേരം കളിക്കാരി / കളിക്കാരൻ ഒറ്റയ്ക്കാണ് എതിരെ വരുന്ന പന്തുകളെ നേരിടുക. എത്ര ആത്മാർഥമായി കളിച്ചാലും സഹകളിക്കാരന്റെ അശ്രദ്ധ കൊണ്ടു നമ്മൾ പുറത്തുപോകാം. നമുക്ക് ഓടിയെത്താവുന്ന ലക്ഷ്യമാണെന്നു തോന്നിച്ചാലും അവിചാരിതമായി കണക്കു തെറ്റാം. ഇതൊക്കെയും ജീവിതവുമായി കൃത്യമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്’’.
കുടുംബം
തലശ്ശേരി ബ്രണ്ണൻ കോളജ് അധ്യാപികയാണു ഡോ. ആർ. രാജശ്രീ. വിദ്യാർത്ഥികളായ നന്ദ ശ്രീപാർവതി, നിരഞ്ജൻ ശ്രീപതി എന്നിവർ മക്കളാണ്. ജീവിതപങ്കാളി പരേതനായ എം.ജെ. ശ്രീകുമാർ.
വായന
തൊഴിലിന്റെ ഭാഗമായും അല്ലാതെയും വായനയുണ്ട്. എഴുത്തുകാരെക്കാൾ എഴുത്തിനെയാണ് ഇഷ്ടപ്പെടാറ്. രണ്ടിലും ഓരോ സമയത്ത് ഓരോ ഇഷ്ടമാണ്.
ഇഷ്ടവാക്ക്
ഏതു ഭാഷയിലും എനിക്ക് ഇഷ്ടപ്പെട്ട വാക്ക് ജനാധിപത്യം എന്നതാണ്. ദേശീയരാഷ്ട്രീയം മുതൽ വീട്ടകം വരെ അതിന് സ്ഥാനമുണ്ട്. ആ വാക്കിന്റെ അർത്ഥാന്തരങ്ങൾ ഓരോ മനുഷ്യനും തെളിഞ്ഞു കിട്ടുന്നതു വരെ ഉച്ചത്തിൽ നിരന്തരം അത് ആവർത്തിക്കപ്പെടണമെന്ന് വിചാരിക്കുന്നു.
English Summary: Puthuvakku column written by Ajish Muraleedharan- Talk with writer R. Rajasree