കുഞ്ഞുമനസ്സുകളിലേയ്ക്ക് തുറന്ന മാലിയുടെ കഥാവാതിലുകൾ
Mail This Article
‘‘ഉണ്ണികളേ, ഇനിയും കഥ പറയാം, വരിന്‍...അടുത്തു വരിന്‍...പോരാ....പോരാ...കൂറേക്കൂടി അടുത്തുവരണം....മതി. എല്ലാവരും ഇരിക്കിന്‍, ഇരുന്നോ? അല്ലാ... അതാ, കണ്ടോ, മൂന്നു നാലുപേര്‍ പിറകില്‍ നില്‍ക്കുന്നു. പറ്റില്ല. ഇരിക്കണം, ഇരുന്നാലേ കഥ പറയൂ. ശരി, എല്ലാവരും ഇരുന്നു, അല്ലേ? കൊള്ളാം...’’ കുട്ടികളുടെ കഥയമ്മാവനായ മാലി കഥ പറഞ്ഞു തുടങ്ങുകയാണ്. തവള കുയിലായ കഥ. നിധി കാക്കുന്ന ഭൂതത്തിന്റെ കഥ. മണ്ടക്കഴുതയുടെയും സംഗീത സ്വാമിയുടെയും ഉറങ്ങാത്ത രാജാവിന്റെയും കഥ. കഥക്കൂട്ടുകൾക്ക് ഒരിക്കലും പഞ്ഞമില്ലാതിരുന്ന മാലി എന്ന വി. മാധവൻ നായർ ഭാവനാലോകത്തേക്കു കുട്ടികളെ കൂട്ടിയ കുട്ടിക്കഥകളുടെ എഴുത്തച്ഛനായിരുന്നു. പഴക്കം ചെല്ലുന്തോറും വീര്യം കൂടുന്ന കഥകളുടെ കൂട്ടുകാരൻ.
കുട്ടിക്കൂട്ടങ്ങളെ ചുറ്റും ചേർത്തിരുത്തി പറഞ്ഞു കേൾപ്പിക്കുമായിരുന്ന മാലിയുടെ കഥകള്‍ മലയാളത്തിന്റെ മുത്തശ്ശിക്കഥാ പാരമ്പര്യത്തോടു കൂടുതലും ചേര്‍ന്നുനിന്നു. ഭാവനയുടെ അസാധാരണത കൊണ്ടു സവിശേഷമായ മാലിക്കഥകളെല്ലാം ലളിതവും സുന്ദരവുമായിരുന്നു.
ഹൃദ്യവും മനോഹരവുമായ ആഖ്യാന ശൈലി. കഥ തുടങ്ങുന്ന ആദ്യ വാചകത്തിൽ തന്നെ ഏതു കൊച്ചുകുട്ടിയുടെയും കണ്ണുടക്കും ; അവസാന വാചകം വരെ കൗതുകം നീളും. ഒരു തള്ളയാടിന്റെ ഏഴു മക്കളിൽ ആദ്യത്തേതു വളരെ വലുത്, രണ്ടാമത്തേതു കുറച്ചുകൂടി ചെറുത് - അടുക്കു ചെരുവം പോലെ - ആ കഥ പറച്ചിലിൽ മയങ്ങിപ്പോകാത്ത കുട്ടികളുണ്ടായിരുന്നില്ല.
സരസ സുന്ദരമായ മാലിയുടെ ഭാഷയ്ക്കു പേരും വീണു - മാലി മലയാളം.
മാലി തുറന്നുകൊടുത്ത കഥാവാതിലുകളെല്ലാം അവിശ്വസനീയമായ ബാലലോകത്തിന്റെ മാന്ത്രികതയിലേക്കുള്ളതായിരുന്നു.
എഴുതിയ അൻപതിലധികം പുസ്തകങ്ങളിൽ ഭൂരിഭാഗവും ബാലസാഹിത്യ കൃതികൾ. വിവിധ സമാഹാരങ്ങളിലായി ചിതറിക്കിടക്കുന്ന കുട്ടിക്കഥകള്‍ ഒരുമിപ്പിച്ച പുസ്തകമാണ് പ്രശസ്തമായ മാലിയുടെ ഉണ്ണിക്കഥകള്‍. കുട്ടികള്‍ക്കു സമ്മാനിക്കാവുന്ന എക്കാലത്തെയും മികച്ച പുസ്തകം.
കുട്ടിവായനയ്ക്കായി മാലി പുറത്തിറക്കിയ മാലിക എന്ന മാസികയും പ്രസിദ്ധം.
സര്‍വജിത്ത് എന്ന സാഹസിക കഥാപാത്രത്തെ മുന്‍നിര്‍ത്തി എഴുതിയ ബാലനോവലുകള്‍ - സര്‍വജിത്തും കള്ളക്കടത്തും, സര്‍വജിത്ത് ഹിമാലയത്തില്‍, സര്‍വജിത്തിന്റെ സമുദ്ര സഞ്ചാരം എന്നിവയെല്ലാം ബാല്യകൗമാരങ്ങളെ രസിപ്പിച്ച വായനകളാണ്. പോരാട്ടം, സര്‍ക്കസ്, ജന്തുകഥകള്‍ തുടങ്ങി ഒട്ടേറെ ബാലകൃതികളും മാലിയുടേതായിട്ടുണ്ട്. നല്ലവനായ കോമന്‍ മാസ്റ്ററുടെ മരണശേഷം മൃഗങ്ങള്‍ സര്‍ക്കസ് സംഘടിപ്പിക്കുന്നതും ചതിയന്മാരായ കേളനും ചിപ്പനും ജംബുവും പരാജയപ്പെടുന്നതുമൊക്കെ ഇന്നും ഓർത്തിരിക്കുന്ന മാലിക്കഥകളിലെ നർമ്മ മുഹൂർത്തങ്ങളാണ്.
ഭാവനയിൽ വിരിഞ്ഞ കുഞ്ഞുകഥകൾക്കൊപ്പം ഭാരതീയ പുരാണങ്ങളെയും ഇതിഹാസങ്ങളെയും ലളിതമായ ഭാഷയിൽ കുട്ടികള്‍ക്കു മുന്നിൽ അവതരിപ്പിക്കുന്നതിലും മാലി വേറിട്ടുനിന്നു. കഥാരൂപത്തിലുള്ള പുനരാഖ്യാനങ്ങളായ മാലിഭാരതവും മാലിരാമായണവും മാലിഭാഗവതവും കുട്ടികൾക്കു പ്രിയങ്കരമായി. ‘‘കൈകസി എന്നൊരു രാക്ഷസി. അവള്‍ക്ക് നാലു മക്കളും. മൂത്തവന്‍ രാവണന്‍. അവന് തല ഒന്നല്ല, പത്തുണ്ട്. കൈകള്‍ രണ്ടല്ല ഇരുപതും. രണ്ടാമന്‍ കുംഭകര്‍ണന്‍. കുടം പോലത്തെ ചെവികളുണ്ട് അവന്. മൂന്നാമത് പെണ്‍കുട്ടി. മുറം പോലത്തെ നഖങ്ങളുണ്ട് അവള്‍ക്ക്. പേര് ശൂര്‍പ്പണഖ. ഈ മൂന്നുപേരെയും കണ്ടാല്‍ ആരും ഭയന്നുപോകും.’’ ആദികാവ്യമായ രാമായണത്തിന് ഇങ്ങനെയൊരു സുന്ദരമായ പുനരാഖ്യാനം മാലിക്കു മാത്രം സാധ്യമായ പാടവം.
പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും കുട്ടികളുടെ അഭിരുചികളിൽ കാലികമായ മാറ്റങ്ങളുണ്ടായിട്ടും മാലിയുടെ പുസതകങ്ങളോടുള്ള കുട്ടികളുടെ ഇഷ്ടത്തിന് ഇളക്കം തട്ടിയിട്ടില്ല. ‘മാലി’യും ‘മാവേലി’യും ‘വനമാലി’യുമായി കുട്ടികളിലേക്ക് ഇറങ്ങിച്ചെന്ന കഥാകാരൻ കാലാതീതനായി ഇന്നും വായിക്കപ്പെടുന്നതും അതുകൊണ്ടുതന്നെ.
English Summary: Remembering Mali Madhavan Nair