ADVERTISEMENT

കഥയുടെ വൻകടലായിരുന്നു മാലി; മലയാളിയുടെ പല തലമുറകൾക്ക്. തന്നെ തൊട്ടുപോവുന്ന കാറ്റുകളിലെല്ലാം കടൽ ഉപ്പു പുരട്ടുംപോലെ, തന്നെ വായിച്ച കുട്ടികളിലെല്ലാം മാലി മൂല്യങ്ങളുടെ ലവണരുചി ചേർത്തു. ആ കഥകളിലൂടെ അവർ തങ്ങളുടെ പാരമ്പര്യത്തിന്റെയും ജീവിതത്തിന്റെയും പല സ്വാദുകൾ രുചിച്ചു. മാലിയിലൂടെ രാമായണവും ഭാരതവുമറിഞ്ഞ, സർവജിത്തിനൊപ്പം സാഹസിക സഞ്ചാരം നടത്തിയ ആ കുട്ടികളിൽ പലരും പിൽക്കാലത്ത് വലിയ എഴുത്തുകാരും ശാസ്ത്രജ്ഞരുമൊക്കെയായി. ബാലസാഹിത്യകാരൻ മാത്രമായിരുന്നില്ല മാലി എന്ന ചെറിയ പേരിനു പിന്നിലെ വി. മാധവൻ നായർ എന്ന വലിയ പ്രതിഭ. തിരുവിതാംകൂറിലെ ടെന്നിസ് ചാംപ്യൻ, അത്‌ലീറ്റ്, അഭിഭാഷകൻ, പത്രപ്രവർത്തകൻ, ആട്ടക്കഥാകാരൻ, നോവലിസ്റ്റ്, ഗവേഷകൻ എന്നിങ്ങനെ പോകുന്നു മാലിയുടെ വിശേഷണങ്ങൾ. ഇന്ത്യ കണ്ട മഹാനായ ആ കഥപറച്ചിലുകാരന്റെ 105–ാം ജന്മവാർഷികത്തിൽ മാലി എന്ന ബഹുമുഖപ്രതിഭയെക്കുറിച്ചും സ്നേഹസമ്പന്നനായ അച്ഛനെക്കുറിച്ചുമുള്ള ഓർമകൾ മനോരമ ഓൺലൈൻ വായനക്കാരോട് പങ്കുവയ്ക്കുകയാണ് മാലിയുടെ മകൻ വി. കെ. മാധവ് മോഹൻ.

 

ഡിസംബർ 6 ന് അച്ഛന്റെ 105–ാം ജന്മ വാർഷികമാണ്. അച്ഛനെന്ന വ്യക്തിയെക്കുറിച്ചും അച്ഛന്റെ എഴുത്തിനെക്കുറിച്ചുമുള്ള ഓർമകൾ?

Mali
മാലി

 

മാലിയെന്ന വി. മാധവൻ നായർ എന്ന സാഹിത്യപ്രതിഭയെക്കുറിച്ചു പറയുകയാണെങ്കിൽ അദ്ദഹമൊരു ബഹുമുഖ പ്രതിഭയായിരുന്നു. കേവലം ഒരു ഫ്രെയിമിലേക്ക് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തെ ഒതുക്കി നിർത്താൻ കഴിയില്ല. അത്രയ്ക്ക് ആഴവും പരപ്പുമുണ്ട് അദ്ദേഹത്തിന്റെ എഴുത്തിനും ജീവിതത്തിനും. ബാലസാഹിത്യത്തെ അത്ര ഗൗരവമായി, ആഴത്തിൽ സമീപിച്ച ഇന്ത്യയിലെ ആദ്യ ബാലസാഹിത്യകാരനാണ് അദ്ദേഹം. വിശാലമായ ഇന്ത്യൻ സാംസ്കാരിക പൈതൃകത്തെപ്പറ്റി കുട്ടികൾക്കുവേണ്ടി വളരെ ലളിതമായും സരളമായും എഴുതി ആ ലോകം കുട്ടികൾക്കായി തുറന്നു കൊടുത്തു അദ്ദേഹം. സത്യത്തിൽ, അച്ഛൻ അതിനായി മുൻകൈയെടുക്കുന്നതിനു മുൻപ് കുട്ടികൾക്ക് ആ വലിയ ലോകം ഏറെക്കുറെ അപ്രാപ്യമായിരുന്നു. കാരണം അതിനു മുൻപ്  ആത്മീയതയുടെ വഴിയിൽ സ‍ഞ്ചരിക്കുന്ന മുതിർന്നവർക്കു മാത്രം പ്രാപ്യമായതായിരുന്നു ഭാഗവതം, രാമായണം, പുരാണ കഥകൾ, സംഭവങ്ങൾ ഇവയെല്ലാം. പക്ഷേ അച്ഛൻ അതൊക്കെ വായിച്ചു മനസ്സിലാക്കുകയും അതിന്റെ അന്തസ്സത്ത ചോരാതെ കുട്ടികൾക്കു മനസ്സിലാകുന്ന ഭാഷയിൽ ലളിതമായി എഴുതുകയും അവരുടെ മനസ്സിൽ പുരാണങ്ങളെക്കുറിച്ച് അറിയാനുള്ള താൽപര്യമുണ്ടാക്കുകയുമാണ് ചെയ്തത്. അച്ഛന്റെ സാഹിത്യപ്രവർത്തനം ഊന്നൽ നൽകിയത് രണ്ട് കാര്യങ്ങൾക്കായിരുന്നു. ഒന്ന്, നമ്മുടെ ആത്മീയ പൈതൃകം കുട്ടികളിലേക്കെത്തിക്കുക. രണ്ട്, കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുക. അവയാണ് ബാലസാഹിത്യത്തിന് അച്ഛൻ നൽകിയ പ്രധാന സംഭവനകൾ എന്നാണ് എനിക്കു തോന്നുന്നത്.

 

ഇന്നത്തെ പല എഴുത്തുകാരുടെയും ആദ്യ വായനാനുഭവമായിരുന്നു മാലി കഥകൾ?

 

Kadhakali

അതെ, ഇന്നത്തെ അറിയപ്പെടുന്ന പല എഴുത്തുകാരുടെയും ആദ്യത്തെ വായനാനുഭവം മാലിയായിരുന്നു. അങ്ങനെ നോക്കുമ്പോൾ തലമുറകളിൽനിന്ന് എഴുത്തുകാരെ രൂപപ്പെടുത്തിയതിൽ അദ്ദേഹത്തിനുള്ള പങ്ക് ചെറുതല്ല.  അച്ഛൻ എഴുതിത്തുടങ്ങിയ സമയത്ത് ബാലസാഹിത്യം എന്നൊരു വിഭാഗം വികസിച്ചു തുടങ്ങിയിരുന്നില്ല. കുട്ടികൾക്കുവേണ്ടി എന്തെങ്കിലും എഴുതുന്ന ഒരാൾ എന്നതിൽക്കവിഞ്ഞ് ആ ശ്രമത്തെ അന്നത്തെ സാഹചര്യത്തിൽ ആരും അത്ര ഗൗരവമായി കണ്ടിട്ടില്ലായിരുന്നു. അദ്ദേഹം ഒരു തലമുറയുടെ അഭിരുചിയെ രൂപപ്പെടുത്തുകയും നമ്മുടെ പൈതൃകത്തിന്റെ വിശാലലോകം അവർക്കായി തുറന്നുകൊടുക്കുകയും ചെയ്തു. മലയാള സാഹിത്യത്തിലെ ഒരു പരിണാമഘട്ടത്തിനു വഴിതെളിക്കുകയും അതു നയിക്കുകയും ചെയ്തയാളാണ് അദ്ദേഹം. പി.ഐ. ശങ്കര നാരായണനൊക്കെ മാലിയുടെ കാര്യം പറയാറുണ്ട്. അവരുടെ ഭാഷയും ചിന്താധാരയും ആശയങ്ങളുമൊക്കെ രൂപപ്പെടുത്തിയത് അച്ഛനാണെന്ന്.

 

അച്ഛൻ ഏഴു നോവലുകൾ എഴുതിയിട്ടുണ്ട്. ഏഴും ഒറിജിനൽ നോവലുകളാണ്. വ്യക്തിത്വവും ബുദ്ധിയും വികാരങ്ങളും സ്നേഹവും വിശ്വസ്തതയുമുള്ള കഥാപാത്രങ്ങളുടെ ഒരു മാന്ത്രികലോകം അദ്ദേഹം സൃഷ്ടിച്ചു. ഇവയായിരുന്നു രചനകളുടെ നെടുംതൂണുകൾ. അപാരമായ ഭാവനയിലൂടെ സൃഷ്ടിച്ച കഥകൾ കൊണ്ട് കുട്ടികളുടെ ഭാവനാലോകത്തെ രൂപപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്. മൃഗങ്ങൾ, മരങ്ങൾ, പ്രകൃതി, ജീവജാലങ്ങൾ എന്നിവയെല്ലാം എങ്ങനെ ഐക്യത്തോടെ ജീവിക്കുന്നുവെന്നു പറഞ്ഞതിനൊപ്പം മനുഷ്യരുടെ തെറ്റുകളെക്കുറിച്ചും ആ കഥകളിലൂടെ അദ്ദേഹം പറഞ്ഞു. കുട്ടികൾക്കായുള്ള കഥയെഴുത്തിന്റെ നിലവാരംതന്നെ ഉയർന്നു. ലോക സാഹിത്യത്തിൽത്തന്നെ ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്സൻ പോലെയൊക്കെ വളരെക്കുറച്ചുപേരേ ഇതിനു സമാനമായുള്ളൂ. 

 

അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കാര്യങ്ങളിലൊന്ന് സംഗീതമായിരുന്നല്ലോ?

 

ഒരുപാടു വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ അവഗാഹമുണ്ടായിരുന്നു അദ്ദേഹത്തിന്. കേരളസംഗീതം എന്ന പേരിലുള്ള ഒരു ഗവേഷണ പ്രബന്ധമുണ്ട്. അത് വളരെ ആഴത്തിലുള്ള ഗവേഷണത്തിന്റെ ഫലമാണ്. കേരള സംഗീതത്തിന്റെ അടിസ്ഥാനം എന്താണെന്നതിനെപ്പറ്റിയുള്ള സാങ്കേതിക വിശദാംശങ്ങളാണ് ആ പ്രബന്ധത്തിൽ നിറയെ. ആ പ്രബന്ധത്തെ ആധാരമാക്കി ഒരുപാടാളുകൾ പിഎച്ച്ഡി എടുത്തിട്ടുണ്ട്. അച്ഛൻ പാടാറില്ല. എങ്കിലും സംഗീതത്തിന്റെ ടെക്നിക്കൽ ഡീറ്റെയിൽസിനെക്കുറിച്ചൊക്കെ നല്ല അവഗാഹമുണ്ടായിരുന്നു. കെ.സി. കേശവപിള്ളയുടെ കൃതികൾ പോലെയുള്ള പല മലയാളം രചനകളും പുറത്തു കൊണ്ടുവന്നത് അച്ഛനാണ്. 

 

കുട്ടികൾക്കുവേണ്ടി മാത്രമല്ല മുതിർന്നവർക്കുവേണ്ടിയും ഒരുപാടെഴുതിയിട്ടുണ്ട് അദ്ദേഹം.

Kadhakali-3

 

ഇംഗ്ലിഷിലും മലയാളത്തിലുമായി അച്ഛൻ ഒരുപാടെഴുതിയിട്ടുണ്ട്. നാടകങ്ങൾ, റേഡിയോ നാടകങ്ങൾ, അധ്യാത്മ രാമായണം അങ്ങനെ കുറേ കൃതികൾ മുതിർന്നവർക്കായി എഴുതിയിട്ടുണ്ട്. കുട്ടികൾക്കായി എഴുതുന്നതുപോലെയല്ല, വേറിട്ട ശൈലിയിലായിരുന്നു മുതിർന്നവർക്കായുള്ള എഴുത്ത്. കുട്ടികൾക്കുവേണ്ടി എഴുതുമ്പോൾ വളരെ ലളിതമായി ചെറിയ വാചകങ്ങളിൽ അവരെ ആകർഷിക്കുന്ന രീതിയിലാണ് എഴുതിയിരുന്നത്.

 

അച്ഛന്റെ ഏറ്റവും പ്രധാനപ്പെട്ട വർക്കുകളിലൊന്നാണ് കർണശപഥം ആട്ടക്കഥ. അത് മാലിയുടെ സൃഷ്ടിയാണെന്ന് പലർക്കുമറിയില്ല. 20–ാം നൂറ്റാണ്ടിൽ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും ഗംഭീരമായ, പ്രശസ്തമായ ആട്ടക്കഥ എന്നാണ് കർണശപഥം വിശേഷിപ്പിക്കപ്പെടുന്നത്. അമ്പതിനായിരത്തിലധികം തവണ അത് വേദികളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതൊരു ഇന്നവേറ്റീവ് കഥകളി ആയിരുന്നു. 1966 ൽ ഡൽഹിയിൽ ഇന്റർനാഷനൽ കഥകളി സെന്ററിൽ അരങ്ങേറിയ അത് 1967 ലാണ് കേരളത്തിൽ അവതരിപ്പിക്കപ്പെട്ടത്. ഒരു ഏകാംഗ നാടകം പോലെയാണ് രചന; രണ്ടര, മൂന്നു മണിക്കൂർ അവതരിപ്പിക്കാവുന്ന രീതിയിൽ. കർണനെ പ്രധാന കഥാപാത്രമായി അവതരിപ്പിക്കുന്ന ആദ്യത്തെ ആട്ടക്കഥ എന്നതാണ് ഇതിന്റെ പ്രത്യേകത. പദങ്ങൾ മുഴുവൻ മലയാളത്തിലാണ്. വളരെ ശ്രദ്ധിച്ചാണ് ഓരോ സന്ദർഭത്തിനും ചേരുന്ന രാഗങ്ങൾ തിരഞ്ഞെടുത്തത്. അത് സംഗീതത്തിലുള്ള അച്ഛന്റെ അവഗാഹം വ്യക്തമാക്കുന്നുണ്ട്. കാരണം കഥകളിയിൽ ആദ്യമായാണ് അത്തരം രാഗങ്ങൾ ഉപയോഗിച്ചത്. കർണന്റെ കഥ വളരെ മനോഹരമായി, വൈകാരികമായാണ് കർണശപഥത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. സംഗീതവും പദങ്ങളുടെ ലാളിത്യവും രാഗവും താളവും  എല്ലാം ഒത്തുചേർന്ന കർണ ശപഥം കഥകളിയുടെ ചരിത്രത്തിലെത്തന്നെ ഒരു പ്രധാന വർക്കാണ്.

 

അദ്ദേഹത്തിന്റെ ആകാശവാണി കാലവും വളരെ സജീവമായിരുന്നല്ലോ.

 

സ്റ്റേഷൻ ഡയറക്ടറായിട്ടാണ് അച്ഛൻ ഓൾ ഇന്ത്യ റേഡിയോയിൽനിന്ന് വിരമിച്ചത്. തിരുവനന്തപുരത്തു റേഡിയോ സ്റ്റേഷനുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ അച്ഛനായിരുന്നു അവിടുത്തെ  ആദ്യത്തെ എക്സിക്യൂട്ടീവ്. നെഹ്റു ട്രോഫി വള്ളംകളി റണ്ണിങ് കമന്ററി, ക്രിക്കറ്റ് ടെസ്റ്റിന്റെ റണ്ണിങ് കമന്ററി പോലെയുള്ള പുതിയ പ്രോഗ്രാമുകൾക്കു വഴിയൊരുക്കിയത് അദ്ദേഹമായിരുന്നു. കാരണം അദ്ദേഹമായിരുന്നു എക്സിക്യൂട്ടീവ് ഇൻ ചാർജ് ഓഫ് പ്രൊഡക്‌ഷൻ. ബ്രോഡ്കാസ്റ്റിങ്ങിലും ഒരുപാട് സംഭാവനകൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. 1966 ദൂരദർശൻ ഡൽഹിയിൽ അദ്ദേഹം അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

 

കവിയുമായിരുന്നല്ലോ മാലി?

 

ഒരുപാട് നല്ല കവിതകൾ അച്ഛൻ രചിച്ചിട്ടുണ്ട്. ഇതുവരെ പബ്ലിഷ് ചെയ്യാത്ത ‘നീലിമ’ എന്ന കവിതയാണ് അച്ഛന്റ ജന്മവാർഷികത്തിന് ഡോ. ഐശ്വര്യ വാരിയർ മോഹിനിയാട്ടമായി അവതരിപ്പിക്കാൻ പോകുന്നത്. മറ്റു സാഹിത്യകൃതികളെക്കുറിച്ച് പറയുകയാണെങ്കിൽ 53 പുസ്തകങ്ങളാണ് അച്ഛനെഴുതിയിട്ടുള്ളത്. അതെല്ലാംതന്നെ ബെസ്റ്റ് സെല്ലേഴ്സുമാണ്. ഇംഗ്ലിഷിലും മലയാളത്തിലും നോവലുകൾ നാടകങ്ങൾ, കഥകളി, ഗവേഷണ പ്രബന്ധം അങ്ങനെ വ്യത്യസ്തമായിരുന്നു എഴുത്തുകാരനെന്ന നിലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ

 

മാലിയുടെ കഥാസദസ്സുകൾ പ്രശസ്തമായിരുന്നല്ലോ. കേരളത്തിൽ ആദ്യമായിരുന്നില്ലേ അത്തരമൊരു ഇന്ററാക്ടീവ് പരീക്ഷണം?

Kadhakali-1

 

അഞ്ഞൂറും അറുനൂറും കുട്ടികൾ രണ്ടു മണിക്കൂറൊക്കെ വളരെ നിശ്ശബ്ദരായി അച്ഛന്റെ കഥകൾ കേട്ടിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്റെ ഓർമയിലെ ഏറ്റവും നല്ല അനുഭവങ്ങളായിരുന്നു അതൊക്കെ. കഥപറച്ചിൽ അച്ഛന്റെ ഒറിജിനൽ ക്രിയേറ്റിവിറ്റിയാണ്. അത് അവതരിപ്പിക്കുന്നതും കുട്ടികളുടെ ശ്രദ്ധപതറാതെ കഥയുടെ ഹരത്തിൽ അവരെ പിടിച്ചിരുത്തുന്നതും കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. അതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുകയാണെങ്കിൽ  കഴിഞ്ഞ ദിവസം ഞാനൊരു ഗ്ലോബൽ ഓൺലൈൻ ഡിസ്കഷന് അധ്യക്ഷനായിരുന്നു. മാനേജ്മെന്റ് ആൻഡ് ലീഡർ‌ഷിപ് എന്നതായിരുന്നു വിഷയം. അതിലെ ഏറ്റവും വലിയ ഒരു ടീച്ചിങ് മെതഡോളജി സ്റ്റോറി ടെല്ലിങ് ആണ്. മാറ്റങ്ങൾക്കായുള്ള ഏറ്റവും ശക്തമായ ബോധനമാധ്യമമായി കഥപറച്ചിൽ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

അമ്പത്, അറുപതു വർഷം മുൻപു തന്നെ സ്റ്റോറി ടെല്ലിങ്ങിന്റെ പ്രാധാന്യം മനസ്സിലാക്കിയ ആളാണ് അച്ഛൻ. എഴുപതുകളിലും മറ്റും അത്തരം കഥാസദസ്സുകൾ ഒരുപാട് നടത്തിയിട്ടുണ്ട് അദ്ദേഹം. അതിന്റെ ഫലത്തെപ്പറ്റി തികഞ്ഞ ബോധ്യവുമുണ്ടായിരുന്നു.

 

അച്ഛനെ കഥകളിലൂടെയാണോ വായന തുടങ്ങിയത്?

 

അതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്. ഞാൻ മലയാളം പഠിച്ചിട്ടേയില്ല. അച്ഛൻ ഓൾ ഇന്ത്യ റേഡിയോയിലായിരുന്നപ്പോൾ ഇന്ത്യയിലെ പല സ്ഥലത്തക്കും ട്രാൻസ്ഫർ വന്നിരുന്നതിനാൽ പല സ്ഥലങ്ങളിലായിട്ടായിരുന്നു ഞങ്ങൾ കുട്ടികളുടെ പഠനമൊക്കെ. അതുകൊണ്ടുതന്നെ ഇംഗ്ലിഷ്, ഹിന്ദി, സംസ്കൃതം ഇവയൊക്കെയായിരുന്നു പഠനമാധ്യമങ്ങൾ. ഔദ്യോഗികമായി മലയാളം പഠിക്കാനുള്ള അവസരം അന്നു ലഭിച്ചിരുന്നില്ല. പക്ഷേ ഇന്ത്യൻ സംസ്കാരം, സംഗീതം, കലകൾ എന്നിവയിൽ ഞങ്ങൾക്കു താൽപര്യമുണ്ടാകാൻ വേണ്ട കാര്യങ്ങൾ അച്ഛൻ ചെയ്തിരുന്നു. ഓരോ കഥയുമെഴുതുമ്പോഴും ഞങ്ങളെ വിളിച്ചിരുത്തി വായിച്ചു കേൾപ്പിക്കുമായിരുന്നു. മൂന്നു മക്കളിൽ ഇളയവനാണ് ഞാൻ. എനിക്ക് രണ്ടു സഹോദരിമാരാണ്. അവർക്ക് മലയാളം എഴുതാനും വായിക്കാനുമറിയാം. അച്ഛൻ കഥകൾ ആദ്യം വായിച്ചുകേൾപ്പിക്കുന്നത് ഞങ്ങളെ ആയതുകൊണ്ട് ഞങ്ങൾക്ക് അദ്ദേഹത്തിന്റെ കഥകളെല്ലാം പരിചിതമാണ്. ഇപ്പോൾ ഞാൻ മലയാളം വായിച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷേ വായനശീലം ചെറുപ്പത്തിലേയുണ്ട്. കാരണം അച്ഛൻ ഇംഗ്ലിഷിലും എഴുതുമായിരുന്നല്ലോ. ഞങ്ങളുടെ എല്ലാ കഴിവുകളെയും അച്ഛൻ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അച്ഛൻ നാഷനൽ ബുക്ക് ട്രസ്റ്റിന്റെ എഡിറ്ററായിരുന്നു. റൈറ്റിങ്, എഡിറ്റിങ്, പബ്ലിക്കേഷൻ ന്യൂസ് പേപ്പർ എന്നിവയൊക്കെ അദ്ദേഹത്തിനു പരിചിതമായിരുന്നു. ഒരുപാട് സംഭവനകളുമുണ്ട്.

 

കായികപ്രേമിയായ അച്ഛനെക്കുറിച്ച്?

 

അച്ഛനു താൽപര്യമുള്ള കായികയിനം ടെന്നിസ് ആയിരുന്നു. അച്ഛൻ ട്രാവൻകൂർ സ്റ്റേറ്റ് ചാംപ്യനായിരുന്നു. സ്റ്റേറ്റ് ഡബിൾസ് ചാംപ്യനുമായിരുന്നു. ടെന്നിസ് കളിക്കുന്ന സമയത്തുള്ള അച്ഛന്റെ ടെക്നിക്കൽ പെർഫെക്‌ഷനും സ്റ്റൈലും പ്രശസ്തമായിരുന്നു. അന്ന് തിരുവിതാംകൂറിൽ ടെന്നിസ് പോപ്പുലറായിരുന്നു. ടൂർണമെന്റുകൾ നടക്കുമ്പോൾ 3000, 4000 ആളുകളൊക്കെ കാണാനെത്തുമായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അച്ഛന്റെ കായിക താൽപര്യം തീർച്ചയായും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഞാനുമൊരു നാഷനൽ ലെവൽ ടെന്നിസ് പ്ലേയറായിരുന്നു. എന്റെ ഗൈഡ് അച്ഛനായിരുന്നു. ഒരുപാട് ടൂർണമെന്റുകളിൽ ഞങ്ങൾ പാർട്നേഴ്സായി കളിച്ച് ജയിച്ചിട്ടുണ്ട്. ട്രാവൻകൂർ സ്റ്റേറ്റ് ഹൈജംപ് റെക്കോർഡും അച്ഛൻ സ്വന്തമാക്കിയിട്ടുണ്ട്. 1930 കളിൽ ഒരുപാട് കായിക മൽസരങ്ങളുണ്ടായിരുന്നു തിരുവിതാംകൂറിൽ. അച്ഛന്റെ ഹൈജംപ് റെക്കോർഡ് 25, 30 കൊല്ലത്തിനു ശേഷമാണ് ഭേദിക്കപ്പെട്ടത്. കായികയിനങ്ങളോട് അവസാനകാലം വരെ നല്ല താൽപര്യമുണ്ടായിരുന്നു. എല്ലാ കായികയിനങ്ങളെക്കുറിച്ചും നല്ല അറിവുണ്ടായിരുന്നു. ഒരുപാട് സ്പോട്സ് ലേഖനങ്ങളെഴുതിയിട്ടുണ്ട്. കായിക മൽസരങ്ങൾ നടത്തിയിട്ടുണ്ട്. മരിക്കുന്നതിന്റെ തലേന്നുവരെ വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിന്റെ ഫൈനൽസിനെക്കുറിച്ച് ഞങ്ങൾ വിശദമായി സംസാരിച്ചിരുന്നു. വളരെ രസകരമായ ബന്ധമാണ് അച്ഛന്റെ ഇഷ്ടങ്ങൾ തമ്മിലുള്ളത്. കായികവും സാഹിത്യവും. രണ്ടും കുട്ടികൾക്ക് ഏറെയിഷ്ടമുള്ള വിഷയങ്ങളാണ്. ആ രണ്ട് വിഷയങ്ങളിലും പോസിറ്റീവായ സംഭാവനകൾ നൽകാൻ അച്ഛന് സാധിച്ചിട്ടുണ്ട്.

 

മലയാള സാഹിത്യത്തിന് ഇത്രയധികം സംഭാവന നൽകിയ ഒരു പ്രതിഭയ്ക്ക് വേണ്ടവിധം പരിഗണന ലഭിച്ചില്ല എന്നു തോന്നുന്നുണ്ടോ?

 

ഇവിടെ ഒരു പ്രത്യേക രീതിയിലുള്ള അവാർഡ് സംസ്കാരമുണ്ട്. അച്ഛനതിന്റെ ഭാഗമായിരുന്നില്ല. അതിലേക്കു പ്രവേശിക്കാൻ താൽപര്യവുമുണ്ടായിരുന്നില്ല. അച്ഛന്റെ ആദർശവും നിലപാടുകളും വളരെ വ്യക്തതയുള്ളതായിരുന്നു. ‘ഞാൻ കഴിയുന്നത്ര നന്നായി വർക്ക് ചെയ്യും. സത്യസന്ധതയും ആത്മാർഥതയും അങ്ങേയറ്റം പാലിക്കും. അതിൽ വിട്ടുവീഴ്ചയില്ല. 100 പേരെ കണ്ടിട്ട് എനിക്കവാർഡ് വേണ്ട’ എന്ന നിലപാടായിരുന്നു. അവാർഡ് നേടിയെടുക്കാൻ ശ്രമിച്ചിട്ടില്ല. ജോലിയുടെ അടിസ്ഥാനത്തിൽ തിരിച്ചറിയപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും നമ്മളതിനെ സ്വീകരിക്കണം. പക്ഷേ അങ്ങോട്ടു പോയി അംഗീകാരത്തിന് ശ്രമിക്കില്ല. പക്ഷേ അച്ഛനു കിട്ടിയ ഏറ്റവും വലിയ അംഗീകാരം ഇപ്പോഴും അദ്ദേഹം വായിക്കപ്പെടുന്നു എന്നതാണ്. തലമുറകളോളം അദ്ദേഹത്തിന്റെ കൃതികൾ വായിക്കപ്പെടും. മാലിയെ ആരും ഔദ്യോഗികമായി അംഗീകരിക്കാറില്ല. പത്മശ്രീക്ക് അച്ഛന്റെ പേര് പരിഗണിച്ചിരുന്നു. പക്ഷേ ആ വർഷം പത്മശ്രീ അവാർഡിനെതിരെ ആരോ ഒരു പൊതു താൽപര്യ ഹർജി ഫയൽ ചെയ്തു. ആർക്കും പത്മശ്രീ കൊടുക്കാൻ പാടില്ല എന്നതായിരുന്നു പരാതി. ആ കേസ് മൂന്നാലുകൊല്ലം നടന്നു. ആ സമയത്തായിരുന്നു അച്ഛന്റെ മരണം. പത്മശ്രീ കൊടുക്കുന്നതിൽ തെറ്റില്ല എന്ന വിധി വന്നപ്പോഴേക്കും അച്ഛൻ‍ വിട പറഞ്ഞിരുന്നു.

 

ടെന്നിസ് താരം, അഭിഭാഷകൻ, പത്രപ്രവർത്തകൻ, ആകാശവാണി ആർട്ടിസ്റ്റ്, കഥകളി പ്രേമി, എഴുത്തുകാരൻ, ബാലസാഹിത്യകാരൻ എന്നിങ്ങനെ ബഹുമുഖപ്രതിഭയായിരുന്നല്ലോ മാലി. ഇതിലേതായിരുന്നു അദ്ദേഹം ഏറ്റവുമധികം ആസ്വദിച്ചിരുന്നത്?

 

സംഗീതം, രാമായണം, ഭാഗവതം, കഥകളി ഇവയിലാണ് താൽപര്യം. ദിവസവും കർണാടക സംഗീതം കേൾക്കുമായിരുന്നു. എല്ലാ കായികയിനങ്ങളും ഇഷ്ടമായിരുന്നു. അസാധ്യമായ നർമബോധമുണ്ടായിരുന്നു. ഇംഗ്ലിഷിലും മലയാളത്തിലും ഒരുപോലെ എഴുതുമായിരുന്നു. പല മേഖലകളിലും അഗാധമായ അവഗാഹമുണ്ടായിരുന്നു. ഒരു യുണീക് കോംബിനേഷനായിരുന്നു എന്ന് ഒറ്റവാക്കിൽ പറയാം. 

 

മാലി എന്ന കഥാകൃത്തിനെ, മാധ്യമപ്രവർത്തകനെ ലോകത്തിനറിയാം. വി. മാധവൻ നായർ എന്ന അച്ഛനെക്കുറിച്ചുള്ള ഓർമകൾ?

 

ദേഷ്യപ്പെടാത്ത, ഒരു കാര്യത്തിലും നിരുത്സാഹപ്പെടുത്താത്ത അച്ഛൻ. ഞങ്ങൾ മൂന്നു മക്കൾക്കും ഒരുപാട് സ്നേഹവും ബഹുമാനവും നൽകിയാണ് അച്ഛൻ വളർത്തിയത്. ഞങ്ങളുടെ അഭിപ്രായങ്ങൾക്ക് വളരെ വിലകൽപിച്ചിട്ടുണ്ട്. ഒരുപാടു കാര്യങ്ങൾ പഠിപ്പിച്ചു തന്നിട്ടുണ്ട്.  ഒരു അച്ഛൻ– മകൻ ബന്ധത്തിനുപരി അതൊരു കംപ്ലീറ്റ് റിലേഷൻഷിപ് ആയിരുന്നു. ഞങ്ങൾ എല്ലാക്കാര്യങ്ങളും ചർച്ചചെയ്യുമായിരുന്നു. ഒരു ഐഡിയൽ പെർഫെക്ട് അച്ഛനായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങൾക്കെല്ലാം അദ്ദേഹത്തെ വലിയ കാര്യമായിരുന്നു. മാലിച്ചേട്ടൻ എന്നായിരുന്നു അദ്ദേഹത്തെ എല്ലാവരും വിളിച്ചിരുന്നത്. അച്ഛന്റെ അച്ഛൻ സദസ്യതിലകൻ ടി.കെ. വേലുപ്പിള്ള  ട്രാവൻകൂർ സ്റ്റേറ്റ് മാനുവലിന്റെ രചയിതാവാണ്. തിരുവിതാംകൂറിലെ ശ്രീമൂലം അസംബ്ലിയുടെ വൈസ് ചെയർമാനായിരുന്നു. ആ പാരമ്പര്യമാണ് അച്ഛനിലൂടെ തുടർന്നത്.

 

 ഇന്ന് വിഡിയോ ഗെയിമുകൾക്കും മൊബൈൽ ഫോണിനും അഡിക്ടഡായ, സൈബർ ലോകത്തിന്റെ മായയിൽ ജീവിക്കുന്ന കുട്ടികളെ കാണുമ്പോൾ മാലിയെപ്പോലെ ഒരാളിന്റെ അസാന്നിധ്യം അനുഭവിക്കാറുണ്ടോ?

 

കുട്ടികൾക്ക് ഇപ്പോൾ അത്യാവശ്യം ഒരു മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ്. അച്ഛന്റെ കൃതികളെല്ലാം മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അവ കുട്ടികളിലേക്ക് എത്തിച്ചാൽ അവരുടെ സ്വഭാവത്തിൽ നല്ല രീതിയിലുള്ള മാറ്റം വരും. ആ കൃതികൾ ഇന്നും പ്രസക്തമാണ്. പക്ഷേ  ഇന്നത്തെക്കാലത്ത് അത് കുട്ടികളിലേക്കും മുതിർന്നവരിലേക്കും എത്തണമെങ്കിൽ അതിനെ ഡിജിറ്റൽ രൂപത്തിലും അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. മുൻപ് പുസ്തകങ്ങളും പത്രമാധ്യമങ്ങളും മതിയായിരുന്നെങ്കിൽ ഇന്ന് ഡിജിറ്റൽ മാധ്യമവും പ്രസക്തമാണ്. എന്നാലേ അത് കൂടുതൽ പേരിലെത്തൂ. അച്ഛന്റെ ഇതുവരെ പബ്ലിഷ് ചെയ്യാത്ത കുറേ പുസ്തകങ്ങളും എഴുത്തുകളുമുണ്ട്. അച്ഛന്റെ കൃതികളെ അടിസ്ഥാനമാക്കി സിനിമ, അനിമേറ്റഡ് സിനിമ, ഡോക്യുമെന്ററി എന്നിവ ചെയ്യാനുള്ള അനുവാദം ചോദിച്ച് ഒരുപാടുപേർ സമീപിക്കുന്നുണ്ട്. അച്ഛന്റെ കൃതികളെല്ലാം സിസ്റ്റമാറ്റിക് ആയി കാറ്റലോഗ് ചെയ്യുന്നതിനാണ് ഇപ്പോൾ മുൻഗണന.

 

മാലി ഫൗണ്ടേഷനെപ്പറ്റി?

 

1994 ജൂലൈ രണ്ടിന് അച്ഛൻ മരിച്ചു. അതിനെത്തുടർന്നാണ് മാലി ഫൗണ്ടേഷൻ തുടങ്ങിയത്. ഞാനും സഹോദരിമാരും വളരെ വേണ്ടപ്പെട്ടയാളുകളും ചേർന്നായിരുന്നു തുടക്കമിട്ടത്. അദ്ദേഹത്തിന്റെ കൃതികൾ കൂടുതൽ പേരിലെത്തിക്കുക, അദ്ദേഹം തുടങ്ങിവച്ച നല്ല കാര്യങ്ങൾ പൂർത്തിയാക്കുക തുടങ്ങിയവയാണ് ലക്ഷ്യം. എല്ലാ വർഷവും മാലി ഫൗണ്ടേഷൻ അവാർഡ് കൊടുക്കുന്നുണ്ട്. കഥകളി നടത്തുന്നുണ്ട്. 25 കൊല്ലമായി കർണശപഥം കഥകളി അവതരിപ്പിക്കാറുണ്ട്. അച്ഛന്റെ കൃതികൾക്ക് ഡിജിറ്റൽ പതിപ്പുകൾ ഒരുക്കാനുള്ള ജോലി നടക്കുകയാണ്. 

 

 അച്ഛനെപ്പോലെ എഴുത്തുകാരനാണോ?

 

എന്റെ കരിയറിന്റെ തുടക്കം ബാങ്കിങ് മേഖലയിലായിരുന്നു. 23–ാമത്തെ വയസ്സിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസറായി ജോലി തുടങ്ങി. പിന്നീട് സ്കോളർഷിപ് കിട്ടി യുഎസിലേക്ക് പോയി. മടങ്ങിവന്നപ്പോൾ ജോലി രാജിവച്ചു. എസ്ബിടിയിൽ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ 30 വർഷമായി മുൻനിര കമ്പനികളിലെ സിഇഒമാർ, ലീഡേഴ്സ്, കായിക പ്രതിഭകൾ, ശാസ്ത്രജ്ഞർ, ഗവേഷകർ എന്നിവരുടെ മെന്ററായി പ്രവർത്തിക്കുകയാണ്. ഞാനും ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. അടുത്ത പുസ്കത്തിന്റെ പണിപ്പുരയിലാണ്.

 

English Summary: V.K. Madhav Mohan on his father Mali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com