നൊബേല്‍ നേടി രണ്ടു മാസം; പരിഭ്രമം മാറാതെ, ഞെട്ടല്‍ മറയ്ക്കാതെ കവയത്രി
Mail This Article
സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടി കൃത്യം രണ്ടുമാസം കഴിഞ്ഞിട്ടും ലോക പ്രശസ്ത അംഗീകാരം നേടിയതിലുള്ള പരിഭ്രമം മാറാതെ അമേരിക്കന്‍ കവയത്രി ലൂയിസ് ഗ്ലിക്ക്. ഒക്ടോബര്‍ 8 നാണ് 2020 ലെ ജേതാവിനെ നൊബേല്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. അന്ന് സന്തോഷത്തിനൊപ്പം പരിഭ്രമവും പ്രകടമാക്കിയ ഗ്ലിക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ട പുരസ്കാരം സ്വീകരിച്ചുകൊണ്ടുള്ള നന്ദി പ്രസംഗത്തിലും പരിഭ്രമം മറച്ചുവയ്ക്കുന്നില്ല. ഒപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വായനക്കാരെ ലഭിക്കുന്നതിലുള്ള സന്തോഷവും. 7 വര്‍ഷത്തിനിടെയുള്ള ഗ്ലിക്കിന്റെ പുതിയ കാവ്യസമാഹാരം അടുത്തവര്‍ഷം പുറത്തിറക്കുമെന്ന പ്രഖ്യാപനവും ഇതിനൊപ്പം പ്രസാധകര്‍ നടത്തിയിട്ടുണ്ട്.
ഒക്ടോബറില്‍ നൊബല്‍ സമ്മാനം നേടിയപ്പോഴും 77 വയസ്സുകാരിയായ ലൂയിസ് ഗ്ലിക്ക് അംഗീകാരത്തെക്കുറിച്ച് അധികമൊന്നും പറഞ്ഞിരുന്നില്ല. സ്നേഹിക്കുന്നവര്‍ക്കൊപ്പം ഞാന്‍ ദൈനംദിന ജീവിതത്തിന്റെ തിരക്കിലാണ് എന്നായിരുന്നു അവരുടെ ആദ്യത്തെ പ്രതികരണം തന്നെ. പുരസ്കാരത്തെക്കുറിച്ച് എന്തു തോന്നുന്നു എന്നു ചോദ്യത്തോട് അവര്‍ ചുരുക്കം വാക്കുകളില്‍ പ്രതികരിച്ചു:
‘ എനിക്കു ചുറ്റുമുള്ള ശാന്തത ഇല്ലാതാകുന്നു. മുഴുവന്‍ സമയവും ഫോണ്‍ ബെല്ലടിച്ചുകൊണ്ടിയേരിക്കുന്നു. ഇതാ ഇപ്പോഴും ഫോണ്‍ ചിലയ്ക്കുന്നു’.
അന്ന് വീടിനു പുറത്തു കാത്തുകിടന്ന കാറിലേക്കു കയറുന്നതിനുമുന്‍പ് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് അവര്‍ക്കു പറയാനുണ്ടായിരുന്നതു രണ്ടു വാക്കുകളും ഒരു ക്ഷമാപണവും മാത്രം.
അസ്വസ്ഥതയും സന്തോഷവും രണ്ടു വാക്കില്‍ പ്രതികരണം ഒതുക്കി അവര്‍ പറഞ്ഞു: ‘ദിവസം മുഴുവന്‍ നിങ്ങളെ കാത്തുനിര്‍ത്തേണ്ടിവന്നതില്‍ എനിക്കു ദുഃഖമുണ്ട്’.
രണ്ടു മാസത്തെ നിശ്ശബ്ദത ഭേദിച്ചാണ് തിങ്കളാഴ്ച ലൂയിസ് ഗ്ലിക്ക് നൊബേല്‍ സമ്മാനം സ്വീകരിച്ചുകൊണ്ടുള്ള പ്രഭാഷണം പുറത്തുവിട്ടത്. കവിതയുമായുള്ള ദീര്‍ഘകാല ബന്ധത്തെക്കുറിച്ചാണ് ഗ്ലിക്ക് പ്രഭാഷണത്തില്‍ പ്രധാനമായും പറയുന്നത്.
‘ കവിത എന്നും വ്യക്തപരവും അങ്ങേയറ്റം സ്വകാര്യവുമാണ്. ഞാന്‍ പിന്തുടരുന്നത് വില്യം ബ്ലേക്കും എമിലി ഡിക്കന്‍സനും തുടര്‍ന്നുവരുന്ന അതേ പാരമ്പര്യം തന്നെ. ഒക്ടോബര്‍ 8 ന്റെ പ്രഭാതം എനിക്കു സമ്മാനിച്ചത് ഞെട്ടല്‍. ഒപ്പം പരിഭ്രമവും. എന്തൊരു വെളിച്ചമായിരുന്നു ആ ദിവസത്തിന് ! ഒരു പുസ്തകം എഴുതുമ്പോള്‍ കൂടുതല്‍ വായനക്കാരിലേക്ക് എത്തണമെന്ന് നമ്മളെല്ലാം സ്വാഭാവികമായും ആഗ്രഹിക്കുന്നു. എന്നാല്‍ ചിലര്‍, ഒരു ഓഡിറ്റോറിയത്തില്‍ നിന്നു കവിത വായിക്കുന്നതുപോലെ ചുരുക്കം പേരിലേക്കു മാത്രമെത്തുന്നു. കുറച്ചുപേര്‍ മാത്രമാണെങ്കിലും ആ ചെറിയ ന്യൂനപക്ഷം കവിതയെ ഭാവിയിലേക്കു നയിക്കുന്നു. ഇത്തവണത്തെ നൊബേല്‍ സമ്മാനം പുറത്തെ ബഹളത്തില്‍ മുങ്ങിപ്പോകാത്ത ഏറ്റവും അടുപ്പമുള്ള, ഏറ്റവും വ്യക്തിപരമായ സ്വരത്തെ ആദരിക്കുന്നതും അംഗീകരിക്കുന്നതുമാണ്’- ഗ്ലിക്ക് പറയുന്നു.
‘വിന്റര്‍ റെസിപ്പീസ്’ എന്ന പേരില്‍ അടുത്തവര്‍ഷം ഗ്ലിക്കിന്റെ പുതിയ കാവ്യസമാഹാരം പുറത്തുവരും. ഗ്ലിക്കിന്റെ കവിതകളുടെ സമ്പൂര്‍ണ സമാഹാരം പുറത്തിറക്കുമെന്ന് പെന്‍ഗ്വിനും പ്രഖ്യാപിച്ചിട്ടുണ്ട്. 12 സമാഹാരങ്ങളാണ് ഗ്ലിക്കിന്റേതായി ഇതുവരെ പുറത്തുവന്നിട്ടുള്ളത്. പുലിറ്റ്‍സര്‍ പ്രൈസ്, നാഷണല്‍ ബുക്ക് അവാര്‍ഡ്, നാഷണല്‍ ഹ്യൂമാനിറ്റീസ് മെഡല്‍, അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സിന്റെ ഗോള്‍ഡ് മെഡല്‍ എന്നീ അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
English Summary : US poet Louise Gluck reacts to Nobel prize win