ADVERTISEMENT

രതിമൂർച്ഛ മുതൽ കുന്നിടിച്ചു നിരത്തൽ വരെയും ആൾദൈവം മുതൽ യഥാർഥ ദൈവം വരെയും ഭരണകൂട ഭീകരത മുതൽ ആൾക്കൂട്ടാക്രമണം വരെയുമുള്ള വൈവിധ്യമാർന്ന പ്രമേയങ്ങളാണു യുവ എഴുത്തുകാരൻ അജിജേഷ് പച്ചാട്ടിന്റെ പ്രത്യേകത. സമകാലിക സമൂഹത്തിന്റെ പരിച്ഛേദമായ കഥകൾ തുടർച്ചയായെഴുതി അജിജേഷ് വായനക്കാരെ വിസ്മയിപ്പിക്കുന്നു. പുറമേ ശാന്തവും മനോഹരവുമായ ഒരു തടാകം പോലെ തോന്നിക്കുമ്പോഴും ഉള്ളിൽ അലയടിച്ചാർക്കുന്ന തിരമാലകളുള്ള കടൽ പോലെയുള്ള എഴുത്ത്. വെറുതേ വായിച്ചു പോകാവുന്നവയല്ല ഈ ചെറുപ്പക്കാരന്റെ കൃതികൾ. വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നവയും വായനാശേഷം ചിന്തകളിൽ രാഷ്ട്രീയബോധത്തിന്റെ വിത്തുകൾ നിക്ഷേപിക്കുന്നവയുമാണവ. അതേസമയം തന്നെ എഴുത്തിന്റെ സർഗാത്മക സൗന്ദര്യത്താൽ വായനക്കാരനെ സ്നേഹാലിംഗനം ചെയ്യുന്നവയുമാണ് അജിജേഷ് എഴുതുന്ന ഓരോ വരിയും. എഴുത്തിനോടുള്ള അത്യധികമായ പ്രണയത്താൽ മറ്റു ജോലികളെല്ലാമുപേക്ഷിച്ച് എഴുത്തിനായി ജീവിതം സമർപ്പിച്ച അജിജേഷുമൊത്തുള്ള കഥാസംവാദം.

 

എഴുത്ത് ഇത്രമേൽ പ്രിയങ്കരമായത് എങ്ങനെ? എഴുത്തിലേക്ക് അജിജേഷിനെ പിടിച്ചിട്ടതെന്താണ്?

 

daivakkali

എങ്ങനെയൊക്കെയോ എഴുത്തിലേക്ക് എത്തിപ്പെട്ടയാളാണു ഞാൻ. അനുഭവങ്ങൾ കൊണ്ടും കാഴ്ചകൾ കൊണ്ടും നമ്മുടെ ജീവിതത്തിനുള്ളിൽ എത്ര ശ്രമിച്ചാലും അഴിക്കാനാവാത്ത കുരുക്കുകൾ രൂപപ്പെട്ടുകൊണ്ടേയിരിക്കും. സത്യത്തിൽ ആ കുരുക്കുകളാണ് എഴുത്തിലേക്കു വരാനുള്ള പ്രധാന കാരണം എന്നു തോന്നുന്നു.

 

kisebi

ദസ്തയേവസ്കിയുടെ അലോഷിയെപ്പോലെയും ചില സക്കറിയൻ കഥാപാത്രങ്ങളെപ്പോലെയും ദൈവത്തോടു നിരന്തരം കലഹിക്കുന്നവരായി അജിജേഷിന്റെ ചില കഥാപാത്രങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്. ദൈവക്കളിയിലെ ആന്റപ്പനെപ്പോലെ. വായനക്കാർ ദൈവത്തോടു ചോദിക്കാനാഗ്രഹിച്ച ചോദ്യങ്ങളാണവർ പലപ്പോഴും ഉയർത്തുന്നത്. ദൈവം എന്ന ആശയം ഇത്ര കണിശമായി ചില കഥകളിലേക്കു കൊണ്ടുവരുന്നതെങ്ങനെയാണ്?

 

സത്യം പറഞ്ഞാൽ ദൈവത്തേക്കുറിച്ച് ഈയടുത്ത കാലത്താണ് ആഴത്തിൽ ചിന്തിക്കാൻ തുടങ്ങിയത്. അപ്പോഴൊക്കെയും ദൈവം എന്റെ മുന്നിലെത്തിക്കഴിഞ്ഞാൽ ആദ്യം എന്തായിരിക്കും ചോദിക്കുക എന്നൊരു ചിന്തയുണ്ടായിരുന്നു. ഒരുപക്ഷേ, ലോകത്തിൽ എല്ലാവർക്കും മൂപ്പരോടു സംവദിക്കണം എന്നുണ്ടായിരിക്കും. പക്ഷേ, മൂപ്പര് ഒന്നിങ്ങട്ട് ഇറങ്ങി വരണ്ടേ. സൃഷ്ടികളുടെ മുന്നിൽ നേരിട്ടു വരുന്ന ദൈവത്തെക്കുറിച്ചു സങ്കൽപിച്ചിട്ടുണ്ടോ? നമ്മുടെ അരികിലെത്തി നമ്മളോടു നേരിട്ടു കാര്യങ്ങൾ അന്വേഷിക്കുന്ന ദൈവത്തിന്റെ കാഴ്ച എത്ര സൗന്ദര്യാത്മകമാണ്. ശരിക്ക് അതിലല്ലേ നീതിയുള്ളത്. അത്തരത്തിലുള്ള ചിന്തയിൽ നിന്നാണ് ‘ദൈവക്കളി’ ഉണ്ടായത്. ക്യാംപുകളിലൊക്കെ പോകുമ്പോൾ ദൈവക്കളിയിലെ ആന്റപ്പൻ ശരിക്കും നിങ്ങൾ തന്നെയല്ലേ എന്നു പലരും ചോദിച്ചിട്ടുണ്ട്. ഞാൻ പറയുന്നത് ആന്റപ്പൻ എന്ന കഥാപാത്രം നീതി അന്വേഷിക്കുന്ന ലോകത്തിലെ ഓരോ മനുഷ്യനുമാണെന്നാണ്. ദൈവവിശ്വാസം ഉരുത്തിരിയുന്നതിന്റെ തൊട്ടപ്പുറത്തു തന്നെ ദൈവത്തെ ചോദ്യം ചെയ്യുന്ന പ്രവണതയും ഉടലെടുത്തിരിക്കാം എന്നാണു ഞാൻ വിശ്വസിക്കുന്നത്.

athirazhi-soothram

 

ആദ്യകാല വായന?

aarthavapoometha

 

ബാലപ്രസിദ്ധീകരണങ്ങളായിരുന്നു ആദ്യകാല കൂട്ട്. ഗൗരവമുള്ള വായനയിലേക്കു വളരെ വൈകിയാണ് എത്തിയത്. വീട്ടിലാണെങ്കിലും വായനയുടെ വലിയ അന്തരീക്ഷമൊന്നുമുണ്ടായിരുന്നില്ല. നാട്ടിൽ രണ്ടു വായനശാലകളാണ് ഉണ്ടായിരുന്നത്. യുവജന വായനശാലയും പഞ്ചായത്ത് ലൈബ്രറിയും. സുഹൃത്തായിരുന്ന സതീഷാണ് എന്നെ ആ വായനശാലകളുമായി ബന്ധപ്പെടുത്തിയത്. അവൻ അത്യാവശ്യം വായിക്കുന്നയാളായിരുന്നു. തുടക്കകാലത്ത് ഈ രണ്ട് ഇടങ്ങളുമായിരുന്നു ആശ്രയമെന്നു പറയാം.

book3

 

ആദ്യ കഥ?

 

ആദ്യമെഴുതിയ കഥ ആരെയും കാണിച്ചിട്ടില്ലായിരുന്നു. വീടുപണിക്കു വന്ന ഷാജിയേട്ടന് ആ കഥ കിട്ടിയതും മൂപ്പര് ഞാനറിയാതെ വായിച്ച് എഴുതിയതു നന്നായിട്ടുണ്ടെന്നും ഇനിയുമെഴുതണമെന്നുമൊക്കെ പറഞ്ഞു പ്രോൽസാഹിപ്പിച്ചതും ഓർമയുണ്ട്. എനിക്കു കിട്ടിയ ആത്മാർഥമായ ആദ്യപ്രോത്സാഹനം ശരിക്ക് അതായിരുന്നു. അച്ഛന്റെ കൂടെ പണിയെടുക്കുന്ന ആളായിരുന്നു ഷാജിയേട്ടൻ. വർഷങ്ങൾക്കു മുമ്പാണ് ഈ സംഭവം ഉണ്ടായത്. അന്നു ഞങ്ങളുടെ പഴയ വീട് പൊളിക്കാൻ വന്നതാണവർ. സാധനങ്ങൾ മാറ്റുന്ന കൂട്ടത്തിലാണു മൂപ്പർക്ക് കഥ കിട്ടിയത്. വായിച്ചു കഴിഞ്ഞിട്ടു വൈകുന്നേരം പണി കഴിഞ്ഞു പോകാൻ നേരമാണു കഥയെക്കുറിച്ചു പറഞ്ഞത്. ഷാജിയേട്ടൻ അത് ഓർക്കുന്നുണ്ടോ എന്നറിയില്ല. ആദ്യ കഥ പ്രസിദ്ധീകരിച്ചു വന്നപ്പോൾ അദ്ഭുതവും സന്തോഷവുമൊക്കെയാണു തോന്നിയത്. കുറേനേരം അതിലേക്കു നോക്കിയങ്ങനെ ഇരുന്നു.

 

ezham-pathippinte-aadhya-prethi

‘കാസ്ട്രോൽസവശേഷം’ ആയാലും ‘കൂവൽക്കിണറുകൾ’ ആയാലും ‘പശുമതികൾ’ ആയാലും ഏറ്റവും പുതിയ കഥ ‘ഒരു രാജേഷ് മേശരി നിർമിതി’ ആയാലും സമകാലിക രാഷ്ട്രീയം സൂക്ഷ്മമായി തുന്നിയെടുത്ത കഥാശരീരമാണവയ്ക്ക്. ഭരണകൂടം പൗരനുമേൽ നടത്തുന്ന ഭയപ്പെടുത്തുന്ന അധിനിവേശങ്ങൾ അവ കൃത്യമായി വരച്ചിടുന്നു. അജിജേഷിന്റെ ഭയങ്ങൾ തന്നെയാണോ അവ? കഥകളിലൂടെ രാഷ്ട്രീയം അവതരിപ്പിക്കുമ്പോൾ കഥാകൃത്ത് ലക്ഷ്യമിടുന്നത് എന്താണ്?

 

തീർച്ചയായും സമകാലീന അന്തരീക്ഷത്തിൽ ജീവിക്കുന്ന ഒരു മനുഷ്യൻ എന്ന നിലയിൽ അസ്വസ്ഥതകൾ ഉണ്ട്. കഥകൾ ചരിത്രങ്ങളാവുകയും ചരിത്രങ്ങൾ കഥകളാവുകയും ചെയ്യുന്ന കാലത്താണു നിങ്ങളും ഞാനുമടക്കമുള്ളവർ ജീവിക്കുന്നത്. അതുകൊണ്ടു നമ്മൾ നമുക്കു ചുറ്റുമുള്ളവരെക്കുറിച്ചു പറയുമ്പോൾ അതിൽ രാഷ്ട്രീയമുണ്ടാവും. രാഷ്ട്രീയം അവതരിപ്പിക്കുക എന്നതിലുപരി റിയലിസ്റ്റിക്കായ മൂവ്മെന്റുകൾ കഥകളിൽ അല്ലെങ്കിൽ കഥപറച്ചിലുകളിൽ ഉൾപ്പെടുകയാണു ചെയ്യുന്നത്. കൂവയിൽ കത്തിക്കരിഞ്ഞ കുപ്പച്ചനേട്ടന്റെ ശവം തിരികെ കൊണ്ടു വരുമ്പോൾ പൊലീസ് കൈ കാണിച്ചു തെളിവു ചോദിക്കുന്നു. മകൻ അച്ഛന്റെ തണ്ടാം വിരലാണു തെളിവായി പറയുന്നത്. ആധാർ ഒരു മനുഷ്യനുമായി ലിങ്ക് ചെയ്യുന്നതിന്റെ സറ്റയർ ആയിട്ടാണു പലരും അതു വായിച്ചത്. രാജേഷ് മേശരി നിർമിതി എന്ന കഥയിൽ കൊന്ന പാമ്പിനെച്ചൊല്ലി ഉടമസ്ഥ പ്രശ്നമുണ്ടാക്കിയ ഭാഗം റിയൽ ആണ്. അത് ഒരിക്കൽ ഞങ്ങളുടെ വർക്കിങ് സൈറ്റിൽ സംഭവിച്ചതാണ്. ഓരോ കാലത്തെയും അതിൽ ജീവിച്ചു പോകുന്നവരെയും അടയാളപ്പെടുത്തുക എന്നതാണു കഥപറച്ചിലുകാരുടെ ലക്ഷ്യം എന്നാണെനിക്കു തോന്നിയിട്ടുള്ളത്.

 

രതിമൂർച്ഛയെ അവലംബിച്ച് ഒരു കഥയെഴുതുക വലിയ വെല്ലുവിളിയാണ്. ആണധികാരത്തിന്റെയും ആണിന്റെ എക്കാലത്തെയും വലിയ പേടിയുടെയും സൂചനകൾ അജിജേഷ് ‘പൊന്മൂർച്ഛ’ എന്ന ആ കഥയിൽ നൽകുന്നുണ്ട്. ഒപ്പം പെണ്ണുടലിന്റെ സ്വാതന്ത്ര്യപ്രഖ്യാപനങ്ങളും മനോഹരമായി വരച്ചിടുന്നു. സ്ത്രീയനുഭവങ്ങളെപ്പറ്റിയും ആ കഥയെപ്പറ്റിയും വിശദീകരിക്കാമോ?

 

ആ കഥ നിങ്ങൾ കൃത്യമായി വായിച്ചു എന്നതുകൊണ്ട് ഈ ചോദ്യം വ്യക്തിപരമായി എന്നെ ആഹ്ലാദിപ്പിക്കുന്നു. സ്ത്രീയുടെ രതിമൂർച്ഛയെക്കുറിച്ച് എഴുതുക അത്ര എളുപ്പമല്ല. കാരണം, ഒന്നുകിൽ അത് നേരിട്ട് അനുഭവിക്കണം, അതല്ലെങ്കിൽ അനുഭവിച്ച ആരെങ്കിലും ഷെയർ ചെയ്യണം. ഈ പറഞ്ഞ രണ്ടും ഉണ്ടായിട്ടില്ല. പിന്നെയുള്ളത് ഇമാജിനേഷൻ ആണ്. ആ കഥയിലെ രതിമൂർച്ഛ അങ്ങനെയുള്ള ഒന്നാണെന്നു പറയാം. കഥ വന്നു കഴിഞ്ഞപ്പോൾ കുറേപ്പേർ വിളിക്കുകയും മെസേജ് അയയ്ക്കുകയുമൊക്കെ ചെയ്തു. ഏറെയും സ്ത്രീകളായിരുന്നു. ആ സമയത്തെ അനുഭവം ഇങ്ങനെ കൃത്യമായി എങ്ങനെ അറിഞ്ഞു എന്നെല്ലാം ചോദിച്ചു. സത്യത്തിൽ അപ്പോൾ അങ്ങനെ എഴുതാൻ തോന്നി, എഴുതി. കൂടുതലൊന്നും അറിയില്ല. മനസ്സറിഞ്ഞു കലഹമില്ലാതെ സ്നേഹിക്കുവാൻ കഴിയുന്നവരാണ് സ്ത്രീകൾ. എന്തുകൊണ്ടും അവർ പുരുഷന്മാരേക്കാൾ എത്രയോ മുകളിലാണ്. അവരിൽ അടിച്ചേൽപ്പിക്കുന്ന ആണധികാരം തന്നെയാണ് ഇവിടെ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്. അതു മാറേണ്ടതു നിർബന്ധമാണ്. അങ്ങനെ മാറുമ്പോഴാണു സാംസ്കാരികമായി നമ്മൾ വിശാലത പ്രാപിക്കുക.

 

ഗ്രാമകേന്ദ്രീകൃതമാണ് അജിജേഷിന്റെ കഥാപരിസരങ്ങളിലേറെയും. ചെരുപ്പടിമല, കാൽവരിക്കുന്ന്, വാര്യംകുന്ന് തുടങ്ങി ഗ്രാമീണത തുടിച്ചുനിൽക്കുന്നവയാണു കഥകൾ നടക്കുന്ന സ്ഥലങ്ങളിലേറെയും. കഥാപാത്രങ്ങളും തനി ഗ്രാമീണരും സാധാരണക്കാരുമാണ്. സ്വന്തം ജീവിതപരിസരത്തുനിന്നുള്ളവയാണോ ഈ തിരഞ്ഞെടുക്കലുകൾ?

 

ഒരു പരിധി വരെ ആ നിരീക്ഷണം ശരിയാണെന്നു പറയാം. പക്ഷേ, ഗ്രാമകേന്ദ്രീകൃതമല്ലാത്ത കഥകളും എഴുതിയിട്ടുണ്ട്. പാരലാക്സൊക്കെ ഒരു ഫ്ലാറ്റിൽ വളരെ കുറച്ചു സമയം കൊണ്ടു നടക്കുന്ന കഥയാണ്. സബ്ജക്ടിന് അനുയോജ്യമായ പരിസരങ്ങളാണു സാധാരണയായി തിരഞ്ഞെടുക്കാറുള്ളത്. നമുക്കു ചുറ്റുമുള്ളവരിൽ നിന്നു തന്നെയാണു കഥാപാത്രങ്ങൾ രൂപം കൊള്ളുന്നത് എന്നാണ് തോന്നുന്നത്.

 

കുടുംബം

 

മലപ്പുറം ജില്ലയിലെ പള്ളിക്കലാണു സ്വദേശം. അച്ഛൻ പി.കൃഷ്ണൻ, അമ്മ ശോഭന, അനിയൻ ആത്മേശൻ, അനിയത്തി പ്രിൻസി. ഐടിഐ കഴിഞ്ഞ ശേഷം നിർമാണ മേഖലയിലായിരുന്നു പണി. ഇപ്പോൾ എഴുത്തുമായി മുന്നോട്ടു പോവുന്നു.

 

പുസ്തകങ്ങൾ

 

ഇതുവരെ അഞ്ച് പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചത്. കിസേബി, ദൈവക്കളി (കഥാസമാഹാരങ്ങൾ), ഏഴാം പതിപ്പിന്റെ ആദ്യ പ്രതി, അതിരഴിസൂത്രം (നോവലുകൾ), ഒരാൺകുട്ടി വാങ്ങിയ ആർത്തവപ്പൂമെത്ത (ഓർമ).

 

 ഇഷ്ടവാക്ക്

 

'നമ്മൾ'.

 

ഇപ്പോൾ എഴുതുന്നത്?

 

പുതിയ നോവൽ എഴുതിക്കൊണ്ടിരിക്കുകയാണ്. മൂന്നാമത്തെ കഥാസമാഹാരം ഉടനെ പ്രതീക്ഷിക്കുന്നുണ്ട്.

 

വായനക്കാരെക്കുറിച്ച്

 

വായനക്കാർ ഒരുപാട് മുകളിലാണ്. അവർ കൃത്യമായ അഭിപ്രായങ്ങളും നിലപാടുകളും കാത്തുസൂക്ഷിക്കുന്നവരാണ്. നല്ല ധാരണയുള്ളവരാണ്. കഥകൾ വായിച്ചു സമ്മാനം അയച്ചു തന്നവർ ഒരുപാടുണ്ട്. കത്തുകളും കിട്ടാറുണ്ട്. ഒരിക്കൽ, സമാഹാരം ഇറങ്ങുന്നതിന് മുമ്പ് എന്റെ പ്രസിദ്ധീകരിച്ച കഥകളുള്ള ആനുകാലികങ്ങളെല്ലാം കൂടി നെഞ്ചോടടുക്കിപ്പിടിച്ചു കാണാൻ വന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവരെക്കുറിച്ചു ഞാൻ എഴുതിയിട്ടുണ്ട്. അതു വല്ലാത്ത കൗതുകം നിറഞ്ഞ ഒരനുഭവമായിരുന്നു.

 

എഴുത്ത് ഉപജീവനമാർഗമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടോ?

 

എഴുത്ത് എന്നതു നേരംപോക്കിനായി ചെയ്യുന്ന ഒരു കാര്യമാണെന്ന ധാരണയാണ് ഇപ്പോഴും ബഹുഭൂരിപക്ഷം ആളുകൾക്കിടയിലും ഉള്ളത്. അതൊരു ജോലിയായി ആരും അംഗീകരിച്ചിട്ടില്ല. കുറച്ചു മുമ്പ് ഒരു സർവകലാശാലയിൽ പരിപാടിക്കു പോയി. എഴുത്തിനെക്കുറിച്ചെല്ലാം സംസാരിച്ചു കഴിഞ്ഞതിനു ശേഷം പുസ്തകങ്ങളെ എത്രയാളുകൾ ഇഷ്ടപ്പെടുന്നുണ്ടെന്നു വെറുതെ ചോദിച്ചു. എല്ലാവരും കൈ പൊക്കി. എഴുത്തുകാരെ എത്ര പേർ ഇഷ്ടപ്പെടുന്നുണ്ടെന്നു ചോദിച്ചു. അതിനും എല്ലാവരും കൈപൊക്കി. എഴുത്ത് തൊഴിലാക്കിയവരെ കല്യാണം കഴിക്കാൻ എത്രയാളുകൾ ഇഷ്ടപ്പെടുന്നുണ്ടെന്നു ചോദിച്ചു. ആകെ ഒരു കുട്ടി മാത്രമാണു കൈ പൊക്കിയത്. ഇതാണ് അവസ്ഥ. പണി എഴുത്താണെന്നു പറഞ്ഞാൽ ആധാരമെഴുത്താണോ എന്നു ചോദിക്കുന്ന സമൂഹത്തിലാണു ജീവിക്കുന്നതെന്നു കൃത്യമായ ധാരണയുണ്ട്. അതറിഞ്ഞുകൊണ്ടു തന്നെയാണു മുഴുവൻസമയ എഴുത്തുകാരനാവാൻ തീരുമാനിച്ചത്. നിരന്തരമായ ശ്രമത്തിലൂടെ എഴുത്ത് ഉപജീവനമാക്കാൻ കഴിയും എന്നു തന്നെയാണു ഞാൻ വിശ്വസിക്കുന്നത്.

 

English Summary: Puthuvakku column written by Ajish Muraleedharan- Talk with writer Ajijesh Pachat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com