‘നിലവിളിയോടെ’ ടെലിഗ്രാമിലെത്തി, പണ്ടു പണ്ടൊരു ജനന വാർത്ത
Mail This Article
‘ഡെലിവേഡ് സേഫ് ബോയ്’ – തന്റെ ജനന വാർത്തയറിയിച്ചുള്ള ഈ ടെലിഗ്രാം വാക്യം കണ്ട് മരണവാർത്തയാണെന്നു കരുതി വീട്ടിൽ നിലവിളി ഉയർന്നതിന്റെ ഓർമയുമായി സാഹിത്യകാരൻ ഫ്രാൻസിസ് നൊറോണയുടെ ജന്മദിന ഫെയ്സ്ബുക് കുറിപ്പ്.
ദുരന്ത വാർത്തകൾ മാത്രമാണു ടെലിഗ്രാമായി വരുന്നതെന്ന സാധാരണ ജനങ്ങളുടെ ധാരണയ്ക്കു നടുവിലേക്കാണ് ആ സന്ദേശം എത്തിയത്. ഫോർട്ട് കൊച്ചിയിലെ താലൂക്ക് ആശുപത്രിയിലായിരുന്നു നൊറോണയുടെ ജനനം. അക്കാര്യം അറിയിക്കാൻ അമ്മയുടെ വീട്ടുകാർ അപ്പനു ടെലിഗ്രാം അയച്ചതാണ് പുകിലായത്. മമ്മാഞ്ഞി (അമ്മൂമ്മ) ഉറക്കെ നിലവിളിച്ചു.
കാക്കിയിട്ട പോസ്റ്റ്മാൻ സൈക്കിൾ ബെൽ നീട്ടിയടിച്ച് എത്തിയപ്പോഴേക്കും വീട്ടുമുറ്റത്ത് ആൾക്കൂട്ടമായി. മമ്മാഞ്ഞിയുടെ കരച്ചിൽ കേട്ടു ദൈവത്തിനു പോലും സങ്കടം വന്നുകാണുമെന്നാണ് നൊറോണ ‘മുണ്ടൻ പറുങ്കി’ എന്ന പുസ്തകത്തിൽ എഴുതിയത്.
ഒടുക്കം വിവരമുള്ള ആരോ വായിച്ചാണ് അതു തന്റെ പിറവിയുടെ മംഗളവാർത്തയാണെന്നു വ്യക്തമായതെന്നും നൊറോണ എഴുതുന്നു. താൻ കമഴ്ന്നു വീഴാൻ തുടങ്ങിയ ശേഷമാണ്, ടെലിഗ്രാം പരിഭ്രാന്തിയുടെ പരിഭവമൊക്കെ മാറി അപ്പൻ തന്നെ കാണാനെത്തിയതെന്നും നൊറോണ എഴുതുന്നു.
English Summary: A telegram on Francis Noronha's birthday, writer shares an anecdote