ADVERTISEMENT

കേട്ട് ആസ്വദിച്ചതിനൊപ്പം അമേരിക്കന്‍ ജനതയും ലോകവും കണ്ടാസ്വദിച്ച സംഗീതറാണി. ഡോളി പാര്‍ടണെക്കുറിച്ചു പറയുമ്പോള്‍ ലോകം കാതുകള്‍ കൂര്‍പ്പിക്കുന്നതിനൊപ്പം കണ്ണുകളും വിടര്‍ത്തും. പതിറ്റാണ്ടുകള്‍ സംഗീതലോകം അടക്കിവാണ അവരുടെ പാട്ടുകളോളം തന്നെ ചര്‍ച്ച ചെയ്യപ്പെട്ടു അഴകളവുകളും. പലപ്പോഴും സ്വന്തം ശരീരത്തെക്കുറിച്ചുള്ള വിചിത്രമായ ചോദ്യങ്ങള്‍ നേരിടേണ്ടിവന്നിട്ടുമുണ്ട് ഡോളിക്ക്. എന്നാല്‍ കേള്‍വിയുടെ ലഹരിയും കാഴ്ചയുടെ ആനന്ദവും മാത്രമല്ല ഡോളി എന്നു തെളിയിക്കുന്ന രണ്ടു പുസ്തകങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ഡോളി എന്ന പ്രതിഭയുടെ ജീവിതവും പാട്ടുകളും അവര്‍ മനുശ്യരാശിക്കുവേണ്ടി നടത്തിയ അറിയപ്പെടാത്ത സംഭാവനകളും വെളിച്ചത്തുകൊണ്ടുവരുന്ന പുസ്തകങ്ങള്‍. ഷി കം ബൈ ഇറ്റ് നാച്വറല്‍ എന്ന പുസ്തകം ഡോളി പാര്‍ടന്റെ വ്യത്യസ്തമായ ജീവചരിത്രമാണെങ്കില്‍ മൈ ലൈഫ് ഇന്‍ ലിറിക്സ് എന്ന പുസ്തകത്തിലൂടെ മൂവായിരത്തിലധികം പാട്ടുകളെഴുതിയ ഡോളി തന്റെ പാട്ടുകളുടെ കഥ പറയുന്നു. ഓരോ പാട്ടും എങ്ങനെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന്. 

 

സാധാരണ കുടുംബത്തില്‍ ദാരിദ്ര്യത്തിനും കഷ്ടപ്പാടിനും നടുവില്‍ പിറന്നുവീണ ഡോളി ലോകം കീഴടക്കിയതിന്റെ പിന്നില്‍ അസാധാരണ കഷ്ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെയും ഉറക്കിമില്ലാത്ത രാവുകളുണ്ട്, വിശ്രമമില്ലാത്ത പകലുകളും. എന്നിട്ടും അവരുടെ ശരീരം ഒരു തലമുറയുടെ തന്നെ പ്രധാന ചര്‍ച്ചാവിഷയമായി. 

 

1977 ല്‍ ഡോളിക്ക് 31 വയസ്സ് പ്രായം. ടെലിവിഷനിലെ ഒരഭിമുഖത്തില്‍ ബാര്‍ബറ വാള്‍ട്ടേഴ്സ് ഡോളിയുടെ മാറിടത്തിലേക്കു തുറിച്ചുനോക്കി ചോദിച്ചു: എല്ലാം നിങ്ങളുടേതുതന്നെ ? 

dolly-parton-book

പ്രേക്ഷകര്‍ നന്നായി കാണട്ടെ എന്നു പറഞ്ഞുകൊണ്ട് ഡോളിയെ അവര്‍ എഴുന്നേല്‍പിച്ചുനിര്‍ത്തുകയും ചെയ്തു. 

americansinger-songwriter-dolly-parton-miely-cyrus
Dolly Parton and Miley Cyrus. Photo : Robyn Beck / AFP Photo

 

ജോണി കാഴ്സണ്‍ എന്ന അഭിമുഖകാരന്‍ ഒരിക്കല്‍ ഡോളിയോട് അപേക്ഷിച്ചു: എന്റെ ഒരു വര്‍ഷത്തെ മുഴുവന്‍ ശമ്പളവും തരാം. നിങ്ങളെത്തന്നെ നോക്കിനില്‍ക്കാന്‍ എന്നെ അനുവദിക്കുമോ ? 

 

ആദരവവും അധിക്ഷേപവുമെന്ന് വ്യാഖാനിക്കാവുന്ന പരാമര്‍ശങ്ങളെ അക്ഷോഭ്യയായി ചിരിച്ചുകൊണ്ടു നേരിട്ട ഡോളി തന്റെ ഉള്ളിലെ കണ്ണീര് ഒരിക്കലും പുറത്തുകാണിച്ചില്ല. ലോകം സന്തോഷിക്കട്ടെ എന്നാഗ്രഹിച്ച അവര്‍ ഹൃദയമുരുകി പാടി. കഴിയുന്നത്ര ആകര്‍ഷകത്വത്തോടെ വേദികളില്‍ പ്രത്യക്ഷപ്പെട്ടു. കണ്ണും കാതും വിടര്‍ത്തി ആസ്വാദകര്‍ അവരെ കണ്ടു, കേട്ടു. 

americansinger-songwriter-dolly-parton-profile-image
Dolly Parton. Photo Credit : Manuel Balce Ceneta / AP Photo

 

സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള വിമോചനപ്പോരാട്ടത്തില്‍ മുന്നിലുണ്ടായിട്ടും ഫെമിനിസ്റ്റ് എന്ന വാക്ക് ഡോളി ഇഷ്ടപ്പെട്ടില്ല. മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാരമായി സംഭാവന ചെയ്യുകയും ചെയ്തു. കുട്ടികള്‍ക്ക് സൗജന്യമായി പുസ്തകങ്ങള്‍ എത്തിക്കുന്ന ഇമാജിനേഷന്‍ ലൈബ്രറിക്ക് സാമ്പത്തിക സഹായം നല്‍കുന്നതു ഡോളിയാണ്. ടെന്നസിയിലെ കാട്ടുതീയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി മാസം ആയിരം ഡോളര്‍ വീതമാണു സംഭാവന ചെയ്തത്. അമേരിക്കന്‍ പ്രസിഡന്റ് ഉള്‍പ്പെടെ കോവിഡിനെ പുച്ഛത്തോടെ കണ്ടപ്പോള്‍ മൊഡേണ വാക്സീന്‍ പുറത്തിറക്കാന്‍വേണ്ടി ഡോളി സംഭാവന ചെയ്തത് ഒരു ദശലക്ഷം ഡോളര്‍. ലോകത്തെ സന്തോഷിപ്പിക്കുക മാത്രമായിരുന്നില്ല ആ സംഗീതറാണി; ആശ്വസിപ്പിക്കുകയും സാന്ത്വനിപ്പിക്കുകയും കൂടിയായിരുന്നു. 

 

77-ാം വയസ്സിലും പാട്ട് തുടരുന്ന ഡോളി കോവിഡിനെ അതിജീവിക്കുന്ന ലോകത്തിനുവേണ്ടി ഉണര്‍ത്തുപാട്ടും എഴുതി: 

വെളിച്ചത്തെ എതിരിടുമ്പോള്‍ ഇരുട്ട് വഴിമാറുന്നു; 

അതേ, എല്ലാം ശരിയാകും എന്നു ഞാന്‍ ഉറപ്പു തരുന്നു. 

 

ഡോളി പാര്‍ടന്‍ എന്ന പാട്ടെഴുത്തുകാരിയെയും ഗായികയെയും പുതിയ കാഴ്ചപ്പാടില്‍ കാണാന്‍ പ്രേരിപ്പിക്കുന്നവയാണ് സാറ സ്മാര്‍ഷിന്റെ ജീവചരിത്രവും പാട്ടുകളെക്കുറിച്ചുള്ള അവരുടെ കഥകളും. പാട്ടിലൂടെ ലോകം കീഴടക്കിയ റാണി അക്ഷരങ്ങളിലൂടെ പുനരവതരിക്കപ്പെടുന്നു; ഒരര്‍ഥത്തില്‍ വ്യാജ സൗന്ദര്യ ബിംബങ്ങളില്‍ നിന്നും കപട പ്രതിഛായയില്‍ നിന്നും അക്ഷരങ്ങളിലൂടെയുള്ള ഉയിര്‍ത്തെഴുന്നേല്‍പ്. 

English Summary: How Dolly Parton became the world's best-loved celebrity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com