ടഗോർ: ഇന്ത്യയുടെ എക്കാലത്തെയും ബഹുമുഖ പ്രതിഭ
Mail This Article
‘ബഹുമുഖ പ്രതിഭ’ എന്ന വാക്കിനും മുകളിലാണ് രബീന്ദ്രനാഥ ടഗോർ. കവി, കഥാകൃത്ത്, നാടകകൃത്ത്, നോവലിസ്റ്റ്, നടൻ, സംവിധായകൻ, ഗായകൻ, സംഗീത സംവിധായകൻ, ചിത്രകാരൻ തുടങ്ങി കലയുടെയും എഴുത്തിന്റെയും വൈവിധ്യമാർന്ന വഴികളിലേക്ക് പടർന്നുകയറിയ മഹാവൃക്ഷമായിരുന്നു രബീന്ദ്രനാഥ ടഗോർ.
ഏഷ്യൻ രാജ്യങ്ങളിലേക്ക് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ആദ്യമായി എത്തിച്ച എഴുത്തുകാരൻ കൂടിയാണ് ടഗോർ. ദേശീയഗാനത്തിന്റെ ശിൽപി എന്നതിനപ്പുറം താൻ ജീവിച്ച കാലഘട്ടത്തിലെ മഹാപ്രതിഭകളുമായി ഇന്ത്യയുടെ ആത്മാവിനെ കോർത്ത സഞ്ചാരികൂടിയായിരുന്നു അദ്ദേഹം. ബ്രഹ്മ സമാജം നേതാവായിരുന്ന ദേവേന്ദ്രനാഥ ടഗോറിന്റെ പതിനാലാമത്തെ മകനായി മധ്യ കൊൽക്കത്തയിലെ ജറാസകോട്ടയിൽ 1861 മേയിലാണ് ടഗോറിന്റെ ജനനം.
14–ാം വയസ്സുവരെ പല വിദ്യാലയങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് അധ്യാപകരെ വീട്ടിൽ ക്ഷണിച്ചുവരുത്തി സംസ്കൃതവും സംഗീതവും ചിത്രകലയും അഭ്യസിച്ചു. 1878ൽ ലണ്ടനിലെ പബ്ലിക് സ്കൂളിൽ ചേർന്ന് ഇംഗ്ലിഷ്, ലാറ്റിൻ, ജർമൻ, ഫ്രഞ്ച് എന്നിവ പഠിച്ചു. എട്ടാം വയസ്സിലാണ് ആദ്യമായി കവിത പ്രസിദ്ധീകരിക്കപ്പെട്ടത്. 12–ാം വയസ്സിൽ ‘പൃഥ്വിരാജ പരാജയം’ എന്ന പേരിൽ നാടകമെഴുതി. 1880ൽ ആദ്യത്തെ കൃതിയായ ‘സന്ധ്യാസംഗീതം’ പ്രസിദ്ധീകരിക്കുമ്പോൾ 17 വയസ്സ് ആയിരുന്നു ടഗോറിന്റെ പ്രായം.
1901ൽ ആണ് പ്രശസ്തമായ ശാന്തിനികേതൻ സ്ഥാപിച്ചത്. 1918ൽ വിശ്വഭാരതിക്കു ശിലാസ്ഥാപനം നടത്തിയതോടെ രാജ്യത്തെ വേറിട്ട സമാന്തര വിദ്യാഭ്യാസ പ്രസ്ഥാനത്തിനു തുടക്കമിടുകയായിരുന്നു അദ്ദേഹം. 1912ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിലാണ് ദേശീയഗാനമായി വാഴ്ത്തപ്പെട്ട ‘ജനഗണമന’ ആദ്യമായി ടഗോർ പാടിയത്.
വിവിധ ആനുകാലികങ്ങളുടെ പത്രാധിപരായ അദ്ദേഹം 1921ൽ ഗീതാജ്ഞലി ബംഗാളിയിൽനിന്ന് ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തു. 1913ൽ ആണ് ടഗോറിനെത്തേടി നൊബേൽ പുരസ്കാരം എത്തുന്നത്.
കവിതകളും ഗാനങ്ങളും ഉൾപ്പെടെ രണ്ടായിരത്തോളം കാവ്യരചനകൾ ‘ഗീതാവിതാനം’ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1941 ഓഗസ്റ്റ് ഏഴിനാണ് ഗാന്ധിജിയുടെ ‘ഗുരുദേവൻ’ എഴുത്തിന്റെ ലോകത്തുനിന്ന് അന്ത്യയാത്രയായത്.
English Summary : Rabindranath Tagore a versatile genius