ഖസാക്കും രണ്ടാമൂഴവും വായിച്ചില്ലേ ജയമോഹൻ? മലയാളത്തോടു പുച്ഛമോ?
Mail This Article
‘‘ഇന്ത്യയിലെ ബെസ്റ്റ് 50 നോവലുകൾ എടുത്തുനോക്കിയാൽ ഏതെങ്കിലുമൊരു മലയാളം നോവൽ ചേർക്കാൻ കഴിയുമോ? എന്നാൽ ബംഗാൾ, കന്നഡ, ഉറുദു, ഹിന്ദി നോവലുകൾ മുന്നിലാണ്’’.
പ്രശസ്ത തമിഴ്– മലയാളം എഴുത്തുകാരനായ ജയമോഹന്റെ ചോദ്യം ആഞ്ഞുതറയ്ക്കുന്നത് മലയാള സാഹിത്യകാരന്മാരുടെ നെഞ്ചത്തേക്കാണ്. ഇന്ത്യയിലെ 50 പ്രശസ്ത നോവലുകൾ എടുത്തുനോക്കിയാൽ അതിലൊന്നുപോലും മലയാളത്തിലെ നോവൽ ഇല്ലെന്ന് അദ്ദേഹം പറയാൻ കാരണം മലയാളത്തിലെ എഴുത്തുകാരോടുള്ള പുച്ഛമോ അതോ മലയാളത്തിലെ മികച്ച നോവലുകൾ അദ്ദേഹം വായിച്ചില്ലെന്നാണോ?
അപ്പോൾ ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം ജയമോഹൻ വായിച്ചിരിക്കില്ലേ? എം.ടി.വാസുദേവൻനായരുടെ ‘രണ്ടാമൂഴം’ കാണാതെപോയോ? ‘സുന്ദരികളും സുന്ദരന്മാരും’ എഴുതിയ ഉറൂബിനെ ജയമോഹൻ കേട്ടിരിക്കില്ലേ?
സാഹിത്യശാഖകളിൽ ഏറ്റവുമധികം ജനപ്രിയമായ നോവൽശാഖയെ മൊത്തം അപമാനിക്കുന്നതാണ് ജയമോഹന്റെ ഈ പരാമർശം എന്നതിൽ സാഹിത്യത്തെ സ്നേഹിക്കുന്ന ആർക്കും എതിരഭിപ്രായമുണ്ടാകില്ല.
മലയാളത്തിലും തമിഴിലും ഒരേപോലെ എഴുതി പ്രശസ്തനായ ജയമോഹന് മലയാള സാഹിത്യത്തെക്കുറിച്ച് അറിവുണ്ടാകില്ല എന്നാരും സംശയിക്കില്ല. ആറ്റൂരിനെയും എം.ഗോവിന്ദനെയും പി.കെ. ബാലകൃഷ്ണനെയും സാഹിത്യത്തിൽ മാർഗദർശികളായി സ്വീകരിച്ചിട്ടുള്ള ജയമോഹന് മലയാള കവിതകളും കഥകളും നോവലുകളുമെല്ലാം നന്നായി അറിയാം. ‘ഖസാക്കിന്റെ ഇതിഹാസം’ വായിച്ച ഒരാൾപോലും അതിനെ ഇന്ത്യയിലെ മികച്ച 50 നോവലുകളിൽ ഒന്നായി തിരഞ്ഞെടുക്കാതിരിക്കില്ല.
എസ്.കെ. പൊറ്റെക്കാടിന് 1980 ൽ ജ്ഞാനപീഠം നേടിക്കൊടുത്തത് ഒരു ദേശത്തിന്റെ കഥ എന്ന നോവലാണ്. 1984 ൽ തകഴി ശിവശങ്കരപ്പിള്ളയെ ജ്ഞാനപീഠം പുരസ്കാരത്തിനു പരിഗണിക്കുന്നതിൽ ‘കയർ’ എന്ന നോവലിനു പ്രധാന പങ്കുണ്ട്. എസ്കെയെയും തകഴിയെയും വായിച്ച ഒരാൾക്ക് ഒരു ദേശത്തിന്റെ കഥയെയും കയറിനെയും തള്ളിക്കളയാൻ പറ്റുമെന്നു തോന്നുന്നില്ല.
അൻപതിലേറെ സിനിമകൾക്ക് തിരക്കഥ എഴുതിയ എം.ടി.വാസുദേവൻ നായരെ മലയാളികൾ സിനിമാക്കാരനായിട്ടല്ല കണക്കാക്കുന്നത്, നാലുകെട്ടും കാലവും രണ്ടാമൂഴവുമെല്ലാം എഴുതിയ നോവലിസ്റ്റ് ആയിട്ടാണ്. എംടിയുടെ രണ്ടാമൂഴത്തെ തള്ളിപ്പറയാൻ ജയമോഹന് എങ്ങനെ സാധിച്ചുവെന്നാണ് സാഹിത്യപ്രേമികൾ അദ്ഭുതപ്പെടുന്നത്.
നൂറുസിംഹാസനവും ആനഡോക്ടറും ഒക്കെ എഴുതിയ ജയമോഹന്റെ രചനാവൈഭവം മലയാളിയെ അമ്പരപ്പിച്ചിട്ടുണ്ട്. ജാതീയമായ ഒറ്റപ്പെടൽ എങ്ങനെ ഒരു സിവിൽസർവീസ് ഉദ്യോഗസ്ഥനെ വേട്ടയാടുന്നുവെന്ന് ജയമോഹൻ നൂറുസിംഹാസനത്തിലൂടെ പൊള്ളുന്ന വാക്കുകളിലൂടെ അവതരിപ്പിച്ചിരുന്നു. ഈ നോവൽ വായിച്ചവരെല്ലാം ജയമോഹന്റെ ആരാധകരായിട്ടുണ്ട്.
ജയമോഹന്റെ അഭിമുഖങ്ങളെല്ലാം ശ്രദ്ധിച്ചാൽ ഒരു കാര്യം ബോധ്യമാകും. അതിലെല്ലാം മലയാളത്തോടുള്ള പുച്ഛം ശരിക്കും ബോധ്യപ്പെടും. ഈ പുച്ഛത്തെയാണ് ഫെയ്സ്ബുക്കിലെ കുറിപ്പിലൂടെ സാഹിത്യകാരൻ അഷ്ടമൂർത്തി വിമർശിച്ചതും.
പക്ഷേ, ജയമോഹൻ ഒരു കാര്യം ചെയ്തു. മികച്ച 50 നോവലുകളിൽ തന്റെ കൃതികളുണ്ടെന്നു പറഞ്ഞില്ല. മലയാളത്തിലെ മികച്ച അഞ്ചു നോവൽ തിരഞ്ഞെടുക്കാൻ പറഞ്ഞപ്പോൾ അതിലൊന്ന് സ്വന്തം നോവൽ തിരഞ്ഞെടുത്ത യുവസാഹിത്യകാരന്റെ അൽപത്തരമൊന്നും ജയമോഹൻ കാണിച്ചില്ലെന്നത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്. പക്ഷേ, തമിഴ്പോലെ സമ്പന്നമാണ് മലയാള സാഹിത്യമെന്നും അതിനെ താഴ്ത്തിക്കെട്ടുന്നതു മലയാളികൾ കേട്ടിരിക്കില്ലെന്നും അദ്ദേഹം മനസ്സിലാക്കേണ്ടതായിരുന്നു.
English Summary: Controversy over Jayamohan’s comments criticising quality of Malayalam novels