ADVERTISEMENT

വരാനിരിക്കുന്ന 50 വർഷത്തെ ലോകം എങ്ങനെയിരിക്കും? അതു ഭാവനയിൽ കണ്ട് സി. രാധാകൃഷണൻ തന്റെ പുതിയ നോവൽ പൂർത്തിയാക്കിയിരിക്കുന്നു. അതിൽ കോവിഡും കടന്നുവരുന്നുണ്ട്. കോവിഡ് യാഥാർഥ്യമാവുകയും, ലോകം അതനുഭവിച്ചറിയുകയും ചെയ്യുന്നതിനു മുമ്പേ നോവലിൽ രാധാകൃഷ്ണൻ അതു പകർത്തിയിരുന്നു. ലോകം ആണ് ഈ നോവലിന്റെ അരങ്ങ്. 52 അധ്യായങ്ങളിലായി കഥ പറയുന്ന നോവലിൽ നായകനില്ല. കാലം തന്നെ പ്രധാന കഥാപാത്രം. നോവലിൽ താനും ഇല്ലെന്ന് സി. രാധാകൃഷ്ണൻ വ്യക്തമാക്കുന്നു.  

 

സി. രാധാകൃഷ്ണൻ 5 വർഷമായി എഴുതിക്കൊണ്ടിരുന്നതാണ് ഈ നോവൽ. പുറത്തിറങ്ങാനാവാതെ അകപ്പെട്ട 9 മാസം കൊണ്ടു ഇതു പൂർത്തിയാക്കാനായി എന്നതാണ് കോവിഡ് കാരണം സി. രാധാകൃഷ്ണനുണ്ടായ നേട്ടം. ഒന്നോ രണ്ടോ വർഷം കൂടി വേണ്ടിവരുമെന്ന് കരുതിയതാണ്. എന്നാൽ അടച്ചുപൂട്ടിയ കോവിഡ് കാലത്ത് ഫോൺവഴിയും മറ്റും വിവരങ്ങൾ ശേഖരിച്ച് നോവൽ വേഗം പൂർത്തിയാക്കി. കോവിഡ് വഴി വേറെയും നേട്ടങ്ങളുമുണ്ടായെന്നാണ് സി. രാധാകൃഷ്ണന്റെ അനുഭവം. കുട്ടികളുടെ കൂടെ കൂടുതൽ സമയം കഴിയാൻ സാധിച്ചു. അനാവശ്യയാത്ര, ആശുപത്രിസന്ദർശനങ്ങൾ എന്നിവയെല്ലാം ഒഴിവാക്കാനായി. അതേസമയം പത്തിരുപതു വർഷമായി മുടങ്ങാതെ നടന്നിരുന്ന ആയുർവേദ ചികിത്സ മാത്രം നടന്നില്ലെന്ന നഷ്ടമുണ്ട്. 

 

ഈ പ്രതിസന്ധിയും കടന്ന് പുതിയ പുലരി പുലരുമെന്ന് തന്നെയാണ് സി. രാധാകൃഷണൻ ഉറച്ചുവിശ്വസിക്കുന്നത്. ‘നമ്മൾ പരീക്ഷണഘത്തട്ടിലാണ്, അതിൽ സംശയമില്ല. വന്നവഴി ശരിയല്ലെന്നും അതു തിരുത്തണമെന്നും നമുക്കറിയാം. എന്നാൽ അതു നമുക്ക് പറ്റുന്നില്ല.  കുറച്ചുകാലംകൂടി ബുദ്ധിമുട്ടും. എന്റെ കാലത്തൊന്നും ഈ തിരുത്ത് നടക്കില്ലെന്നറിയാം. എന്നാലും നാം വളരെ നല്ല സ്ഥിതിയിലേക്ക് പോകും. ഈ നോവും വേദനയും മാറുമെന്നതിൽ സംശയമില്ല. കുറച്ച് വേണ്ടാതീനങ്ങൾ ഒഴിവാക്കിയാൽ മതി. ആ ഇമോഷനൽ ഷിഫ്റ്റ് വന്നാൽ നാം രക്ഷപ്പെടും. വിപ്ലവമെന്നൊന്നും അതിനു പേരിടേണ്ട, പക്ഷെ നല്ല കാലം വരാനുണ്ട്. അതിനെയാണ് കാലം കാത്തുവയ്ക്കുന്നത് എന്നു നാം പറയുന്നത്. കാത്തുവച്ചത് അവിടെയുണ്ട്’–സി. രാധാകൃഷ്ണൻ ശുഭപ്രതീക്ഷ പങ്കുവച്ചു.

 

കോവിഡിന്റെ 9 മാസവും വീടുവിട്ട് സി. രാധാകൃഷ്ണൻ പുറത്തിറങ്ങിയിട്ടില്ല. വീട്ടുകാരുടെ നിർബന്ധമാണ് അദ്ദേഹത്തെ വീട്ടിൽ തളച്ചിട്ടത്. അത് ആരോഗ്യം കാത്തു. കേരളം പ്രബുദ്ധമാണെന്ന് പറയുമെങ്കിലും മാസ്ക് ശീലമാക്കുന്നതിലും മറ്റും നമുക്ക് നമ്മുടേതായ പരിഹാരം കാണാൻ സാധിച്ചിട്ടില്ല. നമുക്ക് മാത്രം രോഗം വരില്ലെന്നാണ് നമ്മുടെ വിചാരം. ഹിറ്റ്‌ലർ വന്ന് മറ്റു പലരെയും കൊണ്ടുപോകുമ്പോഴും തന്നെ മാത്രം കൊണ്ടുപോകില്ലെന്ന് വിചാരിച്ചവരുടെ കൂട്ടത്തിലാണ് ഇക്കാര്യത്തിലെല്ലാം നമ്മൾ– സി. രാധാകൃഷ്ണൻ പറഞ്ഞു.

 

English Summary: Talk with writer C Radhakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com