കാത്തിരുന്നാൽ മാത്രം സ്വന്തമാക്കാം; ഏൻജലോ എന്ന ബാർബി ഡോൾ
Mail This Article
പ്രസിഡന്റിന്റെ മെഡൽ ഉൾപ്പെടെ യുഎസിലെ പരമോന്നത പുരസ്കാരങ്ങൾ നേടിയ പ്രശസ്ത എഴുത്തുകാരിയും പൗരാവകാശ പ്രവർത്തകയുമായ മയ ഏൻജലോ ഇനി ബാർബി ഡോൾ. കളിപ്പാട്ട നിർമാതാക്കളായ മാറ്റൽ കമ്പനിയാണ് പ്രശസ്ത എഴുത്തുകാരിയെ മാതൃകയാക്കി ഡോൾ നിർമിച്ചത്. ബാർബി ഡോളായി എത്തുന്ന ഏൻജലോയ്ക്ക് വർണശബളമായ തലപ്പാവും ആകർഷകമായ വേഷവുമാണ്. കാതുകളിൽ ആഭരണങ്ങളുമുണ്ട്. റോസ പാർക്, ഫ്ലോറൻസ് നൈറ്റിംഗേൽ തുടങ്ങിയ പ്രമുഖർക്കു പിന്നാലെയാണ് ഏൻജലോയും ബാർബിയുടെ അവതാരത്തിൽ അനശ്വരമാകാൻ പോകുന്നത്.
പ്രതിസന്ധികളെ ധൈര്യപൂർവം അതിജീവിച്ച വ്യക്തി എന്ന നിലയിലാണ് എൻജലോയെ ബാർബിയാക്കാൻ തീരുമാനിച്ചതെന്ന് മാറ്റൽ കമ്പനി അറിയിച്ചു. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഇനി വരുന്ന തലമുറകൾക്കും പ്രചോദനമേകുന്ന വ്യക്തിയാണ് എൻജലോ എന്നും അവർ വ്യക്തമാക്കി. കുട്ടിക്കാലത്ത് ലൈംഗിക പ്രവർത്തകയായി വരെ ജീവിക്കേണ്ടിവന്ന അവർ പൊള്ളുന്ന അക്ഷരങ്ങളിലൂടെ ലോകത്തിന്റെ ഹൃദയത്തിൽ ഇടംപിടിക്കുകയായിരുന്നു. തന്റെ ജീവിതം മറയില്ലാതെ എഴുതുകയും പറയുകയും ചെയത് പാർശ്വവൽക്കരിക്കപ്പെട്ടവരെ മുഖ്യധാരയിൽ എത്താൻ പ്രചോദിപ്പിച്ചു. കവിതകൾക്കും നാടകങ്ങൾക്കും ലേഖനങ്ങൾക്കും പുറമെ ആത്മകഥകളാണ് അവരെ ലോകത്തിലെ ഏറ്റവും പ്രശസ്ത എഴുത്തുകാരികളിൽ ഒരാളാക്കിമാറ്റിയത്. ഏഴു പുസ്തകങ്ങളിലായി ഇറങ്ങിയ സ്വന്തം കഥകളിൽ 1969 ൽ പുറത്തിറങ്ങിയ കൂട്ടിലടച്ച പക്ഷി പാടുന്നതെന്തെന്നെനിക്കറിയാം’ എന്ന ആത്മകഥ ഇന്നും ലക്ഷക്കണക്കിനു കോപ്പികളാണു വിറ്റുപോകുന്നത്.
1993 ൽ അമേരിക്കൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രസംഗിക്കാൻ അവസരം ലഭിച്ച ആദ്യത്തെ കറുത്ത വർഗക്കാരി കൂടിയാണ് ഏൻജലോ. ബാർബി ആകുന്നതോടെ ലോകമങ്ങും എഴുത്തുകാരിക്ക് ഇനിയും അരാധകർ കൂടുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. ഏൻജലോയുടെ മകൻ ഗെ ജോൺസണും തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ചു. ‘നീതിക്കു വേണ്ടി നിലയ്ക്കാതെ പോരാടിയ വ്യക്തിത്വമായിരുന്നു എന്റെ അമ്മ. കറുത്തവരുടെ പക്ഷത്തുനിന്നുകൊണ്ടാണ് എഴുതുന്നതെങ്കിലും എല്ലാ മനുഷ്യർക്കുംവേണ്ടിയാണ് എന്റെ കവിതകൾ എന്ന് അമ്മ കൂടെക്കൂടെ പറയുമായിരുന്നു– അദ്ദേഹം വ്യക്തമാക്കി. 30 ഡോളറായിരിക്കും തുടക്കത്തിൽ ഏൻജലോ ഡോളിന്റെ വില. ഒരാൾക്കു പരമാവധി രണ്ടെണ്ണം മാത്രമേ സ്വന്തമാക്കാനാകൂ. എന്നാൽ പുറത്തിറങ്ങി ആദ്യത്തെ അഞ്ചു ദിവസത്തിനുള്ളിൽ ഡോളുകൾ ഓൺലൈനായി വിറ്റുതീർന്നുകഴിഞ്ഞു. ഇനി അവ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ കാത്തിരിക്കണം എന്നു സാരം.
English Summary : Maya Angelou Barbie doll launched in US