ADVERTISEMENT

ഷെർലക് ഹോംസ് എന്ന എക്കാലത്തെയും സമർഥനായ കുറ്റാന്വേഷകനെ പരിചയപ്പെടുത്തിയ, വായനാലോകം ഏറ്റവും കൂടുതൽ ആരാധിച്ച എഴുത്തുകാരനാണ് സർ ആർതർ കോനൻ ഡോയൽ. എഴുത്തുകാരനെ അറിയാത്തവർപോലും കഥാപാത്രത്തെ നേരിട്ടറിയുന്ന അനുഭവമാണ് ഡോയൽ സാഹിത്യലോകത്ത് അനുഭവിപ്പിച്ചത്. ഷെർലക് ഹോംസിനെയോ അദ്ദേഹത്തിന്റെ അനുയായി ഡോ. വാട്സനേയോ അറിയാത്ത വായനക്കാർ ചുരുക്കം.

‘ദ് വൈറ്റ് കമ്പനി’ മുതൽ പല ചരിത്ര നോവലുകളും ശാസ്ത്ര നോവലുകളും രചിച്ചെങ്കിലും ആർതർ കോനൻ ഡോയലിനെ വിശ്വവിഖ്യാതനാക്കിയത് 1887 മുതൽ രചിച്ച ഷെർലക് ഹോംസ് കഥകളാണ്. സർ ആർതർ കോനൻ ഡോയൽ എന്ന പേരിനേക്കാൾ വായനക്കാരൻ കൂടുതൽ അറിയുന്നത് അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളെയാണ്.

sherlock-holmes-author-sir-arthur-conan-doyle
സർ ആർതർ കോനൻ ഡോയൽ

വളരെ കൃത്യതയും സൂക്ഷ്മവുമായ ഹോംസിന്റെ നിരീക്ഷണങ്ങൾ കുറ്റാന്വേഷണ ഏജൻസികളെ പോലും അമ്പരപ്പിക്കുകയും ഡോയൽ ജീവിച്ചിരുന്നപ്പോൾതന്നെ ഹോംസ് പുസ്തകങ്ങൾ റഫറൻസ് പുസ്തകങ്ങളായി കുറ്റാന്വേഷണ തലങ്ങളിൽ ഉപയോഗിക്കുകയും ചെയ്തു തുടങ്ങി. എഴുത്തുകാരൻ എന്നതിനൊപ്പം മികച്ച ശാസ്ത്രകാരനും കളിക്കാരനും ആയിരുന്നു ഡോയൽ. നേവിയുടെ ലൈഫ് ജാക്കറ്റ് അദ്ദേഹത്തിന്റെ സാഹിത്യേതര സംഭാവനകളിലൊന്നാണ്. ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ്, ഫുട്‌ബോൾ ടീമുകളിൽ അംഗമായിരുന്നു. 1911ൽ നടന്ന പ്രിൻസ് ഹെൻറി മോട്ടർ ഓട്ട മത്സരത്തിൽ ഡോയൽ ബ്രിട്ടിഷ് ടീമിലുണ്ടായിരുന്നു. മികച്ച ഗുസ്തിക്കാരനും ബില്ല്യാർഡ് കളിക്കാരനുമായിരുന്ന ഡോയൽ യഥാർഥ സർകലാവല്ലഭനായിരുന്നു.

literature-sahithyalokam-series-sherlock-holmes-author-sir-arthur-conan-doyle

പണത്തിനാവശ്യം വന്നപ്പോഴാണ് അദ്ദേഹം ഷെർലക് ഹോംസ് കൃതികൾ എഴുതിത്തുടങ്ങിയത്. പിന്നീട് ഡോയലിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1887ലെ ക്രിസ്മസ് സുവനീറിൽ പ്രസിദ്ധീകരിച്ച ‘ചുവപ്പിൽ ഒരു പഠനം’ എന്ന കഥയിലാണ് ഷെർലക് ഹോംസിനെ ആദ്യമായി അവതരിപ്പിച്ചത്. ഷെർലക് ഹോംസ് കൃതികൾ പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുന്ന സമയത്ത് തന്റെ മറ്റു കൃതികൾ ശ്രദ്ധിക്കപ്പെടുന്നില്ല എന്ന കാരണം പറഞ്ഞ് ഡോയൽ ഷെർലക് ഹോംസ് എന്ന കുറ്റാന്വേഷകൻ നോവലിൽ മരിക്കുന്നതായി ചിത്രീകരിച്ചു. വായനക്കാരുടെ അഭ്യർഥനയും അതിലുപരി ഭീഷണിയും ഏറിയതോടെ ഷെർലക് ഹോംസിനെ പുനരുജ്ജീവിപ്പിക്കേണ്ടിവന്നു. 4 നോവലുകളും 5 കഥാസമാഹാരങ്ങളും ഷെർലക് ഹോംസ് സീരീസിലുണ്ട്. ഇവയെല്ലാം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 1930 ജുലെ 7ന് സർ ആർതർ കോനൻ ഡോയൽ അന്തരിച്ചെങ്കിലും ഒരിക്കലും മരണമില്ലാത്ത ഷെർലക് ഹോംസിലൂടെ അദ്ദേഹം ജനമനസ്സുകളിൽ ജീവിച്ചുകൊണ്ടിരിക്കുന്നു.

English Summary : Sahithyalokam Series - Sherlock Holmes Author Sir Arthur Conan Doyle

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com