ADVERTISEMENT

ഒരു പെണ്ണിന് അവളുടെ ഉടലാഴത്തോളം ചെന്നു തീപടർത്തുന്ന നോവുകളിലൂടെ അരിച്ചിറങ്ങുകയാണ് പ്രീതി രാജീവിന്റെ കവിതകൾ. അമ്മ, അധ്യാപിക എന്നീ വിലാസങ്ങൾക്കൊപ്പം പ്രീതി പ്രിയത്തോടെ ചേർത്തുവയ്ക്കുന്നത് തുറന്നുപറച്ചിലുകാരിയായ കവിയുടെ സത്യസന്ധതയാണ്. ‘വിസ്പറിങ്സ്’ എന്ന കവിതാ സമാഹാരത്തിലെ ഓരോ കവിതയിലും പ്രീതിയുടെ ആത്മകഥാംശം നിറഞ്ഞുനിൽക്കുന്നതും അതുകൊണ്ടാണ്.

 

ചെന്നൈയിൽ ജനിച്ചുവളർന്ന മലയാളിപ്പെൺകുട്ടി. കൗമാരം ചെലവിട്ടത് ഡൽഹിയിലും കാൺപുരിലും. പിന്നീടെത്തിച്ചേർന്നത് എറണാകുളത്ത് അധ്യാപികയുടെ പുതിയ റോളിലേക്ക്. അതിനിടയിൽ കുറച്ചുകാലം കീമോതെറപ്പി വാർഡിലെ ഇരുണ്ട ഇടനാഴികൾ. അങ്ങനെ സംഭവബഹുലമാണ് പ്രീതിയുടെ ജീവിതയാത്ര. എങ്കിലും പ്രകാശം കെടാതെ കാത്തുസൂക്ഷിക്കുന്നുണ്ട് പ്രീതിയിലെ കവയിത്രിയുടെ വിടർന്ന കണ്ണുകൾ. ആ കണ്ണുകൾ കണ്ട കാഴ്ചകളുടെ തീക്ഷ്ണതയത്രയും വായിച്ചെടുക്കാം പ്രീതിയുടെ കവിതകളിൽ.

 

‘‘അവർ പറയുന്നു പെണ്ണുങ്ങൾ

ധീരകളായിരിക്കണമെന്ന്

ജീവിതം എത്രമേലെത്രമേൽ

ദുരിതമാണെങ്കിലും

എന്നിട്ടും എന്റെ ചൂണ്ടുവിരലുകളെ

എന്തിന് അവർ മടക്കുന്നു’’

 

‘‘അവർ പറയുന്നു പെണ്ണുങ്ങൾ

ആകാശ ഉയരങ്ങൾ കീഴടക്കണമെന്ന്

എന്നിട്ടും എന്റെ കുതിപ്പുകളെ

കിതപ്പുകൾക്കുള്ളിൽ

literary-world-whisperings-poems-by-preethi-rajeev

അവർ എന്തിന് തളച്ചിടുന്നു?’’

 

സ്ത്രീത്വം എന്ന കവിതയിൽ പ്രീതി, പെണ്ണ് തലമുറകളായി ചോദിച്ചുകൊണ്ടേയിരിക്കുന്ന ഉത്തരംകിട്ടാച്ചോദ്യങ്ങൾ ഉച്ചത്തിൽ മുഴക്കുന്നു. പെണ്ണിനുവേണ്ടി ആരെഴുതിവച്ചു സമവാക്യങ്ങൾ എന്നു വിരൽചൂണ്ടുന്നു ഈ കവിത. അവളുടെ ശരീരത്തിലേക്കും സ്വകാര്യതയിലേക്കും നീളുന്ന കൂർത്ത നോട്ടങ്ങളെ അറപ്പോടെ തൂത്തെറിയുന്ന പെണ്ണിന്റെ ദുർബല പ്രതിരോധത്തിന് ചിലപ്പോഴൊക്കെ മൂർച്ച കൂടുന്നു.

 

കുട്ടിക്കാലത്ത് നേരിടേണ്ടിവന്ന ദൗർഭാഗ്യകരമായ ദുരനുഭവം ഓർമിച്ചെടുത്തുകൊണ്ടാണ് പ്രീതി സ്ത്രീകൾക്കുനേരേയുള്ള അതിക്രമങ്ങളെ വരച്ചുവയ്ക്കുന്നത്. ‘അറുപതുകാരന്റെ വയസ്സൻ വിരലുകൾ തിരഞ്ഞു നോവിച്ചത് അവരുടെ കുട്ടിക്കാലത്തിന്റെ നിഷ്കളങ്കതയെക്കൂടി ആയിരുന്നു’ എന്നു പറയുമ്പോൾ ആ കവിത നമുക്കു ചുറ്റുമുള്ള എത്രയെത്ര പെൺകുട്ടികൾക്കുവേണ്ടിയാണ് ശബ്ദിക്കുന്നത്.

 

കാൻസർ രോഗത്തോടു മല്ലടിച്ച നാളുകളിൽ ദൈവദൂതനെപ്പോലെ വന്ന ഡോ. ഗംഗാധരനും കവിതയിൽ കഥാപാത്രമാകുന്നു. കൊണ്ട മഴയും വെയിലും തണലും നൊന്ത നൊമ്പരങ്ങളുമൊക്കെയായി പ്രീതിയുടെ ഈ കവിതാസമാഹാരം വായനക്കാരുടെ പ്രിയം നേടുന്നു. ഓതേഴ്സ് പ്രസ് ആണ് പ്രസാധകർ.

കൊച്ചിൻ റിഫൈനറീസ് സ്കൂൾ അധ്യാപികയാണ് പ്രീതി.

English Summary :  Whisperings - Poems by Preethi Rajeev