‘പീപ്പിൾസ് പ്ളാനിങ് ഇൻ കേരള : പാർട്ടിസിപ്പേഷൻ ആൻഡ് ഡവലപ്പ്മെന്റ്’, ഏഴാം പതിപ്പുമായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്
Mail This Article
ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന് ‘പീപ്പിൾസ് പ്ളാനിങ് ഇൻ കേരള : പാർട്ടിസിപ്പേഷൻ ആൻഡ് ഡവലപ്പ്മെന്റ്’ എന്ന പുസ്തകത്തിന്റെ ഏഴാം പതിപ്പ് പ്രസിദ്ധപ്പെടുത്തികയാണെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് ഫേസ്ബുക്കിൽ കുറിച്ചു.
ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന് ഞാനും റിച്ചാർഡ് ഫ്രാങ്കിയും ചേർന്ന് എഴുതിയ പുസ്തകത്തിന്റെ ഏഴാം പതിപ്പ് പ്രസിദ്ധപ്പെടുത്തും. മൂന്നു ഇന്ത്യൻ പതിപ്പുകൾ കൂടാതെ സ്പാനിഷ്, പോർച്ചുഗീസ്, അമേരിക്കൻ പതിപ്പുകളാണ് ഈ പുസ്തകത്തിന് ഇറങ്ങിയത്. ഒന്നും റീ-പ്രിന്റ് ആയിരുന്നില്ല. ഒട്ടേറെ മാറ്റങ്ങളോടെ പുതുക്കിയവയായിരുന്നു ഓരോന്നും. ഈ മാറ്റങ്ങൾപോലും വലിയ തോതിൽ വിമർശനത്തിനു വിധേയമായി. വായനക്കാരുടെ പശ്ചാത്തലവും താൽപ്പര്യവും കണക്കിലെടുത്ത് അമേരിക്കൻ പതിപ്പിൽ വരുത്തിയ മാറ്റങ്ങളെ നാലാം ലോകക്കാരുടെ ബൗദ്ധിക സത്യസന്ധത ഇല്ലായ്മയായിട്ടാണ് നമ്മുടെ നാട്ടിൽ ചിലർ വ്യാഖ്യാനിച്ചത്. എന്തുമാകട്ടെ, ഇപ്പോൾ ഒട്ടേറെ മാറ്റങ്ങളോടെ ഈ പുസ്തകത്തിന്റെ ഏഴാം പതിപ്പ് പുറത്തിറങ്ങുന്നത്.
പുതിയ പതിപ്പിൽ പഴയ 4 അധ്യായങ്ങൾ ഒഴിവാക്കി. പുതിയ 3 അധ്യായങ്ങൾ കൂട്ടിച്ചേർത്തു. സമഗ്രമായ പുതുക്കലോടെ പുറത്തിറങ്ങുന്ന പുസ്തകത്തിന് പുതിയ പേരും നൽകി.
“People’s planning in Kerala: Participation and Development “
ഏപ്രിൽ 10നു വൈകിട്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്യിക്കണം എന്നാണ് ഉദ്ദേശിക്കുന്നത്. പാട്രിക് ഹെല്ലർ, മണിശങ്കർ അയ്യർ, റിച്ചാർഡ് ഫ്രാങ്കി, ഒലോ ടോൺ ക്വിസ്റ്റ്, എസ്.എം. വിജയാനന്ദ് തുടങ്ങിയവർ പങ്കെടുക്കും.
പുസ്തക പ്രകാശനം വൈകിട്ടാണെങ്കിലും രാവിലെ മുതൽ പഴയ ജനകീയാസൂത്രണ പ്രവർത്തകരുടെ സംഗമം നടക്കും. പുസ്തക പ്രകാശനവും ജനകീയാസൂത്രണ പ്രവർത്തക സംഗമവും സംഘടിപ്പിക്കുന്നത് കിലയും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനും (GIFT) സംയുക്തമായാണ്. മുഖ്യവേദി GIFT ആയിരിക്കും. 150 പേർക്ക് മാത്രമേ അവിടെ പ്രവേശനം അനുവദിക്കൂ. പഴയ ബ്ലോക്ക് കോർഡിനേറ്റർമാർ, സംസ്ഥാന ഫാക്കൽറ്റി അംഗങ്ങൾ എന്നിവർക്കായിരിക്കും മുൻഗണന. ഇവർ നേരത്തെ കൂട്ടി രജിസ്റ്റർ ചെയ്യണം. ബാക്കിയുള്ളവർ ഓൺലൈനായി പങ്കുചേരണം. ഇതുകൂടാതെ എല്ലാ ജില്ലയിലും ഒരു വേദിയിൽ തത്സമയം സംഗമം പ്രദർശിപ്പിക്കുകയും അവിടെ ആളുകൾ പങ്കെടുക്കുകയും ചെയ്യും. ഇതിനുള്ള ക്രമീകരണം പഴയ ജില്ലാ കോർഡിനേറ്റർമാർ ചെയ്യും.
ഓരോ മണിക്കൂർ വീതം ദൈർഘ്യമുള്ള 6 സെഷനുകളാണ് സംഗമത്തിന്റെ പരിപാടി. ഓരോ സെഷന്റെയും വിഷയം ഇങ്ങനെയായിരിക്കും.
1. ഗ്രാമസഭകൾ നമ്മുടെ പ്രതീക്ഷയ്ക്കൊത്ത് വികസിക്കാതിരുന്നത് എന്തുകൊണ്ട്? ഇനിയെന്താണ് പരിപാടി?
2. നീർത്തട വികസന പരിപാടികൾ വേണ്ടത്ര മുന്നോട്ടു പോകാത്തത് എന്തുകൊണ്ട്? എന്താണ് പരിപാടി?
3. ജില്ലാ പദ്ധതികൾ പ്രായോഗികമാകാത്തത് എന്തുകൊണ്ട്? ഉദ്ഗ്രഥനം ഉറപ്പാക്കാൻ എന്താണ് പരിപാടി?
4. അഴിമതി തലപൊക്കുന്നത് എന്തുകൊണ്ട്? തടയാൻ എന്താണ് പരിപാടി?
5. SCP/ TSP പദ്ധതികൾ സമഗ്ര മാറ്റം സമ്പൂർണ്ണമാക്കാൻ താമസം എന്തുകൊണ്ട്? എന്താണ് പരിഹാരം?
6. വിദ്യാഭ്യാസ/ആരോഗ്യ മേഖലകളിലെ ഇടപെടൽ പ്രകടമായ മാറ്റാത്തിലെത്താൻ രണ്ടു ദശാബ്ദത്തിലേറെ എടുത്തതെന്തുകൊണ്ട്?
ഇങ്ങനെയുള്ള ഓരോ സെഷനിലും അവതാരകരും ചർച്ച നിയന്ത്രിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും പാനലുകൾ ഉണ്ടാകും. ഓൺ ലൈനായും ജില്ലാവേദികളിൽ നിന്നും പങ്കെടുക്കുന്നവർക്കു ചാറ്റ് ബോക്സ് വഴി അഭിപ്രായങ്ങൾ ഉന്നയിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യാം. അതിനോടുള്ള പ്രതികരണമായിരിക്കും എല്ലാ സെഷനിലെയും ഒരു ഭാഗം. നേരിൽ പങ്കെടുക്കുന്നവർ ആരും പ്രസംഗം നടത്തരുത്. സമയക്രമം പാലിച്ചുള്ള ക്രമീകരിച്ച ചർച്ചകൾ ആകണം. നേരത്തെ അഭിപ്രായ കുറിപ്പുകൾ അയയ്ക്കുകയും ചെയ്യാം. അതു കൂടുതൽ ആഴത്തിലുള്ള ആലോചനകൾക്കു വഴിയൊരുക്കും. പുസ്തക പ്രകാശനത്തിനും ജനകീയാസൂത്രണ സംഗമത്തിനും എല്ലാരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.