ADVERTISEMENT

പാതി മാത്രം പൂർത്തിയായ ഒരു ചിത്രം പോലെയായിരുന്നു വിൻസെന്റ് വാൻഗോഗിന്റെ ജീവിതം. ഭാവനയുടെ വർണങ്ങളാൽ സമൃദ്ധമായ ഒരു പാതിയും ഉന്മാദവും പ്രണയനൈരാശ്യവും ചേർന്ന ശൂന്യതയാൽ നിറം മങ്ങിയ മറുപാതിയും. വാൻഗോഗെന്ന ചിത്രം പൂർത്തിയായത് അദ്ദേഹത്തിന്റെ മരണശേഷമായിരുന്നു. ആദരവും അംഗീകാരവും മരണാനന്തരം മാത്രം ലഭിക്കാൻ വിധിച്ച നിർഭാഗ്യവാനായ ചിത്രകാരൻ.

 

പ്രിയപ്പെട്ട വിൻസെന്റ് വാൻഗോഗ്, 

 

wheat-field-cypresses-by-vincent-van-gogh
Wheat Field with Cypresses, by Vincent Van Gogh, 1889, Dutch Post-Impressionist, oil on canvas. Photo Credit : Everett Collection / Shutterstock.com

സൈപ്രസ് മരങ്ങളും മഞ്ഞച്ചായം േതച്ച വീടും ചുവന്ന മുന്തിരിത്തോട്ടങ്ങളും നീലാകാശത്തെ നക്ഷത്രക്കൂട്ടങ്ങളും കാലങ്ങൾക്കിപ്പുറവും നിറം മങ്ങാതെയുണ്ട്.

ചോരച്ചൂടുള്ള ചെവിയിൽ നിന്ന് ഇറ്റുവീണ രക്തത്തുള്ളികളിലൂടെ വളർന്ന സൂര്യകാന്തിപ്പൂക്കൾ ഇപ്പോഴും ജനമനസ്സുകളിൽ വിരിഞ്ഞു നിൽക്കുന്നു. ഒടുവിലെപ്പോഴോ താങ്കൾ വരച്ച സെൽഫ് പോർട്രെയ്റ്റിലെ പൊതിഞ്ഞു കെട്ടിയ ആ ചെവിയിൽ പ്രണയമിപ്പോഴും കത്തുന്നുണ്ട്. 

 

ഹൃദയരക്തം ചാലിച്ച വരകൾ

 

ജീവിച്ചിരുന്ന കാലം മുഴുവൻ കലയിലും പ്രണയത്തിലും അവഗണനയും പരാജയവും ജീവിതത്തിൽ ദാരിദ്ര്യവും മാത്രമായിരുന്നു വാൻഗോഗിന് കൂട്ട്. വരയ്‌ക്കു വേണ്ടി സമർപ്പിക്കപ്പെട്ട ആ ജീവിതം ദുരന്തങ്ങളിൽ നിന്നു ദുരന്തങ്ങളിലേക്കാണു നീങ്ങിയത്. എണ്ണൂറോളം ചിത്രങ്ങളും ആയിരത്തിനു മുകളിൽ പെൻസിൽ വരകളും ഒട്ടേറെ പോർട്രെയ്റ്റുകളും സൃഷ്ടിച്ചെങ്കിലും അക്കാലത്ത് അവയ്ക്കൊന്നും ആസ്വാദകരില്ലാതെ പോയി. ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഒരു പെയിന്റിങ് (ചുവന്ന മുന്തിരിത്തോപ്പുകൾ) മാത്രമാണ് വിറ്റുപോയത്. തന്റെ ചിത്രങ്ങൾ വേണ്ടവിധം ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്ന തോന്നലിൽ എപ്പോഴോ വാൻഗോഗ് ഇങ്ങനെ എഴുതി; 

 

‘എന്റെ ചിത്രങ്ങൾക്ക്, ഞാനുപയോഗിച്ച ചായങ്ങളെക്കാൾ വിലയുണ്ടെന്ന് മനുഷ്യൻ തിരിച്ചറിയുന്ന കാലം വരും’.

oleanders-by-vincent-van-gogh
Oleanders, by Vincent Van Gogh, 1888, The flowers fill a majolica jug that he used for other still lifes and share the table with Emile Zolas novel, La Joie de. Photo Credit : Everett Collection / Shutterstock.com

 

വാൻഗോഗ് പറഞ്ഞപോലെ സംഭവിച്ചു. ഇന്നു കോടികൾ വിലമതിക്കുന്ന ചിത്രങ്ങളാണു വാൻഗോഗിന്റേത്. ഫാന്റസിയുടെയും മാനസിക വിഭ്രാന്തിയുടെയും അതിർവരമ്പുകളിലൂടെ സഞ്ചരിച്ച് വാൻഗോഗ് വരച്ചു കൂട്ടിയതെല്ലാം അതിശയങ്ങളായ സൃഷ്ടികളായിരുന്നു. ഇന്ന് ലോകത്ത് ഏറ്റവുമധികം ആളുകൾ പെട്ടെന്ന് തിരിച്ചറിയുന്ന ചിത്രങ്ങളിൽ ഒന്നാമതാണ് വാൻഗോഗിന്റെ സൃഷ്ടികൾ. 

 

തന്റെ പ്രിയപ്പെട്ടവൾക്ക് സമ്മാനമായി സ്വന്തം ചെവി മുറിച്ചു നൽകിയ വാൻഗോഗിന്റെ കഥ അറിയാത്തവരായി ആരുമുണ്ടാകില്ല. ഉന്മാദത്തിന്റെ ഏതോ അവസ്ഥയിൽ സ്വയം ചെവി മുറിച്ച ആ ചിത്രകാരന്റെ കഥയ്ക്ക് പിന്നീട് പല വ്യാഖ്യാനങ്ങളുമുണ്ടായി. സുഹൃത്തും സമകാലികനുമായ പോൾ ഗോഗുമായുണ്ടായ വാഗ്വാദത്തെ തുടർന്നാണ് വാൻഗോഗ് ചെവി മുറിച്ചതെന്നും ഇവർ തമ്മിലുണ്ടായ തർക്കത്തിനിടയിൽ കത്തികൊണ്ട് യാദൃച്ഛികമായി ചെവി അറ്റതാണെന്നും കഥകളുണ്ട്.

 

തിയോയ്ക്ക് എഴുതിയ കത്തുകൾ

 

വാൻഗോഗിനെ ജീവനെപ്പോലെ സ്‌നേഹിച്ചും സുഹൃത്തിനെപ്പോലെ ശാസിച്ചും കൊണ്ടുനടന്നത് സഹോദരൻ തിയോ ആയിരുന്നു. കടുത്ത ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന വാൻഗോഗിന് വരയ്ക്കാനുള്ള ചായങ്ങളും ബ്രഷുമൊക്കെ നൽകിയത് സഹോദരനായിരുന്നു. തിയോയ്ക്ക് അയച്ച കത്തുകളിലൂടെയാണ് ലോകം പൂർണമായി വാൻഗോഗിനെ അറിഞ്ഞത്. 

 

1853 മാർച്ച് 30നു ഹോളണ്ടിലെ സുണ്ടർട്ടിൽ തിയഡോറസ് വാൻഗോഗെന്ന പാതിരിയുടെയും അന്നയുടെയും മകനായാണ് വാൻഗോഗ് ജനിച്ചത്. പതിനഞ്ചാം വയസ്സിൽ പഠനം നിർത്തി. ഹേഗിലെ ‘ഗൂപിൽ’ ചിത്രവ്യാപാര സംഘത്തിൽ ചേർന്നതോടെയാണ് വാൻഗോഗിന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്. പിന്നീട്, ദുരിതക്കയത്തിൽ മുങ്ങിത്താഴുന്ന ഖനി തൊഴിലാളികളുടെ കൂടെ വാൻഗോഗ് ജീവിച്ചു. തന്റെ വസ്‌ത്രവും അന്നവും അവർക്കായി പങ്കിട്ടു. ആ ജോലിയും ഉപേക്ഷിച്ചതോടെ നിത്യവൃത്തിക്കു വകയില്ലാതെ വാൻഗോഗ് അലഞ്ഞുതിരിഞ്ഞു. അപ്പോഴൊക്കെയും ജീവിതത്തിന്റെ പരുക്കൻ മുഖങ്ങൾ കാൻവാസിൽ പകർത്താൻ അദ്ദേഹം സമയം കണ്ടെത്തി. 

 

നക്ഷത്രങ്ങളെ തേടി യാത്ര

 

ജീവിതത്തിൽ പരാജയം മാത്രം അനുഭവിച്ച വാൻഗോഗ് അവസാന കാലത്ത് കടുത്ത മാനസികവിഭ്രാന്തിയിലായിരുന്നു. 1890 ജൂലൈ 27ന് വയലുകളിലേക്കിറങ്ങി. തന്റെ അവസാന ചിത്രവും പൂർത്തിയാക്കിയ ശേഷം ശരീരത്തിലേക്ക് സ്വയം വെടിയുതിർത്തു. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം 29ന് അദ്ദേഹം മരിച്ചു.

വയലിൽ ചോരയിൽ കുളിച്ച് അബോധാവസ്ഥയിൽ കിടന്ന വാൻഗോഗിനെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബോധം വീണപ്പോൾ തന്നെ പരിചരിക്കുകയായിരുന്ന ഡോക്ടറോട് വാൻഗോഗ് പറഞ്ഞത് ഒരു നീറ്റലായി ഇന്നും അവശേഷിക്കുന്നു.

 

‘സ്വയമൊന്ന് മരിക്കുന്നതിൽ പോലും ഞാൻ പരാജയപ്പെട്ടു, അല്ലേ ഡോക്ടർ?.’

 

English Summary: Remembering Dutch painter Vincent van Gogh one of the greatest of the Post-Impressionists.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com