‘പണിയെത്തിക്കൂ പട്ടിണി മാറ്റൂ, എന്നിട്ടാവാം കംപ്യൂട്ടർ’; മായ്ക്കാനാകാത്ത മുദ്രാവാക്യങ്ങൾ!
Mail This Article
ജനങ്ങൾക്കിടയിൽ രാഷ്ട്രീയ പാർട്ടികളുടെ കരുത്ത് മുദ്രാവാക്യങ്ങളും കൂടിയാണ്. രാഷ്‌ട്രീയ ബോധത്തോടൊപ്പം ഈണവും താളവുമെല്ലാം ചേർന്നുണ്ടായ മുദ്രാവാക്യങ്ങൾ. ഇതിൽ ചിലതു കാവ്യാത്മകത വിട്ട് വെല്ലുവിളിയുടെ വക്കിലെത്തി; ചിലതു ക്ലാസിക്കുകളായി. നേതാക്കളുടെ പേരെടുത്തു പറഞ്ഞ് മുദ്രാവാക്യങ്ങൾ വിളിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇന്ദിരാ ഗാന്ധിയും ഇഎംഎസും ഗൗരിയമ്മയും എ.കെ. ആന്റണിയും വിഎസ്. അച്യുതാനന്ദനും പിണറായി വിജയനും ഉമ്മൻ ചാണ്ടിയും വി.എം.സുധീരനുമൊക്കെ മുദ്രാവാക്യങ്ങളിൽ പലപ്പോഴായി നിറഞ്ഞ കാലങ്ങൾ. മുദ്രാവാക്യങ്ങളിലെ ചില സൂപ്പർ സ്റ്റാറുകളെ പരിചയപ്പെടാം...
ബ്രിട്ടിഷുകാരുടെ ഭരണകാലത്ത് രൂക്ഷമായ അരിക്ഷാമമുണ്ടായപ്പോൾ നാട്ടിലാകെ ഉയർന്ന മുദ്രാവാക്യമാണ്.
‘ഉരിയരിപോലും കിട്ടാനില്ല,
പൊന്നു കൊടുത്താലും
ഉദയാസ്തമനം പീടികമുന്നിൽ
നിന്നു നരച്ചാലും’
രക്‌തസാക്ഷി അനുസ്മരണങ്ങളിൽ ഏറെ മുഴങ്ങിയിരുന്ന മുദ്രാവാക്യമാണ്:
‘പുന്നപ്രയിൽ, വയലാറിൽ
മർദനമേറ്റു മരിക്കുമ്പോഴും
അമ്മേയെന്നു വിളിക്കാതെ
അയ്യോയെന്നു വിളിക്കാതെ
ഇങ്ക്വിലാബ് വിളിച്ചവരെ
നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ’
ഇതിനു ബദലായി രാഷ്ട്രീയ എതിരാളികൾ വിളിച്ചത് ഇങ്ങനെ:
‘മൂഢമൂഢ വർഗമേ കമ്യൂണിസ്‌റ്റ് വർഗമേ, രക്‌തസാക്ഷി മണ്ഡപത്തിൽ കപ്പ നട്ട വർഗമേ, ആ കപ്പ വിറ്റ കാശുകൊണ്ടു പുട്ടടിച്ച വർഗമേ...’
ഐക്യ കേരളം രൂപംകൊണ്ട വേളയിൽ ഉയർന്ന മുദ്രാവാക്യങ്ങളിലൊന്ന് ഇങ്ങനെയായിരുന്നു:
‘ചേരുവിൻ യുവാക്കളേ, ചേരുവിൻ സഖാക്കളേ,
ചോരയെങ്കിൽ ചോരയാലീ കേരളം വരയ്ക്കുവാൻ’
മുദ്രാവാക്യങ്ങളിൽ ചോര പടർന്ന മറ്റൊരു സമയമാണ് വിമോചന സമരക്കാലം. മുദ്രാവാക്യങ്ങൾ ഏറെ മുഴങ്ങി അക്കാലത്ത്.
‘തെക്കു തെക്കൊരു ദേശത്ത്
അലമാലകളുടെ തീരത്ത്
ഫ്ലോറിയെന്നൊരു ഗർഭിണിയെ
ഭർത്താവില്ലാ നേരത്ത്
ചുട്ടു കരിച്ചൊരു സർക്കാരേ
പകരം ഞങ്ങൾ ചോദിക്കും’
വിമോചന സമരകാലത്ത് ഇഎംഎസ് സർക്കാർ നടത്തിയ വെടിവയ്പ്പിൽ ഫ്ലോറിയെന്ന യുവതിയടക്കം കൊല്ലപ്പെട്ടു. വെടിവയ്പ്പുകളിൽ ആകെ കൊല്ലപ്പെട്ടത് 15 പേർ. 1958 ൽ ആയിരുന്നു സർക്കാരിനെതിരെ രാഷ്ട്രീയപ്രക്ഷോഭത്തിന്റെ തുടക്കം. 1959 ൽ സർക്കാർ പിരിച്ചുവിട്ട്, രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. കമ്യൂണിസ്റ്റ് സർക്കാരിന്റെ പല നയങ്ങൾക്കുമെതിരെയുള്ള ജനകീയ നീക്കമായിരുന്നു വിമോചന സമരമെന്ന് ഒരു ഭാഗവും ഭൂരിപക്ഷമുണ്ടായിരുന്ന സർക്കാരിനെ അട്ടിമറിക്കാൻ ജാതി–മത ശക്തികൾ നടത്തിയ സമരമാണെന്നു മറു ഭാഗവും പറയുന്ന സമരത്തിന്റെ അലയൊലി ഏറെനാൾ നീണ്ടു.
വിമോചന സമരവുമായി ബന്ധപ്പെട്ട അങ്കമാലി വെടിവയ്പിൽ മരിച്ചത് 7 പേർ. അന്നുയർന്ന മുദ്രാവാക്യമാണ്: ‘അമ്മയെ ഞങ്ങൾ മറന്നാലും അങ്കമാലി മറക്കില്ല’
പുല്ലുവിളയിലെ വെടിവയ്പിൽ പ്രതിഷേധിച്ചും ഉശിരൻ മുദ്രാവാക്യമുയർന്നു:
‘ഞങ്ങടെ ചങ്കിലെ ചോരയ്ക്ക്
നിങ്ങടെ കൊടിയുടെ നിറമെങ്കിൽ
ആ ചെങ്കൊടിയാണേ കട്ടായം
പകരം ഞങ്ങൾ ചോദിക്കും’
ഇഎംഎസിനും അന്നത്തെ മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന കെ.ആർ.ഗൗരിയമ്മ, ജോസഫ് മുണ്ടശ്ശേരി, ടി.വി.തോമസ്, സി.അച്യുതമേനോൻ, കെ.സി.ജോർജ്, പി.കെ.ചാത്തൻ എന്നിവർക്കുമെതിരെ മുദ്രാവാക്യങ്ങളേറെ മുഴങ്ങി. സർക്കാരിനെ പിരിച്ചുവിട്ടതിൽ സമരക്കാർ നടത്തിയ ആഹ്ലാദപ്രകടനത്തിൽ മുഴങ്ങിയ മുദ്രാവാക്യങ്ങളിലൊന്നാണ് – ‘ ഇഎംഎസ്സേ മുങ്ങിക്കോ, റഷ്യൻ കടലിൽ പൊങ്ങിക്കോ’
അന്നു കമ്യൂണിസ്റ്റുകാർ ഇങ്ങനെ മറുപടി മുദ്രാവാക്യമുണ്ടാക്കി:
‘ഇനിയും കേരളമുണ്ടെങ്കിൽ
ഇഎംഎസ്സു ഭരിച്ചീടും
വികസനമൊന്നായ് വന്നീടും’
1964 ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ, സിപിഐക്കും അതിന്റെ നേതാക്കൾക്കും എതിരെ സിപിഎം മുഴക്കിയ മുദ്രാവാക്യവും ചരിത്രത്തിലുണ്ട്.
അതിങ്ങനെ:
‘വെക്കടാ വലതാ ചെങ്കൊടി താഴെ
പൊക്കടാ വലതാ മൂവർണക്കൊടി
എമ്മെന്നും തൊമ്മനും കമ്യൂണിസ്റ്റല്ല,
ചേലാട്ടച്ചു അല്ലേയല്ല’
അക്കാലത്ത് സിപിഎമ്മിനെ വെല്ലുവിളിക്കുന്നതിൽ സിപിഐയും പിന്നിലായിരുന്നില്ല. അവരും വിളിച്ചു:
‘എംഎന്നിന്റെയും ടിവിയുടെയും
എല്ലുതരാം, ചോര തരാം...
എല്ലിനെ ഞങ്ങൾ വളമാക്കും
എന്നാലെങ്കിലും ഇഎംഎസിന്
ഇത്തിരി ബുദ്ധിയുദിക്കട്ടെ...’
ഇഎംഎസിനെതിരെ മുദ്രാവാക്യം ഏറെ വിളിച്ച ഒരു കോൺഗ്രസ് നേതാവ് ഇപ്പോൾ സിപിഎം കൂടാരത്തിലാണ്.
ആ മുദ്രാവാക്യം ഇങ്ങനെ:
‘പിള്ളാരൊന്നു വളർന്നോട്ടെ,
മീശയൊന്നു കുരുത്തോട്ടെ
ഈയെമ്മെസ്സിനെ ഈയം
പൂശീട്ടീയൽ പോലെ പറപ്പിക്കും’
തിരഞ്ഞെടുപ്പു രാഷ്ട്രീയം ഉറപ്പുകളുടേതല്ല, അനിശ്ചിതത്വങ്ങളുടേതു കൂടിയാണ് എന്നു തെളിയിക്കുന്ന സംഭവവും മുദ്രാവാക്യവും കേരള ചരിത്രത്തിലുണ്ട്.
‘57ൽ ഇഎംഎസ്, 67ൽ ഇഎംഎസ്, 77ലും ഇഎംഎസ്’
1977 ലെ തിരഞ്ഞെടുപ്പുകാലത്ത് സിപിഎം കേരളത്തിൽ പ്രചരിപ്പിച്ചതാണ് ഈ മുദ്രാവാക്യം. ഇങ്ങനെ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുകൂടി, പെട്ടി പൊട്ടിച്ചപ്പോൾ കനത്ത തോൽവിയാണ് സിപിഎം ഉൾപ്പെടുന്ന മുന്നണിയെ കാത്തിരുന്നത്. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ രാജ്യമെമ്പാടും കോൺഗ്രസിനു തിരിച്ചടി നേരിട്ടപ്പോൾ കേരളത്തിൽ കോൺഗ്രസ് ഉൾപ്പെടുന്ന മുന്നണിയെ കാത്തിരുന്നതു വൻ വിജയം.
തിരഞ്ഞെടുപ്പിനു മുൻപ് ഉയർത്തുന്ന മുദ്രാവാക്യങ്ങൾ പലതും യാഥാർഥ്യമാകാതിരുന്നതിനും ചരിത്രം സാക്ഷിയാണ്. അങ്ങനെയൊന്നാണ് 1987 ൽ സംഭവിച്ചത്.
‘കേരം തിങ്ങും കേരളനാട്ടിൽ കെ.ആർ.ഗൗരി ഭരിച്ചീടും’ എന്നത് ആ തിരഞ്ഞെടുപ്പുകാലത്ത് സിപിഎം ക്യാംപുകളിൽനിന്ന് ഉയർന്ന മുദ്രാവാക്യമാണ്.
തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വൻ ഭൂരിപക്ഷം നേടി. മുഖ്യമന്ത്രിയായത് ഇ.കെ.നായനാർ. ആ മന്ത്രിസഭയിലെ ഒരംഗം മാത്രമായി ഗൗരിയമ്മ. ക്രമേണ പാർട്ടിക്കു പുറത്തുമായി.
അക്കാലത്ത് ഗൗരിയമ്മയോട് അനുഭാവം പ്രകടിപ്പിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ കവിതയിലെ വരികളും കേരളം ഏറ്റെടുത്തു.
‘കരയാത്ത ഗൗരി തളരാത്ത ഗൗരി
കലികൊണ്ടുനിന്നാൽ അവൾ ഭദ്രകാളി
നെറിവറ്റ ലോകം കനിവറ്റ കാലം
പടകാളിയമ്മേ കരയിച്ചു നിന്നെ...’
കെ.കരുണാകരൻ ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിച്ചിരുന്നപ്പോൾ പൊലീസിനെതിരെ എസ്എഫ്ഐക്കാർ വിളിച്ചത് ഇങ്ങനെ:
‘കാക്കിക്കുള്ളിൽ പൊലീസെങ്കിൽ
നിയമം ഞങ്ങൾ പാലിക്കും
കാക്കിക്കുള്ളിൽ
കോൺഗ്രസെങ്കിൽ
നിയമം ഞങ്ങൾ ലംഘിക്കും’
ഇതുവരെ കേട്ടതു രാഷ്ട്രീയ മുദ്രാവാക്യങ്ങളെങ്കിൽ കംപ്യൂട്ടർവൽക്കരണവുമായി ബന്ധപ്പെട്ട ഒരു മുദ്രാവാക്യവും കേരളം കേട്ടിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളിലെ ഒരു മുദ്രാവാക്യമിങ്ങനെ:
‘പണിയെത്തിക്കൂ പട്ടിണി മാറ്റൂ
എന്നിട്ടാവാം കംപ്യൂട്ടർ’
കാലം മാറി, ജാഥകൾ കുറഞ്ഞു. പ്രത്യേകിച്ച്, ഈ കോവിഡ് കാലത്ത്. ജാഥകളിലെ മുദ്രാവാക്യങ്ങൾ പലതും പലരും മറന്നു. പഴയകാല ചില മുദ്രാവാക്യങ്ങൾ ഇപ്പോൾ ഉറക്കെവിളിച്ചാൽ കേസുകളെത്തും പിന്നാലെ.
English Summary: Slogans which rhyme like poems