ADVERTISEMENT

ഈയാഴ്ച എഴുതാനൊന്നുമില്ലെന്നു തോന്നുന്നു, ഞാൻ കുറേനേരം ഇരുന്നാലോചിക്കുന്നു, ചിലപ്പോൾ എന്തെങ്കിലും വാക്കുകൾ വന്നേക്കും, ഒരു ആശയത്തിനു സഞ്ചരിക്കാൻ കഴിയുംവിധം. പക്ഷേ ഒന്നുമുണ്ടാകുന്നില്ല, ഞാൻ ഈയാഴ്ച ഒന്നുമെഴുതുന്നില്ല, എഴുതാൻ വിഷയമൊന്നുമില്ലാത്തതുകൊണ്ടല്ല ഉള്ളം എഴുത്തിനെതിരെ നിൽക്കുന്നത്, എഴുത്തിലേക്കു വരാൻ കഴിയാത്ത വിധം ഉള്ളിൽ മറ്റെന്തോ കയറിക്കൂടുന്നത്, ഇതല്ല വേണ്ടതെന്ന വികാരത്തിൽനിന്നാണ്. 

 

എഴുതുമ്പോൾ പുതിയ രഹസ്യങ്ങൾ ഉണ്ടാവണം. ഉള്ളിലെ രഹസ്യങ്ങൾ തുറക്കുകയല്ല, പുതിയ രഹസ്യങ്ങൾ നിർമിക്കുകയാണു വേണ്ടത്. അധ്യാപകർക്കുള്ള ഉപദേശം എന്ന നിലയിൽ സ്പാനിഷ് നോവലിസ്റ്റ് അലഹന്ത്രോ സാംബ്ര പറഞ്ഞത്, നിങ്ങൾക്കു മുഴുവനായും മനസ്സിലായ പുസ്തകം ഒരിക്കലും വിദ്യാർഥികൾക്ക് വായിക്കാൻ കൊടുക്കരുത് എന്നാണ്. പകരം നിങ്ങളെ ആകർഷിച്ച പുസ്തകങ്ങളാണു കൊടുക്കേണ്ടത്. കാരണം അവ നിങ്ങൾക്കു പൂർണമായി ഗ്രഹിക്കാനായിട്ടുണ്ടാവില്ല.

 

Robert-musil-books

എല്ലാ പുസ്തകങ്ങളിലും ഉണ്ടല്ലോ, ദുരൂഹമായ ചില ഘടകങ്ങൾ. പൂപറിക്കാൻ പോയ ഒഫീലിയ മൂളിപ്പാട്ടുമായി മുങ്ങിമരിക്കുന്നത്, രവി പൊടുന്നനെ പത്മയോടു കൂടെ വരാം എന്നു പറഞ്ഞത് - പൂർണമായും ഗ്രഹിക്കാനാവാത്ത ഘടകങ്ങൾ പുനർവായനയുടെ സാധ്യതകളുമായി ബന്ധപ്പെട്ടുകിടക്കുന്നു. അതാണു പുസ്തകങ്ങളുമായി ബന്ധപ്പെട്ട പ്രധാന സന്തോഷം. ഈ സന്തോഷമാണ് ചില പുസ്തകങ്ങളെപ്പറ്റി എഴുതാൻ വായനക്കാരെ പ്രേരിപ്പിക്കുന്നത്. ചിലപ്പോൾ എഴുതാതിരിക്കാനും. ഒരു പ്രേമം രഹസ്യമായി കാത്തുസൂക്ഷിക്കുന്നതുപോലെ ചില പുസ്തകത്തെ സ്വകാര്യമായി വയ്ക്കാൻ വായനക്കാരൻ തീരുമാനിക്കുന്നു. 

 

പോളിഷ് കവി ആഡം സഗയെവ്സ്കി (Adam Zagajewski), സോവിയറ്റ് കമ്യൂണിസത്തിനു കീഴിലായിരുന്ന കഴിഞ്ഞ നൂറ്റാണ്ടിലെ കിഴക്കൻ യൂറോപ്പിലെ ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു Slight Exaggeration എന്ന കൃതിയിൽ. സ്വന്തം കുടുംബചരിത്രത്തിനൊപ്പം യൂറോപ്പിൽ രണ്ടു ലോകയുദ്ധങ്ങളുടെ കെടുതികൾക്കിടയിലൂടെ ജീവിച്ച മഹാകലാകാരന്മാരെയും എഴുത്തുകാരെയും കവി അവതരിപ്പിക്കുന്നു. ഉദാഹരണത്തിന് ജർമൻ നോവലിസ്റ്റ് റോബർട്ട് മുസിൽ. കടുത്ത ദാരിദ്ര്യത്തിനു നടുവിലായിരുന്നു ആ ജീവിതം. The Man without Qualities എന്ന മുസിലിന്റെ (Musil) ബൃഹദ് നോവൽ നാത്‌സികളെയും കമ്യൂണിസ്റ്റുകാരെയും ഒരുപോലെ ദേഷ്യം പിടിപ്പിച്ചു. തലക്കെട്ടുതന്നെ അവർക്കു പ്രകോപനപരമായിരുന്നു. കാരണം വ്യക്തമായ ഗുണങ്ങളുള്ള മനുഷ്യനെ നിർമിച്ചെടുക്കാനുള്ള യത്നത്തിലായിരുന്നുവല്ലോ ഇരുകൂട്ടരും.

Robert-Musil

 

ഒന്നാം ലോകയുദ്ധത്തിന്റെ ഭയങ്കരമായ യാതനകളെപ്പറ്റി എഴുതാത്തതിന്, സാമൂഹികപ്രതിബദ്ധത പ്രകടിപ്പിക്കാത്തതിന് റിൽക്കെയെ അക്കാലത്ത് ഒരുവിഭാഗം വിമർശകർ വളഞ്ഞിട്ടു തല്ലിയിട്ടുണ്ട്. റിൽക്കെ മരിച്ചപ്പോൾ മുസിൽ ഗംഭീരമായ ഒരു പ്രസംഗം എഴുതി. വർഷങ്ങൾക്കുശേഷം റിൽക്കെക്കു ലഭിക്കാനിരിക്കുന്ന പ്രശസ്തിയും അംഗീകാരവും മുൻകൂട്ടിക്കണ്ടുള്ള പ്രസംഗമായിരുന്നു അതെന്ന് അദം സഗയെവ്സ്കി എഴുതുന്നു. 

Karl-Ove-Knausgaard-book

 

1935 ൽ പാരിസിൽ A Congress for the Defense of Culture എന്ന പ്രശസ്തമായ സമ്മേളനത്തിൽ മുസിൽ ഒരു പ്രസംഗം നടത്തി. സംഘാടകർ കമ്യൂണിസ്റ്റുകാരാണെന്ന വിവരം മുസിൽ അറിഞ്ഞില്ല. ആ പ്രസംഗത്തിൽ മുസിൽ കലാകാരന്റെ വ്യക്തിവാദത്തെ പിന്തുണയ്ക്കുക മാത്രമല്ല, യൂറോപ്യൻ രാജ്യങ്ങളിൽ പ്രചാരം നേടിക്കൊണ്ടിരുന്ന കൂട്ടുകൃഷിസമ്പ്രദായത്തെ എതിർക്കുകയും ചെയ്തു. മുസിൽ പറഞ്ഞു- സംസ്കാരവും രാഷ്ട്രീയവും തമ്മിൽ ഒരു ബന്ധവുമില്ല. സംസ്കാരത്തിന്റെ നിലനിൽപ് തന്നെ വളരെ നേർത്തതും ആകസ്മികവും പ്രവചനാതീതവുമായ ചില ഘടകങ്ങളിലാണ്, അതിനാൽ ഒരു നല്ല രാഷ്ട്രീയ സംവിധാനത്തിൽനിന്നുപോലും തനിയെ  മഹത്തായ കല ഉണ്ടായിവരില്ല. 

 

സദസ്സിലിരുന്ന ചിലരെല്ലാം മുസിലിനെ കൂവി. 

മുസിലിന്റെ ദ് മാൻ വിതൌട്ട് ക്വാളിറ്റീസ് എനിക്കു വായിച്ചുതീർക്കാനായില്ല. പുസ്തകത്തിന്റെ പാതിയിൽ ഞാൻ വച്ച അടയാളം ഇപ്പോഴുമുണ്ട്. പൂർണമായി ഗ്രഹിക്കാൻ കഴിയാത്തപ്പോഴും ആ നോവൽ അപാരമായ കാന്തികവലയം സൃഷ്ടിക്കുന്നു. സഗയെവ്സ്കി മുസിലിനെപ്പറ്റി മനോഹരമായി എഴുതിയതു വായിച്ചപ്പോൾ ഞാൻ പാതിയിൽ നിലച്ച ആ നോവലിനെ വീണ്ടുമോർത്തു. പുസ്തകം പകരുന്ന ഏറ്റവും വലിയ സന്തോഷമിതാണ്, എത്ര മാറ്റങ്ങളിലൂടെ നിങ്ങൾ കടന്നുപോയാലും ഒരു ദിവസം അതിലേക്കു മടങ്ങിച്ചെല്ലാം, അത് അവിടെത്തന്നെയുണ്ടാകും.

 

ആദ്യ വിമാനയാത്രയെ തന്റെ ആർട്ടിസ്റ്റിക് എപിഫനി എന്നാണു കാൾ ഓവ് ക്നോസ്ഗാഡ് വിശേഷിപ്പിക്കുന്നത്. പതിനാറാം വയസ്സിൽ ആദ്യ വിമാനയാത്രയിൽ കണ്ട മേഘങ്ങൾ, അവയ്ക്കു താഴെ ഭൂപ്പരപ്പുകൾ, അപ്പോൾ എന്തോ തനിക്കുള്ളിൽ സംഭവിച്ചു. മുൻപൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത ഒന്നായിരുന്നു അത്. ലോകത്തെ സംബന്ധിച്ച അനുഭവം അപ്പോഴാണുണ്ടായത്. അതിനെ എഴുത്തുമായി ബന്ധപ്പെടുത്തിയാണു ക്നോസ്ഗാഡ് കണ്ടത്. ഈ ലോകാനുഭവവുമായി ബന്ധപ്പെട്ട എന്തെങ്കിലും എഴുതേണ്ടതുണ്ടെന്നു ബോധ്യമായി. മറ്റൊരു അനുഭവത്തിനും ഈ ആദ്യ വിമാനയാത്രയുടെ തീവ്രത ഉണ്ടായിരുന്നില്ല. In the Land of Cyclops എന്ന ക്നോസ്ഗാഡിന്റെ എസേയിലെ ഓൾ ദാറ്റ് ഇസ് ഇൻ ഹെവൻ എന്ന ഭാഗം, ഈ മേഘങ്ങളുടെ അസ്ഥിരത എന്ന അനുഭവത്തിൽനിന്ന് കലയുടെ സ്ഥിരാനുഭവത്തിലേക്കുള്ള പരിണാമം എങ്ങനെ സംഭവിക്കുന്നുവെന്നു വിശദീകരിക്കുന്നുണ്ട്. കലയുടെയും സാഹിത്യത്തിന്റെയും സ്ഥിരത, മൂല്യം, ജീർണത, സൗന്ദര്യം എന്നിവ സംബന്ധിച്ച ആലോചനകൾ പങ്കുവയ്ക്കുന്ന എസേയിലെ, മേഘാനുഭവം ഒന്നു വിശദീകരിക്കാം.  

 

സ്ഥിരമായ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന പ്രപഞ്ചം. നിങ്ങൾ ഒരു വേനലിൽ ആകാശത്തേക്കു നോക്കിയാൽ മേഘശകലങ്ങൾ പല രൂപമാർജിക്കുന്നതു കാണാം.  അവ നിമിഷാർധത്തിൽ മാറുന്നു, മായുന്നു, പുതിയവ വരുന്നു. അതേസമയം അതു നോക്കിയിരിക്കുന്ന മനുഷ്യനു മാറ്റമൊന്നും വരുന്നതായി അനുഭവപ്പെടുന്നില്ല. എന്നാൽ പത്തോ പതിനഞ്ചോ വർഷം കഴിഞ്ഞാൽ ആ മനുഷ്യന്റെ മുഖവും ശരീരവും മാറുന്നു. മേഘരാശിയിലെ ദ്രുതപരിണാമങ്ങളുമായി താരതമ്യം ചെയ്താൽ ശരീരത്തിന്റെ ഈ വ്യതിയാനങ്ങൾ മെല്ലെയാണ് എന്നു പറയാം. മനുഷ്യന്റെ സമയമെന്ന വീക്ഷണമാണു നമ്മുടെ കാഴ്ചയെ നിയന്ത്രിക്കുന്നത്.  മേഘങ്ങളിലെ മാറ്റങ്ങൾ നാം കാണുന്നു. അതേസമയം പർവതങ്ങളിലെ മാറ്റങ്ങൾ കാണുന്നില്ല. ഇതാണു ജീർണതയെക്കുറിച്ചും നശ്വരതയെ ക്കുറിച്ചും അനശ്വരതയെക്കുറിച്ചുമെല്ലാം നമ്മുടെ സങ്കൽപങ്ങളുടെ അടിസ്ഥാനം. മാറ്റങ്ങൾക്കു വിധേയമായവ, മായാത്തവ എന്നീ വിഭജനം മനുഷ്യൻ എന്ന നിലയിലുള്ള നമ്മുടെ സമയസങ്കൽപങ്ങൾക്കുള്ളിൽനിന്നാണു രൂപമെടുക്കുന്നത്. 

 

നമ്മുടെ ചിന്തയും മേഘവും തമ്മിലുള്ള ബന്ധവും ആത്മാവും ശരീരവും തമ്മിലുള്ള ബന്ധവും സംബന്ധിച്ച ആശയം പൗരാണികമാണ്. എന്നാൽ ആധുനിക ശാസ്ത്രം ഉദയം ചെയ്ത പതിനേഴാം നൂറ്റാണ്ടിൽ മനുഷ്യനേത്രത്തിന്റെ പരിമിതിയെ നാം മറികടന്നതു സൂക്ഷ്മദർശിനിയുടെയും ദീർഘദർശിനിയുടെയും കണ്ടുപിടിത്തത്തോടെയാണ്.  മനുഷ്യശരീരം ഇതോടെ കൃത്യതയോടെ, ക്രമബദ്ധതയോടെ അഴിച്ചുപരിശോധിക്കാൻ ശാസ്ത്രം തുടങ്ങി. ശരീരത്തെ പരശതം കോശങ്ങളും ഞരമ്പുകളിലുമായി എവിടെയാണ് ആത്മാവ് ഒളിച്ചിരിക്കുന്നത് ? ആംസ്റ്റർഡാമിലെ തന്റെ അപാർട്ട്മെന്റിൽ ഫ്രഞ്ച് തത്വചിന്തകൻ ഡേക്കാർട്ട് (Rene Descartes) നടത്തിയ മൃതശരീര കീറിമുറിക്കലുകൾ ആത്മാവിന്റെ ഇരിപ്പിടം കണ്ടെത്താനുള്ള അന്വേഷണമായിരുന്നു. ശരീരത്തിലെ ഏതോ ഘടകത്തിൽ, ഏതോ ഒരിടത്ത് ആത്മാവ് സ്ഥിതി ചെയ്യുന്നുണ്ടാവുമെന്നും ആ സ്ഥാനം അറിഞ്ഞാൽ ചിന്തയുടെ ഉറവിടം കണ്ടെത്താനാവുമെന്നും അദ്ദേഹം കണക്കുകൂട്ടി. പക്ഷേ മൂന്നൂറു വർഷത്തിനുശേഷവും ഞാൻ എന്ന ചിന്ത നടത്തുന്ന എന്നെയും എന്റെ ഉള്ളിലെ ആത്മാവിനെയും വേർതിരിച്ചെടുക്കാൻ ശാസ്ത്രം കാര്യമായ ഒരു മുന്നേറ്റവും നടത്തിയിട്ടില്ലെന്നു ക്നോസ്ഗാഡ് പറയുന്നു. 

 

റെംബ്രാന്റിന്റെ (Rembrandt ) വിഖ്യാതമായ പോസ്റ്റ്മോർട്ടം പെയിന്റിങ്ങിലേക്കാണു പിന്നീട് ക്നോസ്ഗാഡ് പോകുന്നത്. ആ പെയിന്റിങ്ങിൽ തലയോടിന്റെ മുകൾ ഭാഗം പിളർന്നെടുത്ത് അത് ഒരു കപ്പ് പോലെ ഒരാൾ പിടിച്ചുനിൽക്കുന്നതു കാണാം. തുറന്ന തലച്ചോറിന്റെ നാരുകൾ ഫിസിഷ്യൻ ശ്രദ്ധാപൂർവം മുറിച്ചുനോക്കുകയാണ്. ചിന്തയെ കണ്ടെത്താനാവുന്നില്ല, പകരം അവ സഞ്ചരിച്ച കുഴലുകൾ മാത്രം കാണാം. ആത്മാവും കാണാനില്ല, ഉള്ളത്, തുറന്ന തലയോടു മാത്രം.

 

English Summary: Ezhuthumesha on Adam Zagajewski and Karl Ove Knausgaard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com