ADVERTISEMENT

മെലീസ്സയിലേക്ക് ഹണ്ടറിനെ ആകര്‍ഷിച്ചത് നീളം കൂടിയ നീല കണ്ണുകളാണ്. നീണ്ട കണ്‍പീലികള്‍. സമൃദ്ധമായ മുടിയും. അതേ നീല കണ്ണുകള്‍ ഓര്‍മയില്‍ നിന്ന് കുടഞ്ഞുകളയാന്‍ വര്‍ഷങ്ങളായിട്ടും ഹണ്ടറിനു കഴിഞ്ഞിട്ടില്ല. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടും മാരക രോഗം അകാലത്തില്‍ കൂട്ടിക്കൊണ്ടുപോയ പ്രിയ സഹോദരന്റെ നീല കണ്ണുകള്‍. 

 

നീളം കൂടിയ കണ്‍പീലികള്‍. സമൃദ്ധമായ മുടി. ജീവിതത്തിലുടനീളം വേദനിപ്പിക്കുന്ന ഓര്‍മയാണ് ഹണ്ടറിനത്. വേട്ടയാടുന്ന നീല കണ്ണുകള്‍. ഒടുവില്‍ അതേ കണ്ണുകളാണ് തീരാദുരിതത്തില്‍ നിന്ന് ഹണ്ടറിനെ രക്ഷിച്ചതും. മദ്യത്തില്‍ നിന്ന്. ലഹരിമരുന്നുകളില്‍ നിന്ന്. വേച്ചുവീണ രാത്രികളില്‍ നിന്ന്. മാംസ വില്‍പനക്കാരുടെയും കൂട്ടിക്കൊടുപ്പുകാരുടെയും സൗഹൃദങ്ങളില്‍ നിന്ന്. ഒടുവില്‍ മെലീസ്സയുടെ കൈ പിടിച്ച് കുറ്റബോധത്തിന്റെ അള്‍ത്താരയില്‍ എല്ലാം ഏറ്റുപറയുകയാണ് ഹണ്ടര്‍. കുമ്പസാരിക്കുകയാണ്. ബ്യൂട്ടിഫുള്‍ തിങ്സ് എന്ന ആത്മകഥയിലൂടെ. 

 

beautifulthings

ഹണ്ടര്‍ സാധാരണക്കാരനല്ല. ലോകത്ത് ഏറ്റവും കൂടുതല്‍ ശക്തിയും അധികാരവുമുള്ള വ്യക്തിയുടെ മകനാണ്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍. ട്രംപ് കാരുണ്യമില്ലാതെ ഇടിച്ചുനിരത്തിയ ധാര്‍മികയിലേക്കും സന്തോഷത്തിലേക്കും പിതാവ് രാജ്യത്തെ തിരിച്ചുനടത്തുമ്പോള്‍ നഷ്ട സൗഭാഗ്യങ്ങളിലേക്കും സന്തോഷത്തിലേക്കും 

തിരിച്ചുനടക്കുകയാണ് ഹണ്ടര്‍ ബൈഡന്‍. മുടിയനായ പുത്രനില്‍ നിന്ന് അനുഗ്രഹിക്കപ്പെട്ട മകനിലേക്ക്. 

 

ബൈഡന്റെയും ഹണ്ടറിന്റെയും ജീവിതം തകിടം മറിയുന്നത് 1972 ലാണ്. അന്നൊരു കാറപകടത്തില്‍ നിന്ന് ഹണ്ടര്‍ കഷ്ടിച്ചു രക്ഷപ്പെട്ടു. എന്നാല്‍ അമ്മയെ നഷടപ്പെട്ടു. കുഞ്ഞുപെങ്ങളെയും. പ്രിയപ്പെട്ട സഹോദരന്‍ ബോയെ പരുക്കകളോടെ തിരിച്ചുകിട്ടിയതു മാത്രമായിരുന്നു ഏക ആശ്വാസം. എന്നാല്‍ 2015 ല്‍ കാന്‍സര്‍ ബോയെ മരണത്തിലേക്കു കൂട്ടിക്കൊണ്ടുപോയതോടെ ഹണ്ടര്‍ തീര്‍ത്തും നിസ്സഹായനായി. സംസ്കാരച്ചടങ്ങുകള്‍ക്കു പിന്നാലെ അയാള്‍ സഹോദരന്റെ വിധവ ഹാലിയില്‍ ആശ്രയം കണ്ടെത്തി. അല്‍പായുസ്സായ സ്നേഹബന്ധം. ആ സ്നേഹവും രക്ഷിക്കാതായതോടെ ഹണ്ടര്‍ നിലയില്ലാക്കയത്തിലേക്കാണു വീണുപോയത്. ബോധം നശിച്ച പകലുകളിലേക്കും രാത്രികളിലേക്കും. 

 

ഒടുവില്‍ ബോയുടെ അതേ നീലക്കണ്ണുകളും നീളം കൂടി കണ്‍പീലികളും സമൃദ്ധമായ മുടിയഴകുമായി മെലീസ്സ വരേണ്ടിവന്നു രക്ഷപ്പെടുത്താന്‍. കുമ്പസാരത്തിനൊപ്പം ആ ദിവ്യ പ്രേമത്തിന്റെ കഥ കൂടിയാണ് ബ്യൂട്ടിഫുള്‍ തിങ്സ്- എ മെമ്മയര്‍ ബൈ ഹണ്ടര്‍ ബൈഡന്‍ എന്ന പുതിയ പുസ്തകം. 

 

ഹണ്ടറിന്റെയും ബോയുടെയും സന്തോഷം നിറഞ്ഞ കുട്ടിക്കാലത്തിന്റെ ഓര്‍മയില്‍നിന്നാണ് സന്തോഷമുള്ള കാര്യങ്ങള്‍ എന്ന പുസ്തകത്തിന്റെ തലക്കെട്ടിലേക്ക് എത്തുന്നത്. ഐശ്വര്യവും സമാധാനവും സമൃദ്ധിയും നിറഞ്ഞ അമേരിക്കയായിരുന്നു കുട്ടിക്കാലത്ത് അവരുടെ സ്വപ്നങ്ങളില്‍. സന്തോഷത്തോടെ കൈ കോര്‍ത്ത് മാതൃരാജ്യത്തിലൂടെ നടക്കുന്നതും അവര്‍ സ്വപ്നം കണ്ടു. ഇന്നും ഓര്‍മയില്‍ പച്ച പിടിച്ചു നില്‍ക്കുന്ന 

ബാല്യസ്മൃതികള്‍. എന്നാല്‍ കാറപകടം സ്വപ്നങ്ങളെ തകര്‍ത്തതോടെ ഒരു 

റൗഡിയിലേക്കു ഹണ്ടര്‍ രൂപാന്തരം പ്രാപിച്ചു. കൗമാരത്തിലും യൗവ്വനത്തിലും പിടികിട്ടാത്ത ലഹരിയുടെ കാണാക്കയങ്ങളിലേക്കും. 

 

1988 ല്‍ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്കുള്ള യാത്ര ആരംഭിക്കുമ്പോള്‍ ഇരുട്ടിലായിരുന്നു ഹണ്ടര്‍. നിരാശയുടെ, തകര്‍ച്ചയുടെ, തീവ്രദുരന്തത്തിന്റെ വെളിച്ചമില്ലാത്ത ലോകത്ത്. ബൈഡന്‍ ക്രമേണ പാര്‍ട്ടിയുടെ നോമിനിയായും വൈസ് പ്രസിഡന്റായും ലോകത്തെ ഏറ്റവും ഉയര്‍ന്ന പദവിയിലേക്കു ചുവടുവയ്ക്കുമ്പോഴും ഹണ്ടറിനു പ്രതീക്ഷിക്കാന്‍ ഒന്നുമില്ലായിരുന്നു. സ്വജനപക്ഷപാതം ആരോപിക്കപ്പെട്ട അഴിമതിയിലും 

ഇടയ്ക്കു ഹണ്ടര്‍ ഇരയായി. ഇപ്പോള്‍ ശപിക്കപ്പെട്ട ദിവസങ്ങളെയും വര്‍ഷങ്ങളെയും പിന്നിലാക്കി അതേ ഹണ്ടര്‍ ജീവിതം തിരിച്ചുപിടിക്കുകയാണ്; ബൈഡന്‍ അമേരിക്കയെ ശാന്തിയിലേക്കും സമാധാനത്തിലേക്കും സന്തോഷത്തിലേക്കും തിരിച്ചുനടത്തുമ്പോള്‍. 

അമേരിക്കയില്‍ ബെസ്റ്റ് സെല്ലറായിക്കൊണ്ടിരിക്കുന്ന ഹണ്ടറിന്റെ ഓര്‍മക്കുറിപ്പുകള്‍ ബ്യൂട്ടിഫുള്‍ തിങ്സിന് ഇപ്പോള്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ആവശ്യക്കാരേറെ. 

 

മറയില്ലാതെ, ഒളിവില്ലാതെ ഹണ്ടര്‍ ഓര്‍മക്കുറിപ്പുകളില്‍ ജീവിതം പറയുന്നു. അതു സ്വപ്നം തിരിച്ചുപിടിച്ച കഥയാണ്. പാപമോചനത്തിന്റെ ചരിത്രമാണ്. ഇരുള്‍ വീണ ഗുഹയുടെ അങ്ങേയറ്റത്ത് കെടാതെ കാത്തിരിക്കുന്ന പ്രതീക്ഷയുടെ നാളത്തിലേക്കുള്ള പ്രയാണമാണ്. അതാണ് ഈ ഓര്‍മക്കുറിപ്പുകളെ ശ്രദ്ധേയമാക്കുന്നത്. ഇനിയും നശിച്ചിട്ടില്ലാത്ത 

പ്രതീക്ഷയുടെ കിരണമാക്കുന്നത്. ശുഭകാമനയുടെ ശുഭ്രപതാകയാക്കുന്നത്. 

 

English Summary: Beautiful Things: A Memoir Book by Hunter Biden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com