ADVERTISEMENT

കൊതുകുവലയ്ക്കുള്ളിൽ സുഖമായി ഉറങ്ങുന്ന ബാലനായ ചിത്തിരതിരുനാളിന്റെ മെത്തയിൽ, ഇരുളിൽ പതുങ്ങിയെത്തി ആരോ നാട്ടാനൊരുങ്ങിയ മെഴുകുതിരിയിൽനിന്നു പടരുന്നത് തിരുവിതാംകൂർ ചരിത്രത്തിലെ അറിയപ്പെടാത്തൊരു ശത്രുജ്വാലയാണ്. 

 

Chithira-Thirunal-Balarama-Varma-1
വര: അജിൻ കെ.കെ.

തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമയ്ക്കെതിരെ പല കാലങ്ങളിലായി നടന്ന വധശ്രമങ്ങളുടെ ഞെട്ടിപ്പിക്കുന്ന കഥകളാണ് അനന്തരവൾ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി എഴുതിയ ‘ഹിസ്റ്ററി ലിബറേറ്റഡ്: ദ് ശ്രീചിത്ര സാഗ’ എന്ന പുതിയ പുസ്തകത്തിലൂടെ ഇതാദ്യമായി വെളിപ്പെടുന്നത്. ഇതുൾപ്പെടെ ചിത്തിര തിരുനാൾ എന്ന ചരിത്രപുരുഷനെക്കുറിച്ചുള്ള അറിയപ്പെടാത്ത ചെറുതും വലുതുമായ ഒട്ടേറെ സംഭവകഥകൾ രേഖപ്പെടുത്തുന്ന സമഗ്ര ജീവചരിത്രമാണിത്. ചിത്തിരതിരുനാളിന്റെ ഭരണപരിഷ്‌കാരങ്ങൾ, ക്ഷേത്രപ്രവേശന വിളംബരം, പുന്നപ്ര - വയലാർ, അധികാരക്കൈമാറ്റം തുടങ്ങിയ സംഭവവികാസങ്ങളെല്ലാം വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

 

ചിത്തിര തിരുനാൾ ബാലനായിരുന്നപ്പോഴാണ് രണ്ടു വധശ്രമങ്ങൾ നടന്നത്. മൂന്നാമത്തേത് മഹാറാണി സേതുലക്ഷ്മി ബായിയുടെ റീജൻസി ഭരണം അവസാനിച്ച്, ചിത്തിര തിരുനാൾ പ്രായപൂർത്തിയായി തിരുവിതാംകൂർ മഹാരാജാവായി അധികാരമേറ്റെടുക്കുന്ന ദിവസവും. എതിരാളികളുടെ ഗൂഢതന്ത്രങ്ങൾ ലക്ഷ്യം കണ്ടിരുന്നെങ്കിൽ തിരുവിതാംകൂർ ചരിത്രത്തിന്റെ ഗതിമാറ്റുമായിരുന്ന അസാധാരണ സംഭവങ്ങളാണ് പേരുകളും മറ്റും വെളിപ്പെടുത്താതെ ജീവചരിത്രത്തിലെ ദ് വെൽവറ്റ് ചെയർ ആൻഡ് ദി ഐവറി ത്രോൺ എന്ന അധ്യായത്തിൽ അശ്വതി തിരുനാൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

family
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ, സേതു പാർവതി ബായി, ശ്രീചിത്തിര തിരുനാൾ ബാലരാമവർമ

 

വിധിയുടെ കെടാവിളക്ക്

 

ചിത്തിര തിരുനാളിനു കുട്ടിക്കാലത്ത് അപസ്മാരദീനമുണ്ടായിരുന്നതുകൊണ്ടു രാത്രിയിലും ബാലനെ ശ്രദ്ധിക്കാനായി മുറിയിൽ വിളക്കുണ്ടായിരിക്കും. അടുത്ത മുറിയിൽ കിടന്നുറങ്ങിയിരുന്ന അമ്മ മഹാറാണി സേതു പാർവതി ബായി ഇടയ്ക്കെപ്പോഴോ ഞെട്ടിയുണർന്ന് മകൻ ഉറങ്ങിക്കിടന്ന മുറിയിലേക്കു വന്നപ്പോൾ കണ്ടത് ഒരാൾ കുട്ടിയുടെ മെത്തയിൽ കത്തുന്ന മെഴുകുതിരി വയ്ക്കാൻ ശ്രമിക്കുന്നതാണ്. അൽപം വൈകിയിരുന്നെങ്കിൽ കുട്ടി കിടന്നിരുന്ന മെത്തയിലും പുതപ്പിലും തീ ആളിപ്പടർന്നേനെ.

Aswathi Thirunal Gouri Lakshmi Bayi
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി

 

HistoryLiberated

ഭയം താഴെയിട്ട തോക്ക്

 

രണ്ടാമത്തെ സംഭവം നടന്നതു കൊല്ലത്തുവച്ച്. സ്ഥലത്തെ പ്രധാനിയുടെ വസതിയിലേക്കു തന്നെ വിളിപ്പിച്ചെന്നും തോക്ക് ഏൽപിച്ച് മഹാരാജാവിനെ വധിക്കാനുള്ള നിർദേശങ്ങൾ നൽകിയെന്നും ഒരു ആലപ്പുഴക്കാരനാണു കുറ്റസമ്മതം നടത്തിയത്. പേടി തോന്നിയതുകൊണ്ട് അവസാനനിമിഷം അയാൾ ദൗത്യത്തിൽനിന്നു പിന്മാറുകയായിരുന്നു. ഈ സംഭവങ്ങളുടെ വിശദാംശങ്ങൾ ചിത്തിര തിരുനാളിന്റെ ഇളയസഹോദരൻ, അന്തരിച്ച ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ സഹോദരീപുത്രിമാരായ അശ്വതി തിരുനാളിനോടും പൂയം തിരുനാൾ ഗൗരി പാർവതി ബായിയോടും ജീവചരിത്രകാരി ഉമ മഹേശ്വരിയോടും പങ്കുവച്ചിരുന്നു; അതീവരഹസ്യമായി സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്.

 

ഇരുളിന്റെ തേരോട്ടം

 

മൂന്നാമത്തെ വധശ്രമം, ശ്രീചിത്തിര തിരുനാൾ പ്രായപൂർത്തിയായി മഹാരാജാവായി അധികാരമേറ്റെടുത്ത 1931 നവംബർ 6നായിരുന്നു. തിരുവനന്തപുരം നഗരത്തിലൂടെ അന്നു ഘോഷയാത്രയുണ്ടായിരുന്നു. ഇതിഹാസതുല്യനായ സ്വാതിതിരുനാൾ മഹാരാജാവ് ഉപയോഗിച്ചിരുന്ന രഥം ചിത്തിര തിരുനാളിനു കയറാനായി ഒരുക്കിനിർത്താൻ കുതിരകളെ മാറ്റിനിർത്തിയപ്പോഴാണ് കിറുകിറു ശബ്ദം കേൾക്കുന്നത്. കുതിരക്കാർ ശ്രദ്ധിച്ചുനോക്കിയപ്പോൾ, തേരിന്റെ തുകൽമൂടിയ ചട്ടം ഒരു വശം ഏതാണ്ട് മുകളറ്റം വരെയും അറുത്തുവച്ചിരിക്കുന്നു.

തേരു മുന്നോട്ടെടുത്ത് അൽപസമയത്തിനകം നുകം പിളർന്ന് വണ്ടിയിൽ ആളിരിക്കുന്ന ഭാഗം നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്കു പായുകയോ തലകീഴായി മറിയുകയോ ചെയ്യാനുളള സാധ്യതയാണ് ശത്രുക്കൾ ഗൂഢമായി ഒരുക്കിവച്ചിരുന്നത്. മഹാരാജാവിന് അപകടം വരുത്താനുള്ള തന്ത്രം. എഴുന്നള്ളത്തു നിശ്ചയിച്ചിരുന്ന സമയത്തിനു മുൻപായി പ്രശ്നം പരിഹരിച്ചതിനാൽ ദുരന്തം ഒഴിവായി.

 

തിരുവിതാംകൂറിലുണ്ടായ രാഷ്ട്രീയ, സാമൂഹിക സംഭവവികാസങ്ങളുടെ അത്ര അറിയപ്പെടാത്ത ഏടുകൾ ചരിത്രത്തോടും കാലത്തോടും നീതി പുലർത്താനായും തെറ്റിദ്ധാരണകൾ നീക്കാനായും വിവരിക്കുകയാണ് കൊണാർക്ക് പ്രസിദ്ധീകരിച്ച ജീവചരിത്രത്തിൽ. വിമോചിപ്പിക്കപ്പെട്ട ചരിത്രം എന്ന അർഥത്തിലുള്ള ഹിസ്റ്ററി ലിബറേറ്റഡ് എന്ന തലക്കെട്ടു തിരഞ്ഞെടുത്തത് അതുകൊണ്ടാണെന്ന് അശ്വതി തിരുനാൾ ചൂണ്ടിക്കാട്ടുന്നു. മുഖ്യധാരാ വിവരണങ്ങളുടെ ഭാഗമല്ലാത്ത കൊട്ടാരരഹസ്യങ്ങൾക്കും അറിയപ്പെടാത്ത ചരിത്രകഥകൾക്കുമപ്പുറം, പുസ്തകഹൃദയമായി തുടിക്കുന്നത് ശ്രീചിത്തിര തിരുനാൾ മഹാരാജാവും അമ്മ സേതു പാർവതി ബായിയും തമ്മിലുള്ള ഗാഢബന്ധമാണ്; അപൂർവദീപ്തിയുള്ള ചരിത്രഗാഥ.

 

English Summary: History Liberated: The Sree Chithra Saga by Princess Aswathi Thirunal Gouri Lakshmi Bayi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com