ADVERTISEMENT

വർഷത്തിൽ രണ്ടോ മൂന്നോ തവണ മാത്രം നേരിൽ കാണാറുള്ള എന്റെ സ്നേഹിതൻ എസ്., ദൂരെ ഒരിടത്താണു താമസം, ബസ് യാത്ര ചെയ്തു ചെല്ലുമ്പോൾ കവലയിൽ കാത്തുനിൽക്കുന്നു, ഒരു പിക്കപ് വാനിൽ കയറ്റം കയറി പോകണം, ഞാൻ ആ വീട്ടിൽ ആദ്യമായി പോകുകയാണ്. ഒരിക്കൽ ഒരു ഈസ്റ്ററിന് എസ്. എന്നെ ക്ഷണിക്കുന്നു, പെസഹയുടെ അന്നു വൈകിട്ടു ചെല്ലാൻ പറയുന്നു, അതൊരു ബുദ്ധിമുട്ടാവുമോ എന്നാണ് ഞാൻ ആലോചിക്കുന്നത്, താനും അച്ഛനുമമ്മയും മാത്രമേ ഉണ്ടാവൂ, ധൈര്യമായി വരൂ എന്ന് എസ്. പറയുന്നു, കണ്ണാടിയിൽ നോക്കുമ്പോൾ ആകെ കലങ്ങിയ എന്നെ കാണാം, ഒരു സ്നേഹിതനൊപ്പം ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നു, അതൃപ്തവും അശാന്തവുമായ ഉള്ളം കുതറുന്നത് അറിയുന്നു, എങ്ങോട്ടെങ്കിലും പോകാൻ വെമ്പുന്നു, അങ്ങോട്ടു ചെന്ന് അഭയം തേടാൻ കൂട്ടുകാരില്ലെങ്കിൽ ഇത്തരം ഗതികേടുകളിൽ കാര്യങ്ങൾ കൂടുതൽ കഷ്ടമാകുന്നു, അപ്പോഴാണ് പൊടുന്നനെ ആ ക്ഷണം, എസ്. പറയുന്നു, നീ വരൂ. ഞാൻ പോകുന്നു, ബസിറങ്ങുന്നു, പൊടിപറത്തുന്ന ആ പിക്കപ് വാൻ ഒരു ചെരുവിലൂടെ സഞ്ചരിക്കുന്നു. 

 

ദുഃഖ വെള്ളിയാഴ്ച എല്ലാവരും പള്ളിയിൽ പോകുന്ന സമയം ഞാൻ ആ വീട്ടിൽ കുറച്ചു നേരം തനിച്ചിരിക്കേണ്ടി വരുന്നു. വാതിലുകൾ ഓരോന്നായി അടയുന്നതും കാലടിശബ്ദം നേർത്തില്ലാതാകുന്നതും കേൾക്കുന്നു, പെട്ടെന്നു മനുഷ്യരുടെ സ്വരവും ചലനവും ഒഴിയുന്ന അപരിചിതമായ ഒരിടത്തിൽ, മറ്റൊരാളുടെ വീട്ടിൽ, അങ്ങനെ സമയം ചെലവഴിക്കേണ്ടി വരുമ്പോൾ കാഴ്ച എല്ലാറ്റിനെയും കൃത്യമായി ഇനം തിരിച്ചുവയ്ക്കുന്നു- മുറ്റത്തു കീറിയിട്ട വിറക് മുതൽ മച്ചിൽ തൂങ്ങുന്ന പഴയ ബൾബിലെ പൊടി വരെ, എന്റെ ബാഗിൽ രണ്ടോ മൂന്നോ പുസ്തകങ്ങൾ ഉണ്ട്, പക്ഷേ കൊണ്ടുനടക്കുന്ന പുസ്തകങ്ങൾ ആത്മവിശ്വാസം പകരാനാണ്, അവിടെയിരുന്നു വായിക്കുകയെന്നാൽ തിളങ്ങുന്ന വെയിൽ നഷ്ടപ്പെടുത്തലാണ്, വരാന്തയിൽ നിന്നു കാണാവുന്ന പറമ്പിലെ തുറസ്സുകളിൽ മഷിക്കുപ്പി മറിഞ്ഞുവീണതുപോലെ അങ്ങിങ്ങു വീണ ഇരുട്ടുകളിലേക്കു നോക്കി ഇരിക്കുന്നു, തൊട്ടടുത്ത തോട്ടിൽ തുണിയലക്കുന്നതിന്റെ ഒച്ചയും നടവഴിയിലൂടെ ഇടയ്ക്കിടെ കടന്നുപോകുന്ന മനുഷ്യരുടെ ചലനങ്ങളും എടുത്തുവച്ച്, ഗാഢമായ വിചാരങ്ങളിൽ ശ്വാസോച്ഛാസം ചെയ്ത് ആ പകൽ..

 

susannayude-granthappura

വിഷാദമോ ദുഃഖമോ കടന്നുപോകുമ്പോൾ, വർഷങ്ങൾക്കുശേഷം അതിന്റെ ഓർമ എന്തെല്ലാം കൊണ്ടുവരുമെന്നത് എനിക്ക് ഇഷ്ടമുള്ള ചിന്തയാണ്. ചിലർക്ക് ആ അനുഭവങ്ങൾ കലാവിഷ്കാരമായി മാറാറുണ്ട്. എന്നാൽ അതു സംഭവിക്കുമ്പോഴോ സംഭവിച്ചുകഴിഞ്ഞ ഉടനെയോ ഭാവിയിൽ അത് എന്നതായിത്തീരുമെന്നു നാം അറിയുന്നില്ല, ആനന്ദം പകരുന്ന കലാവിഷ്കാരമായി ദുഃഖം എപ്പോഴും മാറണമെന്നില്ല. ചിലത് തിരിച്ചുകിട്ടാതെ പോകും, മറ്റു ചില ദുഃഖം ഒരുപാടുകാലം സൂക്ഷിച്ചുവച്ചശേഷം എടുത്ത് ഉപയോഗിക്കാനാവുന്ന സമ്പാദ്യമാകും. ഞാൻ ഇക്കാര്യം എസിനോട് പിന്നീടു പറയുന്നു, എനിക്ക് എഴുതാൻ തോന്നി, ആ വെള്ളിയാഴ്ച അവിടെ തനിച്ചിരുന്നപ്പോൾ, അയാൾ ചിരിക്കുന്നു, എഴുതുമെങ്കിൽ ഒരു നോവലാകുന്നതാണു നല്ലതെന്നു പറയുന്നു, വർഷങ്ങൾ കടന്നുപോകുന്നു, ഒന്നും സംഭവിക്കുന്നില്ല, ഞങ്ങളുടെ കൂടിക്കാഴ്ചകൾ വിരളമാകുന്നു, നാലോ അഞ്ചോ വർഷം കഴിഞ്ഞ് കാണുമ്പോൾ ആ നോവൽ എവിടെ എന്ന് അയാൾ ചോദിക്കുന്നു, ഇല്ല അത് സംഭവിച്ചിട്ടില്ല, പക്ഷേ ആ ദിവസം ഒരു ദുഃഖം പോലെ ഉള്ളിൽ എടുത്തുവച്ചിട്ടുണ്ട്, കളഞ്ഞിട്ടില്ല എന്നു ഞാൻ പറയുന്നു, അയാൾക്കതു മനസ്സിലാകുന്നില്ല, ദുഃഖം ഒരു വസ്തുവാണോ എടുത്തുവയ്ക്കാൻ എന്ന് അയാൾ ചോദിക്കുന്നു, എനിക്ക് അതിനുള്ള മറുപടി കിട്ടുന്നില്ല, ഞാൻ കവിതയോ കഥയോ എഴുതാറില്ലെന്നും വർഷങ്ങളായി നിരൂപണമോ പത്രപ്രവർത്തനമോ മാത്രം ചെയ്യുന്ന ഒരാളാണെന്നും അറിയാവുന്നതുകൊണ്ട്, നോവൽ എഴുതണമെങ്കിൽ മറ്റെവിടെയെങ്കിലും പോയിരിക്കൂ കുറച്ചുനാൾ, എടുത്തുവയ്ക്കുന്ന ഏതു വസ്തുവും കുറച്ചുകഴിഞ്ഞാൽ കാലഹരണപ്പെടുക തന്നെ ചെയ്യും എന്ന് എന്നെ ഉപദേശിക്കുകയും ചെയ്യുന്നു.

 

15 വർഷത്തിനുശേഷം, സൂസന്നയുടെ ഗ്രന്ഥപ്പുര ഇറങ്ങിയശേഷം, ഒരു വട്ടം കൂടി ഞാൻ അദ്ദേഹത്തിന്റെ വീട്ടിലേക്കു പോകുന്നുണ്ട്. ആ പഴയ വീടല്ല, പുതിയ സ്വരങ്ങളുള്ള മറ്റൊരു വീട്, നഗരത്തിൽ. അയാൾക്കു നോവൽ ഞാൻ നേരത്തേ അയച്ചുകൊടുത്തിരുന്നു, ഇതിലെവിടെയാണ് ആ ദിവസം, ആ ദുഃഖം, കാണുന്നില്ലല്ലോ, അതോ ഇതു വേറെ എന്തെങ്കിലുമാണോ, എന്ന് അയാൾ ചോദിക്കുന്നു, ആ ദിവസം, ആ ദുഃഖം ഇതിലുണ്ട്, വേറെയും ഉണ്ട്, ഇത് അതു തന്നെയല്ല എപ്പോഴും, എന്നാൽ അതാണു താനും. ഞങ്ങളുടെ സംസാരം അവിടെനിന്നു മറ്റു സ്ഥലങ്ങളിലേക്കു നീങ്ങുന്നു.

 

2

Slight-Exaggeration-book

 

ചിലപ്പോൾ ചില പരാജയമോ ദുഃഖമോ നഷ്ടമോ പിന്നീട് കലാനുഭവമായി ആനന്ദം പകരുന്നത് എങ്ങനെയാണെന്ന് എനിക്ക് കുറേശ്ശെയായി മനസ്സിലാകുന്നുണ്ട്. പക്ഷേ അത് എപ്പോഴും ഒരേ വഴിയിൽ ആകണമെന്നില്ല. എസിനെ വിചാരിക്കുമ്പോൾ ഞാൻ എപ്പോഴും ആ ദുഃഖ വെള്ളി ഓർക്കുന്നു, ആ പകലിലെ വിജനത ഏറ്റവും നിഗൂഢമായ അനുഭവം ആയി, എന്നാൽ അതെന്തെന്നു ശരിക്കു മനസ്സിലാക്കാനാവാതെ എനിക്കുള്ളിൽ കിടക്കുന്നുണ്ട്. അമ്പരപ്പിക്കുന്ന സംഭവങ്ങളുള്ള ഒരു പുസ്തകം അതിന്റെ ഒരു വായനയ്ക്കുശേഷവും ഗൂഢമായി തുടരുന്നതു പോലെയാണത്, വീണ്ടും വായിക്കാനും കൂടുതൽ അറിയാനും ആ പുസ്തകം ക്ഷണിച്ചുകൊണ്ടിരിക്കുന്നു. 

Darkness-Visible-Book

 

3

Johannas Brahms
യോഹാനാസ് ബ്രാംസ്

 

വിഷാദരോഗത്തിന്റെ ഭയങ്കരമായ അവസ്ഥ വിവരിച്ച് അമേരിക്കൻ നോവലിസ്റ്റ് വില്യം സ്റ്റൈറൻ എഴുതിയ കൃതിയാണു Darkness Visible. (മഹാകവി ജോൺ മിൽട്ടൻ നരകത്തെ വിശേഷിപ്പിച്ചതാണു ഡാർക്നസ് വിസിബിൾ എന്ന്, വിഷാദരോഗം നരകം തന്നെയാണെന്നു വ്യക്തം). പോളിഷ് കവി ആഡം സഗായെവ്സ്കിയുടെ Slight Exaggeration എന്ന ആത്മകഥാപരമായ കൃതിയിൽ വായിക്കുന്നു, സ്റ്റൈറനെ ആത്മഹത്യയിൽനിന്നു രക്ഷിച്ചത് സംഗീതമാണ് എന്ന്. ഡിപ്രഷൻ കനത്ത് ഉറക്കമില്ലാത്ത പല രാത്രികൾക്കൊടുവിൽ ജീവനൊടുക്കാൻ തീരുമാനിച്ചിരിക്കേ, സ്റ്റൈറൻ റേഡിയോ തുറക്കുന്നു. പൊടുന്നനെ യോഹാനാസ് ബ്രാംസിന്റെ  The Rhapsody of Alto കേൾക്കുന്നു, അപ്പോൾ അസാധാരണമായ എന്തോ ഒന്നു സംഭവിക്കുന്നു- പ്രതിസന്ധി മാറുന്നു, സംഗീതം അദ്ദേഹത്തെ സുഖമാക്കുന്നു, ആത്മഹത്യയിൽനിന്നു വലിച്ചുകയറ്റുന്നു, ഏറ്റവും ഹീനമായതിനെയും സഹിക്കാനുള്ള ത്രാണി ഉണ്ടാക്കിക്കൊടുക്കുന്നു. സഗായെവ്സ്കിയുടെ വാക്കുകൾ കടമെടുത്താൽ- “പുതിയ ദിനം ആരംഭിക്കും, വെളിച്ചം മടങ്ങിവരും, ആദ്യ ബേക്കറി  തുറക്കും, റൊട്ടിയുടെ പുതുഗന്ധം അന്തരീക്ഷത്തിൽ ഉയരും. അതു പഴയ നഗരങ്ങളുടെ ഇടുങ്ങിയ തെരുവിലൂടെ പരക്കും.’’

Czeslaw Milosz
ചെസ്ലോ മിലോഷ്

 

വില്യം സ്റ്റൈറൻ എഴുതിയ സോഫീസ് ചോയിസ് (1979) എന്ന നോവൽ അതിപ്രശസ്തമാണ്. ഹോളോകോസ്റ്റ് പശ്ചാത്തലമായി വരുന്ന, രണ്ടാം ലോകയുദ്ധാന്തരം നാത്‌സി ഭൂതകാലം വേട്ടയാടുന്ന മനുഷ്യരുടെ കഥ. 

 

(സ്റ്റൈറനെ ആത്മഹത്യയിൽനിന്നു രക്ഷിച്ച The Rhapsody of Alto ബ്രാംസ് കംപോസ് ചെയ്തത്, ജർമൻ പിയാനിസ്റ്റ് ക്ലാര ഷൂമാന്റെ മകൾ ജൂലിയയുടെ വിവാഹസമ്മാനമായിട്ടാണ് എന്ന വിവരം കൂടി സഗായെവ്സ്കി വെളിപ്പെടുത്തുന്നുണ്ട്)

 

കഴിഞ്ഞ നൂറ്റാണ്ടിൽ രണ്ടാം ലോക യുദ്ധത്തിലും നാത്‌സിസത്തിന്റെയും സോവിയറ്റ് കമ്യൂണിസത്തിന്റെയും അധിനിവേശങ്ങളിലും തകർന്നടിയുകയും പുനർനിർമിക്കപ്പെടുകയും ചെയ്ത കിഴക്കൻ യൂറോപ്പിലെ ജീവിതമാണു സയായെവ്സ്കിയുടെ കവിതയുടെയും ഗദ്യത്തിന്റെയും ഉള്ളടക്കം. തലമുറകളായി പാർത്ത ജന്മനാട് ഉപേക്ഷിച്ച് പലവട്ടം പലയിടത്തേക്കായി ചിതറിക്കപ്പെട്ട ജനതയുടെ വിലാപങ്ങൾ നാം വായിക്കുന്നു. കവിയുടെ അച്ഛൻ എഴുതിവച്ചതും പ്രസിദ്ധീകരിക്കാത്തതുമായ സ്മരണകളിൽ, ആ ദശകങ്ങളിലെ പലായനങ്ങളിൽ നഷ്ടനഗരങ്ങൾ ശക്തമായ ജീവിതപ്രേരണയായി നാം കാണുന്നു. സാഹിത്യത്തെക്കാൾ, നഷ്ടമായ പ്രദേശങ്ങൾ ഒരാളുടെ ആത്മാവിനെ പ്രകാശിപ്പിക്കുന്നു. മറ്റേതു കലയെക്കാളും സംഗീതം മനുഷ്യന്റെ ആത്മാവിനെ രണ്ടു കൈകളാൽ കോരിയെടുക്കുന്നതെങ്ങനെ എന്നു സയായെവ്സ്കി എഴുതുന്നു. സാഹിത്യത്തെ അപേക്ഷിച്ചു സ്ഥലരഹിതമാണു സംഗീതം, അലയുന്നവർക്ക് ഏതു ദേശത്തും ഏതു കാലത്തും കൊണ്ടു നടക്കാൻ കഴിയുന്നത് എന്നത്രേ കവിയുടെ മതം.

 

 

വിദ്യാർഥിയായിരിക്കെ, ഞാൻ എറണാകുളത്തു താമസിക്കുമ്പോൾ ദിവസത്തിലെ ഏറ്റവും സുഖകരമായ സമയം പുലർന്നുവരുമ്പോഴാണ്. പുലരിയിലെ മൂടിക്കെട്ടിയ തെരുവിലൂടെ നടക്കുന്നത്, ഹോസ്പിറ്റൽ റോഡിൽ ഭാരതീയവിദ്യാഭവന് എതിർവശത്ത് ഒരു ടീഷോപ് ഉണ്ട്. ആറുമണിക്ക് അതു തുറക്കുന്നു, സ്റ്റൗ പ്രവർത്തിക്കുന്ന സ്വരം, പാലിന്റെയും തേയിലയുടെയും ഗന്ധം, കടയുടെ മുന്നിലെ ബെഞ്ചിലിരുന്നു ചായ കുടിക്കുന്നു, സിഗരറ്റു വലിക്കുന്നു. ഞാനും കൂട്ടുകാരനും രാവിലെയെഴുന്നേറ്റ് അവിടേക്കാണു നടക്കുക. ആ നടത്തം വിശേഷപ്പെട്ട ആനന്ദമാണ്, സഗായെവ്സ്കിയുടെ കവിത ഇങ്ങനെ തുടങ്ങുന്നു- to travel without baggage, sleep in the train, on a hard wooden bench, forget about your native land, emerge from small stations, when a gray sky rises, and fishing boats head to sea...

 

1990 കളിൽ വസന്തത്തിൽ ഹൂസ്റ്റണിൽ കുറച്ചു ദിവസങ്ങൾ ആഡം സഹായെവ്സ്കി താമസിക്കാറുണ്ട്. അക്കാലത്ത് പോളിഷ് മഹാകവി ചെസ്ലോ മിലോഷും (Czeslaw  Milosz) ബെർക്കലിയിലെ ഗ്രിസ്ലി പീക് ബോളവാഡ് കുന്നിലെ മനോഹരമായ ഒരു കൊച്ചുവീട്ടിൽ വന്നുപാർക്കാറുണ്ട്. ഇടയ്ക്കിടെ ഇരുകവികളും ഫോണിൽ സംസാരിക്കും. ഒരു ദിവസം മിലോസ് സഗായെവ്സ്കിയെ വിളിച്ചു. ‘അദ്ദേഹത്തിന്റെ സ്വരം അഗാധദുഃഖം നിറഞ്ഞതും തളർന്നതുമായിരുന്നു. മഹാകവി ഒരു കയത്തിന്റെ ഒരു വക്കിൽനിൽക്കുകയാണെന്ന് ആ സംസാരത്തിൽനിന്നു ബോധ്യമായി. അദ്ദേഹത്തിന് അപ്പോൾ ഒരു സ്നേഹിതനെ ആവശ്യമുണ്ട്. ഞങ്ങൾ കുറെ സംസാരിച്ചു. അവസാനം മിലോസ് ചോദിച്ചു, ആഡം, സത്യം പറയൂ, ഞാൻ എന്റെ ജീവിതത്തിൽ ഒരു നല്ല കവിതയെങ്കിലും എഴുതിയിട്ടുണ്ടോ?’

 

(ശുഭം)

 

English Summary: Ezhuthumesha column written by Ajai P Mangattu, The joy that comes with art, music and friendship