ADVERTISEMENT

നേർരേഖയിൽ സഞ്ചരിക്കുന്ന ആദിമധ്യാന്തപ്പൊരുത്തമുള്ള ഒരു കഥ പറച്ചിലാണോ നോവൽ? ഇക്കാലത്തെ മലയാള നോവൽ സാഹിത്യത്തെ മാത്രം നോക്കി സംസാരിക്കുമ്പോൾ ആരും അതെ, എന്നു പറഞ്ഞുപോകും. അങ്ങനെയല്ലാത്ത ഒരു നോവൽ സംഭവിച്ചാൽ  അതിനെ എന്തു വിളിക്കും? നേരത്തേ പറഞ്ഞ തരത്തിലുള്ള നോവലുകൾ മാത്രം വായിച്ചവർ അതിനെ ഭ്രമാത്മകത എന്നു വിളിക്കും. ആധുനികതയുടെ കാലത്ത് മലയാളത്തിൽ അത്തരം പല നോവലുകളും പിറന്നിട്ടുണ്ട്. അവ മുഖ്യധാരാനോവലുകളായി ചർച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്. മേതിൽ രാധാകൃഷ്ണനെപ്പോലെയുള്ള എഴുത്തുകാർ ശുദ്ധസാഹിത്യത്തിന്റെ ആ പാരമ്പര്യം സൃഷ്ടിച്ചവരാണ്. ആഗോളതലത്തിൽ അത്തരം രചനകൾ ഇപ്പോഴും സംഭവിച്ചുവരുന്നുണ്ട്. അവ ചർച്ച ചെയ്യപ്പെടുന്നുമുണ്ട്. പക്ഷേ, മലയാളം, ലളിതവും രേഖീയവുമായ എഴുത്തുമാതൃകകളിൽ മാത്രം അഭിരമിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. ഈ നടപ്പു രീതിയെ പൊളിച്ചെഴുതാൻ ഇതാ ഒരു കവി ഇറങ്ങിത്തിരിച്ചിരിക്കുന്നു. പല മുൻകാല രചനകളിലും ആ പ്രവണത പ്രകടമാക്കിയ ശേഷമാണ് മായാബന്ധർ എന്ന ഏറ്റവും പുതിയ നോവലിലൂടെ വി. ജയദേവ് പൊളിച്ചെഴുത്ത് പൂർണമാക്കുന്നത്. ലോകത്തിലെ ആദ്യത്തെ റിവേഴ്‌സ് ഓട്ടോബയോഗ്രഫി എന്നാണ് അദ്ദേഹം തന്നെ ഈ നോവലിനെ വിശേഷിപ്പിക്കുന്നത്. അപ്പോൾ ഊഹിക്കാമല്ലോ, ഇതെന്തോ വേറിട്ട സംഗതിയാണെന്ന്. വായിച്ചു വരുമ്പോൾ വായനക്കാരനും അക്കാര്യം ബോധ്യമാവും.

 

നമ്മുടെ ചിന്തകൾ മിക്കപ്പോഴും ആദിമധ്യാന്തപ്പൊരുത്തമുള്ള നോവൽകഥകളോ സിനിമാക്കഥകളോ ആയല്ല ആദ്യമായി പിറന്നുവീഴുന്നത്. പല സമയത്തുണ്ടാവുന്ന ചിതറിയ പല ചിന്തകളുടെ അടുക്കിപ്പെറുക്കി വയ്പ്പാണ് നാം സൃഷ്ടിക്കുന്ന മികച്ച ആശയങ്ങളെല്ലാം. അത്തരം മികച്ച ആശയങ്ങളുടെ നടത്തിപ്പോ, നടത്തിയെടുക്കാനുള്ള ശ്രമത്തിനിടയിലെ പരാജയപ്പെടലുകളോ ആണ് ഓരോരുത്തരുടെയും ജീവിതം. ജീവിതം തന്നെ ചിതറിയ ചിന്തകളുടെ നടത്തിപ്പാണെങ്കിൽ എന്തുകൊണ്ട് ആ മട്ടിലൊരു നോവലിന് ജനിച്ചു കൂടാ. അതെ, അങ്ങനെയൊരു സാധ്യത തള്ളേണ്ടതില്ല എന്നു നമ്മെ ഓർമിപ്പിക്കുന്നു മായാബന്ധർ.

ലോകവും മനുഷ്യരാശിയുമാകെ വല്ലാത്ത ശൈഥില്യം അനുഭവിക്കുന്നൊരു കാലത്ത് അത്തരമൊരു ലോകത്തെയും കാലത്തെയും അടയാളപ്പെടുത്താൻ ശിഥിലമായൊരു രചനാതന്ത്രം എന്തുകൊണ്ടും ശ്ലാഘനീയമാണ്. ശിഥിലം എന്നു പറയുമ്പോൾ ഒരു കാര്യം നാം ഓർക്കണം. നമ്മുടെ ചിന്തകളെയൊന്നു തലതിരിച്ചിടുന്നു എന്നേയുള്ളൂ. ശീർഷാസനത്തിൽ നിന്നുകൊണ്ട് കാര്യങ്ങളെ കാണാനുള്ള ശ്രമം. പക്ഷേ, 916 സ്വർണത്തിന്റെ പരിശുദ്ധിയോടെ സാഹിത്യം വഴിഞ്ഞൊഴുകുന്നുണ്ടെങ്കിൽ ഈ ശൈഥില്യവും നമുക്കൊരു സൗന്ദര്യമായാവും അനുഭവപ്പെടുക. അതെ, ആ സൗന്ദര്യം ഉടനീളം പരിരംഭണം ചെയ്തു കിടക്കുന്നൊരു രചനാപരീക്ഷണമാണ് മായാബന്ധർ.

തന്റെ കൈരേഖകളും കൊണ്ടാണ് മുത്തുനായകം പുറപ്പെട്ടുപോയതെന്നു മരിക്കുന്നതു വരെ അമലു സങ്കടപ്പെട്ടു എന്ന് ഭാവന ചെയ്യാൻ ഒരു സാധാരണ എഴുത്തുകാരന് കഴിയുമോ.

താമരശ്ശേരി ചുരമിറങ്ങിവരുന്ന ഡ്രൈവർ ചന്ദ്രപ്പൻ ആകെയുള്ള ഒൻപത് ഹെയർപിൻ വളവുകളിൽ ഏഴും മോഷ്ടിച്ചു എന്നും അവ പിന്നീട് അയാളുടെ ലോറിയിൽനിന്നു കണ്ടെടുത്തു എന്നും പറയുമ്പോൾ നോവലിസ്റ്റിന്റെ ഭാവനയുടെ ടേക്ക് ഓഫേ ആകുന്നുള്ളൂ. അതു പറക്കാൻ തുടങ്ങിയാൽ പിന്നെ കാണാനാവുന്നത് കാലത്തെയും പ്രപഞ്ചത്തെയും ഉടലുകളെയും കീറിമുറിച്ചുകൊണ്ട് ഗാലക്‌സികളിൽനിന്നു ഗാലക്‌സികളിലേക്കുള്ള ബഹിരാകാശ ദൗത്യങ്ങളാണ്.

 

ആളുകൾ മാത്രമല്ല, സ്ഥലങ്ങളും റോഡുകളും കവലകളും ഓരോന്നായി അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. സ്ഥലങ്ങളുടെ സ്ഥാനത്ത് മറ്റു ചില സ്ഥലങ്ങൾ കണ്ട് അമ്പരന്നുപോകാത്തവരുണ്ടായിരുന്നില്ല. പുതിയ ഇടങ്ങളിൽ കൂടി റോഡുകൾ നഗരങ്ങളെ അന്വേഷിച്ചുപോയി. എന്നാലത് ഉദ്ദേശിക്കപ്പെട്ട നഗരങ്ങളിലെത്താതെ അറിയാത്ത മറ്റിടങ്ങളിൽ ഇറക്കിവിടപ്പെട്ടു. ചില വഴികൾ ആരെയുമെവിടെയുമെത്തിക്കാതെ പുറപ്പെട്ട സ്ഥലങ്ങളിൽത്തന്നെ മടങ്ങിയെത്തി.

 

നരേഷനിലെ ഈ അസാധാരണത്വം ഈ നോവലിന്റെ മുഖച്ഛായയാണ്. സമയമാണ് വി.ജയദേവിന്റെ നോവലിലെ മറ്റൊരു അസംസ്‌കൃതവസ്തു.

 

മാർഗരീത്തയുടെ ജീവിക്കാനുള്ള അക്കൗണ്ടിൽ ആവശ്യത്തിനു സമയമുണ്ടായിരുന്നതാണ്. ആവശ്യത്തിനു മാത്രമല്ല, അവൾക്ക് ആവശ്യമുള്ളതിലധികം. വലിയൊരാലിംഗനത്തിൽനിന്നു മറ്റൊന്നിലേക്കു വലിച്ചടുപ്പിക്കുന്നതിനിടെ മാർഗരീത്ത പറഞ്ഞുകൊണ്ടിരുന്നു.

ഞാനധികം സമയമെടുക്കില്ല, മിച്ചമുള്ളത് നിന്നിലേക്കു ടോപ്പ് അപ് ചെയ്യും. നീയൊരിക്കലും മരിക്കില്ല.

മുമ്പൊരു കാലത്ത് രസതന്ത്ര വിദ്യാർഥിയും ഗവേഷകനുമായിരുന്ന പത്രപ്രവർത്തകന് കവിതയ്ക്കും നോവലിനുമപ്പുറത്തെ ഊർജതന്ത്ര രഹസ്യങ്ങൾ എങ്ങനെ വെളിപ്പെട്ടുകിട്ടുന്നു എന്ന് നാം അദ്ഭുതപ്പെട്ടുപോകുന്ന വാചകങ്ങളാണിവ. ഇത്തരം വട്ടുകളെ വളരെ സാധാരണമാംവിധം ആർക്കും മനസ്സിലാക്കാനാവുന്ന ഭാഷയിൽ പകർത്തിവയ്ക്കുമ്പോൾ മായാബന്ധർ വ്യത്യസ്തവും രസകരവുമായ വായനാനുഭവം ആയിത്തീരുന്നു.

പകൽ വെളിച്ചത്തിൽ കാണാൻ ആർക്കും പറ്റിയില്ലെങ്കിലും അവൻ ചില ദിവസങ്ങളിൽ നിലാവു കഴുത്തിൽ ചുറ്റിയാണ് ക്യാംപസിൽ വരുമായിരുന്നത് എന്നെഴുതാൻ ജയദേവിനു കഴിയുന്നത് കുറെ കവിതകൾ വായിച്ചതുകൊണ്ടു മാത്രമല്ല, സ്വയം കവിയായതുകൊണ്ടു കൂടിയാണ്.

നട്ടെല്ലു നഷ്ടമാകുന്നത് ഒരു പകർച്ചവ്യാധിയാണ് എന്ന് വായിക്കുമ്പോൾ  വളഞ്ഞും ഒടിഞ്ഞും ചതഞ്ഞും പലതരത്തിൽ പരുക്കുപറ്റിയ നട്ടെല്ലുമായി, ഒന്നും പുറത്തു കാണിക്കാതെ ജീവിക്കുന്ന ഓരോരുത്തരുടെയും നട്ടെല്ലിലൂടെ അറിയാതൊരു വേദന പാഞ്ഞുപോകും.

Pusthakakazhcha-05

അലമേലുവിൽ തുടങ്ങി ട്രീസ, മേരി, അനസൂയ, മേഘ, നിർമല, ബിയാട്രീസ്, മെർലിൻ മിറാൻഡ, മഹാദേവൻ, റോസിയാന്റി, എസ്തപ്പാൻ തുടങ്ങി ഒട്ടനവധിപ്പേരുടെ ജീവിതങ്ങളിലൂടെ ബുള്ളറ്റ് ട്രെയിനിലും കപ്പലിലും മോർച്ചറിയിലും കയറിയിറങ്ങി റിവേഴ്‌സ് ഓട്ടബയോഗ്രഫി പൂർണമാകുമ്പോൾ ഒരു വിസ്മയം നിങ്ങളെ തട്ടിയെടുത്തിരിക്കും. പിന്നെ കുറേനാൾ അതിന്റെ തടവുകാരനായി ജീവിക്കാം. വായനയിലൂടെ ലഭിക്കുന്ന വിസ്മയത്തിന്റെ തടവിൽ കുറച്ചുകാലമെങ്കിലും കഴിയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഉറപ്പായും വായിച്ചിരിക്കേണ്ട പുസ്തകമാണ് മായാബന്ധർ.

 

ജയദേവ് സംസാരിക്കുന്നു.

 

ലോകത്തിലെ ആദ്യത്തെ റിവേഴ്‌സ് ഓട്ടബയോഗ്രഫി എന്നാണ് മായാബന്ധറിനെ കുറിച്ച് നോവലിന്റെ ആദ്യ അധ്യായത്തിൽ പറയുന്നത്.  അങ്ങനെ അവകാശപ്പെടാനുള്ള ന്യായം എന്താണ്?

 

അങ്ങനെ ആയതുകൊണ്ടുതന്നെ. സാധാരണ ഓട്ടബയോഗ്രഫി എന്നത് ഏകപക്ഷീയമായി ഒരാൾ സ്വന്തത്തെ എഴുതുകയാണ്. അയാളുടെ കാഴ്ചപ്പാടിൽ മാത്രമാണ് അയാൾക്കു ചുറ്റുമുണ്ടായിരുന്ന, ചുറ്റുമുള്ള ലോകം. അതിൽ ഒരു ഏകപക്ഷീയതയുണ്ട്. എന്നാൽ, ആ വാർപ്പ് മാതൃകയുടെ ഏകപക്ഷീയതയും കാഴ്ചയുടെ ഏക കോണീയതയും ശരിയായ കാലദേശത്തെ അടയാളപ്പെടുത്തിക്കൊള്ളണമെന്നില്ല.

ഒരാൾ ശരിക്കും അയാൾ കാണുന്ന അയാളല്ല എന്നാണു പുതിയ കാലം മുന്നോട്ടുവയ്ക്കുന്ന ദ്വന്ദ്വപ്രമേയങ്ങളിലൊന്ന്. സ്വയം എഴുത്തിലെ ആ അയാൾ സമൂഹം കാണുന്ന അയാളേ അല്ല. അങ്ങനെ ദേശ, കാലങ്ങൾ അയാളെ എങ്ങനെയാണ് അനുഭവിക്കുന്നത് എന്ന, തിരിച്ചുള്ള ആലോചനയിൽ നിന്നാണ് ഈ നോവൽ പിറക്കുന്നത്.

 

എന്നാൽ, ഈ തിരിച്ചെഴുത്ത് ഒരു ഫോർമാറ്റ് മാത്രമാണ്. ആ തിരിച്ചെഴുത്തിനെ എഴുതുകയായിരുന്നില്ല നോവൽ. ആ ഫോർമാറ്റിനകത്തു നിന്നുകൊണ്ടു ലോകത്തിന്റെ പൊതുബോധത്തെ എങ്ങനെ അട്ടിമറിക്കാം എന്നതായിരുന്നു ആലോചന. പ്രത്യേകിച്ച്, ഇന്നത്തെ സൈബർ ലോകത്ത്.

 

സൈബർ ലോകം അതിന്റെ നടപ്പുകാലം മാത്രമല്ല അട്ടിമറിക്കുന്നത്. അതിനു മുമ്പുള്ള പല കാലങ്ങളെയുമാണ്. അനലോഗ് കാലത്തെ ഡിജിറ്റൽ കാലമാക്കിക്കളയുന്നുണ്ട്. മരണം, ജീവിതം, ഉടൽ എന്ന പരിമിതി, ഉടലിനപ്പുറത്തേക്കുള്ള സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളിലെ പൊതുബോധത്തിലെ മാറ്റങ്ങൾ എഴുതുക എന്നതായിരുന്നു വെല്ലുവിളി. ഇങ്ങനെയൊന്ന് പ്രത്യക്ഷമായി - സേതുവിന്റെ പാണ്ഡവപുരത്തിലും മറ്റും അതിന്റെ ഒരു പ്രിമിറ്റീവ് സാധ്യത പരിശോധിച്ചിരുന്നെങ്കിലും - മലയാള നോവലിൽ ഉണ്ടായിട്ടില്ലെന്നാണ് എന്റെ പഠനത്തിൽനിന്നു മനസ്സിലാക്കാൻ സാധിച്ചത്. മലയാളത്തിൽ ഇതുവരെ, കൃത്യമായ അർഥത്തിൽ റിവേഴ്‌സ് ഓട്ടബയോഗ്രഫി തന്നെ ഉണ്ടായിട്ടില്ല. വെറുതേ ഒരു കഥ പറയുകയല്ല, മായാബന്ധറിൽ. മറിച്ച്, പല കഥകളുടെയും വലിയൊരു പ്ലാറ്റ്‌ഫോം ഒരുക്കുകയാണ്.  

 

റിവേഴ്‌സ് ഓട്ടബയോഗ്രഫി എന്ന ആശയത്തിലേക്ക് താങ്കൾ വന്നതെങ്ങനെ? ഒന്നു വിശദീകരിക്കാമോ?

 

ഒരു ആത്മകഥ എഴുതാൻ ആലോചിക്കുകയായിരുന്നു ആദ്യം. എന്നാൽ എന്റെ ജീവിതം ഒരു സാധാരണ ജീവിതമായിരുന്നു എനിക്ക്. എന്നെത്തന്നെ പ്രലോഭിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന, കൊതിപ്പിക്കുന്ന, വെല്ലുവിളിക്കുന്ന ഒരു ഭയങ്കര സംഭവവും ഉണ്ടായിട്ടില്ല. എന്നാൽ, എന്റെ ചുറ്റുമുള്ള ലോകത്ത് അങ്ങനെയായിരുന്നില്ല. അതു കലാപവും ചോരയും കണ്ണീരും കണ്ടു. മുഖ്യധാരാ രാഷ്ട്രീയരംഗവും കലുഷിതമായിരുന്നു.

 

എനിക്ക് എന്നെക്കുറിച്ച് എഴുതാൻ ഒന്നുമില്ലാതിരിക്കെ, ഞാൻ ജീവിച്ച കാലത്തിനും പല ദേശങ്ങൾക്കും പലതും എന്നെപ്പറ്റി പറയാനുണ്ടായിരിക്കില്ലേ എന്നൊരു ആലോചനയിലാണ് ഒരു പ്രത്യാത്മകഥ (റിവേഴ്‌സ് ഓട്ടബയോഗ്രഫി) എന്ന ആശയം ഉണ്ടായത്. അതെന്നെക്കുറിച്ച് വളരെ അടുത്ത സുഹൃത്ത് പറഞ്ഞതിൽ നിന്നായിരുന്നു. അയാൾ പറഞ്ഞ തരത്തിലുള്ള എന്റെ ആ കാലത്തെ ജീവിതത്തെ എനിക്കറിയാൻ കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് ഏതു ജീവിക്കും അതിന് അറിയാത്ത, അതിന് ഓർമയില്ലാത്ത, അതിനു വിചാരിക്കാൻ കൂടി കഴിയാത്ത ഒരു ജീവിതമുണ്ട് എന്നെനിക്കു ബോധ്യപ്പെടുന്നത്.

Pusthakakazhcha-03

ഇങ്ങനെ ഒരു പ്രത്യാത്മകഥ എഴുതാനായി എന്റെ സുഹൃത്തുക്കളും മറ്റും എന്നെപ്പറ്റിയുള്ള അവരുടെ ഓർമകൾ അയച്ചുതരണമെന്നു കാണിച്ചു 2012 ൽ  സമൂഹമാധ്യമത്തിൽ ഒരു കുറിപ്പിട്ടു. അന്നു ഞാൻ ജോലി ആവശ്യാർഥം രാജസ്ഥാനിലെ ജയ്പുരിൽ ഒരു അപരജീവിതം നയിക്കുകയായിരുന്നു. ആ ഒരു സാഹചര്യം അത്തരം ആലോചനയ്ക്കു ഞെട്ടിപ്പിക്കുന്ന കാരണം തന്നെ. വളരെപ്പെട്ടെന്ന് എഴുത്ത് ഒരു പ്രത്യാത്മകഥയിൽനിന്ന് ഒരു നോവലിലേക്കു വഴിമാറിനടക്കുകയായിരുന്നു.

 

മലയാള നോവൽ സാഹിത്യത്തിൽ മായാബന്ധറിന്റെ സ്ഥാനം എവിടെയായിരിക്കും?

 

അതു തീരുമാനിക്കേണ്ടതു വായനക്കാരാണ്. പുതിയ എഴുത്തിന്റെ ലാവണ്യസിദ്ധാന്തങ്ങളോടു തർക്കിക്കുന്ന യുവ നിരൂപകനായ മനോജ് വീട്ടിക്കാട് നോവലിന്റെ അവതാരികയിൽ വിശദമായ വായന നടത്തുകയും ഈ ചോദ്യത്തെ ഉത്തരം കൊണ്ടു പൂരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

∙വേണ്ടപ്പോൾ ജനിക്കാനും ആവശ്യം കഴിഞ്ഞാലുടൻ ഇല്ലാതാവാനും കഴിയുന്ന സ്വച്ഛന്ദ പിറവിയുടെയും സ്വച്ഛന്ദ മൃത്യുവിന്റെയും സാധ്യത കൂടിയാണു നോവൽ മുന്നോട്ടുവയ്ക്കുന്ന കാലം.

∙സമയവും ഉടലുമാണു നോവൽ മുന്നോട്ടുവയ്ക്കുന്ന രണ്ടു മാനകങ്ങൾ. നിലവിലുള്ള മനുഷ്യസിദ്ധാന്തങ്ങൾ ജീവിതത്തെ യഥാർഥമായി പരിഗണിക്കുമ്പോൾ നോവൽ അയഥാർഥങ്ങളെ ജീവിതമായി പരിഗണിക്കുന്നു.

∙(യഥാർഥ ലോകത്ത് ഉണ്മയായ) ഉടൽ വലിയൊരു തമാശയാണു വെർച്വൽ ലോകത്ത്.

(അതും നോവലിൽ പ്രമേയമാക്കപ്പെടുന്നുണ്ട്).

∙ഭാഷയാണു നോവൽ പ്രശ്‌നവത്ക്കരിക്കുന്ന മറ്റൊരിടം. വ്യവഹാരഭാഷകൾക്കു വലിയ തോതിലുള്ള നാനാത്വങ്ങളും അവയുൾക്കൊള്ളുന്ന ഏകത്വവുമുണ്ട്. അതിഭൗതികമായ സൈബർലോകത്ത് ഒന്നിലധികം ഭാഷകൾ സാധ്യവുമല്ല.

∙ഒടുവിലെന്ത് എന്ന ചോദ്യത്തിനു നോവലിൽ പ്രസക്തിയില്ല. ആദിയുമന്തവുമില്ലാത്ത ഒന്നിൽ നിന്ന് ഒന്നിലേക്കു തുടർന്നുപോകുന്ന ജീവിതങ്ങളെ ഉള്ളിൽ വഹിക്കുന്ന ഒരു വലിയ കപ്പലാണ് (ഈ) നോവൽ.

മായാബന്ധറിന്റെ എഴുത്തുകാരനെന്ന നിലയിൽ, അല്ലെങ്കിൽ തന്നെ ദേശം അടയാളപ്പെടുത്തുന്നത് എങ്ങനെയെന്നു കേട്ടെഴുതുന്ന ഒരാളെന്ന നിലയിൽ, ഞാൻ ചെയ്യാൻ ശ്രമിച്ചതു മലയാള നോവലിന്റെ ഒരു ജീൻ എഡിറ്റിങ്ങാണ്. അതിൽ എന്റെ ബോധ്യങ്ങളുടെ വിജയപരാജയങ്ങൾ അന്തിമമായി വിധിക്കേണ്ടതു വായനക്കാർ തന്നെയാണ്.

 

അടിസ്ഥാനപരമായി താങ്കൾ ഒരു കവിയാണ്. ഈ പുസ്തകത്തിലെ വിചിത്രമായ ഭാവനകൾ ആ വിചാരത്തിന് കൂടുതൽ ബലം കൊടുക്കുന്നു. കവിയെന്ന നിലയിൽ അറിയപ്പെട്ട ശേഷം കഥയിലേക്കും നോവലിലേക്കും ചുവടു മാറ്റിയത് എന്തിന്?.

Pusthakakazhcha-02

 

അടിസ്ഥാനപരമായി ഞാനൊരു പച്ച മനുഷ്യനാവാനുള്ള ശ്രമത്തിലാണ്. ഓരോ നിമിഷവും ജീവിക്കുക, പിടിച്ചുനിൽക്കുക എന്നതായിരുന്നു എന്റെ അതിജീവനത്തിന്റെ അടിസ്ഥാന ആവശ്യം. അതിൽനിന്നു പിടിവിട്ടാൽ ഇല്ലാതാവുക എന്നതു മാത്രമായിരുന്നു അർഥം. ജീവിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം എഴുതുക എന്നതായിരുന്നു. അതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഓരോ എഴുത്തും. കവിതയായും കഥയായും നോവലായും നാടകമായും ഞാനെന്നെ എഴുതി, മായ്ച്ചു, വീണ്ടും എഴുതി. എനിക്കു വേറേ മേൽവിലാസമുണ്ടായിരുന്നില്ല. അതിനെ കവിതയെന്നോ അല്ലാത്തതെന്നോ വേർതിരിച്ചുകണ്ടിട്ടില്ല. നോക്കാൻ ശ്രമിച്ചിട്ടില്ല. കവിത തന്നെ കഥയായും നാടകം തന്നെ കവിതയായും മാറിമാറി എഴുതിനോക്കിയിട്ടുണ്ട്. എഴുത്തില്ലാത്ത ഒരു ദിവസം എനിക്കു വലിയ ആശ്വാസമാവുമായിരുന്നു. എന്നാൽ, അത് ഒഴിവാക്കാൻ സാധിക്കില്ലായിരുന്നു. ഒരു കാലത്ത് പല അസാധ്യസാഹചര്യങ്ങളിൽ പോലും ഇരുന്നും കിടന്നും എഴുതിയിട്ടുണ്ട്.

ഞാനങ്ങനെ ഒന്നിലും സ്ഥിരമായി താമസിച്ചിരുന്നില്ല. വിചാരങ്ങളിലും ആലോചനയിലും എഴുത്തിലും ഞാൻ നിന്നിടം മാറി. ആദ്യം കവിയായിത്തീർന്ന് മറ്റ് എഴുത്തുരൂപങ്ങളിലേക്കു മാറിയതൊന്നുമല്ല. ഒരേ സമയം ഞാൻ മഞ്ഞും വെയിലും കൊണ്ടു. ഒരേ സമയം ഞാൻ ആൾക്കൂട്ടത്തിലും ഏകാന്തതയിലും പെട്ടു. ഒരേ സമയം ഞാൻ ജീവിച്ചും മരിച്ചും നിന്നു. എന്റെ വഴിവിട്ട ആലോചനകളും ദുർന്നടപ്പുകളും തന്നെയായിരുന്നു ഞാൻ. എന്റെ എഴുത്തിൽ വിചിത്രത കടന്നുവരുന്നതു സ്വാഭാവികമായിട്ടാണ്.

 

കവിത, കഥ, നോവൽ എല്ലാം എഴുതുന്ന ആൾ എന്ന നിലയ്ക്ക് ചോദിക്കട്ടെ, ഏറ്റവും സംതൃപ്തി തരുന്ന മാധ്യമം  ഏതാണ്?

 

മൂർച്ച കൊണ്ടുള്ള മരണമാണോ വെടിയേറ്റുള്ള മരണമാണോ എന്നു ചോദിക്കുന്നതു പോലെയാണ് അത്. ഏതെഴുത്തും എന്നെ ജീവിപ്പിച്ചുനിർത്തിയിരുന്നതു പോലെ തന്നെ മരിപ്പിച്ചും നിർത്തിയിരുന്നു. ഓരോ എഴുത്തും എനിക്കു കുരിശുമരണമായിരുന്നു. ഞാനെഴുതുന്നതു രണ്ടാമതൊന്നു നോക്കാൻ പോലും ഞാൻ മനസ്സടുപ്പം കാണിച്ചില്ല. ഒരു വരിയും തിരുത്തിയെഴുതിയില്ല. എല്ലാം അതിന്റെ തെറ്റുകുറ്റങ്ങളോടെ തുടർന്നു. എഡിറ്റ് ചെയ്യപ്പെടാത്തതാണ് ജീവിതം എന്നത് എഡിറ്റ് ചെയ്യപ്പെടാത്തതാണ് എഴുത്ത് എന്ന തിരുത്തിലേക്കു വന്നു. എഴുത്ത് ഒരേ സമയം ജീവിതത്തോടു ചേർത്തു നിർത്തലും ദുർന്നടപ്പുകളുടെ മാനിഫെസ്റ്റോയുമായി.  എങ്കിൽത്തന്നെയും നോവലെഴുത്താണു കൂട്ടത്തിൽ കൂടുതൽ സംതൃപ്തി. അതു ഖണ്ഡഃശയായി നടക്കുന്ന മരണമാണ് എന്നതു കൊണ്ടാണ്. അധ്യായങ്ങളധ്യായങ്ങളായി ഇഞ്ചിഞ്ചായുള്ള പ്രണയം.

 

മായം ചേർക്കാത്ത വെളിച്ചെണ്ണ എന്നു പറയും പോലെ, ഒട്ടും കലർപ്പില്ലാത്ത സാഹിത്യം എഴുതുന്ന ആളാണ് താങ്കൾ. മേതിൽ രാധാകൃഷ്ണൻ തുടങ്ങിവച്ചൊരു ധാരയിലാണ് താങ്കളുടെയും നിൽപ്. സ്വയം വിലയിരുത്തൽ എന്താണ്?

 

മലയാളത്തിൽ മേതിൽ കളിച്ചിട്ടുള്ളത്ര കളിയൊന്നും ആരും കളിച്ചിട്ടില്ല എന്നു ഞാൻ എഴുത്തുകാരായ പല സുഹൃത്തുക്കളോടും പറയുമായിരുന്നു. ചിലരെ, മേതിലിനു പഠിക്കുന്നു എന്ന് ഏഷണി കൂട്ടി. എന്നാൽ, മേതിലിന്റെ വഴിയല്ല എന്റേതെന്നു തോന്നിയിട്ടുണ്ട്. ശുദ്ധമായ സാഹിത്യം എഴുതുമ്പോഴും മേതിലിന്റെ എഴുത്തിൽ ഒരു അക്കാദമിക് ഇന്റലിജൻസ് അന്തർധാരയായി വർത്തിക്കുന്നുണ്ട് എന്നാണ് എന്റെ പക്ഷം. ഒരുപക്ഷേ, ആനന്ദ് തുടങ്ങിവച്ചത്.

 

ഈ അക്കാദമികത ഒഴിവാക്കാനാണു ഞാൻ എഴുത്തിൽ ശ്രമിച്ചത്. അതിൽ വിജയിച്ചോ എന്ന് ഞാനല്ല മാർക്കിടേണ്ടത്. മലയാള വായനയുടെ പൊതു ശീലത്തെ അട്ടിമറിക്കുക എന്നതായിരുന്നു എന്റെ രീതി. തനിക്ക് എന്തിലും ഒരു പോസിറ്റീവ് നെഗറ്റിവിറ്റി ഉണ്ട്, അതാണു കുഴപ്പം എന്ന് എന്റെ ഒരു മുതിർന്ന സഹപ്രവർത്തകൻ പറഞ്ഞിട്ടുണ്ട്. നിന്റെ എഴുത്തിന് ഒരു സ്ട്രക്ച്ചറൽ ടോട്ടാലിറ്റി ഇല്ല എന്നു സഹഎഴുത്തുകാരിലൊരാൾ പറഞ്ഞതായി ഓർക്കുന്നു.

 

ഞാനെന്തോ അതാണു ഞാൻ എന്നും ഞാൻ എഴുതുന്നതെന്തോ അതാണെന്റെ എഴുത്ത് എന്നുമാണ് അതിനു രണ്ടിനോടുമുള്ള മറുപടി. ഇതു തന്നെയാണ് എന്റെ മാനിഫെസ്റ്റോ. എന്നെപ്പറ്റിയുള്ള എന്റെ വിലയിരുത്തൽ.

 

ഹെയർ പിൻ വളവ് മോഷ്ടിക്കുന്ന ലോറി ഡ്രൈവർ, ഭാര്യയുടെ കൈരേഖകൾ മോഷ്ടിച്ച് കടന്നു കളയുന്ന ഭർത്താവ് ... തുടങ്ങി ഭ്രമകൽപനകൾ എന്നു തോന്നുന്ന  ഒട്ടേറെ പ്രയോഗങ്ങൾ ഈ നോവലിലുണ്ട്. ഇത്തരം പ്രയോഗങ്ങൾ താങ്കളുടെ മിക്ക രചനകളിലും കാണാം. ഭാഷയുടെയും ഭാവനയുടെയും സൗന്ദര്യം ആസ്വദിക്കാനാവുന്ന പ്രയോഗങ്ങളാണെങ്കിലും ഒരു റിയലിസ്റ്റിക് സമൂഹത്തിന് അവയൊന്നും വേണ്ടുംവണ്ണം ആസ്വദിക്കാനായെന്നു വരില്ല. ഇത്തരം ഉപമകൾ കൊണ്ട് താങ്കൾ ലക്ഷ്യമാക്കുന്നത് എന്താണ് ?

 

ഒരു റിയലിസ്റ്റ് സമൂഹത്തിനു വേണ്ടി മാത്രമായി ഞാനൊന്നും എഴുതിയിട്ടില്ല. സമൂഹത്തെ നേർവഴിക്കു നയിക്കാമെന്നോ അസ്വസ്ഥതകളാകെ എഴുതിമറിക്കാമെന്നോ എനിക്ക് അവകാശവാദമൊന്നുമില്ല. ഹെയർപിൻ വളവു മോഷ്ടിക്കുന്ന ഡ്രൈവർ, വീട്ടിൽ വരുമ്പോൾ വരുന്ന വഴിയിലെ ഹെയർപിൻ വളവുകൾ പൊതിഞ്ഞുകെട്ടിക്കൊണ്ടുവരുന്ന അച്ഛൻ തുടങ്ങിയവ നോവലിലും കവിതയിലും ഉപയോഗിച്ചിട്ടുണ്ട്.

 

റിയലിസ്റ്റ് സമൂഹത്തിലെ സാധ്യതകളെയാണ് അത്തരം ഇമേജറികളിലൂടെ ഞാൻ വിവരിക്കാൻ ശ്രമിക്കുന്നത്. അതു ഞാനായിട്ടു തുടങ്ങിവച്ചതൊന്നുമല്ല. കലയിലും സാഹിത്യത്തിലും അതെല്ലാം കാലാകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഭാഷയുടെ ആർത്തവ വിരാമം വന്ന വാക്കുകൾ ഒഴിവാക്കേണ്ടതുണ്ട്. പറഞ്ഞുപഴകിപ്പോയ ഭാഷാശീലങ്ങൾ കുടഞ്ഞെറിഞ്ഞുകളയേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളാണ്.

താമരശ്ശേരി ചുരമിറങ്ങിവന്ന ഡ്രൈവർ ചന്ദ്രപ്പനെ ഹെയർപിൻ വളവ് മോഷ്ടിച്ചുകടത്തിയെന്ന കാരണത്തിൽ കുറ്റക്കാരനാക്കുന്ന കാര്യം നോവലിൽ ഉണ്ട്. ഈ ഇമേജറി ഗദ്യത്തിൽ ഉപയോഗിച്ചത് അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയാവസ്ഥ അനുഭവിപ്പിക്കാനായിരുന്നു.

 

കഴിഞ്ഞ ആറു ദശകത്തിനുള്ളിൽ രാജ്യം കണ്ടത് അത്തരത്തിലുള്ള രാഷ്ട്രീയക്കാഴ്ചകളായിരുന്നു എന്ന് ആരാണ് സമ്മതിക്കാത്തത്. ഈ കടുത്ത അനുഭവങ്ങളെ എഴുതാൻ അതേക്കാളും കടുത്ത ഭാഷാപ്രയോഗങ്ങൾ വേണ്ടിവരുന്നുണ്ട് എന്നതു തന്നെ കാരണം.

 

മലയാളത്തിലെ ആദ്യ ചെറുകഥയെഴുതിയ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ കുഞ്ഞനന്തരവന് എഴുത്ത് പാരമ്പര്യവഴിയിൽ കിട്ടിയതാണോ? കുടുംബത്തിൽ വേറെ എഴുത്തുകാരുണ്ടോ?

 

ആരാണ് എഴുത്തുകാരായി അല്ലാത്തത്. എല്ലാവരുടെയും ഉള്ളിൽ ഘടനാപരവും അല്ലാത്തതുമായ ഭാവനകളുണ്ടാവുന്നുണ്ട്. ഈ ഭാവനകളെ കൈകാര്യം ചെയ്യാൻ കഴിയുന്നു എന്ന കാരണത്താൽ മാത്രമാണ് ഒരാൾ എഴുതിയതു പ്രസിദ്ധീകരിച്ച് എഴുത്തുകാരനായി മാറുന്നത്. എഴുതാത്ത കോടിക്കണക്കിന് ആളുകളുണ്ട്; അവർക്ക് ഒന്നിലേറെ കഥകൾ പറയാനും. എന്നാൽ അത് ഇപ്പോൾ സാധിക്കുന്നില്ല എന്നേയുള്ളൂ. നാളെ അതുണ്ടായിക്കൂടാ എന്നുമില്ല.

 

കുഞ്ഞിരാമൻ നായനാരുടെ വേങ്ങയിൽ കുടുംബത്തിൽ അങ്ങനെ കൂടുതൽ എഴുത്തുകാരില്ല. എന്നാൽ, പലർക്കും പറയാൻ കഥകളുണ്ടായിരുന്നു. കഥകളുടെ വലിയ ഒരു കാടായിരുന്നു തറവാട്. ആ കാട്ടിൽ വഴിതെറ്റിപ്പോയ ഒരാളാണു ഞാനെന്ന അഹങ്കാരം മാത്രമേ എനിക്കുള്ളൂ.

 

മലയാളത്തിൽ വായനാസമൂഹത്തെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാധ്യമമാണ് കവിത. എന്താവാം ഇതിനു കാരണം.?

 

മലയാളത്തിൽ എന്നല്ല, ഏതു ഭാഷയിലും ഏറ്റവും കുറവു വായനക്കാരുള്ള ഒരു എഴുത്തുരൂപമാണു കവിത. എക്കാലത്തും. അനാദിക്കടയിൽ ഏറ്റവും കുറച്ചുമാത്രം വാങ്ങുന്നത് ഉപ്പാണ്. ജീവിതത്തിന്റെ ഉപ്പാണു കവിത.

 

എഴുത്തുരൂപങ്ങളിൽ ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടക്കുന്നതു കവിതയിലാണ്. കവിത ക്ലാസിക്കൽ രൂപത്തിൽനിന്ന് ഇന്ന് എത്രയോ മാറിപ്പോയിട്ടുണ്ട്. അത് ഈ പരീക്ഷണങ്ങളുടെ ഫലമായാണ്. പുതിയ കവിത നാളിതുവരെ നോക്കാത്ത ഇടങ്ങളിലേക്ക്, വരേണ്യത പിണ്ഡം വച്ച് പടിയിറക്കിവിട്ട ജീവിതങ്ങളിലേക്ക്, ഭാഷയുടെ അരികുകളിലേക്ക്, സൂക്ഷ്മ രാഷ്ട്രീയത്തിലേക്ക് നോക്കുകയാണ്. പലചരക്കു കടയിലേക്കുള്ള ലിസ്റ്റിൽ പോലും കവിതയുള്ള പുതിയ രാഷ്ട്രീയ കാലത്ത് അതിന്റെ പ്രസക്തി വർധിക്കുകയാണ്. കവിത വായിക്കാതെയും ജീവിക്കാം എന്നതിനും മാറ്റം വന്നുതുടങ്ങി. കവിത വായിക്കാതെ ജീവിക്കാനാവില്ല എന്ന തിരിച്ചറിവിന്റെ ഇക്കാലത്തു കൂടുതൽ വായനക്കാർ കവിതയ്ക്കുണ്ടാകുന്നുണ്ട്. എന്തും കൃത്യമായി പറയാനുള്ള രണ്ട് എഴുത്തുരൂപമേ ഉള്ളൂ. ഒന്ന് കവിത, രണ്ട് നോട്ടിസ്. അതുകൊണ്ടു കവിത കൂടുതൽ വായനക്കാരുടെ ഇടത്തേക്കു വന്നുകൊണ്ടിരിക്കുകയാണ്, എന്നാണ് എനിക്ക് പറയാൻ സാധിക്കുക.

 

എഴുത്ത് വ്യത്യസ്തമാക്കാൻ എന്തൊക്കെ ചെയ്യാറുണ്ട്?

 

എഴുത്തു വ്യത്യസ്തമാവുന്നതോ വ്യത്യസ്തമാക്കുന്നതോ എന്നതാണു ചോദ്യം. അതിന്റെ ഉത്തരം വ്യത്യസ്തമാക്കുന്നത് എന്നും.

എഴുത്തുകാരന്റെ നേരനുഭവമല്ല എഴുത്ത്. അത് അയാളുടെ ജീവചരിത്രമല്ല. അയാളുടെ ഇസിജി അല്ല. മറിച്ച് ബോധപൂർവം സൃഷ്ടിക്കുന്ന ഒരു കലക്റ്റീവ് ചരിത്രമെഴുത്തു തന്നെ. എന്നാൽ, അനലോഗ് ചരിത്രമെഴുത്തിൽനിന്നു ഡിജിറ്റൽ ചരിത്രമെഴുത്താണ് അത്. സർഗാത്മക എഴുത്ത് എന്നാൽ ഗവേഷണം ചെയ്തു പഠിച്ചു കണ്ടെത്തുന്ന തീസിസുമല്ല. അതു ജീവിതങ്ങളുടെ എഴുത്തുതന്നെയാണ്.  

 

എഴുത്തിനെ വ്യത്യസ്തമാക്കാൻ പല രീതികളുമുണ്ടല്ലോ. മോഡേണിസ്റ്റ് എഴുത്തിനെ അതിശയിച്ചു പോസ്റ്റ് മോഡേണിറ്റിയും നിയോ പോസ്റ്റ് മോഡേണിറ്റിയും ഒക്കെ പാശ്ചാത്യഭാഷകളിലും കിഴക്കു മുറാകാമിയിലുമൊക്കെ എത്തിക്കഴിഞ്ഞിട്ടു തന്നെ വർഷങ്ങളായി. മലയാളത്തിൽ അതു വയസ്സറിയിച്ചുതുടങ്ങിയിട്ടേ ഉള്ളൂ. അതിൽ കുണ്ഠിതപ്പെടേണ്ട കാര്യമുണ്ടെന്നും തോന്നുന്നില്ല.

പാരഡൈം ഷിഫ്റ്റ് എന്നു പറയുന്നതുപോലെയൊക്കെ എഴുത്തു മാറിക്കഴിഞ്ഞു. ഇനി പഴയ രീതിയിൽ ഒന്ന് എഴുതപ്പെടില്ലതന്നെ. ഇനി അഥവാ, എഴുതപ്പെട്ടാലും അതിൽ എഴുത്തുകാരൻ ഒളിപ്പിച്ചുവച്ചിരിക്കുന്ന ഒരു ഗൂഢലക്ഷ്യം ഉണ്ട്.

 

എഴുത്തു സ്വാഭാവികമായി മാറ്റപ്പെടുന്ന സർഗാത്മക കാലത്ത് അത് സംഭവിക്കപ്പെടുക തന്നെ വേണം. ഞാൻ അതിൽ നോക്കുന്ന ഒരു കാര്യം ഫിക്‌ഷന്റെ തിരിച്ചുപിടിക്കൽ തന്നെയാണ്. ഫിക്‌ഷൻ എന്നതു റിയലിസ്റ്റിക് ആയ, യുക്തിഭദ്രമായ ഒന്നല്ല. എന്തിനും സാധ്യതകളും അസാധ്യതകളുമുള്ള ഭാവനയുടെ അട്ടിമറി തന്നെയാണത്.

 

English Summary: Pusthakakkazhcha column by Ravivarma Thampuran on V. Jayadev

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com