ADVERTISEMENT

‘ഞാനിങ്ങു ചിന്താശകലങ്ങൾ കണ്ണുനീരിൽപ്പിടിപ്പിച്ചൊരു കോട്ടകെട്ടി;

 അടിച്ചുടച്ചാൻ ഞൊടികൊണ്ടതാരോ പ്രപഞ്ചമേ നീയിതു തന്നെയെന്നും’

 

‘കണ്ണുനീർത്തുള്ളി’ എന്ന  അനശ്വര വിലാപകാവ്യം ഇങ്ങനെയാണ് നാലപ്പാട്ട് നാരായണമേനോൻ തുടങ്ങുന്നത്. ഈ വരികളൊന്നു മാത്രം മതി പ്രിയതമയെ നഷ്ടപ്പെട്ട ഒരാളുടെ വേദനയും നിസ്സഹായതയും മനസ്സിലാക്കാൻ. അതേ വേദനയിൽ നിന്നു തന്നെയാണ് കേണൽ സുരേശന്റെ ഈ ‘60 മുറിവുകളും’ പിറവിയെടുക്കുന്നത്. ഇതിലെ ഓരോ മുറിവും ഓരോ വാതിലാണ്; ഓർമകളിലേക്ക് തുറക്കുന്ന വാതിൽ. പ്രിയപ്പെട്ടവളുടെ വിയോഗത്തിനു ശേഷം തന്റെ ഓർമകളെ വരികളും വരകളുമാക്കി ആദ്യം പുസ്തകത്തിലേക്കും ഇപ്പോൾ ക്യാൻവാസിലേക്കും എത്തിച്ചിരിക്കുകയാണ് കേണൽ സുരേശൻ.

 

കവിത വായിക്കുക എന്നതിനപ്പുറം കവിത കാണുക എന്ന രീതിയിൽ പോസ്റ്റർ കവിതകളായാണ് ‘60 മുറിവുകൾ’ അവതരിപ്പിച്ചിരിക്കുന്നത്. മനോഹരമായ വരികൾ, മികച്ച വരകളിലൂെട സുരേശൻ തന്നെയാണ് ആസ്വാദർക്കു മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്. സുരേശന്റെ വരകൾ കവിതകളെത്തന്നെ അതിശയിപ്പിക്കുന്ന തരത്തിലാണ്. ‘നിന്നിലേക്കു പറന്നുപറന്ന് എന്നിലേക്കുള്ള വഴി തെറ്റി’ എന്ന വരികൾക്ക്  ആകാശത്തിനു കുറുകെയുള്ള വള്ളിയിൽ തനിച്ചായപ്പോയ കാക്കയെയാണ് സുരേശൻ ചിത്രീകരിച്ചിരിക്കുന്നത്. ഇതുപോലെ 60 കുറുകവിതകളും വരകളുമായി കാഴ്ചക്കാരനെ ഗൃഹാതുരതയിലേക്കു കൂട്ടിക്കൊണ്ടുപോകുകയാണ് സുരേശൻ. ഈ പോസ്റ്റർ കവിതകളുടെ പ്രദർശനം കണ്ണൂരിലെ സ്പേസ് ആർട് ഗാലറിയിൽ ആരംഭിച്ചു.  

 

കണ്ണൂർ ചാല സ്വദേശിയാണ് കേണൽ സുരേശൻ. 36 വർഷത്തെ സൈനിക സേവനത്തിനു ശേഷം 2011ലാണ് വിരമിച്ചത്. കവി അയ്യപ്പന്റെ കവിതകളെ ആസ്പദമാക്കി വരച്ച ‘ബലിക്കുറിപ്പുകൾ’ ചിത്രപരമ്പര ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ‘60 മുറിവുകൾ’ എന്ന പുസ്തകത്തിനു പുറമെ, ‘കുട്ടികൾ അച്ഛനുമമ്മയും കളിക്കുമ്പോൾ’, ‘തിമിരകാലം’ എന്നിവയാണ് മറ്റു കവിതാ സമാഹാരങ്ങൾ.

 

English Summary: ‘60 Murivukal’ poems written by Colonel Suresan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com