‘ദയവു ചെയ്‌ത് നിങ്ങൾ കോവിഡിനെക്കുറിച്ച് എഴുതാതിരിക്കൂ... ’
Mail This Article
എന്താണ് നമ്മൾ ഇപ്പോൾ വായിക്കുന്നത് എന്താണ് നമ്മൾ ഇപ്പോൾ എഴുതാൻ ഭാവിക്കുന്നത്. നമ്മൾ വായിക്കുന്നത് അനുസരിച്ച് ചിന്തിക്കുന്നത് അനുസരിച്ച് അത് മാറാൻ പോകുകയാണ്. നമ്മൾ ഇപ്പോൾ വായിക്കുന്നത് മിക്കവാറും ഒറ്റപ്പെടലിനെക്കുറിച്ചാണ്. എന്നാൽ ബൃഹത്തായി ചിന്തിക്കുകയാണെങ്കിൽ ഭരണകൂടത്തിന്റെ നിസ്സംഗത്തെക്കുറിച്ച് സാമ്പത്തിക തകര്‍ച്ചയെ കുറിച്ച്. പക്ഷേ ഇപ്പോൾ മറ്റൊന്നിനെക്കുറിച്ചും കേൾക്കാൻ നമ്മുടെ മനസ്സ് അനുവദിക്കുന്നില്ല. എന്താണ് എഴുതേണ്ടത് എന്നു ചിന്തിക്കാനും ഇപ്പോൾ സാധ്യമല്ലാതെ വന്നിരിക്കുന്നു.
എങ്കിലും തീർച്ചയായും എഴുതപ്പെടും. കോവിഡാനന്തര കാലം മിക്കവാറും എഴുത്തിന്റെയും വായനയുടെയും സമയം ആയിരിക്കും എന്നുള്ളത് തീർച്ചയാണ്. നമ്മുടെ മനസ്സിന് തുറസ്സ് ആവശ്യമാണ്. പക്ഷേ കോവിഡിനെ കുറിച്ച് ഇപ്പോൾ എഴുതാൻ വരട്ടെ എന്നാണ് പല എഴുത്തുകാരും ചിന്തിക്കുന്നത്. ‘ദ് അൺ ഫിനിഷ്ഡ് വേൾഡ്’ എഴുതിയ ന്യൂയോർക്കിലെ പ്രശസ്‌ത എഴുത്തുകാരി ആമ്പേർ സ്പാർക്സ് പ്രഖ്യാപിച്ചത് ഒരു ഇരുപതു കൊല്ലം കൊടുക്കൂ അവർക്ക് കോവിഡിനെ കുറിച്ച് എഴുതാൻ അല്ലെങ്കിൽ കോവിഡിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് എഴുതാൻ എന്നാണ്. ഇപ്പോൾ എഴുതാൻ നേരമുണ്ടോ എന്നൊരു ചോദ്യവും അവർ ചോദിക്കുന്നുണ്ട്. ‘No Pandemic Novels’ എന്ന് മറ്റൊരാൾ.
പക്ഷേ Post pandemic fiction അല്ലെങ്കിൽ Post pandemic കവിതകൾ എന്തായിരിക്കും ചർച്ച ചെയ്യാൻ പോകുന്നത്. എന്തായിരിക്കും നമ്മൾ വായിക്കാൻ പോകുന്നത്. എന്താണ് എഴുതപ്പെടാൻ പോകുന്നത്. മുതലാളിത്തത്തെക്കുറിച്ച്, അധികാര സ്വരൂപങ്ങളെക്കുറിച്ച് അഴിമതിയുടെ സ്വീകരണത്തെക്കുറിച്ച്, അസ്ഥിരതയെക്കുറിച്ച് അപകടകരമായ അവസ്ഥകളെക്കുറിച്ച് ആത്യന്തികമായി ഒറ്റപ്പെട്ട് പോകുന്ന അനാഥമായി പോകുന്ന മൃതദേഹങ്ങളെക്കുറിച്ച് തീർച്ചയായും നമ്മൾ എഴുതാൻ പോകുകയാണ്. എല്ലാ ദുരന്തങ്ങളും സാഹിത്യത്തിന് നിദാനമായിട്ടുണ്ട്. ഒന്നാം ലോക മഹായുദ്ധം കഴിഞ്ഞതോടെയാണ് വിർജീനിയ വോൾഫ് മിസിസ് ഡാലോവെ എഴുതുന്നത്. ‘വേസ്റ്റ് ലാൻഡ്’ ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം അതിന്റെ പ്രതിഫലനമായി എഴുതിയതാണ്. സർവോപരി പ്രചാരത്തിലുള്ള ഹെമിങ്‌വേയുടെ‘ എ ഫെയർ വെൽ ടു ആംസ്’ ഒന്നാം ലോക മഹായുദ്ധത്തിന്റെ പ്രതിഫലനമാണ്.
രണ്ടാം ലോകമഹായുദ്ധം അതുപോലെ മലയാളത്തിൽ ധാരാളം അനുരണനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. തകഴി എഴുതിയിട്ടുള്ള കഥകൾ. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പട്ടാളക്കാർ തിരിച്ചു വരുമ്പോൾ ഉള്ള അവസ്ഥകൾ. ഇല്ല എന്ന് കരുതിയവർ തിരിച്ചു വരുമ്പോഴുള്ള കഥകൾ നമുക്ക് ധാരാളമുണ്ട് സിനിമകൾ നമുക്ക് ധാരാളമുണ്ട്. എല്ലാ മാനുഷിക പ്രശ്നങ്ങളും ആത്യന്തികമായി കലയിലേക്കും സാഹിത്യത്തിലേക്കും തിരിയുകയും വഴിമരുന്നിടുകയും ചെയ്യുന്നു. ഇന്നത്തെ മഹാമാരി, വൻ മാറ്റങ്ങൾ കലയിലും സാഹിത്യത്തിലും വരുത്തും.
ചില സാഹിത്യ കൃതികൾ വളരെ സ്വപ്‌നാത്മകമാണ് അല്ലെങ്കിൽ വിദൂരമായ ഭാവി പ്രവചിക്കുന്നതാണ് പ്രവചനാത്മകമായ ഒരു കൃതി ആയിരുന്നു 2005 ൽ പീറ്റർ മേ എഴുതിയ ‘ലോക് ഡൗൺ’. നമ്മളിപ്പോൾ ഈ പേര് ധാരാളം കേട്ടിട്ടുള്ളതാണ്. 2005 ൽ എഴുതിയതാണ് ലോക് ഡൗൺ അന്ന് ഒരു പബ്ലിഷറും അത് പ്രസിദ്ധീകരിക്കാൻ തയാറായില്ല. കാരണം ഇത് തീരെ അസാധ്യമായ ഒരു നോവലാണ്. ലോക് ഡൗൺ അസാധ്യമായ ഒരു വാക്കാണ് എന്ന പേരിൽ 2005 ൽ നിരാകരിക്കപ്പെട്ട നോവൽ ഇതാ ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെടുന്നു. 2021 ൽ പതിനാറു കൊല്ലത്തിനു ശേഷം ലോക് ഡൗൺ എന്ന നോവൽ അതേപടി പ്രസിദ്ധീകരിക്കപ്പെടുന്നു. മാറി മറിയുകയാണ് കലയും സാഹിത്യവും. അത് ചരിത്രത്തിൽ നിന്നും നമ്മൾ പലതും കുഴിച്ചെടുക്കുകയാണ് പുനഃ പരിശോധിക്കുകയാണ് അതാണ് ഇനിയത്തെ സാഹിത്യം.
പ്രകൃതിയുടെ തിരിച്ചടിയാണോ ഇത് ചോദ്യം ഞാൻ ചോദിച്ചു കഴിഞ്ഞു. അങ്ങനെ വിചാരിക്കുന്നവരുണ്ട്. അതിൽ സത്യം ഉണ്ടെന്നതും നമുക്കറിയാം. കാരണം പ്രകൃതിയോടുള്ള ചില വെല്ലുവിളികൾ അതാണ് ഈ വൈറസിനു കാരണമായത് എന്ന് നമുക്കറിയാം. വുഹാനിലെ മാർക്കറ്റിൽ വന്യ മൃഗങ്ങളെ ആഹാരമായി എടുത്തവർ ജീവിത ശൈലി ആയി മാറ്റിയവർ അതു വഴിയാണ് വൈറസ് നമ്മളിൽ പടർന്നത്. അത് സത്യമാണ് അപ്പോൾ നമ്മൾ പ്രകൃതിയെ എങ്ങനെ പീഡിപ്പിക്കുന്നു. പ്രകൃതിയെ എങ്ങനെ വീക്ഷിക്കുന്നു എന്നുള്ളത് ഒരു കാര്യമാണ്.
ആന്ത്രോപ്പസി അല്ലെങ്കിൽ മനുഷ്യരുടെ യുഗമാണ് എന്ന് ചിന്തകളുടെ അഭിപ്രായം. ഫസ്റ്റ് ഹ്യുമൻ തിങ്കിങ് നമുക്കിന്ന് ധാരാളമുണ്ട്. മനുഷ്യനാണോ ആത്യന്തികമായി പ്രകൃതിയിലെ കഥാപാത്രം. അങ്ങനെയുള്ള ഒരു ദുഷ് ചിന്ത അല്ലെങ്കിൽ അങ്ങനെയുള്ള ഒരു പാഴ് ചിന്ത നമ്മെ എവിടെയാണ് കൊണ്ട് എത്തിച്ചിരിക്കുന്നത്. അത്രമാത്രം തന്നെ നമ്മൾ പ്രകൃതിയെ മാറ്റിമറിച്ചിരിക്കുന്നു എന്നുള്ളതാണ്.
കോവിഡിനെക്കുറിച്ചുള്ള എഴുത്തിനെക്കുറിച്ചു പറയുമ്പോൾ ആദ്യമായി ഏറ്റവും പ്രധാനമായിട്ടുള്ള പുസ്‌തകം നമുക്കറിയാം. സിസേക്കിന്റേതാണ്. പാൻഡെമിക് ഒരു ആശ്ചര്യ ചിഹ്നത്തോടെ കഴിഞ്ഞ വർഷം കഴിഞ്ഞ വർഷം ഇറങ്ങിയ പുസ്‌തകം. അദ്ദേഹം പറയുന്നത് ഇത് മനുഷ്യർ, പ്രകൃതി ഒന്നും ഇടപെടാത്ത ഒന്നാണ്. കാരണം മഹാമാരികൾ പണ്ടേ വന്നു പോയിട്ടുണ്ട്. അത് മനുഷ്യരുടെ ഇടപെടലുകൾ അല്ലായിരുന്നു എന്നതാണ്. ഒരു ഉൽക്ക വന്നു പതിക്കുന്നത് പോലെ സ്വാഭാവികമായ ഒരു ദുരന്തമാണിത് എന്നാണ് സീസെക്ക് വാദിച്ചത്. അതിനെക്കുറിച്ച് ധാരാളം എഴുത്തുകൾ വന്നിട്ടുണ്ട്. അപ്പോൾ സീസെക്ക് ആണ് കൊറോണയെക്കുറിച്ചുള്ള എഴുത്തിൽ പ്രധാനമായ ഒരു കഥാപാത്രം. കാരണം അദ്ദേഹത്തിന്റെ പുസ്തകത്തിന് പേര് ഇട്ടത് പാൻഡെമിക് കഴിഞ്ഞ് ഒരു ആശ്ചര്യ ചിഹ്നം ഉണ്ട് ഒരു ബ്രോഡ്‌വേ മ്യൂസിക്കൽ ആണോ എന്ന് സംശയിക്കാവുന്നതാണ്. അല്ലെങ്കിൽ ഒരു ഹൊറർ സിനിമയ്ക്കുള്ള കഥാതന്തുവാണ് എന്നു വരെ സംശയിക്കാവുന്നതാണ് അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ തലക്കെട്ട്.
അതിനെക്കുറിച്ച് ധാരാളം ചർച്ചകളും എഴുത്തുകളും വന്നിരിക്കുന്നു. അപ്പോൾ നമ്മൾ അറിയാതെ നമ്മുടെ ചിന്തകളും എഴുത്തുകളും മാറിപ്പോയിരിക്കാം. പക്ഷേ ഇപ്പോൾ നമുക്ക് എന്താണ് വേണ്ടത് പല ബുക്ക് പബ്ലിഷേഴ്‌സും പറയുന്നത് ദയവു ചെയ്‌ത് നിങ്ങൾ കോവിഡിനെക്കുറിച്ച് എഴുതാതിരിക്കു എന്നാണ് ആർക്കും വേണ്ട അത് കാരണം അത് നമ്മുടെ അനുഭവമാണ്. പ്രശസ്‌ത പ്രസാധകരായ ഹാപ്പർ കോളിൻസ് പ്രത്യേക നിബന്ധന പറഞ്ഞിരിക്കുന്നു നിങ്ങൾ കോവിഡിനെക്കുറിച്ച് പുസ്തകം എഴുതുകയാണെങ്കിൽ ഞങ്ങൾക്ക് അത് വേണ്ട എന്ന്. കാരണം അത് നമ്മുടെ അനുഭവമാണ് ഇപ്പോൾ. അനുഭവം അതേപടി എഴുതുന്നത് കലയല്ല. അനുഭവത്തെ സത്യത്തെ അസത്യമാക്കി മാറ്റുന്നതാണ് കല. സത്യം അത് അതേപടി ആവിഷ്കരിച്ചാൽ അതിൽ കാലാംശമില്ല. നിങ്ങൾ അസത്യം നിർമിക്കുക, നിങ്ങൾ കള്ളക്കഥകൾ പറയുക. അവിടെയാണ് സാഹിത്യം. അവിടെയാണ് കല. അപ്പോൾ കള്ളക്കഥകൾ നമ്മൾ എഴുതേണ്ടിയിരിക്കുന്നു. കള്ളക്കഥകളാണ് നമുക്കിപ്പോൾ കേൾക്കേണ്ടത്. നമ്മൾ കള്ളക്കഥകളാണ് വായിക്കേണ്ടത്
അതുകൊണ്ട് ഇനി വരുന്ന പുസ്‌തകങ്ങൾ മിക്കതും Escapism അല്ലെങ്കിൽ പലായനപ്രവണത ഉള്ളതായിരിക്കും എന്നുള്ളതാണ് കണക്കു കൂട്ടൽ. ഒരുഭാഗത്ത് escapism അല്ലെങ്കിൽ പലായനപ്രവണത, ഫാന്റസി വിഭ്രാന്ത ചിന്ത അതാണ് നമുക്കിപ്പോൾ ആവശ്യം. നമുക്ക് സ്വാസ്ഥ്യം പകരുന്നത് അതാണ്. അല്ലാതെ ഇപ്പോഴത്തെ റിയലിസം അല്ല. മറ്റൊരു വശത്ത് ആത്മവിമോചനത്തെക്കുറിച്ച് ചിന്തിക്കാം. അതാണ് നമുക്കിപ്പോൾ ആവശ്യം. ഇപ്പോൾ ചെറുപ്പക്കാർ അത്യാവശ്യമായി പറയുന്നത് അവർക്ക് റൊമാന്റിക് സിനിമകൾ കാണാനാണ് റൊമാന്റിക് നോവലുകൾ വായിക്കാനാണ് ഇഷ്ടം എന്നാണ്. എസ്‌കേപിസം അതാണ് അവർക്കാവശ്യം. കാല്പനികമായിട്ടുള്ള കഥകൾ ആ കഥകൾ ഞങ്ങളോട് പറയുക. കാല്പനികമായിട്ടുള്ള കവിതകൾ ഞങ്ങൾക്ക് തരിക എന്നാണ്. അതാണ് വേണ്ടത് അല്ലാതെ അനുഭവങ്ങൾ അല്ല. അനുഭവങ്ങൾ ഇന്നത്തേതാണ്. നമുക്ക് അനുഭവങ്ങൾക്കപ്പുറം നാളത്തെ നമ്മുടെ മനസ്സിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് കാല്പനികതയെ നമ്മൾ ആഞ്ഞു പുൽകിയിരിക്കേണ്ടത്. ഹൊറർ പലർക്കും ഇപ്പോൾ കേൾക്കാൻ കൊതിയുള്ള കഥാതന്തുവാണ്. കാരണം മായികമായ ഒരു ശത്രു നമുക്ക് എതിരെ വരുമ്പോൾ അതിനെതിരെ പൊരുതി ജയിക്കുന്നതായ ഹൊറർ കഥകൾ ഞങ്ങൾക്ക് പറഞ്ഞു തരിക.
മലയാള സിനിമയിൽ ഇപ്പോൾ ഒരുപാട് ഹൊറർ സിനിമകൾ ഇറങ്ങിയിട്ടുണ്ട്. നമ്മുടെ ഉള്ളിലെ ഭീതി ഇപ്പോഴത്തെ ഭീതി ആവിഷ്കാരമായി വരികയാണ്. മാജിക്കൽ റിയലിസം ഞങ്ങളോട് പറയൂ അതാണാവശ്യം. കോവിഡ് സമയത്ത് കോവിഡ് കഴിഞ്ഞിട്ട് അതാണ് നമുക്ക് പറഞ്ഞു തരേണ്ടത്. ആന്ത്രോപ്പസി ആകട്ടെ അല്ലെങ്കിൽ സീസെക്കിന്റെ വാദഗതികൾ ആകട്ടെ അതല്ല ഇപ്പോഴത്തെ കാര്യം. നഷ്ടങ്ങളുടെ കാലത്തെക്കുറിച്ചുള്ള ഓർമകൾ ഞങ്ങൾക്കിനിയും വേണ്ട. പക്ഷേ ഇനിയുള്ള ഒരു കാലത്ത് ഏകാന്തതയുടെ ഭീതികങ്ങളായ നിമിഷങ്ങളെക്കുറിച്ച് നമ്മൾ ഓർത്തെന്നിരിക്കും അതുപോലെ തന്നെ ഒറ്റപ്പെടലിന്റെ ഭീതിയെക്കുറിച്ച് നമ്മൾ ഓർത്തെന്നിരിക്കും. ആത്മ നവീകരണത്തിന്റെ ആശ്വാസത്തെക്കുറിച്ച് നമ്മൾ ഓർത്തെന്നിരിക്കും അതുകൊണ്ടു തന്നെ മറ്റൊരു ആടു ജീവിതം വന്നേക്കാൻ സാധ്യത ഉണ്ട്. മറ്റൊരു ഖസാക്കിന്റെ ഇതിഹാസം എഴുതപ്പെട്ടേക്കും. മറ്റൊരു മരുഭൂമികൾ ഉണ്ടാകുന്നത് എഴുതപ്പെട്ടേക്കും. മറ്റൊരു ഭാസ്‌കര പട്ടേൽ എഴുതപ്പെട്ടേക്കും. മറ്റൊരു സൂര്യകാന്തി, നീർമാതളം നമുക്ക് കിട്ടിയേക്കും. മറ്റൊരു മാമ്പഴം എഴുതപ്പെട്ടേക്കും.
പക്ഷേ എന്താണ് എഴുതേണ്ടത്. ഏതു കാലഘട്ടമാണ് എഴുത്തിൽ ഉൾക്കൊള്ളിക്കേണ്ടത്. എഴുത്തുകാരുടെ ഇപ്പോഴത്തെ ചിന്തയാണ്. കാരണം ഇപ്പോൾ എഴുതുന്നവർ ചോദിക്കുന്നു - കെട്ടിപ്പിടിക്കുന്നതോ ഉമ്മ വയ്ക്കുന്നതോ ആയ കഥാസന്ദർഭങ്ങൾ ഞങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്. അതുപോലെ തന്നെ കഥാതന്തുക്കൾ മാറേണ്ടിയിരിക്കുന്നു. കഴിഞ്ഞ കാലഘട്ടത്തിൽ എഴുതിയ കഥകളാണെങ്കിൽ അതിൽ മാറ്റം വരുത്തേണ്ടിയിരിക്കുന്നു. അവിടെ കെട്ടിപ്പിടിക്കലുകളില്ല ഉമ്മവയ്ക്കലുകളില്ല ഏതു കാലമാണ് സൂചിപ്പിക്കേണ്ടത് അത് വരും കാലങ്ങളിൽ നമ്മൾ തന്നെ തീരുമാനിക്കേണ്ടതാണ്. തൽക്കാലം റൊമാന്റിക് കഥകൾ, കാല്പനികതയിൽ നമുക്ക് അവതരിപ്പിക്കാം. അതാണ് ഇപ്പോഴത്തെ ആവശ്യം.
സന്തോഷ് പാലാ എഴുതിയ കോവിഡാനന്തരഭിനയം എന്ന കവിത ചൊല്ലി എതിരൻ കതിരവൻ തന്റെ സംഭാഷണം അവസാനിപ്പിച്ചു.
English Summary: Ethiran Kathiravan Speaks on Jinesh Madappally Remembrance Day