ADVERTISEMENT

ചരിത്രവും വർത്തമാനവും ഭാവനയും കൃത്യമായ അളവിലിട്ടു വാറ്റിയെടുത്ത ‘ബ്രണ്ണൻ ശിലാശാസനം’ എന്ന കഥ വായനക്കാരുടെ മനസ്സിൽ ആസ്വാദനത്തിന്റെ തിരകൾ തീർത്തിരുന്നു. കീഴാള രാഷ്ട്രീയത്തിന്റെയും ചെറുത്തുനിൽപിന്റെയും, വിസ്മൃതിയിലാണ്ടുപോകുമായിരുന്ന ജീവിതങ്ങൾ രേഖപ്പെടുത്തിയ കഥകളായിരുന്നു നൊയിച്ചി, പെരുവ എന്നിവ. ‘ഭൂമി’യിൽ മരിച്ചുകിടന്ന അരവിമാഷിനു ചുറ്റും ‘ക്രാന്തിവൃത്തം’ എന്ന കഥയിൽ തീർത്ത ജീവിതവലയം എഴുത്തിന്റെ മോഹിപ്പിക്കുന്ന മറ്റൊരു തലം കാട്ടിത്തന്നു. ഒ.വി. വിജയൻ സ്മാരക യുവ കഥാ പുരസ്കാരം നേടിയ അമൽരാജ് പാറേമ്മൽ വ്യത്യസ്ത ഭൂമികകളിൽ കഥകളെഴുതി വായനക്കാരെ വിസ്മയിപ്പിക്കുന്ന യുവഎഴുത്തുകാരനാണ്. എഴുത്തിലെ ഉറച്ച രാഷ്ട്രീയബോധ്യത്തിനൊപ്പം ഭാഷയിലെ കയ്യടക്കവുമാണ് അമലിന്റെ പ്രത്യേകത. വായനയ്ക്കൊപ്പം അമലിന്റെ കഥകൾ ചില മണങ്ങൾ അനുഭവിപ്പിക്കുകയും ചിലതു സ്പർശിക്കുന്ന അനുഭൂതി പകരുകയും ചില ശബ്ദങ്ങൾ കേൾപ്പിക്കുകയും കൂടി ചെയ്യും.

 

ചിറ്റാരിപ്പറമ്പും കൂത്തുപറമ്പും തലശ്ശേരിയും കണ്ണൂരും ബ്രണ്ണൻ കോളജും അമലിന്റെ എഴുത്തിൽ എത്ര മാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട്?

amalraj-story-1

 

ഈ സ്ഥലങ്ങൾ എന്റെ മാനസികവും ശാരീരികവുമായ രൂപപ്പെടലുകളുടെ മൂന്നു ഘട്ടങ്ങൾ തന്നെയാണ്. ഒരർഥത്തിൽ അതു വിദ്യാഭ്യാസത്തിന്റെ ഘട്ടങ്ങൾ കൂടിയാണ്. കൂത്തുപറമ്പിനടുത്തു ചിറ്റാരിപ്പറമ്പ് എന്ന ഗ്രാമത്തിലാണു ഞാൻ ജനിച്ചത്. ഈ നാടിന്റെ തനതുമുദ്രയെന്ന് എനിക്കു തോന്നിയിട്ടുള്ളത് എല്ലാറ്റിനും രാഷ്ട്രീയമുണ്ട് എന്നതാണ്. പണിപ്പറമ്പിലും തെയ്യപ്പറമ്പിലും ചിറ്റാരിപ്പറമ്പ് ടൗണിലും ഒക്കെ എപ്പോഴും എന്തെങ്കിലുമൊക്കെ സൗഹൃദ സംവാദങ്ങൾ ഉണ്ടാകും. കുടുംബ കലഹങ്ങളിൽ പ്രയോഗിക്കുന്ന പദങ്ങളുടെ തിരഞ്ഞെടുപ്പിൽ പോലും വലിയ പൊളിറ്റിക്സ് ഉണ്ടെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ചിറ്റാരിപ്പറമ്പ് സ്കൂളിലാണു പ്ലസ്ടു വരെ പഠിച്ചത്. കൂത്തുപറമ്പുമായി വലിയ അടുപ്പം വരുന്നതു നിർമലഗിരി കോളജിൽ മലയാളം ഡിഗ്രിക്ക് ചേർന്നതോടെയാണ്. പല തുറയിലുള്ള മനുഷ്യർ കൂട്ടിമുട്ടുന്ന ഒരിടമാണ് അത്. തലശ്ശേരി, കണ്ണൂർ, പേരാവൂർ റൂട്ടിലേക്ക് പോകാനുള്ള സുഹൃത്തുക്കൾ ഇരുട്ടു വീഴും വരെ കൂത്തുപറമ്പ് ടൗൺ സ്ക്വയറിലോ പാർക്കിലോ ഗ്രാമ കൂൾബാറിലോ ഒന്നിച്ചുണ്ടാകും. തലശ്ശേരി ഇതേ കാഴ്ച വലിയ കാൻവാസിൽ പകരുന്ന സ്ഥലമാണ്. ബ്രണ്ണൻ കോളജിൽ എംഎ ചെയ്യുമ്പോൾ തലശ്ശേരിയുടെ മുക്കും മൂലയും നടന്നു ചികഞ്ഞിട്ടുണ്ട്. അതൊന്നും പക്ഷേ, എഴുതാൻ വേണ്ടിയായിരുന്നില്ല. എനിക്കു തലശ്ശേരിയെന്നാൽ കോട്ടയും ഫോളിയും മുഴപ്പിലങ്ങാട് ബീച്ചും ധർമടം തുരുത്തും സിനിമാ തിയറ്ററും കല്ലുമ്മക്കായും ഒക്കെയാണ്. ഇതെല്ലാം എഴുത്തിൽ വലിയ സ്വാധീനം ഉണ്ടാക്കുന്നത് എങ്ങനെ എന്നു ചോദിച്ചാൽ കഥയിലെ കഥാപാത്രങ്ങളെ ഈ സ്ഥലങ്ങളിൽ എനിക്ക് ധൈര്യമായി ഇറക്കി വിടാം എന്നതാണ് ഉത്തരം. അവിടെ അവർക്ക് എങ്ങോട്ടൊക്കെ പോകാനാകും എന്ന ധാരണ ഇവിടുത്തെ ജീവിതവും സഞ്ചാരവും കൊണ്ടു നേരിയ തോതിലെങ്കിലും എനിക്കുണ്ടെന്നാണു കരുതുന്നത്.

 

ഒ.വി. വിജയൻ സ്മാരക യുവകഥാപുരസ്കാരം നേടിയ ‘ബ്രണ്ണൻ ശിലാശാസനം’ എന്ന കഥയിലേക്ക് എത്തുന്നതെങ്ങനെയാണ്? വയറ്റിൽ കിടക്കുന്ന പറങ്കിവെള്ളത്തിൽ നിന്നൊരു പഴുതാര തലയിലേക്ക് കയറുന്ന പോലെയുള്ള വായനാനുഭവം സമ്മാനിച്ച അതെഴുതാനുള്ള തയാറെടുപ്പുകൾ എന്തൊക്കെയായിരുന്നു?

amal-raj-story-3

 

ചരിത്രത്തിൽ അർഹിക്കുന്ന പരിഗണന ലഭിക്കാതെ പോയ ഒരു വിഭാഗത്തിന്റെ പ്രതിരോധ രാഷ്ട്രീയം മുന്നോട്ടുവയ്ക്കണമെന്നേ ‘ബ്രണ്ണൻ ശിലാശാസനം’ എഴുതുമ്പോൾ വിചാരിച്ചുള്ളൂ. ബ്രണ്ണൻ കോളജിൽ പഠിക്കുമ്പോൾ ധർമടം തുരുത്തിലും പൊളിഞ്ഞ റയിൽവേ സ്റ്റേഷനിലും കൂടെക്കൂടെ പോകാറുണ്ട്. കഥയുടെ പശ്ചാത്തലം രൂപപ്പെടുത്തിയത് അങ്ങനെയാണ്. ‘പെരുവ’ എന്ന കഥയെഴുതി ഒന്നര വർഷത്തോളം ബ്രണ്ണൻകഥ ഉള്ളിൽ കൊണ്ടു നടന്നു. എനിക്കങ്ങനെ കുറെയൊന്നും എഴുതാനില്ലാത്തതു കൊണ്ടു തിരക്കുപിടിച്ച് എഴുതിയതുമില്ല. കുറേ വിവരങ്ങൾ ആവശ്യമായിരുന്നു ഈ കഥയ്ക്ക്. ചരിത്രവും മിത്തും കോർക്കുമ്പോൾ പാളിപ്പോകാതെ, പഴി കേൾക്കാതെ എഴുതണം എന്ന് ആഗ്രഹിച്ചിരുന്നു. എഡ്വേഡ് ബ്രണ്ണന്റെയും ബ്രണ്ണൻ കോളജിന്റെയും ചരിത്രം അങ്ങനെ വായിച്ചു മനസ്സിലാക്കി. ബ്രണ്ണൻ കോളജിന്റെ 125–ാം വാർഷികത്തോടനുബന്ധിച്ചു കോളജിലെ മലയാളം അധ്യാപകനായ ഉണ്ണിമാഷിന്റെ നേതൃത്വത്തിൽ തയാറാക്കിയ കോളജിന്റെ ചരിത്രത്തിൽ നിന്നാണ് അന്വേഷണം തുടങ്ങിയത്. മാഷ് വഴി, കോളജിലെ വിരമിച്ച പ്രിൻസിപ്പൽമാരെയും ചില അധ്യാപകരെയും ഞാൻ ഫോൺ ചെയ്തു വിവരങ്ങൾ ശേഖരിച്ചു. ആ സമയത്താണ് എൻ. പ്രഭാകരൻ മാഷ് ബ്രണ്ണൻ കേന്ദ്ര കഥാപാത്രമായി ഒരു നാടകം എഴുതിയെന്നും പ്രസിദ്ധീകരിക്കാറായെന്നും അറിഞ്ഞത്. പ്രഭാകരൻ മാഷിന്റെ ആരോഗ്യസ്ഥിതി അപ്പോൾ അൽപം മോശമായിരുന്നതു കൊണ്ടു നേരിൽ പോകാനോ ഫോണിൽ പോലും സംസാരിക്കാനോ കഴിഞ്ഞില്ല. ബ്രണ്ണനെ സംബന്ധിച്ച് ആവശ്യമായതൊക്കെ കിട്ടിയപ്പോൾ അടുത്ത ഘട്ടം കന്നഡ ഭാഷയിൽ ഒരു പ്രദേശിക ഗാനം എഴുതുക എന്നതായിരുന്നു. ‘നാഗു സാഗുവ ഹാദിയലി...’ എന്നു തുടങ്ങുന്ന ആ നാലുവരി കവിതയ്ക്ക് അത്രയും പ്രാധാന്യമുണ്ട്. ഞാൻ മലയാളത്തിൽ ആ കവിത എഴുതുകയും പത്മനാഭൻ ബ്ലാത്തൂർ വഴി പരിചയപ്പെട്ട ഗുരുമൂർത്തി എന്ന കന്നഡ ഭാഷാ പണ്ഡിതനെ കൊണ്ട് കന്നഡഭാഷയുടെ തലപ്പാടി ഭാഗത്തുള്ള പ്രാദേശിക ഭേദത്തിൽ തർജമ ചെയ്യിക്കുകയും ചെയ്തു. ഇത്രയും ചെയ്ത ശേഷമാണു കഥ എഴുതി പൂർത്തിയാക്കിയത്. ഒരു ഗർഭകാലം ഉള്ളിൽ കൊണ്ടു നടന്നു. ഒരാഴ്ച കൊണ്ട് എഴുതിത്തീർത്തു. രണ്ടാഴ്ച എടുത്തു മിനുക്കി. എന്റെ മടി കൊണ്ടാണ് ഇത്രയും സമയം ആവശ്യമായി വരുന്നത്. അവാർഡ് കിട്ടിയ ശേഷമാണു മാതൃഭൂമിയിൽ കഥ വന്നത് എന്നതു കൂടുതൽ ആളുകൾ കഥ വായിക്കുന്നതിനും കാരണമായി.

amal-raj-2

 

അതിതീവ്ര പ്രാദേശിക മാനങ്ങളുള്ളപ്പോൾത്തന്നെ ‘നൊയിച്ചി’ സമകാലീന ഇന്ത്യയിലെ രാഷ്ട്രീയത്തെയും അടയാളപ്പെടുത്തുന്നുണ്ട്. ദേശപ്പെരുമയെ അമൽ ഇവിടെ ചാലുകീറി ദേശരാഷ്ട്രം എന്നൊരു വലിയ ഭൂമികയിലേക്ക് ഒഴുക്കിയിരിക്കുകയാണ്. എന്താണു ‘നൊയിച്ചി’ പറയാൻ ശ്രമിക്കുന്നത്?

amal-raj-3

 

‘നൊയിച്ചി’ അടിയാളരുടെ മാനിഫെസ്റ്റോയാണ്. പ്രാദേശികതയെ അടയാളപ്പെടുത്തുകയല്ല ആ കഥയുടെ ഉദ്ദേശ്യം. ജന്മി-അടിയാള വ്യവസ്ഥയിൽനിന്നു നാമിപ്പോഴും മോചിതരായിട്ടില്ല എന്നു സ്ഥാപിക്കാൻ തന്നെയാണ് ആ കഥ കൊണ്ട് ശ്രമിക്കുന്നത്. നാം പുരോഗമിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ചില അടരുകളിൽ ഒന്നും മാറിയിട്ടില്ല എന്ന നിലവിളി ഉയരുന്നുണ്ട്. 2020 ഓഗസ്റ്റിൽ രാജ്യത്തിന്റെ ഭരണകൂടം രാമക്ഷേത്രത്തിന് തറക്കല്ലിട്ടപ്പോൾ ‘ഹിന്ദുരാഷ്ട്രത്തിന് ശിലയിട്ടു’ എന്ന് ഒരു പത്രം വാർത്തയ്ക്കു തലക്കെട്ട് നൽകിയതാണ് ഈ കഥയിലേക്കു നയിച്ചത്. ബാബറി മസ്ജിദ് തകർക്കപ്പെട്ട ദിവസം മുതൽ ഈ തലക്കെട്ട് പ്രത്യക്ഷപ്പെട്ട ദിനം വരെയുള്ള ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ജീവിതമാണു ‘നൊയിച്ചി’യിലുള്ളത്. പുറത്താക്കപ്പെടുന്നവരുടെ ദേശം അടിത്തട്ടിനെ എങ്ങനെ ബാധിക്കുന്നു എന്ന അന്വേഷണത്തിന് ചിറ്റാരിപ്പറമ്പ് എന്ന പ്രദേശം തിരഞ്ഞെടുത്തു എന്നേയുള്ളൂ. അവിടുത്തെ തുടിപ്പുകളെ പ്രാദേശികമായ പദങ്ങൾ കൊണ്ടേ അടയാളപ്പെടുത്താൻ കഴിയുകയുള്ളൂ. ചരിത്രവും രാഷ്‌ട്രീയവും ഓർക്കാതെ ആ കഥയുടെ വായന പൂർത്തിയാകില്ല. സാഹിത്യത്തിന് അർഥമുണ്ടാകുന്നത് അതു രൂപം കൊള്ളുന്ന ചരിത്ര സന്ദർഭങ്ങളിൽ നിന്നാണല്ലോ. എനിക്ക് ബ്രണ്ണൻ കഥയേക്കാൾ പ്രിയപ്പെട്ടതും നൊയിച്ചിയാണ്.

 

പ്രാദേശിക ചരിത്രവും മിത്തുകളും അമലിന്റെ കഥകളിൽ നിറഞ്ഞുനിൽക്കുന്ന രണ്ടു പ്രധാന വിഷയങ്ങളാണ്. കഥയിലേക്ക് ആവശ്യമായ അളവിൽ ഇവ അമൽ കണ്ടെടുക്കുന്നത് എങ്ങനെയാണ്? ഇതിനായുള്ള വായനകളും സംസാരങ്ങളും നടക്കുന്നത് എങ്ങനെയാണ്?

 

എനിക്ക് സാധാരണക്കാരായ ആളുകളുടെ സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്. സംസാരം എന്നല്ല ‘സൊറ’ എന്നാണ് ഇവിടെ പറയുക. ആ സൊറകളിൽ നുണയും ഭാവനയും അശ്ലീലവുമൊക്കെ ആവശ്യത്തിലധികം ഉണ്ടാകും. കഥകളുടെ വൈവിധ്യമുള്ളതു പുസ്തകവുമായി ബന്ധമില്ലാതെ ജീവിക്കുന്ന ആ കൂട്ടരിലാണ്. നമ്മൾ തലയാട്ടി കേൾക്കുന്നത് അവരെ ഹരം കൊള്ളിക്കും. നുണയ്ക്കും ഭാവനയ്ക്കും അപ്പുറം യാഥാർഥ്യങ്ങൾ പുറത്തു ചാടാൻ തുടങ്ങും. ‘ക്രാന്തിവൃത്തം’, ‘പെരുവ’ ഒക്കെ അങ്ങനെ കേൾവിയിൽ നിന്നുണ്ടായ പ്രചോദനമാണ്. വായനയേക്കാൾ ഇന്ദ്രിയാനുഭവങ്ങൾ തന്നെയാണ് എഴുതിയ നാലു കഥകളെയും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത്. നേരിട്ടു കാണുക, കേൾക്കുക, മണക്കുക, തൊടുക...!

amalraj-story

 

ബ്രണ്ണൻ ശിലാശാസനത്തിൽ വളരെ വലിയൊരു കഥാപരിസരത്തിലൂടെയാണ് അമൽ സഞ്ചരിക്കുന്നത്. കണ്ണൂരും തലശ്ശേരിയും ധർമടം ദ്വീപും തലപ്പാടിയുമെല്ലാം വ്യാപിച്ചു കിടക്കുന്ന പ്രദേശങ്ങളിലൂടെ അവയുടെ ഭൂതകാലവും വർത്തമാനകാലവും ഇഴപിരിഞ്ഞുകിടക്കുന്ന അഖ്യാനങ്ങളിലൂടെയാണു കഥ വികസിക്കുന്നത്. ഇത്ര വലിയൊരു കാൻവാസിൽ കഥ എഴുതിയപ്പോൾ നേരിട്ട വെല്ലുവിളികൾ എന്തൊക്കെയായിരുന്നു?

 

ഈ നാലു സ്ഥലങ്ങളും എനിക്ക് പരിചിതമാണ്. ഇതിൽ തലശ്ശേരി ഒഴികെ മറ്റു പ്രദേശങ്ങൾ സാഹിത്യത്തിൽ കടന്നുകൂടിയിട്ടില്ല എന്നാണു തോന്നുന്നത്. ബ്രണ്ണൻ സായിപ്പ് കഥാപാത്രമാകുന്ന കഥ എന്നതായിരുന്നു വലിയ വെല്ലുവിളി. സ്ഥലകാല പൊരുത്തം നഷ്ടപ്പെടാതെ എഴുതാൻ ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു. കുറെ സമയമെടുത്തു വാക്കുകളും വരികളും മാറ്റിയും മറിച്ചും എഴുതുകയാണു ചെയ്തത്. പിന്നെ സംഭാഷണ ഭാഷയുടെ കാര്യത്തിൽ കഥാപാത്രങ്ങൾക്കു കണ്ണൂരിന്റെ തന്നെ മൂന്നു പ്രാദേശികഭേദങ്ങൾ നൽകി. ചാരായം വാറ്റലും അതിലെ ഫ്ലേവറുകളും നാട്ടിലെ ഒരു വാറ്റുകാരനിൽ നിന്നാണു മനസ്സിലാക്കിയത്. ലോക്ഡൗൺ സമയത്തു മദ്യം കിട്ടാതെ വന്നപ്പോൾ പുള്ളി വീണ്ടും സ്വന്തമായി വാറ്റുന്ന സമയമായിരുന്നു അത്. ഓനാച്ചൻ എന്ന മിത്തിനു കരുത്തു പകർന്നതു ചാരായത്തിന്റെ ചൂരാണ്. കഥ എല്ലാവരും ഒരേ മട്ടിൽ വായിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു - ഒറ്റവാക്കിൽ അതായിരുന്നു വെല്ലുവിളി. പിന്നീടു കഥയുടെ വ്യത്യസ്ത വായനകൾ കണ്ടപ്പോൾ സന്തോഷം തോന്നി.

 

സമകാലികരായ എഴുത്തുകാരിൽ അമലിനെ ആഴത്തിൽ സ്പർശിച്ചവർ ആരൊക്കെയാണ്? അവരുടെ എഴുത്തുകളിൽ ഞെട്ടിച്ചവ ഏതൊക്കെയാണ്?

 

എസ്. ഹരീഷും ഇ. സന്തോഷ്‌ കുമാറും ആണ് എന്റെ നായകന്മാർ. ഹരീഷിന്റെ ‘മോദസ്ഥിതനായങ്ങു വസിപ്പൂ മല പോലെ’, സന്തോഷ്‌കുമാറിന്റെ ‘നാരകങ്ങളുടെ ഉപമ’ ഒക്കെ മലയാളത്തിലെ തന്നെ മികച്ച കഥകളാണ്. ഇവരുടെ മുഴുവൻ കഥകളും തിരഞ്ഞുപിടിച്ചു വായിച്ചിട്ടുണ്ട്. പി.എഫ്. മാത്യൂസ്, ശിഹാബുദീൻ പൊയ്‌ത്തുംകടവ്, വിനോയ് തോമസ് എന്നിവരെയും വളരെ ഇഷ്ടമാണ്. വിനോയ് മാഷ് അടുത്ത സുഹൃത്തും ജീവിതത്തിൽ വലിയൊരു സ്വാധീനശക്തിയും കൂടിയാണ്. എനിക്ക് സംസാരിക്കാൻ ഏറ്റവും ഇഷ്ടമുള്ള കഥാകാരൻ കൂടിയാണു പുള്ളി. പുതിയ തലമുറയിൽ (അതായതു ഞങ്ങൾക്കു തൊട്ടു മുമ്പ് എഴുതി തെളിഞ്ഞവരിൽ) വളരെ ഇഷ്ടപ്പെടുന്നവർ പി.വി. ഷാജികുമാർ, അബിൻ ജോസഫ്, കെ.വി. മണികണ്ഠൻ, ഷാഹിന കെ. റഫീഖ്, അമൽ പിരപ്പൻകോട്, കെ.എൻ. പ്രശാന്ത്, നിധീഷ് ജി., ഷിനിലാൽ, മിനി പി.സി., സുനു, കെ.എസ്. രതീഷ് ഒക്കെയാണ്. ഇവരൊന്നും പുതിയ എഴുത്തുകാരല്ല. എഴുതിത്തെളിഞ്ഞവരാണ്. ഞാൻ രണ്ടു കൂട്ടമായി പറഞ്ഞു എന്നേയുള്ളൂ.

 

അമൽ എഴുത്തിലേക്ക് വരുന്നത് എങ്ങനെയാണ്? ആരൊക്കെയാണ് വഴികാട്ടികൾ? എഴുതി വരുമ്പോൾ ഒരു സംശയമുണ്ടായാൽ അമൽ വിളിക്കുക ആരെയൊക്കെയാണ്? ഏറ്റവും പ്രോൽസാഹനം നൽകിയിട്ടുള്ളത് ആരൊക്കെയാണ്?

 

പ്ലസ്ടു വരെ ബഷീറിന്റെയും കാരൂരിന്റെയും പുസ്തകങ്ങളൊക്കെ വായിച്ചു എന്നതിൽ കവിഞ്ഞ് എഴുത്തുകാരുടെ പേരു പോലും അറിയില്ലായിരുന്നു. മലയാളം കോഴ്സിന്റെ ഭാഗമായാണു പല പുസ്തകങ്ങളും തിരഞ്ഞുപിടിച്ചു വായിച്ചത്. യൂണിവേഴ്സിറ്റി കലോത്സവങ്ങൾ ഒരു സ്വാധീന ഘടകമാണ്. എഴുതുമ്പോൾ സംശയം വരാറുണ്ട്. അപ്പോൾ എഴുത്ത് നിർത്തി കൂടുതൽ അന്വേഷിച്ചു മാറ്റിയെഴുതും എന്നല്ലാതെ ആരെയും വിളിക്കാറില്ല. എഴുതി പൂർത്തിയായാൽ മാത്രം വായിക്കാൻ കൊടുക്കും. എന്റെ എല്ലാ കഥകളുടെയും ആദ്യ വായനക്കാർ സിതാര ജയറാം, അതുൽ ബ്ലാത്തൂർ, ഡി.പി. അഭിജിത്ത് തുടങ്ങിയ സുഹൃത്തുക്കളാണ്. അവരുടെ ഗുഡ് സർട്ടിഫിക്കറ്റ് കിട്ടിയാൽ ബ്രണ്ണനിലെ ഏതെങ്കിലും മലയാളം അധ്യാപകർക്ക് അയയ്ക്കും. മിക്കവാറും സന്തോഷ്‌ മാനിച്ചേരിക്ക്. സന്തോഷ് മാഷ് ചെറിയ പിഴവുകൾ പോലും പെട്ടെന്നു കണ്ടെത്തുകയും വിമർശിക്കുകയും ചെയ്യുന്നത് എഴുത്തിനു വലിയ പോഷണമാണ്. സിതാര ഫ്രയിം ഓറിയന്റഡായും അതുലും അഭിജിത്തും പൊളിറ്റിക്കലായും കഥ വായിക്കുന്നവരാണ്. സാഹിത്യ വിദ്യാർഥികളായ ഇവരെ തൃപ്തിപ്പെടുത്തിയില്ലെങ്കിൽ കഥ കയറി പോയില്ലെന്നു തന്നെ വരും.

 

‘‘വെള്ളപുതച്ച് ചൊറഞ്ഞ് കിടക്കുന്ന അരവി മാഷിനു ചുറ്റും പൂക്കള മൽസരത്തിനു മാർക്കിടാൻ വന്നവരെ കൂട്ട് വന്നവരൊക്കെ വലം വച്ചു. മുറിയാത്ത നിശ്ശബ്ദതയിൽ ശാന്തസ്വരൂപനായി അരവിമാഷ് തൊഴുതു കിടക്കുന്ന കാഴ്ചയ്ക്ക് നൂറിൽ നൂറ് മാർക്ക് ഏകകണ്ഠേന പ്രഖ്യാപിക്കപ്പെട്ടു’’. ‘ക്രാന്തിവൃത്തം’ എന്ന ഏറ്റവും പുതിയ കഥയുടെ തുടക്കത്തിൽ ബി. അരവിന്ദൻ എന്ന അരവി മാഷിന്റെ ‘ഭൂമി’യിലെ അവസാന മണിക്കൂറുകൾ അമൽ വരച്ചിരിക്കുന്നത് ഇങ്ങനെയാണ്. അമലിന്റെ ഭാഷയിലെ പരീക്ഷണങ്ങൾ ഓരോ കഥയിലും പുതുമയുള്ള വായനാനുഭവമാണു സമ്മാനിക്കുന്നത്. ‘‘ചിറ്റാര്യറമ്പിനും കോള്യാടിനും നടൂല് മുപ്പത്തെട്ടിന്റെ ബ്രയിസറ് തൂക്ക്യ പോല്‌ണ്ടല്ലോ ഈ പെരുവ കാണാന്! കണ്ണവം ഷാപ്പിലെ കറിവെപ്പുകാരൻ ഉസ്മാൻ ‘പെരുവ’ എന്ന കഥയിൽ ആശ്ചര്യപ്പെടുന്നത് ഇങ്ങനെയാണ്. കഥയിലെ ഭാഷ അമൽ രൂപപ്പെടുത്തിയെടുക്കുന്നത് എങ്ങനെയാണ്?

 

ഉപയോഗിക്കുന്ന ഭാഷയിലും എഡിറ്റിങ്ങിലുമാണ് കഥയുടെ സൗന്ദര്യമുള്ളതെന്നു വിശ്വസിക്കുന്നുണ്ട്. സംഭാഷണങ്ങൾ കേൾക്കാൻ പറ്റുകയും ചെയ്യണം. കഥ വായിച്ചു റെക്കോർഡ് ചെയ്തു കേൾക്കാറുണ്ട്. എഴുതിയ ആൾക്കു തന്നെ കേൾക്കാൻ പ്രയാസമാണ് എന്നു തോന്നുമ്പോൾ ആ ഭാഗം ഒഴിവാക്കുകയോ തിരുത്തുകയോ ചെയ്യുകയാണു പതിവ്. പിന്നെ കൊല്ലത്തിൽ ഒരു കഥ പോലും എഴുതാനുള്ള ശേഷി ഇല്ലാത്തത് കൊണ്ട് ഇതിനെല്ലാം ധാരാളം സമയവും കിട്ടും.

 

സമീപകാലത്തു വായിച്ച പുസ്തകങ്ങളിൽ / കഥകളിൽ ഏറ്റവും ഇഷ്ടപ്പെട്ടവയെപ്പറ്റി പറയാമോ?

 

ശിഹാബുദീൻ പൊയ്തുംകടവിന്റെ ‘കെ.പി. ഉമ്മർ’ വായിച്ചിട്ട് ഒരു വർഷമായെങ്കിലും ഇപ്പോഴും ഉള്ളിലുണ്ട്. അവസാനം വായിച്ച കഥകളിൽ വളരെ ഇഷ്ടപ്പെട്ടത് മനോജ് വെള്ളനാടിന്റെ ‘പദപ്രശ്നം’ എന്ന കഥയാണ്. വല്ലാത്തൊരു പൊളിറ്റിക്കൽ വൈബ്രേഷൻ അനുഭവപ്പെട്ട കഥയാണത്. സലീം ഷെരീഫിന്റെ ‘പൂക്കാരൻ’, ഷബിതയുടെ ‘മന്ദാക്രാന്താ മഭനതതഗം’, മനോജ്‌ വെങ്ങോലയുടെ ‘പൊറള്’ ഒക്കെ എന്റെ പട്ടികയിൽ ഉൾപ്പെട്ട നല്ല കഥകളാണ്. ഈ കാലഘട്ടത്തിന്റെ സ്ഫോടനം എന്നു തോന്നിയ എഴുത്തുകാരി ആർ. രാജശ്രീയാണ്. 'കത' അത്രത്തോളം തീവ്രമാണ്. അടുത്തിടെ വിവാഹിതരായ എന്റെ നാലു പെൺസുഹൃത്തുക്കൾക്കും ഞാനീ നോവലാണു വിവാഹ സമ്മാനമായി നൽകിയത്. അവസാനം വായിച്ച പുസ്തകം ‘ദൃശ്യം 2'’ സിനിമയുടെ തിരക്കഥയാണ്.

 

പെരുവ, ബ്രണ്ണൻ ശിലാശാസനം, നൊയിച്ചി – അമലിന്റെ കഥകളുടെയെല്ലാം കേന്ദ്രസ്ഥാനത്തുള്ളത് അടിസ്ഥാന ജനവിഭാഗവും അവരുടെ ജീവിതവുമാണ്. പുതിയ കഥയായ ക്രാന്തിവൃത്തത്തിലെ അൻപിനെയും ഈ ഗണത്തിൽ പെടുത്താമല്ലോ. ഈ വിഷയസ്വീകരണത്തിനു പിന്നിലെ പ്രചോദനമെന്താണ്?

 

അവരിലാണു കുറേ കഥകളുള്ളത്. അവരിലാണ് ഏറെ പോരാട്ടങ്ങളുള്ളത്. അവരിലാണു കാണാത്ത കാഴ്ചകളുള്ളത്. അവരിലാണു നാടിന്റെ തുടിപ്പുള്ളത്. അവരിലാണു ഭൂമിയുടെ നിലനിൽപുള്ളത്. അവരിൽത്തന്നെയാണ് ഏറ്റവും യാഥാർഥ്യവുമുള്ളതും. ഇത്രയേറെ വൈവിധ്യങ്ങൾ അവർ വച്ചു നീട്ടുമ്പോൾ അവരെ കണ്ടില്ലെന്നു നടിക്കുന്നതെങ്ങനെ?

ജോലി, കുടുംബം

ഞാൻ ഇപ്പോൾ കൂത്തുപറമ്പ് എംഇഎസ് കോളജിൽ ഗെസ്റ്റ് ലക്ചറർ ആയി ജോലി ചെയ്യുകയാണ്. പക്ഷേ, കോവിഡ് കാരണം ഇതുവരെയും പഠിപ്പിക്കുന്ന കുട്ടികളെ നേരിൽ കണ്ടിട്ടില്ല. പലരുടെയും മുഖമോ പേരോ പോലും അറിയില്ല. അതൊരു ഗതികേടാണ്. അച്ഛൻ പാറേമ്മൽ വീട്ടിൽ രാജൻ. അമ്മ പ്രേമ. രണ്ടാളും കൂലിപ്പണിക്കാരാണ്. സഹോദരി രാഖിരാജ്.

 

English Summary : Puthuvakku column written by Ajish Muraleedharan - Talk with writer Amalraj Paremmal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com