അവിഹിത ബന്ധത്തിന്റെ സ്മാരകമല്ല ആ ലോക്കറ്റ്; ഭാര്യാ സഹോദരിയുടെ സ്നേഹത്തിന്റെ ഓര്മ
Mail This Article
പ്രിയപ്പെട്ടവരുടെ മരണത്തെ അതിജീവിക്കാൻ എളുപ്പവഴികളില്ല. കരൾ പിളരും കാലത്തിന്റെ സങ്കടങ്ങൾ ചിലപ്പോൾ കാലത്തിനു പോലും മായ്ക്കാനും കഴിയില്ല. അനിവാര്യമെങ്കിലും അപരിഹാര്യമായ വേദനയെ ഓരോരുത്തരും ഓരോ തരത്തിലാണു നേരിടുന്നത്; ചിലരെങ്കിലും വിജയിക്കുന്നതും മറ്റു ചിലർ പരാജയപ്പെടുന്നതും. ഇംഗ്ലിഷ്
സാഹിത്യത്തിലെ അതികായൻ ചാൾസ് ഡിക്കൻസിനും നേരിടേണ്ടിവന്നിട്ടുണ്ട് പ്രിയപ്പെട്ടൊരാളുടെ മരണം; അതും സ്വന്തം കൈകളിൽ തൊട്ടറിഞ്ഞ മരണം. കാലങ്ങളോളം പീഡിപ്പിച്ച വേദനയിൽ നിന്ന് അദ്ദേഹം മുക്തനായത് എഴുതിക്കൊണ്ടിരുന്ന നോവലിൽ പുതിയൊരു കഥാപാത്രത്തെ സൃഷ്ടിച്ച്. ആ കഥ ഇന്നും അദ്ദേഹത്തിന്റെ പ്രശസ്ത നോവലിൽ വായിക്കാം.
എന്നാൽ എഴുത്തുകാരന്റെ മരണശേഷം മാത്രം കണ്ടെടുത്ത മറ്റൊരു അടയാളം കൂടി കാലത്തെ അതിജീവിച്ചു. മരണത്തിന്റെ നിത്യപീഡ നിറഞ്ഞ ഓർമയുടെ സ്മാരകമായി രണ്ടു ലോക്കറ്റുകൾ. ഒന്നിൽ ഡിക്കിൻസിന്റെ ഒരു മുടിനാര്. ഹൃദയത്തോടു ചേർത്തുവച്ച രണ്ടാം ലോക്കറ്റിൽ തന്റെ കയ്യിൽ കിടന്നു മരിച്ച പെൺകുട്ടിയുടെ മുടിനാരും. ആ ലോക്കറ്റ് പറയുന്നത് അവിസ്മരണീയമായ ഒരു അപൂർവ ബന്ധത്തിന്റെ കഥയാണ്.
സ്നേഹത്തിന്റെ ഒരു കള്ളിയിലും ഒതുക്കാനാവാത്ത, അനിര്‍വചനീയമായ അടുപ്പത്തിന്റെ ജീവിതസാക്ഷ്യം.
ചരിത്രം രചിച്ച ‘ഒലിവർ ട്വിസ്റ്റ്’ എന്ന നോവൽ ഡിക്കൻസ് എഴുതിക്കൊണ്ടിരിക്കുന്ന കാലം. ആയിടയ്ക്കാണ് പുതിയ വീട്ടിലേക്ക് അദ്ദേഹം മാറിയത്. ഭാര്യ കാതറിൻ, മകൻ ചാർലി, ഭാര്യാസഹോദരിമേരി എന്നിവർക്കൊപ്പം. നോവൽ എഴുതുന്നതിനൊപ്പം സാഹിത്യ മാസികകൾക്കുവേണ്ടിയും എഴുതിത്തുടങ്ങിയതോടെ ഡിക്കൻസിനു തിരക്ക്
തന്നെ.
കാതറിനും മേരിയും തമ്മിൽ വലിയ പ്രായ വ്യത്യാസമില്ല. സഹോദരിമാർ എന്നതിനൊപ്പം അടുത്ത സുഹൃത്തുക്കളുമാണവർ. ഡിക്കൻസിനും മേരി പ്രിയപ്പെട്ടവളായി. അക്കാലത്ത് 20 വയസ്സ് പോലും തികഞ്ഞിട്ടില്ലാത്ത മേരി
സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമെഴുതിയ കത്തുകളിൽ സന്തോഷം പ്രകടമാണ്. ഡിക്കൻസ് എന്ന വലിയ മനുഷ്യനെക്കുറിച്ചും അദ്ദേഹം തന്റെ സഹോദരിയെയും തന്നെയും പരിരക്ഷിക്കുന്നതിനെക്കുറിച്ചുമെല്ലാം സ്നേഹം തുളുമ്പുന്ന വാക്കുകളില്‍ എഴുതിയ കത്തുകള്‍. ഡിക്കൻസിനു തന്നെക്കുറിച്ചുള്ള സ്നേഹത്തെക്കുറിച്ചും കരുതലിനെക്കുറിച്ചും അവർ വാചാലയാകുന്നുമുണ്ട്. എന്നാല്‍, ഒരു വ്യാഴാഴ്ച അപ്രതീക്ഷിതമായതു സംഭവിച്ചു. ഡിക്കൻസിന്റെ ഒരു നാടകാവതരണം കണ്ട് മൂവരും കൂടി മടങ്ങിയെത്തിയ ഉടൻ 17 വയസ്സ് മാത്രമുള്ള മേരി കുഴഞ്ഞുവീണു. തൊട്ടടുത്ത ദിവസം മരണവും.
ആകെത്തകര്‍ന്നുപോയ ഡിക്കന്‍സ് എഴുതി: ഞങ്ങള്‍ അഗാധമായ ദുഃഖത്തിലും ഞെട്ടലിലുമാണ്. കഴിഞ്ഞ ദിവസം തിയറ്ററിലേക്കു പോയ സംഘത്തിലുണ്ടായിരുന്ന മേരി ഞങ്ങളെ വിട്ടുപോയി. ഉച്ചയ്ക്ക് രണ്ടു മണിക്ക് എന്റെ കൈകളില്‍ കിടന്നാണ് അവള്‍
മരിച്ചത്. ആ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതെല്ലാം ചെയ്തുനോക്കി; പരാജയപ്പെടുക എന്നതായിരുന്നു വിധി.
പെട്ടെന്നുണ്ടായ ഹൃദയസ്തംഭനമായിരുന്നു മേരിയുടെ മരണകാരണം. ആ ദുരന്തത്തില്‍ നിന്നു രക്ഷപ്പെടാന്‍ എഴുതിക്കൊണ്ടിരുന്ന ഒലിവര്‍ ട്വിസ്റ്റില്‍ ഡിക്കന്‍സ് പുതിയൊരു കഥാപാത്രത്തെ സൃഷ്ടിച്ചു. അസുഖബാധിതയായെങ്കിലും വേഗം സുഖപ്പെട്ട റോസ് എന്ന പെണ്‍കുട്ടി. നോവലില്‍ സൗന്ദര്യത്തിന്റെയും ഐശ്വര്യത്തിന്റെയും പരിശുദ്ധിയുടെയും പ്രതീകം കൂടിയാണ് റോസ്.
ദ് ഓള്‍ഡ് ക്യൂരിയോസിറ്റി ഷോപ് എന്ന നോവലില്‍ ലിറ്റില്‍ നെല്ലിന്റെ മരണം ആവിഷ്കരിച്ചപ്പോഴും എഴുത്തുകാരന്റെ മനസ്സില്‍ നിറഞ്ഞുനിന്നത് ചിത്രശലഭത്തെപ്പോലെ തന്റെ മനസ്സില്‍ നിറഞ്ഞു നിന്ന മേരിയുടെ അകാല
വിയോഗം. മേരിയുടെ ശരീരത്തില്‍ നിന്ന് അദ്ദേഹം ഒരു മോതിരം എടുത്തിരുന്നു. വര്‍ഷങ്ങളോളം ആ മോതിരം അദ്ദേഹത്തിന്റെ കൈകളില്‍ ഉണ്ടായിരുന്നു. പല രാത്രികളിലും അദ്ദേഹം അവളെ സ്വപ്നം കണ്ടു. മരിക്കുമ്പോള്‍ അവള്‍ക്കടുത്ത് ഉറങ്ങണം എന്ന ആഗ്രഹം സഹായികളോടു പങ്കുവച്ചു. എന്നാല്‍ മേരിയുടെ ഓര്‍മയുടെ പ്രതീകമായ ലോക്കറ്റ് അദ്ദേഹത്തിനു സമ്മാനിച്ചത് ജോര്‍ജിനിയയാണ്. കാതറിന്റെ മറ്റൊരു സഹോദരിയാണവര്‍.
വിവാഹം തകരുകയും കാതറിന്‍ അദ്ദേഹത്തെ വിട്ടുപോകുകയും ചെയ്തപ്പോഴും ജോര്‍ജിനിയ അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെ തുടര്‍ന്നു. ഡിക്കന്‍സ് മരിക്കുന്നതുവരെയും. അവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അഭ്യൂഹങ്ങളുണ്ടായിരുന്നു.ഡിക്കന്‍സ് വഞ്ചിച്ചതോടെ വീട് വിട്ട കാതറിന്‍ പിന്നീട് ആ വീട്ടിലേക്കു മടങ്ങിവന്നിട്ടില്ല. ദമ്പതികളുടെ 10 മക്കളെയും വളര്‍ത്തിയത് ജോര്‍ജിനിയ ആയിരുന്നു. ഡിക്കന്‍സ് ആകട്ടെ പുതുതായി കണ്ടെത്തിയ പ്രണയത്തിന്റെ ലഹരിയിലും.
മേരിയുടെ ലോക്കറ്റ് ഡിക്കന്‍സ് നിധി പോലെ ശേഖരിച്ചു. ഏറ്റവും പ്രിയപ്പെട്ട സ്വകാര്യ ശേഖരത്തില്‍ തന്നെ. മരണശേഷം മാത്രമാണ് എഴുത്തുകാരന്റെ മുറിയില്‍ നിന്ന് ലോക്കറ്റ് കണ്ടെടുത്തത്. ഒന്നര നൂറ്റാണ്ടിനുശേഷവും ആ ലോക്കറ്റിനു കേടുപാട് സംഭവിച്ചിട്ടില്ല. അപൂര്‍വം ചില ബന്ധങ്ങളുടെ ശക്തിക്കു മുന്നില്‍ കാലം നമിക്കാറുണ്ട്. തോറ്റു പിന്‍മാറാറുണ്ട്. അവയുടെ കഥകളാണ് വഞ്ചനകള്‍ക്കിടയിലും സ്നേഹത്തെ നിലനിര്‍ത്തുന്നത്. ജീവിത വിശ്വാസം ഉറപ്പിക്കുന്നത്. മരണത്തെ നിഷ്പ്രഭമാക്കുന്നത്.
English Summary: Unseen lockets reveal grief that haunted Charles Dickens writing