കുഞ്ചൻ നമ്പ്യാർ; ചിരിയിലൂടെ ചിന്തിപ്പിച്ച അസാമാന്യ പ്രതിഭ
Mail This Article
മലയാളിക്കു കുഞ്ചൻ നമ്പ്യാർ ആരാണ്? കേവലം ഹാസ്യകവിയോ? തുള്ളലെന്ന കലയുടെ ഉപജ്ഞാതാവോ? കേൾവികേട്ട പ്രാചീന കവിത്രയത്തിലെ അംഗമോ? ഇതെല്ലാമായിരുന്നു അദ്ദഹം. എന്നാൽ, ഇതിനെല്ലാമുപരിയായിരുന്നു. നമ്പ്യാരുടെ ജന്മദിനമെന്നു കരുതപ്പെടുന്ന മേയ് അഞ്ച് കുഞ്ചൻ ദിനമായാണ് അറിയപ്പെടുന്നത്.
നമ്പ്യാരുടെ ആക്ഷേപഹാസ്യം സരസത ജനിപ്പിക്കുന്നവയെന്നതിനെക്കാൾ മർമവേധിയായിരുന്നു, അതിന് ഇരയായവർക്ക്. അതാകട്ടെ അമ്പുകൊള്ളാത്തവരില്ല കുരുക്കളിൽ എന്ന പോലെ എല്ലാവർക്കും നേരെയായിരുന്നു. ഭരണാധികാരികളെ പരിഹസിച്ചതിനും ആക്ഷേപിച്ചതിനും കണക്കില്ല. കവിതയിലൂടെയും തുള്ളലിലൂടെയും മാത്രമല്ല, നിത്യജീവിതത്തിലെ സംഭാഷണങ്ങളിൽക്കൂടിയും. ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കാൻ അന്നു വിപ്ലവപ്രസ്ഥാനങ്ങളൊന്നും കൂട്ടിനുണ്ടായിരുന്നില്ല. രാജാവിന്റെ അപ്രീതി നേടിയാൽ തല പോകുന്ന കാലം. എന്നിട്ടും ആ തൂലിക അനീതിക്കും അരുതായ്മകൾക്കുമെതിരെ നിരന്തരം ചലിച്ചു. ഭരണത്തോടൊട്ടി നിൽക്കുകയും ഭരണാധികാരിയെ സ്തുതിക്കുകയും ചെയ്താൽ കിട്ടാവുന്ന സ്ഥാനമാനങ്ങളെക്കുറിച്ചൊന്നും നവ സാഹിത്യ പ്രായോഗിക വാദികളെപ്പോലെ അദ്ദേഹം ചിന്തിച്ചില്ല. അഥവാ, അത്തരം ആനുകൂല്യങ്ങളും പട്ടും വളയുമൊന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നുമില്ല.
‘ദീപസ്തംഭം മഹാശ്ചര്യം!
നമുക്കും കിട്ടണം പണം’
എന്ന വരികളിൽ പ്രകടമാണ് രാജസ്തുതികളുമായി അർഥവും സ്ഥാനവും കൊതിച്ചു നടക്കുന്നവരോടുള്ള നിന്ദ. അമ്പലപ്പുഴ പാൽപായസത്തിനു കയ്പാണെന്നും എന്നാൽ, ആ കയ്പ് പഞ്ചസാരയുടെയും പാലിന്റേയുമായതിനാൽ തനിക്കിഷ്ടമാണെന്നും തുറന്നടിക്കുന്ന നമ്പ്യാർ പക്ഷേ, സരസരും പ്രജാക്ഷേമ തൽപരരുമായ രാജാക്കന്മാരുടെ കാലത്താണു ജീവിച്ചിരുന്നത്. നമ്പ്യാരുടെ വിമർശനങ്ങൾ അതിന്റെ അർഥത്തിൽ ഉൾക്കൊള്ളാനും അതനുസരിച്ചു ഭരിക്കാനും അവർ തയാറായിരുന്നു.
രാജഭരണത്തിൽ രാജാവിനെക്കാൾ അധികാരം കാണിക്കുകയും പ്രജകളെ ദ്രോഹിക്കുയും ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെ ചെയ്തികൾ പുറത്തുകൊണ്ടുവരാനും അവർക്കു പിഴ വാങ്ങിക്കൊടുക്കാനും നമ്പ്യാരുടെ സ്വതസിദ്ധമായ നർമം പുരട്ടിയ ഇടപെടലുകൾക്കു കഴിഞ്ഞിട്ടുണ്ട്. കൊട്ടാരത്തിലെ ആശ്രിതർക്കു കൊട്ടാരം ഊട്ടുപുരയിൽ നിന്നുള്ള ഭക്ഷണം വായിൽ വയ്ക്കാൻ കൊള്ളാത്തതാണെന്നു രാജാവിനെ ബോധിപ്പിക്കാൻ ‘അയ്യോ പയ്യേ.... നിനക്കും പക്കത്താണോ ഊണ്?’ എന്ന ചോദ്യത്തിലൂടെ സാധിച്ചു. കൈപ്പിഴ മൂലം സംഭവിച്ച ഗ്രഹപ്പിഴയെന്ന പ്രയോഗത്തിലൂടെ കൊട്ടാരം കാര്യക്കാരനായ കൈപ്പിഴ നമ്പൂതിരിയുടെ കെടുകാര്യസ്ഥത ഇല്ലതാക്കാനും നമ്പ്യാർക്കു കഴിഞ്ഞു.
ആന കലക്കിയ കുളത്തിൽ കുളിച്ചെത്തിയ ഉണ്ണായി വാരിയർ രാജാവിനോടു ‘കരി കലക്കിയ കുളത്തിൽ കുളിച്ചു’ എന്ന നീരസം പ്രകടമാക്കിയപ്പോൾ ‘കളഭം കലക്കിയ കുളത്തിൽ കുളിച്ചു’ എന്ന് നമ്പ്യാർ പരിഹാസം കൂടി ചേർത്താണു മറുപടി നൽകിയത്.
ഉണ്ണായി വാരിയരും കുഞ്ചൻ നമ്പ്യാരും തിരുവനന്തപുരത്ത് ഒരുമിച്ചു താമസിച്ചിരുന്ന കാലത്തെ മറ്റൊരു സംഭവമാണല്ലോ ‘കാതിലോലയും നല്ലതാളിയും’. ഇരുവരുടെയും പാണ്ഡിത്യത്തെ പരാമർശിക്കുന്ന സംഭവമാണത്. കുളിക്കാൻ പോകുന്ന യുവതിയെയും തോഴിയെയും കണ്ട വാരിയർ: കാതിലോല. നമ്പ്യാരുടെ മറുവചനം: നല്ല താളി. യുവതി മനോഹരമായ കർണാഭരണം അണിഞ്ഞിരിക്കുന്നു എന്ന് പ്രത്യക്ഷ അർഥം. നമ്പ്യാരുടെ മറുപടിയാകട്ടെ തോഴിയുടെ കയ്യിലിരിക്കുന്നതു നല്ല താളിയെന്നും. എന്നാൽ ‘കാ അതിലോല?’ (ആരാണു കൂടുതൽ സുന്ദരി?) എന്ന വാരിയരുടെ ചോദ്യത്തിനു നമ്പ്യാർ കൊടുത്ത മറുപടി ‘നല്ലത് ആളി’ (നല്ലത് തോഴിയാണ്) ഇരുവരുടെയും പാണ്ഡത്യവും പ്രത്യുൽപന്നമതിത്വവും പ്രകടമാക്കുന്നു.
ചാക്യാർകൂത്തിനിടെ മിഴാവു കൊട്ടിയിരുന്ന നമ്പ്യാർ ഉറങ്ങിപ്പോയെന്നും ഇതുകണ്ട ചാക്യാർ കണക്കറ്റു പരിഹസിച്ചെന്നും പിണങ്ങിപ്പോന്ന നമ്പ്യാർ പിറ്റേന്നു തന്നെ ഓട്ടൻ തുള്ളൽ എന്ന കലാരൂപമുണ്ടാക്കി പകരം വീട്ടിയെന്നതും ചരിത്രമാണ്. തുള്ളലിനു വേണ്ടി നമ്പ്യാർ രചിച്ച കൃതികളെല്ലാം പുരാണ ഇതിവൃത്തത്തിൽ ഒളിപ്പിച്ച ശക്തമായ വിമർശനങ്ങളായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ സാമൂഹികജീവിതവും കവിയുടെ വിമർശനത്തിന് ഇരയായിട്ടുണ്ട്. രാജസേവകരായ അന്നത്തെ ജനം കാട്ടിക്കൂട്ടിയ പേക്കൂത്തുകളും അവരുടെ കുടുംബത്തിലെ അസ്വാരസ്യങ്ങളും രസകരമായി അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. വായുവില്ലാത്ത ലോകം, കാലനില്ലാത്ത കാലം തുടങ്ങിയ ആശയങ്ങളാകട്ടെ കവിയുടെ ദീർഘദർശിത്വത്തിന്റെ അവതരണങ്ങളുമായിരുന്നു.
ആക്ഷേപഹാസ്യത്തിലൂടെ സമൂഹത്തെയും ഭരണവർഗത്തെയും കണക്കറ്റ് വിമർശിച്ച അദ്ദേഹം സാമൂഹിക പരിഷ്കരണത്തിനു കവിതയും തുള്ളൽ കലയും മർഗമാക്കി.
പഴഞ്ചൊല്ലുകളുടെ പ്രളയം
നമ്പ്യാർക്കവിതകളിൽ പഴഞ്ചൊല്ലുകളുടെ പ്രളയമാണ്. നിത്യജീവിതത്തിൽ ദിനേന നാം കേൾക്കുന്ന പല പഴഞ്ചൊല്ലുകളും നമ്പ്യാർക്കവിതകളിലൂടെ പ്രസിദ്ധമായവാണ്. ഏതാനും പഴഞ്ചൊല്ലുകളിതാ....
∙തള്ളയ്ക്കിട്ടൊരു തല്ലു വരുമ്പോൾ
പിള്ളയെടുത്തു തടുക്കേയുള്ളൂ....
∙ആശാനക്ഷരമൊന്നു പിഴച്ചാൽ
അൻപത്തൊന്നു പിഴയ്ക്കും ശിഷ്യന്....
∙എമ്പ്രാനൽപം കട്ടു ഭുജിച്ചാൽ
അമ്പലവാസികളൊക്കെ കക്കും....
∙മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും
കല്ലിനുമുണ്ടാമൊരു സൗരഭ്യം...
∙കനകം മൂലം കാമിനി മൂലം
കലഹം പലവിധമുലകിൽ സുലഭം...
∙രണ്ടുകളത്രത്തെയുണ്ടാക്കി വയ്ക്കുന്ന
തണ്ടുതപ്പിക്കു സുഖമില്ലൊരിക്കലും.....
∙കുണ്ടുകിണറ്റിലെ തവളക്കുഞ്ഞിന്
കുന്നിൻ മീതെ പറക്കാൻ മോഹം....
∙വേലികൾ തന്നെ വിളവു മുടിച്ചാൽ
കാലികളെന്തു നടന്നീടുന്നു.....
∙ഉപ്പു ചുമന്നു നടക്കുന്നവനൊരു
കപ്പലു കടലിലിറക്കാൻ മോഹം.....
∙കയ്യിൽക്കിട്ടിയ കനകമുപേക്ഷി–
ച്ചീയം കൊൾവാനിച്ഛിക്കുന്നു.....
∙വീട്ടിലുണ്ടെങ്കിൽ വിരുന്നു ചോറും കിട്ടും
ഊട്ടിലും കിട്ടാ ദരിദ്രനെന്നോർക്കണം......
നമ്പ്യാരുടെ ഭാഷ
ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാൻ
വടിവിയന്നൊരു ചാരുകേരള ഭാഷ തന്നെ ചിതം വരൂ....
ഭാഷയേറി വരുന്ന നല്ല മണിപ്രവാളമതെങ്കിലോ
ദൂഷണം വരുവാനുമില്ല, വിശേഷഭൂഷണമായ് വരും...
സാധാരണക്കാരനു മനസ്സിലാകുന്ന ലളിത മലയാള ഭാഷ തന്നെയായിരുന്നു കുഞ്ചൻ നമ്പ്യാർ ഉപയോഗിച്ചിരുന്നത്. എന്നാൽ, ലളിത സംസ്കൃത പദങ്ങളും മലയാളവും കലർന്ന മണിപ്രവാളമായാലും പഥ്യം തന്നെ. സംസ്കൃതത്തിലും പണ്ഡിതനായിരുന്നു അദ്ദേഹം എന്നതിനും മികച്ച ഉദാഹരണങ്ങൾ ആ കൃതികളിലേറെയാണ്.
എന്നാൽ, ആ ഭാഷ ഏറെ വിമർശിക്കപ്പെട്ടിട്ടുമുണ്ട്. കുട്ടിക്കൃഷ്ണ മാരാർ, പി.കെ. ബാലകൃഷ്ണൻ തുടങ്ങിയ സാഹിത്യ വിമർശകർ നമ്പ്യാരുടെ ഭാഷയിലെ സംസ്കാരലോപത്തെ അപലപിച്ചിട്ടുണ്ട്. ദേവന്മാരെയും പുരാണ കഥാപാത്രങ്ങളെയും കൊണ്ടു വികലമായ ഭാഷ സംസാരിപ്പിച്ചു എന്നതാണ് ആ വിമർശനത്തിനു കാരണം.
ദേശാടനം
1705 മേയ് 5നു പാലക്കാട് ജില്ലയിലെ ലക്കിടി കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിൽ. ജനിച്ച കവിയുടെ പ്രവർത്തന മണ്ഡലം പിന്നീട് അമ്പലപ്പുഴയും തിരുവനന്തപുരവുമായി.
കിടങ്ങൂർക്കാരനായ ഭട്ടതിരിയായിരുന്നു കുഞ്ചൻ നമ്പ്യാരുടെ പിതാവ്. അദ്ദേഹം കിളളിക്കുറിശ്ശിമംഗലത്തെ ക്ഷേത്രത്തിൽ പൂജാരിയായിരുന്നു. മക്കളില്ലാത്ത ദുഃഖത്തിൽ കഴിഞ്ഞിരുന്ന ഭട്ടതിരിക്ക് ബ്രാഹ്മണന്റെ അനുഗ്രഹത്താലുണ്ടായ മകനാണ് കുഞ്ചൻ നമ്പ്യാർ എന്നും ഐതിഹ്യമുണ്ട്.
പെൺമക്കളുടെ വിവാഹത്തിനു ധനം സമാഹരിക്കാനിറങ്ങിയ ബ്രാഹ്മണൻ ക്ഷേത്രത്തിലെത്തി. ഭട്ടതിരി അദ്ദേഹത്തെ ഇല്ലത്തേക്കു ക്ഷണിച്ചു. പണക്കിഴി കുളക്കടവിൽ വച്ചു കുളിക്കാനിറങ്ങിയ ബ്രാഹ്മണൻ കുളി കഴിഞ്ഞു കയറിയപ്പോൾ പണം കാണാനില്ല. ഖിന്നനായാണു അദ്ദേഹം മടങ്ങിയത്. വീണ്ടുമൊരിക്കൽ അദ്ദേഹം ആ വഴി വന്നപ്പോൾ ഭട്ടതിരിയുടെ ഇല്ലത്തെത്തി. പഴയ സംഭവങ്ങൾ അപ്പോഴാണ് വിവരിച്ചത്. ഉടനെ ഭട്ടതിരിയുടെ സഹധർമിണി കുളക്കടവിൽ നിന്നു കിട്ടിയ പണക്കിഴി അദ്ദേഹത്തെ ഏൽപിച്ചു. കുളക്കരയിലൂടെ പോയ പശു ചാണകമിട്ടപ്പോൾ പണക്കിഴി അതിനടിയിൽപെട്ടതാകാമെന്നും കുളക്കടവിലെ ചാണകം വാരിയപ്പോൾ ലഭിച്ചതാണു പണക്കിഴിയെന്നും അവർ പറഞ്ഞു. സന്തുഷ്ടനായ ബ്രാഹ്മണൻ പണ്ഡിതനും പ്രസിദ്ധനുമായ മകനുണ്ടാകട്ടെ എന്ന് ഭട്ടതിരിയെയും പത്നിയെയും അനുഗ്രഹിച്ചു എന്നാണ് ഐതിഹ്യം.
ബാല്യത്തിൽത്തന്നെ നമ്പ്യാർ പിതാവിനൊപ്പം കിടങ്ങൂർക്കു പോയി. പിന്നീട് അമ്പലപ്പുഴയിലായിരുന്നു താമസം. അമ്പലപ്പുഴ പാൽപായസത്തിലെ കയ്പും ചാക്യാരുമായുള്ള കലഹവുമെല്ലാം അമ്പലപ്പുഴയിൽ വച്ചാണു നടക്കുന്നത്. തുള്ളൽക്കവിതകൾ ഏറെയും ഇവിടെ വച്ചാണു രചിച്ചിട്ടുള്ളത്. പിന്നീട് തിരുവിതാംകൂർ രാജാവായ മാർത്താണ്ഡ വർമ അമ്പലപ്പുഴ കീഴടക്കിയപ്പോൾ തിരുവനന്തപുരത്തേക്കു പോയി.
തിരുവനന്തപുരത്തു വസിക്കുമ്പോഴാണ് ഉണ്ണായി വാരിയരുമായുള്ള അടുപ്പവും അതേത്തുടർന്നുള്ള സംഭവങ്ങളും. പ്രായമായതോടെ രാജസേവ ബുദ്ധിമുട്ടാണെന്നും തന്നെ അമ്പലപ്പുഴയ്ക്കു പോകാൻ അനുവദിക്കണമെന്നും രാജാവിനോട് (ധർമരാജാ കാർത്തിക തിരുനാൾ മഹാരാജാവ്) അഭ്യർഥിക്കുകയായിരുന്നു.
‘കോലം കെട്ടുക, കോലകങ്ങളിൽ നടക്കെന്നുള്ള വേലയ്ക്കിനി
കാലം വാർധകമാകയാലടിയനെച്ചാടിക്കൊലാ ഭൂപതേ’
എന്ന അപേക്ഷ രാജാവ് സ്വീകരിച്ചു. അമ്പലപ്പുഴയിൽ വച്ച് 1770ൽ പേവിഷ ബാധയേറ്റായിരുന്നു മരണം എന്നു പറയപ്പെടുന്നു.
അമ്പലപ്പുഴയിൽ സംസ്ഥാന സർക്കാർ കുഞ്ചൻ സ്മാരകം നിർമിച്ചിട്ടുണ്ട്. കിള്ളിക്കുറിശ്ശിമംഗലത്തെ കലക്കത്ത് ഭവനവും നമ്പ്യാർ സ്മാരകമായി നിലനിർത്തിയിട്ടുണ്ട.് പാലക്കാട് ജില്ലയിലെ ചൂലന്നൂരിൽ അതിവിസ്തൃതമായ കുഞ്ചൻ സ്മൃതിവനവും നിലവിലുണ്ട്.
English Summary: Kunchan Nambiar, The legend who made us think with his humour