ആനകളെ മെരുക്കി; അക്ഷരങ്ങളെയും: ദേശാടനം നടത്തിയ മാടമ്പ് മനയിലെ തോന്ന്യാസക്കാരന്
Mail This Article
എന്റെ തോന്ന്യാസങ്ങൾ എന്ന് സ്വന്തം ജീവചരിത്രത്തെ രണ്ടു വാക്കില്‍ നിര്‍വചിച്ചിട്ടുണ്ടെങ്കിലും അര്‍ഥപൂര്‍ണവും അക്ഷരാര്‍ഥത്തില്‍ സഫലവുമായിരുന്നു മാടമ്പ് കുഞ്ഞുക്കുട്ടന്റെ ജീവിതം. ഏതെങ്കിലും ഒരു കള്ളിയില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെയും ആര്‍ക്കും പെട്ടെന്നു പിടി കൊടുക്കാതെയും ഒട്ടേറെ മേഖലകളില്‍ വ്യാപൃതനാകുകയും വിജയം വരിക്കുകയും ചെയ്തു അദ്ദേഹം. ആദ്യ നോവലായ അശ്വത്ഥാമാവിലൂടെ കേരള സാഹിത്യ അക്കാദമി പുരസ്കാരം സ്വന്തമാക്കിയ മാടമ്പ് ദേശീയ പുരസ്കാരം നേടുന്നതു സിനിമയിലൂടെയാണ്. എഴുത്തു ജീവിതം തുടങ്ങി പതിറ്റാണ്ടുകള്‍ക്കു ശേഷം ഈ നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷത്തിലായിരുന്നു കരുണത്തിലൂടെ അദ്ദേഹം മികച്ച തിരക്കഥാകൃത്തായത്. ഇതിനിടെ, സാഹിത്യത്തിലും സിനിമയിലും ഒട്ടേറെ തിരനോട്ടങ്ങള്‍. രാഷ്ട്രീയക്കാരനായി തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം. ഹിന്ദു കമ്യൂണിസ്റ്റ് എന്ന സ്വന്തം വിശേഷണം.
കമ്യൂണിസത്തെയും വേദ പാരമ്പര്യങ്ങളെയും ഗാന്ധിസത്തെയും സ്വന്തം ജീവിതത്തില്‍ സമന്വയിപ്പിച്ച അദ്ദേഹം, എന്നാല്‍ എന്നും പച്ചമനുഷ്യനായിരുന്നു. ഓരോ കാലത്തെയും വികാരങ്ങളോടും വിചാരങ്ങളോടും നീതി പുലര്‍ത്തിയ, ആത്മാര്‍ഥതയും സത്യസന്ധതയും ആര്‍ജവവും കൈവിടാതിരുന്ന സാധാരണക്കാരനായ അസാധാരണ പ്രതിഭാശാലി.
എഴുത്തിന്റെ പേരില്‍ സ്വന്തം രാജ്യത്തുനിന്ന് പലായനം ചെയ്യേണ്ടിവന്ന് ഇന്ത്യയില്‍ അഭയം തേടിയ ബംഗ്ലദേശി എഴുത്തുകാരി തസ്‍ലീമ നസ്രീനെ സ്വന്തം മനയിലേക്കു ക്ഷണിച്ചിട്ടുണ്ട് മാടമ്പ്. ഏതു സമയത്തും സ്വന്തം വീട്ടിലേക്ക് ആ എഴുത്തുകാരിയെ സ്വാഗതം ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് മനുഷ്യത്വം എന്ന വികാരമാണ്. ജീവിതത്തിലുള്ള വിശ്വാസവും സ്നേഹം ഉള്‍പ്പെടെയുള്ള മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും എക്കാലത്തും അദ്ദേഹത്തിന്റെ കൂടപ്പിറപ്പായിരുന്നു. ശങ്കരന്‍ നമ്പൂതിരി എന്ന പേര് കുഞ്ഞുകുട്ടന്‍ എന്നാക്കുന്നതു പോലും സ്നേഹസ്പര്‍ശത്തിന്റെ ഓര്‍മയിലാണ്. മുത്തശ്ശി ഇട്ട ചെല്ലപ്പേരായിരുന്നു കുഞ്ഞുകുട്ടന്‍. മാടമ്പ് മനയിലെ ശങ്കരൻ നമ്പൂതിരി ചെല്ലപ്പേര് ഔദ്യോഗികമാക്കി മുത്തശ്ശിയുടെ നന്‍മയെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി.
ഇതേ സ്നേഹം തന്നെയാണ് കരുണം എന്ന സിനിമയുടെ തിരക്കഥയിലെ സ്നേഹാക്ഷരങ്ങള്‍ എഴുതാന്‍ അദ്ദേഹത്തെ കരുത്തനാക്കിയതും. ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെട്ട ഒരു ജീവിതം പ്രകൃതിയില്‍ സാന്ത്വനം തേടുന്ന കാഴ്ചയുടെ കാരുണ്യമായിരുന്നു ആ സിനിമ. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ ദേശാടനത്തിലും അനാഥമാക്കപ്പെട്ട സ്നേഹത്തെക്കുറിച്ചാണ് മാടമ്പ് എഴുതിയത്. അദ്ദേഹം ഭാഗമായ പൈതൃകം എന്ന സിനിമ വരച്ചുകാട്ടിയതും വിശ്വാസത്തിനും ജീവിതത്തിനും ഇടയില്‍ അഭയം കണ്ടെത്താന്‍ ശ്രമിക്കുന്ന കേവല മനുഷ്യന്റെ പ്രതിസന്ധികളാണ്.
ആരായിരുന്നു മാടമ്പ് എന്ന് എളുപ്പം ചോദിക്കാമെങ്കിലും ഉത്തരം അതേ അനായാസതയോടെ ആര്‍ക്കും പറയാന്‍ പറ്റില്ല. പ്രാഥമിക സ്കൂള്‍ പഠനത്തിനുശേഷം ശാന്തിക്കാരനായാണ് അദ്ദേഹം ജീവിതം തുടങ്ങുന്നത്. അടിസ്ഥാന വിദ്യാഭ്യാസം പോലും വിജയകരമായി പൂര്‍ത്തിയാക്കാത്തതിനാല്‍ മികച്ചൊരു ജോലി അദ്ദേഹത്തിനു സ്വപ്നം കാണാന്‍ പോലും കഴിയുമായിരുന്നില്ല. അങ്ങനെയാണ് റേഡിയോ റിപ്പയറിങ് തൊഴിലായി സ്വീകരിക്കുന്നത്. പിന്നീട് കൈവച്ചത് സ്പ്രേ പെയ്ന്റിങ്ങില്‍. ആനപ്രേമിയായ അനുജനില്‍നിന്ന് ആനവൈദ്യം പഠിച്ചുതുടങ്ങിയ മാടമ്പ് പൂമുള്ളി ആറാം തമ്പുരാനിൽ നിന്ന് ആനവൈദ്യം ആധികാരികമായി പഠിച്ചിട്ടുമുണ്ട്. ഇടക്കാലത്ത് തൃശ്ശൂർ ആകാശവാണിയിൽ താല്കാലിക റൈറ്ററായും ജോലി ചെയ്തു. ടൈറ്റ് റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ടായി അടുത്ത ലാവണം. ക്രമേണ ട്യൂട്ടോറിയല്‍ കോളജും.
സമാന്തര അധ്യാപകനായി വിജയിച്ചതോടെ വാര്‍ഷികാഘോഷങ്ങള്‍ക്കു കളിക്കാന്‍ നാടകരചനയിലേക്ക് മാടമ്പ് തിരിഞ്ഞു. അങ്ങനെ കൊട്ടും കുരവുയുമില്ലാതെ, പ്രത്യേക പശ്ചാത്തലമൊന്നുമില്ലാതെ, ആരുടെയും അനുഗ്രാഹിശ്ശിസ്സുകളില്ലാതെ മാടമ്പ് എന്ന എഴുത്തുകാരന്‍ ജനിക്കുന്നു; സ്വന്തം ജീവിതാനുഭവങ്ങളുടെ മാത്രം കരുത്തില്‍. അശ്വത്ഥാമാവ്, ഭ്രഷ്ട്, മഹാപ്രസ്ഥാനം, എന്തരോ മഹാനഭാവുലു, ഓം ശാന്തി: ശാന്തി: ശാന്തി:. വേദപാരമ്പര്യവും കമ്യൂണിസ്റ്റ് ആദര്‍ശവും അക്രമ രഹിത അഹിംസാ സിദ്ധാന്തവുമെല്ലാം നോവലുകള്‍ക്കു വിഷയങ്ങളാക്കിയ എഴുത്തുകാരന്‍.
എണ്ണം പറഞ്ഞ സിനിമകള്‍. അവയിലൊന്നും ആരും തോന്ന്യാസങ്ങള്‍ കണ്ടില്ല. എന്നിട്ടും സ്വന്തം ജീവിതത്തെ നിഷ്കപടമായും നിഷ്കളങ്കമായും നോക്കിക്കാണാന്‍ കഴിഞ്ഞു അദ്ദേഹത്തിന്. അതുതന്നെയാണ് മാടമ്പ് കുഞ്ഞുകുട്ടന്‍ എന്ന, ദേശാടനം നടത്തിയ എഴുത്തുകാരന്റെ സമ്പന്നമായ പൈതൃകം.
English Summary: Madambu Kunjukuttan passes away