അങ്ങനെ ഞാനും മരണതീരം കഴിഞ്ഞെത്തി; കോവിഡ് അനുഭവം പങ്കുവെച്ച് ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ്
Mail This Article
കോവിഡ് ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട സാഹിത്യകാരൻ ഷിഹാബുദീൻ പൊയ്ത്തുംകടവ് എഴുതിയ അനുഭവക്കുറിപ്പ് രോഗതീവ്രതയെക്കുറിച്ചുള്ള നേരനുഭവമാണ്. സമൂഹമാധ്യമത്തിൽ അദ്ദേഹം പങ്കുവെച്ച അനുഭവക്കുറിപ്പ് വായിക്കാം –
അങ്ങനെ ഞാനും മരണതീരം കഴിഞ്ഞെത്തി.
കോവിഡ് കയറി ന്യുമോണിയയുമായി വലിയ പ്രേമത്തിലായി. ആദ്യഡോക്ടർ മിടുക്കനാണെങ്കിലും ചികിത്സയിൽ ഒന്ന് വഴിതെറ്റി. എന്റെ സമയദോഷം ഐസിയുവി ലെ ഏകാന്തതയെന്തെന്നറിഞ്ഞു. തൊട്ടടുത്ത കട്ടിലുകളിലെ മരണശ്വാസത്തിന്റെ താളവും
ഐസിയുവിൽ നിന്ന് ഡോക്ടർ പറഞ്ഞു: ലോട്ടറിയെടുത്തോളൂ. അടിക്കും.
2 ദിവസം കൂടി കഴിഞ്ഞിരുന്നെങ്കിൽ വരേണ്ടി വരുമായിരുന്നില്ല. ന്യുമോണിയ ശരിക്കും എന്നെ മോഹിപ്പിച്ചു എന്നതാണ് സത്യം. മുങ്ങി മുങ്ങിപ്പോകുന്ന മയക്കത്തിൽ കണ്ട ഒടുക്കത്തെ ഫാന്റസികൾ . പലപ്പോഴും അവ എന്നെ നിലം തൊടീച്ചില്ല.. എന്റമ്മോ എന്തൊരു മോഹിപ്പിക്കലായിരുന്നു. രാവും പകലും. പകലും രാവും ... അതിലൊന്ന് കടൽ ആകാശത്തേക്ക് കുത്തനെ നിന്ന് ശാന്തമായി മേലോട്ട് തിരയടിക്കുന്നതാണ്...!.
ഐസിയുവിലെ കിടപ്പിൽ നാലഞ്ച് തവണ പേനയ്ക്കും കടലാസിനും തപ്പി. കൈയിൽ തടഞ്ഞത് ഇഞ്ചക്ഷന്റെ സൂചി.
സിസ്റ്റർ പറഞ്ഞു: യ്യോ, ബ്ലഡ്.
മാലാഖമാരല്ലേ ഉടൻ പരിഹരിക്കപ്പെട്ടു.
വളരെ ശ്രദ്ധിച്ചിട്ടും കോവിഡ് വന്നു. അവസാനമായി ഞാനിട്ട ഡബിൾമാസ്ക്ക് എന്നെ പരിഹസിക്കുന്നു.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ അല്പം വാശി പിടിച്ചു. ഇപ്പോൾ ഞാൻ ഒകെയാണ്. വീട്ടിലിരുന്നു മരുന്ന് കഴിച്ചോളാം, ഡോക്ടർ.
വലിയ ഹോസ്പിറ്റൽ എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. തൊണ്ട വരണ്ടിട്ടും കുടിക്കാനുള്ള ചൂട് വെള്ളം മാത്രം കിട്ടിയില്ല. ആർക്കും പ്രവേശനമില്ല. ആരോടും പരാതിപ്പെടാനില്ല
വീട്ടിലെത്തി കൊതി തീരുവോളം ചൂട് വെള്ളം കുടിക്കണം. ദിവസത്തിൽ പല തവണ വിചാരിക്കും.
വീട്ടിലെത്തിയപ്പോഴാണ് കണ്ണാടി കാണുന്നത്. കണ്ണാടിയിൽ ഒരു പിച്ചക്കാരൻ നിൽക്കുന്നു. എന്തെങ്കിലും കൊടുക്കാൻ. പോക്കറ്റിൽ തപ്പിയില്ലെന്നേയുള്ളു ! ഒമ്പത് കിലോ കുറഞ്ഞ ഞാൻ !
ഇപ്പോൾ ദിവസങ്ങൾ കഴിഞ്ഞിട്ടും പോസ്റ്റ് കോവിഡ് പ്രശ്നങ്ങൾ. പാൻക്രിയാസിനെ വിടാതെ പിന്തുടരുന്നു.
എങ്കിലും ന്യുമോണിയ എന്നെ വല്ലാതെ മദിപ്പിച്ചു കളഞ്ഞു. അടുത്ത ജന്മത്തിലെ എന്റെ വധു.
English Summary: Shihabuddin Poithumkadavu writes on his covid battle