ഞാൻ കവിത എഴുതിക്കൊടുത്തില്ല, അയാൾ ആ പ്രണയം പറഞ്ഞില്ല..
Mail This Article
ഒരു വിവര്‍ത്തനത്തിന് അതിന്‍റെ മൂലകൃതിയോടുള്ളത്, മകന് അച്ഛനോടുള്ള സാദൃശ്യം പോലെ ഒരു ബന്ധമാണെന്ന് പെട്രാര്‍ക്ക് നിരീക്ഷിക്കുന്നുണ്ട്. മകനില്‍ നിഴലിച്ചു കാണുന്ന എന്തോ ഒന്ന് അച്ഛനെ പെട്ടെന്ന്‍ ഓര്‍മ്മയില്‍ കൊണ്ടുവരികയാണ്.'
മേലുദ്ധരിച്ച വരികള്‍ വി.രവികുമാറിന്‍റെ വിവര്‍ത്തനകൃതിയായ മൂന്നു മുറിവുകള്‍, നൂറുകവിതകള്‍ എന്ന പുസ്തകത്തിന്‍റെ മുഖവുരയില്‍ നിന്നാണ്. അതിവിടെ കുറിയ്ക്കാന്‍ കാരണം, ഞാനേറെ സ്നേഹിച്ചിരുന്ന പെണ്ണലവിയുടെ മകനെ അപ്രതീക്ഷിതമായി കാണുകയുണ്ടായി എന്നതാണ്. ആ കൂടിക്കാഴ്ചയുടെ തുടര്‍ച്ച പോലെ ഈ വരികള്‍ പെട്ടെന്ന്‍ ഓര്‍മ്മ വരികയായിരുന്നു.
പെണ്ണലവി എന്‍റെ സുഹൃത്താണ്. ആയിരുന്നു എന്നല്ല. ഇപ്പോഴുമാണ്. മരിച്ചുപോയി എന്നതിനാല്‍ സൗഹൃദം അവസാനിക്കുന്നില്ലല്ലോ. അയാളെ ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അയാളുണ്ട്. അയാളുടെ മകന്‍ എന്‍റെ മുന്നില്‍ വന്നുനിന്നപ്പോള്‍ ഒരു നിമിഷം ഞാന്‍ കാലത്തിന്‍റെ കരവിരുതോര്‍ത്തു.
ഇനിയൊരിക്കലും മടങ്ങിയെത്താന്‍ സാധ്യതയില്ലാത്ത ആ അവധിക്കാലമാസങ്ങളുടെ നിഷ്ഫലതയോര്‍ത്തും വിസ്മയിച്ചുപോയി. വര്‍ഷങ്ങള്‍ എത്രവേഗമാണ് പോയ്ക്കളഞ്ഞത്.
ആലുവയ്ക്ക് അടുത്ത് ഒരു തയ്യൽ യൂണിറ്റില്‍ സൂപ്രവൈസര്‍ എന്ന തസ്തികയില്‍ തേപ്പുപണി ചെയ്തിരുന്ന കാലത്താണ് ഞാന്‍ പെണ്ണലവിയെ ആദ്യമായി കാണുന്നത്. പ്രീഡിഗ്രീ പരീക്ഷ കഴിഞ്ഞ്, റിസല്‍ട്ട് വരാനായി കാത്തുനില്‍ക്കുന്നകാലം. എന്തെങ്കിലും പണിയില്‍ ഏര്‍പ്പെട്ട് സ്വന്തം കാര്യം നോക്കുക എന്നതായിരുന്നു മുന്‍പരിചയമില്ലാത്ത ആ ജോലി ഏറ്റെടുക്കാന്‍ കാരണം. തയ്യൽ യൂണിറ്റിലെ ഏക ആണ്‍പ്രജ ഞാന്‍ മാത്രമായിരുന്നു. ബാക്കിയുള്ള പതിനഞ്ചോളം ജോലിക്കാരെല്ലാം വിവിധ പ്രായത്തിലുള്ള സ്ത്രീകളായിരുന്നു.
വല്ലപ്പോഴും വരുന്ന മുതലാളി ആയിരുന്നു മറ്റൊരാണ്. നല്ല മുതലാളി എന്നൊന്ന് ഒരിക്കലും സാധ്യമാകാന്‍ ഇടയില്ലെന്ന് നോക്കിലും വാക്കിലും അദ്ദേഹവും ഉറപ്പിച്ചു. നോട്ടുകെട്ടുകള്‍ റബ്ബര്‍ ബാന്‍ഡ് ഇട്ടു കെട്ടി അലമാരയില്‍ അടുക്കിവയ്ക്കാനാണ് മനുഷ്യര്‍ ഈ ഭൂമിയില്‍ ജനിച്ചതുതന്നെ എന്നായിരുന്നു പുള്ളിയുടെ സ്ഥിരംഭാവം. അതിനുകൊള്ളാത്തവരെ അദ്ദേഹം മനുഷ്യരായി പരിഗണിച്ചില്ല. പണം, ബില്ലുകള്‍, രസീത്, വൈദ്യുതിമുടക്കം, പണിയെടുക്കാത്ത ജോലിക്കാര്‍ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് അലര്‍ച്ചപോലെ സംസാരിക്കുന്നതാണ് മുതലാളിയുടെ രീതി.
ഈ പെണ്ണുങ്ങടെ ഇടയില്‍ എന്നെയിട്ടേച്ചു പോകുന്ന മുതലാളിയൊക്കെ ഒരു മുതലാളിയാണോ, മുതലാളീ.... എന്ന് ചോദിക്കണമെന്ന് എനിക്കെപ്പോഴും തോന്നിയിരുന്നു. ചോദിച്ചാല്‍, പുള്ളിയുടെ സ്വഭാവം വച്ച് എന്ത് പറയും എന്നതിനാല്‍ ഞാനീവക കുനുഷ്ടുകള്‍ ഉള്ളിലടക്കി മൗനം പാലിച്ചുപോന്നു.
നിരന്നിരുന്നു തയ്ക്കുന്ന പെണ്ണുങ്ങളാകട്ടെ, ഇടയ്ക്കിടെ എന്നെ നോക്കി ചിരിയ്ക്കുകയും പരിഹാസവാക്കുകള്‍ യഥേഷ്ടം ചൊരിയുകയും ചെയ്തു. ഞാനതൊന്നും വകവയ്ക്കാതെ, അവര്‍ തയ്ച്ചു കുന്നുകൂട്ടിയിടുന്ന സ്ത്രീയുടുപ്പുകള്‍ ഇസ്തിരിയിട്ട് മടക്കി, ഇനം തിരിച്ച് കെട്ടുകെട്ടുകളായി അടക്കിവച്ചു. അവയുടെ കണക്കുകള്‍ ഒരു റജിസ്റ്ററിൽ കൃത്യമായി എഴുതി. കണക്കുകള്‍ തെറ്റുമ്പോള്‍, മുതലാളി പറയുന്ന തെറികള്‍ കൃത്യമായി കൈപ്പറ്റി.
ഉച്ചയ്ക്ക് ഭക്ഷണം കഴിയ്ക്കാന്‍ അടുത്തുള്ള ഒരു ഹോട്ടല്‍ ആയിരുന്നു ആശ്രയം. അവിടെ വച്ചാണ് പെണ്ണലവിയെ ഞാനാദ്യം കാണുന്നത്.
നീട്ടിവളര്‍ത്തി ചുമലൊപ്പം മുറിച്ച നല്ല ഉള്ളുള്ള മുടി. ഇരുവശത്തും സ്ലൈഡുകള്‍ കുത്തിയിട്ടുണ്ട്. വാലിട്ട് കണ്ണെഴുതിയിരിക്കുന്നു. കൈകളില്‍ കുപ്പി വളകളുണ്ട്. കല്ലുവച്ച മോതിരവും. കാലില്‍ തളകളും മിഞ്ചിയും. കഴുത്തില്‍ മാല. വെള്ളമുണ്ടും ബ്ലൗസുമാണ് വേഷം. ക്ലീന്‍ ഷേവ് ആണെങ്കിലും മുഖത്ത് എപ്പോഴും കുറ്റിരോമങ്ങള്‍ കാണും. ബ്ലൗസിന് കുറുകേ മാറിടം മറയ്ക്കാനിട്ട തോര്‍ത്തിനിടയിലൂടെ നെഞ്ചിലെ രോമങ്ങള്‍ എത്തിനോക്കുന്നു.
ഹോട്ടലില്‍ ചായയിടാന്‍ നില്‍ക്കുന്ന പയ്യന്‍ പറഞ്ഞ എന്തോ വഷളത്തത്തിന് മറുപടിയായി, ഒന്നാന്തരം ആണ്‍സ്വരത്തില്‍ 'പോടാ ശൈത്താനേ, നിനക്കും ഇല്ലെടാ ഉമ്മീം പെങ്ങമ്മാരും..' എന്ന പെണ്ണലവിയുടെ ചോദ്യത്തിലേയ്ക്കാണ് ഞാന്‍ ചെന്നുകയറിയത്.
കശപിശ നീണ്ടുപോയതോടെ ഹോട്ടലുടമ തിളച്ച വെള്ളം കപ്പിലെടുത്ത് പെണ്ണലവിയ്ക്ക് നേരെ വീശി എറിഞ്ഞത് ചെറിയ ഭാഗ്യംകൊണ്ടാണ് ദേഹത്ത് വീഴാതിരുന്നത്. അതോടെ പെണ്ണലവി റോഡിനു മറുവശത്ത് പോയി നിന്നു.
'പെണ്ണുങ്ങടെ വെല എന്താന്ന്‍ നീ നിന്‍റെ ഉമ്മോട് പോയി ചോയ്ക്കെടാ....' എന്ന് അയാള്‍ ആരോടെന്നില്ലാതെ പുലമ്പി.
ഹോട്ടലില്‍ നിന്നും പുറത്തുകടന്ന എന്നോട് 'ഒന്നു നിന്നാട്ടെ..' എന്ന ചോദ്യവുമായി അയാള്‍ പുറകേ വന്നു.
ഞാന്‍ മടിച്ചുനിന്നപ്പോള്‍, 'കൊച്ചേ, പെണ്ണുങ്ങടെ അടീലുടുക്കണ വല്ലതും ഒണ്ടേല്‍ തരണേ..'എന്ന് പറഞ്ഞു.
ഞാനൊന്നു ചിരിച്ചപ്പോള്‍ മുറുക്കാന്‍കറയുള്ള വിടര്‍ന്ന ചിരി മടക്കിക്കിട്ടി.
'മൊതലാളിയോട് ചോദിച്ചിട്ട് തന്നാമതി. തയ്ക്കുമ്പോ കേടു പറ്റിയതിണ്ടാവുല്ലോ..അതുമതി...'
ഞാന്‍ ഒന്നും പറഞ്ഞില്ല. വിഡ്ഢിച്ചിരിയോടെ നില്‍ക്കുമ്പോള്‍ അയാള്‍ മറ്റൊരു വഴിയ്ക്ക് തിരിഞ്ഞു.
അങ്ങനെ ഒന്നാം ദിവസം.
തയ്യൽ യൂണിറ്റിലെ സജ്നത്തയാണ് പിന്നീട് പെണ്ണലവിയുടെ കഥ എന്നോട് പറയുന്നത്. പെണ്‍വേഷം കെട്ടി നടന്നിട്ടാണ് അലവി നാട്ടുകാര്‍ക്ക് പെണ്ണലവിയായത്. പിതൃസ്വത്തു ഭാഗം വയ്ച്ചപ്പോള്‍ കിട്ടിയ അഞ്ചു സെന്റില്‍ ചെറിയൊരു വീടുണ്ടാക്കിയാണ് താമസം. റോഡ് പണിയ്ക്കും മണ്ണ് ചുമക്കാനും പോകും. അതാണ് വരുമാനം. അയാള്‍ക്ക് ഭാര്യയും രണ്ട് മക്കളും ഉണ്ടെന്ന വിവരം എന്നെ അത്ഭുതപ്പെടുത്തി. ഭാര്യയായ സ്ത്രീയും വീട്ടുപണികള്‍ക്ക് പോകുന്നുണ്ട്. അങ്ങനെ കുടുംബം പുലരും. സത്യത്തില്‍, ആ സ്ത്രീയെ പെണ്ണലവി നിക്കാഹ് ചെയ്തതൊന്നുമല്ലെന്നാണ് സജ്നത്തയുടെ അറിവ്. റെയില്‍വേ സ്റ്റേഷനില്‍ തെണ്ടിപ്പെറുക്കി നടന്ന അവരെ വിളിച്ച് കൂടെ താമസിപ്പിച്ചതാണത്രേ.
ഇത്രയും പറഞ്ഞിട്ട് സജ്നത്ത ചോദിച്ചു: 'പെണ്ണലവിയ്ക്ക് ആണുങ്ങളെ ചേലിയ്ക്ക് നടന്നാലെന്തൂട്ടാ... ഓരോ വേഷംകെട്ട്...ആണ്‍പിള്ളേരുമായി ചെല എടപടൊക്കെയിണ്ട് ശവത്തിന്...ചെര്‍ക്കാ..നീ അതിനോട് മിണ്ടാനൊന്നും പോകണ്ടാട്ടോ.'
ഈ സംസാരം കേട്ടുനിന്ന ആയിഷാത്ത പറഞ്ഞു: 'അയാള് പെണ്ണ് തന്നെയാ. മീശേം താടീം വളരണ പെണ്ണ്. കൊച്ചുങ്ങള് അയാള്ടെ ഒന്ന്വല്ല. പെണ്ണും പെണ്ണും കെടന്നാ എന്തോ ഒണ്ടാകാനാ..'
അതുകേട്ട് തയ്യൽ യൂണിറ്റിലെ പെണ്ണുങ്ങള്‍ എല്ലാം ആര്‍ത്തുചിരിച്ചു. ഞാന്‍ നാണിച്ചു വശംകെട്ടു.
ഞാന്‍ അങ്ങോട്ട് പോയില്ലെങ്കിലും മറ്റൊരിക്കല്‍ പെണ്ണലവി എന്നെ അന്വേഷിച്ച് ഇങ്ങോട്ട് വന്നു. പെണ്ണുങ്ങള്‍ എല്ലാവരും പോയിക്കഴിഞ്ഞ ഒരു വൈകുന്നേരമായിരുന്നു. ആദ്യം കണ്ടപ്പോള്‍ സൂചിപ്പിച്ച ആവശ്യം തന്നെയായിരുന്നു വരവിന്‍റെ കാരണം. ആരുമറിയാതെ മുതലാളിയോട് പറഞ്ഞ്, രണ്ട് നൈറ്റികള്‍, പാവാട, സ്ത്രീകളുടെ അടിയുടുപ്പുകള്‍ എന്നിങ്ങനെ ചിലത് ഞാന്‍ മാറ്റി വച്ചിരുന്നു. അവ കൈമാറുമ്പോള്‍ പെണ്ണലവി ഭൂമിയിലെ ഏറ്റവും സ്നേഹമുള്ള, നോവാര്‍ന്ന കണ്ണുകളോടെ എന്നെ നോക്കി.
ഞാനത് ശ്രദ്ധിക്കാത്ത മട്ടില്‍ ഷട്ടര്‍ വലിച്ചുതാഴ്ത്തി.
അങ്ങനെയാണ് ഞങ്ങള്‍ക്കിടയില്‍ പതുക്കെയൊരു മൈത്രി വളര്‍ന്നുവന്നത്. നേരം കിട്ടുമ്പോഴെല്ലാം അയാള്‍ എന്നെ തേടി വന്നു. ഷോപ്പിന്‍റെ പടികളില്‍ വന്നിരുന്നു വര്‍ത്തമാനം പറഞ്ഞു. പടികളോട് ചേര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കോഴിവാലന്‍ ചെടിയുടെ ചുവട്ടിലാകെ മുറുക്കിത്തുപ്പി ചുമപ്പിച്ചു.
നാട്ടിലെ ആണുങ്ങളെക്കുറിച്ചും പെണ്ണുങ്ങളെക്കുറിച്ചും എന്തുമാത്രം വിവരങ്ങളാണ് പെണ്ണലവി ശേഖരിച്ചു വച്ചിട്ടുള്ളതെന്നു ഞാന്‍ വിസ്മയിച്ചു.
ഞങ്ങളുടെയീ സൗഹൃദം പെണ്ണുങ്ങള്‍ക്കിടയില്‍ സംസാരമാകുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. പക്ഷേ, കാര്യമാക്കിയില്ല. എല്ലാദിവസവും ഷോപ്പിന്‍റെ ഷട്ടറിട്ടു ബസ് സ്റ്റോപ്പിലേയ്ക്ക് നടക്കുമ്പോള്‍ പെണ്ണലവി കൂടെ വന്നു.
ഒരു ദിവസം ചോദിച്ചു:
‘കൊച്ച് കഥ എഴുതുവോ?..’
ഞാന്‍ മറുപടി പറഞ്ഞില്ല. ചുമ്മാ ചിരിച്ചതേയുള്ളൂ. ആയിടെ, മുംബൈയില്‍ നിന്നുള്ള മറുനാട് വാരികയില്‍ എന്‍റെ ഒന്നുരണ്ട് കഥകള്‍ അച്ചടിച്ചു വന്നിരുന്നു. തുന്നാൻ വരുന്ന പെണ്ണുങ്ങളെ ഇംപ്രസ് ചെയ്യാന്‍ ഞാനത് അവരെയൊക്കെ കാണിച്ചിരുന്നു. ആ വിവരം എങ്ങനെയോ കറങ്ങിത്തിരിഞ്ഞ് അയാളുടെ ചെവിയിലും എത്തിയതോര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടു.
ഞാന്‍ അറിയാതെ ചോദിച്ചുപോയി.
‘എങ്ങനറിഞ്ഞു..?’
അയാള്‍ ഒരു കുണുങ്ങലോടെ പറഞ്ഞ മറുപടി അതിനേക്കാള്‍ കേമമായി.
‘കൊച്ചേ, ഞങ്ങള് പെണ്ണുങ്ങടെ ഇടയില് ഒരൊളിവും നടക്കേല..’
തയ്യൽ യൂണിറ്റിലെ തയ്യല്‍ക്കാരികളുമായി പെണ്ണലവി ലോഹ്യത്തിലാണ് എന്ന് എനിക്കറിയില്ലായിരുന്നു. സൂപ്രവൈസറായി ഞാന്‍ വന്നതോടെ എന്‍റെ അനുവാദമില്ലാതെ തിരിമറിയൊന്നും നടക്കില്ലെന്ന് പെണ്ണുങ്ങള്‍ തന്നെ അലവിയെ അറിയിച്ചതാണ് എന്നോട് മൈത്രി സ്ഥാപിയ്ക്കാന്‍ കാരണം. ഇതൊക്കെ ആരറിയുന്നു.
ഞങ്ങള്‍ക്കിടയില്‍ അല്‍പ്പനേരം മൌനമായി. പിന്നെ പെണ്ണലവി ചോദിച്ചു:
‘കവിത എഴുതണംന്ന്‍ വല്യ ആഗ്രഹോണ് എനിയ്ക്ക്. പക്ഷേ എങ്ങനെ എഴുതണംന്ന്‍ അറിഞ്ഞൂടാ. ഞാന്‍ മനസിലൊള്ളത് പറഞ്ഞാ കൊച്ചെനിയ്ക്ക് എഴുതിത്തര്വോ?’
എഴുതാമെന്നോ, പറ്റില്ലെന്നോ ഞാന്‍ പറഞ്ഞില്ല. പെണ്ണാകാന്‍ ആഗ്രഹമുള്ള ഒരാണിന്‍റെ ജീവിതമായിരിക്കും കവിതയിലൂടെ അയാള്‍ പറയാന്‍ പോകുന്നതെന്ന് ഞാന്‍ ഉറപ്പിച്ചു. റോഡരികില്‍ ഒരു കലുങ്കിന്‍റെ അടുത്തെത്തിയിരുന്നു ഞങ്ങള്‍.
‘ഇത്തിരി നേരം ഇവിടിരിക്കാം. എന്‍റെ അടുത്തിരിക്കാന്‍ മടീണ്ടോ?’
സത്യത്തില്‍ എനിയ്ക്ക് മടി ഉണ്ടായിരുന്നു. എന്നാലും ഞാന്‍ ഇരുന്നു. അയാള്‍ പറഞ്ഞു.
‘ഈ മുണ്ടും ബ്ലൗസും ഇട്ടു നടക്കുമ്പോ എനിക്കൊരു സ്നേഹം തോന്നണ്ട് എല്ലാരോടും. എന്താണോ..അങ്ങനെ...?’
സ്നേഹം. ആ എടുക്കാത്ത നാണയം ആര്‍ക്ക് വേണം. ഈ ലോകം ആണുങ്ങളുടെതാണ്. ഇതാരോ മുന്‍പേ ഉറപ്പിച്ചുകഴിഞ്ഞിരിക്കുന്നു. അങ്ങനെ ചില സാഹിത്യമെല്ലാം പറയണം എന്നുണ്ടായിരുന്നു. പക്ഷേ ‘എനിയ്ക്ക് പെണ്ണായാ മതി...’ എന്ന ഭാവത്തില്‍ ഇരിക്കുന്ന അയാളോട് ഞാന്‍ എന്തുപറയാനാണ്. ഇനി അതുതന്നെ ആകുമോ അയാള്‍ പറയാന്‍ ഉദ്ദേശിക്കുന്നത്? ആര്‍ക്കറിയാം?
അല്‍പ്പനേരം കൂടി അയാള്‍ക്കൊപ്പം ഇരുന്നുവെങ്കിലും കൂടുതലൊന്നും അയാള്‍ പറഞ്ഞില്ല. വഴിയേ പോയവര്‍ ഞങ്ങളെ ശ്രദ്ധിക്കുന്നതായി തോന്നിയപ്പോള്‍ ഞാന്‍ എഴുന്നേറ്റു. പെണ്ണലവിയപ്പോള്‍ എന്‍റെ കയ്യില്‍ പിടിച്ചു നിര്‍ത്തി. അയാളുടെ കൈകള്‍ക്ക് എന്തൊരു കരുത്താണ് എന്ന് ആലോചിച്ചുനില്‍ക്കുമ്പോള്‍ അയാള്‍ പറഞ്ഞു:
'ഷോപ്പിലെ പെണ്ണുങ്ങളില്‍ ഒരാള് നിന്നെ പ്രേമിക്കുന്നൊണ്ട്...'
ആ വിവരം എന്നെ നടുക്കുന്ന ഒന്നായി. ഈ നിമിഷം വരെ അങ്ങനെയൊരു സൂചന എനിക്ക് കിട്ടിയിരുന്നില്ല. എനിക്കറിയില്ലെന്നു പറഞ്ഞവാറെ, 'ഇനിയത് അറിയാന്‍ നീ മാത്രമേയുള്ളൂ' എന്നായി അയാള്‍.
ഞാന്‍ അത്ഭുതപ്പെട്ടു. ആരായിരിക്കും അത്?
‘ഏതുവഴിയാകും അടിവരിക..’ എന്ന പ്രാണഭീതിയോടെ, കാക്കനോട്ടവുമായി നടക്കുന്ന എന്നെ ആരാണാവോ ഇഷ്ടപ്പെട്ടിട്ടുണ്ടാവുക? ഞാന്‍ എത്ര കിഴിഞ്ഞിട്ടും പെണ്ണലവി ആളെ പറഞ്ഞില്ല.
അതോടെ തയ്യൽ യൂണിറ്റിലെ ദിവസങ്ങള്‍ എനിയ്ക്ക് കൂടുതല്‍ ദു:സ്സഹമായി. എനിക്കെതിരെ ഈ പെണ്ണുങ്ങള്‍ എന്തൊക്കെയോ ഗൂഡാലോചനകള്‍ നടത്തുന്നുവെന്ന് ഞാന്‍ സംശയിച്ചു.എന്‍റെ കാമുകിയെ കണ്ടെത്താന്‍ എനിയ്ക്കായില്ല.
അതിനുമുന്‍പേ പ്രീഡിഗ്രിയുടെ റിസള്‍ട്ട് വന്നു. ബിരുദത്തിന് ചേരാന്‍ അപേക്ഷ കൊടുത്തു. തയ്യൽ യൂണിറ്റിലെ തേപ്പുപണി, ‘നാളെത്തൊട്ട് ഞാന്‍ വരികേല...പഠിയ്ക്കാന്‍ പോണ്...’ എന്ന ഒറ്റ ഡയലോഗില്‍ അവസാനിപ്പിച്ചു. അധികം വൈകാതെ ഞാന്‍ വീണ്ടും കോളേജില്‍ പോയിത്തുടങ്ങി.
പെണ്ണലവിയും പെണ്ണുങ്ങളും മറവിയിലാണ്ടുപോയി.
ആളുകളെ എത്രവേഗമാണ് നാം മറന്നുപോകുന്നത്. കൂടുതല്‍ വിശാലമാകുന്ന ലോകവും വിചാരങ്ങളും അവരെ ഉള്‍ക്കൊള്ളുന്നില്ല. യുക്തിഹീനമായ ചില ഭാവനകളില്‍ മാത്രം അവര്‍ പിന്നെ അവതരിക്കുന്നു.
ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍റെ മുന്നിലെ,പഴയ എംപ്ലോയ്മെന്‍റ് ഓഫിസിലേയ്ക്കുള്ള ഇടുക്കുവഴിയില്‍ പെണ്ണലവിയെ വീണ്ടും കാണുമ്പോള്‍ അയാള്‍ ഒരാള്‍ക്കൂട്ടത്തിന് നടുവിലായിരുന്നു. ഹാ..കഷ്ടം. കുറ്റാരോപിതനായ അയാള്‍, ആളുകളുടെ അസഭ്യവര്‍ഷവും അടികളും ഏറ്റുവാങ്ങുകയായിരുന്നു.
ഓവര്‍ ബ്രിഡ്ജിനു താഴെയുള്ള ഇത്തിരിയിടത്തില്‍ അയാളൊരു കൗമാരക്കാരനൊപ്പം സമയം ചെലവിട്ടു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം.
താന്‍ പണികഴിഞ്ഞു വരുന്ന വഴിയാണെന്നും പയ്യന്‍ തന്‍റെ നാട്ടുകാരനും പരിചയക്കാരനും ആണെന്നും ഇവിടെവച്ചു കണ്ടപ്പോള്‍ ഒന്നു സംസാരിച്ചേ ഉള്ളെന്നും പെണ്ണലവി ആണയിട്ട് പറയുന്നുണ്ടായിരുന്നു. എന്നാല്‍, ആരും അത് കേട്ടതായി തോന്നിയില്ല. തലങ്ങും വിലങ്ങും അടികള്‍ വീണുകൊണ്ടിരുന്നു. അയാള്‍ക്കൊപ്പം ഉണ്ടായിരുന്ന കൗമാരക്കാരനാകട്ടെ സാക്ഷി പറയാന്‍ നില്‍ക്കാതെ ഇതിനകം ഓടിമറഞ്ഞിരുന്നു.
ആള്‍ക്കൂട്ടത്തിനൊപ്പം പീഡിതനായി, കുരിശേറ്റത്തിനു കൊണ്ടുപോകുന്ന മിശിഹായെ പോലെ പെണ്ണലവി നടന്നുമറയുന്നതാണ് ആ മനുഷ്യന്‍ എനിയ്ക്ക് അനുവദിച്ച അവസാനക്കാഴ്ച.
പിന്നെയൊരിക്കലും ഞാന്‍ പെണ്ണലവിയെ കണ്ടിട്ടില്ല.വര്‍ഷങ്ങളെത്ര കഴിഞ്ഞു.
ഇക്കഴിഞ്ഞ പ്രളയകാലത്ത് ഞാന്‍കൂടി ഭാരവാഹിയായ റസിഡന്‍സ് അസോസിയേഷന്‍റെ കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഭയക്യാമ്പുകളില്‍ എത്തിക്കാനുള്ള വസ്ത്രങ്ങളും മറ്റും കണ്ടെത്താന്‍ പഴയ മുതലാളിയുടെ സഹായം തേടുകയുണ്ടായി.
അന്നത്തെയാ ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ കെട്ടിടമല്ല ഇപ്പോള്‍. ആ പഴയകെട്ടിടം നിന്നിടത്ത് ഇപ്പോള്‍ മൂന്ന് നിലയിലുള്ള വലിയ സമുച്ചയം. ഒരു നില ടെക്സ്റ്റയില്‍സാണ്. ഒരു നില തയ്യൽ യൂണിറ്റ്. വേറെയും ഉണ്ട് സ്ഥാപനങ്ങള്‍. മുതലാളി അഭിമാനത്തോടെ എല്ലാം കൊണ്ടുനടന്നുകാണിച്ചു.
തയ്യൽ യൂണിറ്റില്‍ ഇസ്തിരിയിടാനുള്ള തുണിക്കൂമ്പാരം കണ്ട് ഞാന്‍ അന്നത്തെ എന്നെയോര്‍ത്തു. ഇന്നിപ്പോള്‍ പെണ്ണുങ്ങള്‍ ആരുമില്ല. ജീവനക്കാരെല്ലാം അതിഥിതൊഴിലാളികളാണ്. നാട്ടിലെ ചില ചെറുപ്പക്കാര്‍ക്കും ജോലി കൊടുത്തിട്ടുണ്ട് മുതലാളി. അതില്‍ ഒരാളെ ചൂണ്ടി അദ്ദേഹം പറഞ്ഞു.
‘നിനക്കോര്‍മ്മയില്ലേ.. പെണ്ണലവിയെ.അങ്ങോരുടെ മോനാണ്....'
ഞാന്‍ നോക്കി. ഒരു മെലിഞ്ഞ പയ്യന്‍. മുടി തോളൊപ്പം വളര്‍ത്തിയിട്ടുണ്ട്. ഒരു ചെവിയില്‍ കമ്മലിട്ടിട്ടുണ്ട്. കഴുത്തിലും കൈകളിലും ഉണ്ട് ഓരോ ആഭരണങ്ങള്‍. പണ്ട് പെണ്ണലവി ധരിച്ചപോലെ അല്ലെന്ന് മാത്രം. അവന്‍ തന്‍റെ മേല്‍മീശയുടെ അറ്റം മുകളിലേയ്ക്ക് അല്‍പ്പം തെറുത്തുവച്ചപോലെ തോന്നി. ഒരാള്‍ പ്രഖ്യാപിക്കുന്ന സ്വാതന്ത്ര്യം അയാളുടെ അഭിമാനമാണ് എന്നുപറയും പോലെ.
മുതലാളി തുടര്‍ന്നു: ‘ചെല ആല്‍ബത്തില് പാട്ടൊക്കെ എഴുതി സ്റ്റാറാണ് ചെക്കന്‍...’
ഞാന്‍ അവനെ ഒന്നൂടെ നോക്കി. അവന്‍ എന്നെയും. ഞങ്ങള്‍ക്കിടയില്‍ സൗഹാർദപൂര്‍വ്വം ഒരു ചിരി വിരുന്ന് വന്നു. ഉവ്വ്, പെണ്ണലവിയുടെ കവിതാസ്വപ്നം മകനിലൂടെ വീണ്ടെടുക്കയാണ് കാലം.
ഞാന്‍ ചോദിച്ചു: 'പെണ്ണലവി?'
‘മരിച്ചുപോയി. കൊറേ വര്‍ഷമായി. അലവിക്കാക്കാന്‍റെ മരണമാണ് മരണം. മണ്ണുപണി കഴിഞ്ഞ് രാത്രിവന്നു ചോറുണ്ടു. കെടന്നു. ഒറങ്ങി. രാവിലെ എഴുന്നേറ്റില്ല. സുഖം...’
മുതലാളി പൊട്ടിച്ചിരിച്ചു. ആ സംസാരത്തില്‍, പെണ്ണലവി പൊടുന്നനെ അലവിക്കാക്കാ ആയി പരിണമിച്ചത് ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല. ഒട്ടൊരു സന്ദേഹത്തോടെ ഞാനപ്പോള്‍ ഓര്‍ക്കുകയായിരുന്നു.
പള്ളിക്കാട്ടിലേയ്ക്ക് പോകുമ്പോള്‍ പെണ്ണലവി ഏത് വേഷത്തിലായിരുന്നിരിക്കും. മുണ്ടും ഷര്‍ട്ടും തലേക്കെട്ടുമോ? അതോ തന്‍റെ സ്ഥിരം വേഷമായ മുണ്ടും അടിപ്പാവാടയും ബ്ലൌസുമോ? കാതുകളില്‍ കമ്മലും കഴുത്തില്‍ മാലയും വളകളും മോതിരവും മിഞ്ചിയും ഒന്നും അണിയാതെ പള്ളിക്കാട്ടില്‍ കിടന്നാല്‍, പെണ്ണലവിയ്ക്ക് എങ്ങനെ ഉറക്കം വരും? അക്ഷരം അറിയാത്തതിനാല്‍ മാത്രം എഴുതാതെ പോയ കവിതകള്‍, അയാള്‍ രാത്രികാലങ്ങളില്‍ ഖബറിന് മുകളിലിരുന്ന് ഉറക്കെ ചൊല്ലുന്നുണ്ടാകുമോ?
എഴുതാത്ത കവിതകളുടെ കവിയായ പെണ്ണലവിയെ ഓര്‍ക്കുമ്പോള്‍, സിറിയന്‍ കവിയായ നിസാര്‍ ഖബ്ബാനിയുടെ വരികളും ഓര്‍മ്മ വരുന്നുണ്ട്. അതിങ്ങനെ:
‘എന്‍റെ മകന്‍ ഒരു കവിത ചൊല്ലിക്കൊടുക്കാന്‍ പറയുന്നു.
എന്‍റെ കണ്ണില്‍ നിന്നൊരു കണ്ണീര്‍ത്തുള്ളി ഇറ്റുവീഴുന്നു.
അതു നക്കി നോക്കി മകന്‍ പറയുന്നു.
ഇത് കണ്ണീരാണച്ഛാ കവിതയല്ല.
ഞാന്‍ അവനോട് പറയുന്നു.
മകനേ, വലുതാകുമ്പോള്‍ വാക്കും കണ്ണീരും
ഇരട്ടകളാണെന്ന് നീ കണ്ടെത്തും.'
Content Summary: Pennalavi - Memoir by Manoj Vengola