ADVERTISEMENT

ആൻ ഫ്രാങ്കിനെ വിമർശിച്ചതിന്റെ പേരിൽ അമേരിക്കൻ എഴുത്തുകാരിക്കെതിരെ വായനക്കാരുടെ പ്രതിഷേധം. പ്രശസ്ത നോവലിസ്റ്റായ എലിൻ ഹിൽഡർബ്രാൻഡിന്റെ ‘ഗോൾഡൻ ഗേൾ’ എന്ന നോവലിലാണ് വിവാദ പരാമർശം. ജൂൺ ഒന്നിനാണ് നോവൽ പ്രസിദ്ധീകരിച്ചത്.

 

നോവലിലെ പ്രധാന കഥാപാത്രമായ വിവിയൻ വിവി ഹോവ് അറിയപ്പെടുന്ന എഴുത്തുകാരിയാണ്. അൻപതാം വയസ്സിൽ വിവാഹ ബന്ധം വേർപെടുത്തി സ്വതന്ത്ര ജീവിതം നയിക്കുന്ന സ്ത്രീ. മൂന്നു മക്കളുടെ അമ്മ. കഥയുടെ തുടക്കത്തിൽ തന്നെ വിവി കൊല്ലപ്പെടുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിലൂടെ പുരോഗമിക്കുന്ന നോവലിൽ വിവിയുടെ കൗമാരത്തിലേക്കുള്ള ഫ്ലാഷ് ബാക്ക് അധ്യായങ്ങളുണ്ട്. രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണത്തിലാണു വിവാദ പരാമർശം.

 

കൂട്ടുകാരിയായ സവാനയോടൊപ്പം പഴയൊരു തറവാട്ടിൽ താമസിക്കാനൊരുങ്ങുന്ന വിവി. മാതാപിതാക്കളോട് അനുവാദം വാങ്ങുന്നതിനെ ചൊല്ലി സുഹൃത്തുക്കൾക്കിടയിൽ ചർച്ച ചൂടു പിടിക്കുന്നു. സവാനയുടെ നിർദേശത്തോടുള്ള വിവിയുടെ മറുപടിയും ശേഷമുള്ള നോവലിസ്റ്റിന്റെ വിവരണവുമാണു വിവാദ വാചകങ്ങൾ.

 

“ഈ വേനൽ മുഴുവൻ ഞാനിവിടെ ഒളിച്ചു കഴിയണമെന്നാണോ നീ പറയുന്നത്, ആൻ ഫ്രാങ്കിനെ പോലെ?”

 

മറുപടിയ്ക്കൊടുവിൽ സുഹൃത്തുക്കളിരുവരും പൊട്ടിച്ചിരിക്കുന്നു. വിവി അത്രയും വലിയ മണ്ടത്തരം ചെയ്യുമോ! എന്ന ചോദ്യവുമുണ്ട്.

 

നോവലിസ്റ്റ് മാപ്പുപറയണമെന്ന ആവശ്യവുമായി ഒട്ടേറെപ്പേരാണ് എത്തിയത്. ന്യായീകരിക്കാൻ കഴിയാത്ത തെറ്റാണ് എഴുത്തുകാരി ചെയ്തതെന്നും തിരുത്തു വേണമെന്നും ആവശ്യങ്ങളുയർന്നു. ഹോളോകാസ്റ്റ് ദുരന്തത്തിലൂടെ കുടുംബാംഗങ്ങളിൽ പതിനെട്ടു പേരെ നഷ്ടപ്പെട്ട ഒരു ജൂതവനിതയുടെ വികാരനിർഭരമായ ഇൻസ്റ്റാഗ്രാം പോസ്റ്റും ഇതിനോടകം ജനശ്രദ്ധയാകർഷിച്ചു. അത്തരമൊരു വാചകം പ്രസിദ്ധീകരണ യോഗ്യമാണെന്നു വിലയിരുത്തിയ പ്രസാധകരോട് അറപ്പു തോന്നുന്നുവെന്നായിരുന്നു കുറിപ്പ്.

 

ആരോപണങ്ങൾക്കൊടുവിൽ മറുപടിയുമായി എലിൻ രംഗത്തെത്തി. നോവലിലെ വാചകങ്ങളിലൂടെ ഉദ്ദേശിച്ചതു പരിഹാസമായിരുന്നില്ല. സാമ്പത്തികമായും സാമൂഹികമായും തഴയപ്പെട്ട കഥാപാത്രത്തിന്റെ ഉത്കണ്ഠ മാത്രമാണ്. അതിശയോക്തി കലർന്ന സന്ദർഭമായാണു കഥയിലത് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും മോശവും നിന്ദ്യവുമായ പ്രയോഗമായിപ്പോയതായി മനസ്സിലാക്കുന്നു. വൈകാരികമായ അസ്വസ്ഥതകൾ സൃഷ്ടിച്ചുവെങ്കിൽ നിരുപാധികം മാപ്പ്; എലിൻ പറയുന്നു.

 

പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പുകളിൽ നിന്ന് എത്രയും വേഗം വിവാദ പരാമർശം നീക്കം ചെയ്യുമെന്നും ഭാവിയിൽ അച്ചടിക്കുന്ന കോപ്പികളിൽ ആ വാചകങ്ങൾ ഉണ്ടാകില്ലെന്നും എലിൻ ഉറപ്പു നൽകിക്കഴിഞ്ഞു.

 

‘ഗോൾഡൻ ഗേൾ’ ഞാനെഴുതിയത് എന്റെ മക്കൾക്കു വേണ്ടിയാണ്. അമ്മ എഴുതുന്ന ഓരോ വാക്കിലും അവർക്ക് അഭിമാനിക്കാനാകണം, എഴുത്തുകാരി കൂട്ടിച്ചേർക്കുന്നു.

 

English Summary: Elin Hilderbrand asks for Anne Frank reference to be cut from novel after complaints

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com