ADVERTISEMENT

വായനയുടെ ആവശ്യകത ഗ്രാമങ്ങള്‍തോറും നടന്ന് പൊതുജനങ്ങളിലേക്ക് എത്തിച്ച വായനയുടെ വളര്‍ത്തച്ഛന്‍, കുട്ടനാട്ടിലെ നീലമ്പേരൂർ ഗ്രാമത്തിലെ പുതുവായില്‍ നാരായണപ്പണിക്കരുടെ നാമധേയത്തിലാണ് ജൂണ്‍ 19 ന് വായനാവാരാചരണം ആഘോഷിക്കുന്നത്.

മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛന്‍, മലയാള പത്രപ്രവര്‍ത്തനത്തിന്റ പിതാവ് ചെങ്കുളത്തു കുഞ്ഞിരാമമേനോന്‍... ഇങ്ങനെ നല്ല നല്ല പിതാക്കന്മാരുടെ പാതകളാണ് പി.എന്‍.പണിക്കര്‍ പിന്തുടർന്നത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റ പിതാവായി അദ്ദേഹം അറിയപ്പെടുന്നു. 1995 ജൂണ്‍ 19 ന് അദ്ദേഹം ഈ ലോകത്തോട് വിടപറയുമ്പോള്‍ 6000 ൽ അധികം ഗ്രന്ഥശാലകള്‍ കേരളത്തിലെങ്ങും അദ്ദേഹം വഴി ഉടലെടുത്തു.

 

ജീവിക്കുന്നതിനേക്കാള്‍ അതിജീവിക്കാന്‍ പാടുപെടുന്ന കാലമാണിത്. അത്രമാത്രം കോവിഡ് മലയാളിയുടെ ജീവിതത്തെ മാറ്റിമറിച്ചു. വായനയും പുസ്തകവും നമുക്ക് മറ്റൊരു പുതുജീവിതം നൽകുമെന്ന് മനുഷ്യർ മനസ്സിലാക്കിയ ദിനങ്ങളാണ് ലോക്ഡൗൺ കാലമെന്ന് നിസംശ്ശയം പറയാം.

 

കേള്‍വിയിലൂടെ സാമൂഹികതയും സാംസ്‌കാരികതയും രൂപപ്പെടുത്തിയ നൂറ്റാണ്ടുകളുടെ കേരളീയ ജീവിതം വലിയൊരു വ്യതിയാനത്തിന് കാരണമാകുന്നത് അക്ഷരങ്ങളുടെയും വാക്കുകളുടെയും നിര്‍മിതിയോടെയാണ്. മതങ്ങളും സംസ്കാരങ്ങളും എഴുത്തുകാരുമൊക്കെ വായനയെ വളർച്ചയുടെ തലത്തിലേക്ക് കൊണ്ടു വന്നു. പുണ്യഗ്രന്ഥ പാരായണത്തില്‍നിന്ന് അറിവിലേക്കുള്ള വായനയെ ആധുനിക കേരളത്തിലെ മനുഷ്യർ പരിപോഷിപ്പിച്ചു.

 

ഓലയുടെ പാരായണങ്ങളില്‍നിന്ന് അച്ചടി അധിഷ്ഠിതമായ വായനയിലേക്കും അവിടെനിന്നു ഡിജിറ്റൽ വായനയിലേക്കും കേരള സമൂഹം മാറിയിടത്താണ് അറിയാത്ത ലോകങ്ങള്‍ മലയാളിയില്‍ ആവേശിച്ചതും ലോകബോധം നവീകരണത്തിന് വിധേയമായതും. ഇപ്പോഴിതാ കോവിഡ് മഹാമാരി നമ്മെയും നമ്മുടെ കുട്ടികളെയും അത്യാധുനികതയിലേക്ക് കൊണ്ടുവന്നിരിക്കുന്നു.

 

ഫെയ്സ്ബുക്കും വാട്ട്സാപ്പും ട്വിറ്ററും ഇൻസ്റ്റഗ്രാമും യൂട്യൂബും ടാബുകളും ഒക്കെയടങ്ങുന്ന കേരളീയ സൈബർലോകം വായനയുടെയും ചർച്ചകളുടെയും പുതിയ ലോകം സൃഷ്ടിക്കുകയാണ്. മാധ്യമങ്ങള്‍ മാറിയേക്കാമെങ്കിലും മനുഷ്യന്റെ വായിക്കാനുള്ള ആഗ്രഹം മാറുന്നില്ല. സ്മാർട്ട് ഫോണിൽ 16 മണിക്കൂർ വായിക്കാൻ യുവ തലമുറയ്‌ക്ക്‌ യാതൊരു മടിയുമില്ല. ആളുകൾ ദിവസത്തിന്റെ ഭൂരിഭാഗവും ഡിജിറ്റൽ മീഡിയയിൽ വായനയിൽ ആണ്.

 

എല്ലാ കാലത്തും ബൗദ്ധികലോകത്തെ മുന്നോട്ടു കൊണ്ടുപോയ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങള്‍ റോബോട്ടിക്‌സ്, ജനറ്റിക്‌സ്, വെര്‍ച്വല്‍ സോഷ്യലൈസേഷന്‍ എന്നിവയാണ്. ഈ മൂന്നു മേഖലകളിലെ സ്വാധീനം ലോകത്തെ അപ്പാടെ മാറ്റിമറിക്കുന്ന കാഴ്ച നമ്മെ അമ്പരപ്പിക്കുന്നു.

 

ഹൃദയാനുഭൂതികളുടെ ചേതോഹരമായ സൃഷ്ടിയാണ് മലയാള സാഹിത്യം. ഈ സാഹിത്യസൃഷ്ടികള്‍ ആത്മാവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ്. ഒരു ദേശത്തിന്റ വളര്‍ച്ചയും സാമൂഹിക, സാംസ്‌കാരിക പുരോഗതിയും കൈവരിക്കുന്നത് ഇത്തരം സൃഷ്ടികള്‍ വായിക്കുന്നതിലൂടെയാണ്‌. നമ്മുടെ കേരളം അറിവു നേടിയിട്ടുള്ളത് ഇത്തരം വായനയിലൂടെയാണ്. 

tony-chittilapalli
ടോണി ചിറ്റിലപ്പിള്ളി. (ലേഖകൻ)

 

ലോകത്തെ ചില പ്രശസ്ത വ്യക്തികളുടെ വായനശീലം നോക്കാം. വാറൻ ബഫറ്റ്‌ ഒരു ഇൻവെസ്റ്ററായി പേരെടുക്കുന്നതിനു മുമ്പ് ദിവസവും 500 പേജ് വായിച്ചു തീർക്കുമായിരുന്നു. ബിൽ ഗേറ്റ്സ് വർഷത്തിൽ 50 പുസ്തകങ്ങൾ വീതം വായിക്കുമായിരുന്നു. എലോൺ മസ്‌ക് റോക്കറ്റുണ്ടാക്കാൻ പഠിച്ചത് വായനയിലൂടെയാണ്. 2015 ൽ ഓരോ 2 ആഴ്ചയിലും ഒരു പുസ്തകം എങ്കിലും വായിക്കാൻ മാർക്ക് സക്കർബർഗിന് കഴിഞ്ഞിരുന്നു.

 

മനുഷ്യന്റെ  ഏറ്റവും പ്രധാനപ്പെട്ട ആന്തരികപ്രതിരോധമെന്ന നിലയിൽ വായനയുടെ പ്രയാണം തുടരുകയാണ്. ഇംഗ്ലിഷ് സാഹിത്യകാരനായ ക്രിസ്റ്റഫര്‍ മോര്‍ലി പറയുന്നത് ‘പുസ്തകങ്ങളില്ലാത്ത മുറി ആത്മാവില്ലാത്ത ശരീരം പോലെയാണെ’ന്നാണ്. അതെ, വായനയില്ലാത്ത ജീവിതം അതുപോലെതന്നെയാണ്.   

 

ഒരുപാട് വായിക്കുന്ന ആളുകൾ വിജയിക്കാൻ കൂടുതൽ സാധ്യതയുള്ളത് എന്തുകൊണ്ടാണ്? അവർക്ക് ഏകാഗ്രത ലഭിക്കുന്നു, അവർ ജീവിതത്തിൽ ലക്ഷ്യങ്ങൾ വയ്ക്കുന്നു, അവർ വിവേകപൂർവം സമയം ചെലവഴിക്കുന്നു, അവർക്ക് അവിശ്വസനീയമായ രീതിയിൽ എഴുതാനും സംസാരിക്കാനും ശേഷിയുണ്ട്, അവർ എപ്പോഴും പുതുമയുള്ള വ്യക്തികളുമായിരിക്കുന്നു എന്നതൊക്കെക്കൊണ്ടാണ്.

 

തലച്ചോറിനുള്ള വ്യായാമമാണ് വായന. ശാരീരിക വ്യായാമം പ്രമേഹത്തിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യത കുറയ്ക്കുന്നതുപോലെ, പതിവായി വായിക്കുന്നത് ഡിമെൻഷ്യ പോലുള്ള രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും മെമ്മറി, ഏകാഗ്രത, മാനസികാവസ്ഥ എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കോവിഡിന്റെ ഈ സമയങ്ങളിൽ വായന പ്രത്യേകിച്ചും പ്രസക്തമാണ്. ലോക്ഡൗൺ സമയത്ത് മാനസിക സന്തുലിതാവസ്ഥ നിലനിർത്താൻ മോട്ടിവേഷനൽ പുസ്തകങ്ങൾ വായിക്കുന്നത് പലരെയും സഹായിക്കുന്നു. 

 

മാനസികാരോഗ്യത്തിനായി പുസ്തകങ്ങൾ നിർദ്ദേശിക്കുന്ന രീതി ഒരുപക്ഷേ പുസ്തകങ്ങളെപ്പോലെത്തന്നെ പഴയതാണ്. പല പുരാതന ജ്ഞാന പാരമ്പര്യങ്ങളിലും ലോകത്തെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ചകൾ നൽകാൻ കഥകൾ ഉപയോഗിച്ചു. ധാർമികത, ജീവിത പാഠങ്ങൾ, ജ്ഞാനം എന്നിവ പ്രചരിപ്പിക്കുന്നതിനുള്ള ശക്തമായ വാഹനങ്ങളായിരുന്നു ബൈബിൾ, സെൻ കഥകൾ, സൂഫി കഥകൾ, പഞ്ചതന്ത്ര കഥകൾ തുടങ്ങിയവ. നൂറ്റാണ്ടുകൾക്ക് ശേഷവും പുസ്തക വായന ഇന്നും പ്രസക്തമായി തുടരുന്നു.

 

കോവിഡും അനന്തരഫലമായ ലോക്ഡൗണുകളും സാമൂഹിക ഒറ്റപ്പെടലും മറ്റും രോഗികളെ വളരെയധികം ഏകാന്തതയിലേക്ക് തള്ളി വിടുന്നു. പക്ഷേ അവർക്ക് ആത്മപരിശോധന നടത്താനും ക്രിയേറ്റീവ് പ്രോജക്റ്റുകൾ ആരംഭിക്കാനും ഉള്ള ഒരു അവസരം കൂടിയാണിത്. 1665 ലെ പ്ലേഗ് സമയത്ത്, ഐസക് ന്യൂട്ടൺ ഒരു വർഷക്കാലം തന്റെ കുടുംബവീട്ടിലേക്ക് പിൻവാങ്ങി. ഗുരുത്വാകർഷണത്തെക്കുറിച്ചുള്ള, ലോകത്തെ മാറ്റിമറിക്കുന്ന ഉൾക്കാഴ്ചകളോടെ അദ്ദേഹം ഉയർന്നുവന്നുവെന്ന കാര്യം നാം വിസ്മരിക്കരുത്.

 

വായന കോവിഡ് -19 ന്റെ സമ്മർദ്ദത്തെ നേരിടാൻ സഹായിക്കുകയും ഈ അനിശ്ചിത കാലഘട്ടത്തിൽ സൃഷ്ടിപരമായ പരിഹാരങ്ങൾ നൽകുകയും ചെയ്യുന്നു. മഹാമാരി കാലത്തെ അതികഠിനമായ മരണദുഃഖങ്ങളെയും ദുസ്സഹമായ ഏകാന്തതകളെയും ഉത്കണ്ഠകകളെയും നൈരാശ്യങ്ങളെയും നമുക്ക് ശക്തവും സൃഷ്ടിപരവുമായ വായന കൊണ്ട് അകറ്റാം. 

 

English Summary: Importance of reading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com