ADVERTISEMENT

ദസ്തയേവ്സ്കിക്കൊപ്പം സ്വാഭാവികമായി കടന്നുവരുന്ന കഥാപാത്രമാണു ദൈവം. ‘ഭ്രാന്താലയത്തിലെ ഷേക്സ്പിയര്‍’ എന്നു വിശേഷിപ്പിക്കപ്പെട്ട അദ്ദേഹത്തെക്കുറിച്ചെഴുതിയ നോവലുകളില്‍ ദൈവവുമുണ്ട്; ഒരു കഥാപാത്രമായിത്തന്നെ. ഹൃദയത്തിനു മേല്‍ ദൈവത്തിന്റെ കയ്യൊപ്പുള്ള ആളെന്ന് ദസ്തയേവ്സ്കിയെ സങ്കല്‍പിക്കാന്‍ കഴിഞ്ഞ നിമിഷത്തിലാണ്  പെരുമ്പടവം ശ്രീധരന്‍ എന്ന എഴുത്തുകാരന്റെ അകം ഏതോ ഒരു പ്രകാശം കൊണ്ടു നിറഞ്ഞത്. പിന്നെയുള്ള ദിവസങ്ങളില്‍ ദൈവത്തിനൊപ്പം പെരുമ്പടവം പൂര്‍ത്തിയാക്കിയ രചനയാണ് ഒരു സങ്കീര്‍ത്തനം പോലെ. 

 

ലോക സാഹിത്യത്തില്‍ മറ്റൊരു എഴുത്തുകാരനും ഇത്തരമൊരു ദൈവാനുഭവമുണ്ടായിട്ടുണ്ട്. നൊബേല്‍ സമ്മാനം നേടിയ ജെം.എം.കുറ്റ്സി എന്ന ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരന്. പീറ്റേഴ്സ്ബര്‍ഗിലെ മഹാഗുരു എന്ന നോവല്‍ അങ്ങനെയാണു സംഭവിക്കുന്നത്. ദസ്തയേവ്സ്കി നായകനായ നോവല്‍. ദൈവവും പിശാചും മാറി മാറി മരിച്ച ഭൂഖണ്ഡത്തിന്റെ ഹൃദയവ്യഥകളുടെ ആത്മാവിഷ്കാരം. പീറ്റേഴ്സ്ബര്‍ഗിലെ മഹാഗുരു ഉള്‍പ്പെടെയുള്ള നോവലുകള്‍ കൂറ്റ്സിയെ നൊബേല്‍ പ്രഭയില്‍ എത്തിച്ചെങ്കില്‍, ദസ്തയേവ്സ്കിയെക്കുറിച്ചുള്ള നോവല്‍ പെരുമ്പടവത്തെ മലയാളത്തിലെ മഹാന്‍മാരായ എഴുത്തുകാരുടെ ഗണത്തിലേക്ക് ആനയിച്ചു. 

പുരസ്കാരങ്ങളേക്കാള്‍ വായനക്കാരുടെ നിറഞ്ഞ പിന്തുണയില്‍. 1992 ല്‍ ഒരു വാരികയില്‍ പ്രസിദ്ധീകരിച്ചതുമുതല്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയിലാണു നോവലിന്റെ സ്ഥാനം. പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വന്ന മൊബൈല്‍ ഫോണിനും വിരല്‍ത്തുമ്പില്‍ വിരിഞ്ഞ ഡിജിറ്റല്‍ ലോകത്തിലും വായന അന്യം നിന്നപ്പോഴും നോവല്‍ വായനക്കാര്‍ തേടിപ്പിടിച്ചു വായിച്ചു. പുതിയ പതിപ്പുകള്‍. പുതിയ വായനക്കാര്‍. പുതിയ തലമുറകള്‍. കാലത്തോടൊപ്പം ഒരു നോവല്‍ സഞ്ചരിക്കുന്ന അപൂര്‍വാനുഭവം. ഒരു പക്ഷേ ചങ്ങമ്പുഴയുടെ രമണനു ശേഷം വായനയെ ഏറ്റവും കൂടുതല്‍ ജനകീയമാക്കിയ നോവല്‍ കൂടിയാണ് ഒരു സങ്കീര്‍ത്തനം പോലെ. 

 

നോവല്‍ 1993 ല്‍ പുസ്തകമായപ്പോള്‍ വി. രാജകൃഷ്ണനാണ് അവതാരിക എഴുതിയത്. ഹ്രസ്വമെങ്കിലും അര്‍ഥസാന്ദ്രമായ വാക്കുകളില്‍ അദ്ദേഹം നോവലിന്റെ പ്രസക്തി ചൂണ്ടിക്കാണിച്ചു. പദങ്ങളുടെ തിര‍ഞ്ഞെടുപ്പില്‍, ബിംബങ്ങളുടെ ക്രമീകരണത്തില്‍, നാടകീയ മുഹൂര്‍ത്തങ്ങളുടെ വിന്യാസത്തില്‍ എഴുത്തുകാരന്‍ കാത്തുസൂക്ഷിച്ച മിതത്വത്തെക്കുറിച്ചും എടുത്തുപറഞ്ഞു. 

 

ഒരു സങ്കീര്‍ത്തനം പുറത്തുവരുന്നതിനുമുന്‍പു തന്നെ ശ്രദ്ധേയനായ എഴുത്തുകാരന്‍ എന്ന സ്ഥാനമുണ്ട് പെരുമ്പടവത്തിന്. പല നോവുകളും സിനിമയുമായിട്ടുണ്ട്. വിഷാദഛായ കലര്‍ന്ന പ്രണയ കഥകള്‍ അദ്ദേഹത്തിന് ഒട്ടേറെ വായനക്കാരെയും നേടിക്കൊടുത്തു. എന്നാല്‍, സാഹിത്യത്തിന്റെ ഉദാത്ത മേഖലയിലേക്ക് അദ്ദേഹത്തിനു സ്ഥാനക്കയറ്റം കിട്ടുന്നത് ദസ്തയേവ്സ്കിയെക്കുറിച്ചെഴുതിയ നോവല്‍ മുതലാണ്. ഒരേ സമയം സാധാരണക്കാരെയും നിരൂപകരെയും പണ്ഡിതരെയും ആകര്‍ഷിക്കാന്‍ കഴിഞ്ഞ മാന്ത്രികതയുള്ള നോവല്‍. 

 

ഒരു ജനപ്രിയ നോവലിനു വേണ്ട ചെരുവകളല്ല സങ്കീര്‍ത്തനത്തെ ജനപ്രിയമാക്കിയതെന്നത് സവിശേഷമാണ്. പരിചിതമായ പശ്ചാത്തലമല്ല നോവലിന്റേത്. എല്ലാവര്‍ക്കും പരിചിതനല്ല നായകനായ എഴുത്തുകാരന്‍. ആകാംഷയും ഉത്കണ്ഠയും ഉണര്‍ത്തുന്ന നാടകീയതയുള്ള കഥയുമല്ല നോവലിന്റേത്. എന്നിട്ടും താന്‍ അതുവരെ നേരില്‍ക്കണ്ടിട്ടുപോലുമില്ലാത്ത ഒരു രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ നോവല്‍ പെരുമ്പടവത്തെ ജനകീയനാക്കി. 

 

ഹൃദയം തുറന്നു സംസാരിക്കുന്നതാണു ദസ്തയേവ്സ്കിയുടെ സ്വഭാവം. അപരിചിതരോടു പോലും അദ്ദേഹം അങ്ങനെയാണ്. അന്നയോടും അദ്ദേഹം സംസാരിച്ചതു ഹൃദയം തുറന്നാണ്. അതാണ് പ്രായത്തില്‍ ഏറെ ഇളപ്പമുള്ള ആ പെണ്‍കുട്ടിയെ എഴുത്തുകാരനിലേക്ക് ആകര്‍ഷിച്ചതും. ആദ്യ കൂടിക്കാഴ്ചകളിലൊന്നില്‍ അദ്ദേഹം അന്നയോടു പറയുന്നുണ്ട്: നമ്മുടെ ജീവിതവും മരണവുമൊക്കെ നമ്മുടെ ഹൃദയത്തിനകത്താണ്. അന്നയ്ക്കറിയാമോ, ഞാനിതുവരെ ജീവിച്ചത് എന്റെ ഹൃദയത്തിലാണ്. എന്റെ ഇനിയുള്ള ജീവിതവും അങ്ങനെയായിരിക്കും. 

 

ഹൃദയത്തിന്റെ ഭാഷയിലാണു പെരുമ്പടവും സങ്കീര്‍ത്തനം പോലെ എന്ന നോവല്‍ എഴുതിയത്. അതുകൊണ്ടാണു മലയാളികളുടെ ഹൃദയത്തെ ആ നോവല്‍ പൂര്‍ണ്ണമായി ആകര്‍ഷിച്ചതും ഇന്നും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നതും.   

 

മനുഷ്യനെന്ന കടംകഥയുടെ രഹസ്യമന്വേഷിക്കുന്നവര്‍ ഒടുവില്‍ എന്റെ കാല്‍പാടുകള്‍ നോക്കിവരും എന്നെഴുതിയത് ദസ്തയേവ്സ്കിയാണ്. ദസ്തയേവ്സ്കിയെ അന്വേഷിക്കുന്നവര്‍ നോക്കിവരും പെരുമ്പടവത്തിന്റെ കാല്‍പാടുകള്‍. സങ്കീര്‍ത്തനത്തിന്റെ മൗനധ്വനികള്‍. ദുരന്തത്തിന്റെയോ മരണത്തിന്റെയോ ഗര്‍ത്തങ്ങളില്‍ നിന്ന് ഒരാത്മാവ് ദൈവീകമായ ഒരു നിമിഷത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ് അനശ്വരതയുടെ ഏതോ ഒരു ശിഖരത്തില്‍വച്ച് അതിന്റെ ഇണയെ കണ്ടുമുട്ടുന്നതുപോലെ... 

English Summary: Oru Sankeerthanam Pole novel by Perumbadavam Sreedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com