ADVERTISEMENT

കൂട്ടുകാരുടെ സ്നേഹസഹായങ്ങൾക്കും തോമസ് ജോസഫിനെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ല. പക്ഷാഘാതത്തെ തുടർന്നു 3 വർഷത്തോളം അബോധാവസ്ഥയിൽ കഴിഞ്ഞ എഴുത്തുകാരൻ തോമസ് ജോസഫ് വിടവാങ്ങി. എഴുത്തുകാരന്റെ ചികിത്സയ്ക്കു പണം സ്വരൂപിക്കാനായി ഒരുപക്ഷേ, മലയാളത്തിൽ ആദ്യ ‘ക്രൗഡ് ഫണ്ടിങ്’ നടന്നത് ഇന്നലെ അന്തരിച്ച തോമസ് ജോസഫിനു വേണ്ടിയാവും.

 

എഴുത്തിന്റെയും വായനയുടെയും സ്നേഹം പങ്കിടുന്നവരുടെ കൂട്ടായ്മ പുസ്തകം പ്രസിദ്ധീകരിച്ചും നാടകം അവതരിപ്പിച്ചും മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയും പ്രിയ സുഹൃത്തിന്റെ ചികിത്സയ്ക്കും ശുശ്രൂഷയ്ക്കുമായി 20 ലക്ഷത്തോളം രൂപ സമാഹരിച്ചു. എഴുത്തുകാരൻ സക്കറിയയും മറ്റും ഇതിന്റെ മുൻപന്തിയിൽ ഉണ്ടായിരുന്നു. പക്ഷാഘാതം സംഭവിക്കുന്നതിനു മുൻപ് ‘അമ്മയുടെ ഉദരം അടച്ച്’ എന്നൊരു നോവൽ തോമസ് ജോസഫ് എഴുതി പൂർത്തിയാക്കിയിരുന്നു. രോഗക്കിടക്കയിൽ അദ്ദേഹത്തെ സന്ദർശിച്ച സുഹൃത്ത് സി.ടി. തങ്കച്ചനാണ് ഇതു വാങ്ങിക്കൊണ്ടുവന്നു വായനപ്പുര പബ്ലിക്കേഷൻസ് വഴി പ്രസിദ്ധീകരിച്ചത്. അച്ചടിച്ചെലവു കഴിഞ്ഞ് ഒരു ലക്ഷത്തോളം രൂപ കുടുംബത്തിനു കൈമാറി. പിന്നീടു കൊച്ചിയിൽ പെൺനടൻ എന്ന ഒറ്റയാൾ നാടകം അവതരിപ്പിച്ചതിലൂടെ ലഭിച്ച മൂന്നര ലക്ഷം രൂപയും ചികിത്സയ്ക്കായി നൽകി. 

 

തോമസ് ജോസഫിന്റെ രചനകളോടു പണ്ടു മുതൽ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ള സക്കറിയ 30 വർഷം മുൻപു മുപ്പത്തടത്ത് അദ്ദേഹത്തിന്റെ വീട് തേടിപ്പിടിച്ചു വന്നിട്ടുണ്ട്. ‘എഴുത്തുകാരുടെ എഴുത്തുകാരൻ’ എന്നാണു തോമസ് ജോസഫിനെ സക്കറിയ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ‘പനിക്കിടക്ക’ എന്ന കഥയിൽ പനിമൃഗത്തിനു കുരുതിയാവാൻ കാത്തു കിടക്കുന്ന ഒരാളുടെ ഭ്രമലോകം ആവിഷ്കരിച്ചിട്ടുണ്ട്. അക്ഷരാർഥത്തിൽ അറം പറ്റിയ കഥയാണിതെന്നു കവി അൻവർ അലി പറയുന്നു. തനിക്കു മാത്രമല്ല, ലോകത്തിനു മുഴുവൻ ബാധിക്കാനിരിക്കുന്ന മാറാജ്വരമാണ് ആ കഥയിൽ അദ്ദേഹം പ്രവചിച്ചത്.

 

English Summary: Writer Thomas Joseph passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com