ADVERTISEMENT

രാഷ്ട്രീയത്തിൽ ഇറങ്ങാതെ എല്ലാ വിഭാഗം രാഷ്ട്രീയ നേതാക്കൾക്കും പ്രിയങ്കരനായിരുന്ന ബാബുപോൾ എന്ന നക്ഷത്രം അസ്തമിച്ചിട്ട് രണ്ടു വർഷം കഴിയുന്നു. പൊതുപ്രവര്‍ത്തന രംഗത്ത് രാഷ്ട്രീയക്കാരേക്കാള്‍ ശോഭിക്കുവാന്‍ ഐഎഎസുകാര്‍ക്കു കഴിയുമോ? വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇതേക്കുറിച്ചുണ്ട്. പണ്ടൊരു ചർച്ചയിൽ പങ്കെടുത്ത ബാബുപോള്‍ ഐഎഎസ് പറഞ്ഞ അനുഭവം ഇങ്ങനെ: അദ്ദേഹം സാംസ്ക്കാരിക വകുപ്പ് സെക്രട്ടറിയായിരുന്നപ്പോള്‍ വകുപ്പില്‍ ഒരു പദ്ധതി നിർദേശം വന്നു. തിരുവനന്തപുരം നഗരത്തിലെ കനകക്കുന്നിനു ചുറ്റും 150 പ്രമുഖരുടെ സ്മാരകങ്ങള്‍ നിര്‍മിക്കാനായിരുന്നു പദ്ധതി. ആ പദ്ധതി സംബന്ധിച്ച് ബാബുപോൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥവൃന്ദം ചിന്തിച്ചത് 150 പേരെ എങ്ങനെ കണ്ടെത്തും എന്നാണ്. തെക്കന്‍ തിരുവിതാംകൂര്‍, മധ്യതിരുവിതാംകൂര്‍, വടക്കേ മലബാര്‍ പ്രാതിനിധ്യം വേണം. സാമൂഹിക, സാംസ്ക്കാരിക, രാഷ്ട്രീയ പ്രാതിനിധ്യം വേണം. പദ്ധതി സംബന്ധിച്ച ചർച്ചകൾ തുടർന്നു. കെ. കരുണാകരനായിരുന്നു മുഖ്യമന്ത്രി. ഒരു യോഗത്തിൽ കെ. കരുണാകരനോടൊപ്പം പങ്കെടുക്കാന്‍ സാധിച്ചപ്പോള്‍ ഇടയ്ക്കു കിട്ടിയ ചുരുങ്ങിയ സമയത്തില്‍ പദ്ധതിയെക്കുറിച്ച് ബാബുപോൾ കരുണാകരനോട് ചുരുക്കി വിവരിച്ചു. ‘സിഎമ്മിന്റെ അഭിപ്രായം എന്താണ്’– ബാബുപോള്‍ കരുണാകരനോട് ചോദിച്ചു. ഉടന്‍ വന്നു മറുപടി– സെമിത്തേരി പോലെയിരിക്കും.

 

അതോടെ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകളും അവസാനിച്ചു. പൊതുപ്രവര്‍ത്തന രംഗത്ത് രാഷ്ട്രീയക്കാര്‍ക്കുള്ള കോമണ്‍സെന്‍സ് ഐഎഎസ്സുകാര്‍ക്ക് ഉണ്ടാവണമെന്നില്ല എന്നത് ഭംഗിയായി ബാബുപോള്‍ ചര്‍ച്ചയില്‍ അവതരിപ്പിച്ചു. ജോലിവിട്ട് രാഷ്ട്രീയത്തിലിറങ്ങുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുണ്ട്. ഇക്കാര്യത്തിലും ബാബുപോളിന്റെ നിലപാടുകൾ വ്യത്യസ്ഥമായിരുന്നു. സിവിൽ സർവിസിലെ ഏറ്റവും ജനകീയനായ ഉദ്യോഗസ്ഥനായിരുന്ന ബാബുപോളിനോട് ഒരിക്കൽ കൂട്ടുകാരൻ കൂടിയായ എസ്. കൃഷ്ണകുമാർ  നമുക്ക് രാഷ്ട്രീയത്തിൽ ഇറങ്ങാം എന്നു പറഞ്ഞു. കൃഷ്ണകുമാർ മന്ത്രിയായിക്കോളൂ, ഞാൻ ചീഫ് സെക്രട്ടറി ആയിക്കോളാം എന്നായിരുന്നു ബാബു പോളിന്റെ മറുപടി. 

 

കൃഷ്ണകുമാർ പിന്നീട് ഐഎഎസിൽനിന്ന് രാജി വച്ച് എം.പിയും കേന്ദ്ര മന്ത്രിയും ആയി. ബാബു പോൾ തന്റെ കർമപഥത്തിൽ തന്നെ തുടർന്നു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാനായിരുന്ന കാലയളവിൽ ബാബുപോളിന്റെ മസ്തിഷ്‌കത്തിൽ ഉദിച്ച ആശയമായിരുന്നു വല്ലാർപാടം കണ്ടയ്നർ ടെർമിനൽ. അതിന്റെ ഉദ്ഘാടനം നടന്നത് ബാബു പോൾ റിട്ടയർ ചെയ്തതിനു ശേഷമാണ്. സൃഷ്ടാവായ ദൈവം ചില കാര്യങ്ങൾ ചെയ്യാൻ ഏൽപിച്ചു അത് ചെയ്തു എന്ന ചാരിതാർഥ്യത്തോടെയാണ് സിവിൽ സർവീസ് രംഗത്ത് നിന്ന് ബാബു പോൾ പടിയിറങ്ങിയത്. 

 

Content Summary: A flashback to an interesting conversation between K Karunakaran and D. Babu Paul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com