വാന്ഗോഗിന് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ, എഴുത്തുകാർ...
Mail This Article
ദാരിദ്ര്യവും കഷ്ടപ്പാടുകളും വേട്ടയാടിയ ജീവിതത്തില്‍ നിറങ്ങള്‍ മാത്രമായിരുന്നില്ല പ്രശസ്ത ചിത്രകാരന് വിന്‍സന്റ് വാന്ഗോഗിന് കൂട്ട്. അക്ഷരങ്ങളെയും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. പുസ്തകങ്ങള്‍ ധാരാളമായി വായിച്ചിരുന്നു. ജീവിതം മുഴുവന്‍ ദരിദ്രനായിരുന്ന അദ്ദേഹം സമ്പന്നനായത് മരണത്തിനു ശേഷമാണ്. 37-ാം വയസ്സില്‍ സ്വയം അവസാനിപ്പിച്ച
ജീവിതത്തിനുശേഷം. അവഗണിച്ചവര്‍ വാന്‍ഗോഗിനെ ശ്രദ്ധിച്ചു. അപമാനിച്ചവര്‍ അംഗീകരിച്ചു. വിസ്മരിച്ചവര്‍ ഓര്‍മകള്‍ക്കു വേണ്ടി പരതി. ഏകാന്തതയില്‍ മനസ്സ് നൊന്ത് വാന്‍ഗോഗ് വരച്ച ചിത്രങ്ങള്‍ക്കു വേണ്ടി കോടികള്‍ വാരിയെറിഞ്ഞു. ചിത്രകാരന് എന്നതിനേക്കാള്‍ പ്രതിഭയും പ്രതിഭാസവുമായി വാഴ്ത്തപ്പെട്ടു.
കഥാവശേഷനായ ശേഷം വാന്‍ഗോഗിന്റെ ജീവിതത്തെക്കുറിച്ചും ചിത്രങ്ങളെക്കുറിച്ചും തുടങ്ങിയ ഗവേഷണങ്ങള്‍ ഇന്നും തീര്‍ന്നിട്ടില്ല. പുതിയ കണ്ടെത്തലുകള്‍. വെളിപാടുകള്‍. ഓരോ വാക്കും വാക്യവും അദ്ദേഹത്തിന്റെ ജീവിതത്തിലേക്കും കൃതികളിലേക്കും കൂടുതല്‍ വെളിച്ചം വിതറുന്നു. വാന്‍ഗോഗിന്റെ അകാല മരണം കഴിഞ്ഞ് 130 വര്‍ഷത്തിലേറെ കഴിഞ്ഞ്
ഇപ്പോഴാണ് അദ്ദേഹവും സാഹിത്യവും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നത്. പുസ്തകങ്ങള്‍ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു എന്നു ലോകം തിരിച്ചറിയുന്നതും. ഇറ്റാലിയന്‍ ചിത്രകലാ സംരക്ഷകന്‍ മാരിയെല്ല ഗുസോണിയാണ് വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനുശേഷം ഈ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഏതൊക്കെ പുസ്തകങ്ങളാണ് വാന്‍ഗോഗ് ഇഷ്ടപ്പെട്ടത് എന്നു കണ്ടെത്തിയതിനു പുറമേ, ഏതൊക്കെ എഴുത്തുകാര്‍ അദ്ദേഹത്തെ പ്രചോദിപ്പിച്ചു എന്നും കണ്ടെത്തിയിരിക്കുന്നു.
ഡച്ച് ഭാഷ മാത്രമല്ല, ഇംഗ്ലിഷും ഫ്രഞ്ചും വാന്ഗോഗിന് അറിയാമായിരുന്നു. ഇതിഹാസങ്ങളായി മാറിയ എഴുത്തുകാരുടെ കൃതികള്‍ അവരുടെ ഭാഷയില്‍ തന്നെ വായിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശീലം. ഏതെങ്കിലും ഒരെഴുത്തുകാരനെ ഇഷ്ടമായാല്‍ ആ എഴുത്തുകാരന്റെ ഒരു കൃതിയില്‍ മാത്രം ഒതുങ്ങുമായിരുന്നില്ല വാന്‍ഗോഗിന്റെ വായന. എല്ലാ കൃതികളും തേടിപ്പിടിച്ചു വായിക്കാന്‍ സമയം കണ്ടെത്തി. റപ്പോഡ് എന്ന ചിത്രകാരന് എഴുതിയ കത്തില്‍ വാന്‍ഗോഗ് തന്റെ പുസ്തക പ്രണയം വെളിപ്പെടുത്തിയിട്ടുണ്ട്.
ചാള്‍സ് ഡിക്കന്‍സ് വാന്‍ഗോഗിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു. രണ്ടാമത് ബല്‍സാക്ക്. വിക്ടര്‍ ഹ്യൂഹോയും എമിലി സോളയുമായിരുന്നു ചിത്രകരനു പ്രിയപ്പെട്ട മറ്റ് എഴുത്തുകാര്‍. ഈ നാല് എഴുത്തുകാരെയും ഒരുമിപ്പിക്കുന്ന സവിശേഷതകള്‍ തന്നെയാണ് ഒരു വായനക്കാരന് എന്ന നിലയില്‍ വാന്ഗോഗിനെയും ആകര്‍ഷിച്ചത്.
കഷ്ടപ്പെടുന്നവരോടുള്ള കരുതല്‍. അകറ്റിനിര്ത്തപ്പെട്ടവരോടുള്ള സഹാനുഭൂതി. സമൂഹത്തോടുള്ള സാഹിത്യത്തിന്റെ ധാര്‍മിക ബാധ്യത. സഹോദരന് അയച്ചുകൊടുത്തിരുന്ന പണത്തിനു വേണ്ടി കാത്തിരുന്നും പട്ടിണി സഹിച്ചും പ്രണയം ആഘോഷിച്ചും ജീവിച്ച വാന്‍ഗോഗിനെ ജീവിച്ചിരുന്ന മൂന്നു പതിറ്റാണ്ട് മഥിച്ചത് എല്ലാം നഷ്ടപ്പെട്ടവരുടെ വേദന.
പ്രണയം തിരസ്കരിക്കപ്പെട്ടവരുടെ തീവ്രദുഃഖം. അവഗണിക്കപ്പെട്ടവരുടെയും അപമാനം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരുടെയും ജീവിതദുരന്തം. രക്ഷയുടെ വാതില്‍ തുറന്നെത്തുന്ന പ്രണയത്തിന്റെ വെളിച്ചം. സഹാനുഭൂതിയില്‍ വാഗ്ദാനം ചെയ്യപ്പെട്ട മോക്ഷം.
‘പൊട്ടറ്റോ ഈറ്റര്‍’ ഉള്‍പ്പെടെ വാന്‍ഗോഗിന്റെ പല കൃതികളുടെയും പിന്നില്‍ ഈ എഴുത്തുകാരുടെയും അവരുടെ കൃതികളുടെയും പ്രചോദനം കണ്ടെത്താന്‍ കഴിയുമെന്നും പുതിയ ഗവേഷണം പറയുന്നു.
Content Summary: Vincent van Gogh's favourite writers and books