പച്ചക്കറി സമ്മേളനവും മാർക്കോ പോളോ പുകഴ്ത്തിയ ചക്കയും
Mail This Article
എൻ.എൻ.പിള്ളയുടെ നാടകങ്ങളിൽ ഏറ്റവും ഭിന്നമായ നാടകമേത് എന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേ ഉണ്ടാകൂ. – ‘അന്താരാഷ്ട്ര സസ്യസമ്മേളനം’ എന്ന ഏകാങ്കം.
തികച്ചും സാങ്കൽപികമായ, സംഭവിക്കാൻ തീർത്തും സാധ്യതയില്ലാത്ത ഒരു സമ്മേളനത്തിലേക്കാണ് നമ്മുടെ ശ്രദ്ധയെ രചയിതാവ് കൂട്ടിക്കൊണ്ടു പോകുന്നത്.
ചക്ക, ആഞ്ഞിലിച്ചക്ക, മൊട്ടക്കൂസ്, പടവലങ്ങ, ചീര, വെള്ളരിക്ക, വറ്റൽമുളക്, ഉരുളക്കിഴങ്ങ്, തക്കാളി, മത്തങ്ങ, പപ്പായ, പാവയ്ക്ക എന്നീ സസ്യങ്ങളാണ് ഇൗ നാടകത്തിലെ പ്രധാന കഥാപാത്രങ്ങൾ.
ഇവയുടെ ലോകസമ്മേളനം ആണ് അരങ്ങേറുന്നത്. ഓരോ സസ്യത്തെക്കുറിച്ചും വിശദമായ പഠനം വായനക്കാരന് വലിയ ആയാസമില്ലാതെ ലഭിക്കുന്നു എന്നതാണ് ഈ നാടകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നാടകം ആരംഭിക്കുമ്പോൾ അഥവാ സമ്മേളനം തുടങ്ങുമ്പോൾ അധ്യക്ഷ വേദിയിൽ എത്തുന്നത് ചക്കയാണ്. തൊട്ടുപിന്നാലെ കയറിവരുന്ന ആഞ്ഞിലിച്ചക്ക അധ്യക്ഷ പദവി ചക്ക അലങ്കരിക്കുന്നതിനെ രൂക്ഷമായി വിമർശിക്കുന്നു. അതിങ്ങനെയാണ് പുറത്തേയ്ക്കൊഴുകുന്നത്– ‘ ചക്ക എന്ന ഇൗ മാന്യന് ഇൗ സമ്മേളനത്തിന്റെ അധ്യക്ഷനാകാൻ യാതൊരവകാശവുമില്ല. മുള്ള്, കൂഞ്ഞ്, കുരു, ചൂള, ചൗണി തുടങ്ങിയ ഗുണഗണങ്ങളിൽ ഞങ്ങൾ തുല്യരാണെങ്കിലും ജനസംഖ്യയിൽ ഞങ്ങളുടെ ആയിരത്തിലൊന്നുപോലും വരാത്ത ഇയാളെ ഇൗ സ്ഥാനത്ത് അവരോധിക്കാൻ ഞങ്ങൾ അനുവദിക്കില്ല..... ’
ഇൗ ആരോപണങ്ങളെ ചക്ക എന്ന അധ്യക്ഷൻ നേരിടുന്നത് , ‘ ഇഞ്ചിയും കുരുമുളകും ചേർത്ത് വേവിച്ച് വെളിച്ചെണ്ണയിൽ വരട്ടിയെടുത്ത എന്നെക്കാൾ സ്വാദിഷ്ഠമായ ഒരുപദംശം ലോകത്തിലില്ലെന്നാണ് പതിമൂന്നാം നൂറ്റാണ്ടിൽ മാർക്കോ പോളോ പ്രഖ്യാപിച്ചത്.... ’ എന്നും മറ്റും വികാരഭരിതമായി പ്രഖ്യാപിച്ചു കൊണ്ടാണ്.
തുടർന്ന് ആഞ്ഞിലിച്ചക്ക സമ്മേളനം ബഹിഷ്കരിച്ച് പോകുന്നു. തുടർന്ന് അധ്യക്ഷന്റെ ക്ഷണപ്രകാരം കുമാരി മൊട്ടക്കൂസ് സ്വയം പരിചയപ്പെടുത്താൻ മുന്നോട്ട് വരുന്നു. ആ പരിചയപ്പെടുത്തൽ രസകരമാണ്. ‘ഇംഗ്ലിഷിൽ കാബേജ് എന്ന പേരിലാണ് ഞാൻ അറിയപ്പെടുന്നത്. എന്റെ പിതൃഭൂമി യൂറോപ്പാണ്. ബ്രാസിക്ക ഒളറേസിയ എന്ന ആഢ്യവംശത്തിൽ പിറന്നവളാണ് ഞാൻ’.
ഇൗ അവസാനത്തെ വാചകം കേട്ടു കൊണ്ട് ചീര ചോദിക്കുന്നു, ‘ ആധുനിക ബ്രാസിയറും നിങ്ങളും തമ്മിൽ വല്ല ബന്ധവുമുണ്ടോ? എന്ന്. അതിന് മൊട്ടക്കൂസിന്റെ മറുപടി, ‘ ഞാൻ ബ്രാസിയറിന്റെ ഒരു സമാഹാരമാണ്. വേണമെങ്കിൽ ഒന്നൊന്നായി അഴിച്ചുകാണിക്കാം’ എന്നാണ്. ആ വാചകത്തിൽ പൂർണമായും എൻ.എൻ. പിള്ള എന്ന നാടകകൃത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഇങ്ങനെ സസ്യങ്ങളെ കുറിച്ചുള്ള സാമാന്യത്തിലധികം വിവരം ഇൗ നാടകം വായനക്കാരുമായി പങ്കുവയ്ക്കുന്നുണ്ട്. മലയാളത്തിൽ ഇത്തരം നാടകം ഈ ഒരെണ്ണം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
Content Summary : N.N. Pilla's Drama 'Antharashtra Sasyasamelanam'