ADVERTISEMENT

സ്ത്രീ–പുരുഷ ബന്ധങ്ങളിലെ ശക്തിയും ദൗർബല്യവുമെല്ലാം ഒരുപാടുവട്ടം എൻ.എൻ.പിള്ളയുടെ നാടകങ്ങളിൽ പരാമർശ വിഷയമായിട്ടുണ്ട്. ‘ശ്രീദേവി’ എന്ന എകാംഗവും ഇതിന് ഉദാഹരണമാണ്. ശ്രീദേവി–പുരുഷോത്തമൻ ദമ്പതികളുടെ ജീവിതത്തിലൂടെയാണ് ഈ നാടകത്തിന്റെ സഞ്ചാരം. പുരുഷോമത്തൻ രോഗിയും ശ്രീദേവി യൗവനയുക്തയായ പെണ്ണുമാണ് ‘ഭാര്യാഭർതൃ ബന്ധത്തിന്റെ പരിപാവനതയെപ്പറ്റി അജ്ഞയാണ് നീ’ എന്ന പുരുഷോത്തമന്റെ വാചകവും – ‘മനുഷ്യന് ഇഷ്ടപ്പെട്ട ഗന്ധം മനുഷ്യന്റെ ഗന്ധമാണ്. ആരോഗ്യമുള്ള മനുഷ്യന്റെ ഗന്ധം....’ എന്ന ശ്രീദേവിയുടെ സംഭാഷണവും ഇരുവരുടെയും സ്വഭാവത്തെക്കുറിച്ച് ഏതാണ്ടൊരു ചിത്രം വായനക്കാരന് നൽകുന്നു. 

ആദിമമനുഷ്യന്റെ കരുത്തിൽ അദ്ഭുതപ്പെടുകയും കൊതിക്കുകയും ചെയ്യുന്ന ശ്രീദേവി. അവന്റെ വ‍ൃത്തിയില്ലായ്മയെ പരിഹസിക്കുന്ന ഭർത്താവ്.  ഇരുവരുടെയും ഇത്തരം വീക്ഷണങ്ങളിൽ നിന്ന് തന്നെ ഇവരുടെ  മാനസികാവസ്ഥ നാടകകൃത്ത് വെളിപ്പെടുത്തുന്നുണ്ട്. ഇവരുടെ സംഭാഷണങ്ങൾക്കിടയിലേക്ക് അല്ലെങ്കിൽ അവരുടെ വിചാര ധാരയിലേക്ക് ആദിമമനുഷ്യനും സ്ത്രീയും ജാരനുമെല്ലാം ഭൂതകാലത്തിൽ നിന്നു  കടന്നുവരുന്നു. 

ഭർത്താവിൽ മുൻപെന്നോ  ഉണ്ടായിരുന്ന ‘ആദിമമനുഷ്യന്റെ കരുത്തി’ൽ വീണ്ടും ജീവിക്കാൻ ശ്രീദേവി ആഗ്രഹിക്കുന്നു. പെട്ടെന്ന് എല്ലാം ഒരു ദുഃസ്വപ്നം പോലെ മറയുന്നു – യാഥാർഥ്യത്തിന്റെ ക്രൂരമുഖം കണ്ട പുരുഷോത്തമൻ ശ്രീദേവിയോട് മറ്റൊരാളെ വിവാഹം കഴിച്ച് ജീവിക്കാൻ ആവശ്യപ്പെടുന്നു. ഇൗ വാക്കുകൾ ഉരുവിടുമ്പോൾ പുരുഷോത്തമൻ പ്രതീക്ഷിക്കുന്ന ആഗ്രഹിക്കുന്ന ചില മറുപടികളുണ്ട്. അരുതാത്തതൊന്നും പറയരുതെന്ന വാക്യാമൃതം ഭാര്യയുടെ ചുണ്ടിൽ നിന്നുതിരുമെന്ന് അയാൾ മോഹിച്ചിട്ടുണ്ടാകും. പക്ഷേ ശ്രീദേവിയുടെ മറുപടി തീർത്തും നിരാശാജനകമായിരുന്നു. 

writer-nn-pillai
എൻ.എൻ.പിള്ള

‘ഭർത്താവിന്റെ കാലശേഷം അതേക്കുറിച്ച് ചിന്തിക്കാമെ’ന്നായിരുന്നു ‍ഞെട്ടിക്കുന്ന അവളുടെമറുപടി. 

അവളുടെ വാക്ക് നേരിയ സാന്ത്വനംപോലും ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല  പുരുഷോത്തമന കൂടുതൽ നിരാശനാക്കുകയും ചെയ്യുന്നു.  

ശ്രീദേവി ആഗ്രഹിക്കുന്ന രീതിയിലുള്ള ദാമ്പത്യസുഖം പകരാൻ രോഗിയായ തനിക്കാവില്ലെന്ന് ഉത്തമബോധ്യമുള്ള പുരുഷോത്തമൻ പതുക്കെ മരിക്കാൻ ഗുണകരമായ പുതിയ മരുന്ന് തനിക്ക് നൽകാൻ  ശ്രീദേവിയോട് അപേക്ഷിക്കുന്നിടത്ത് നാടകം തീരുന്നു. ഇവിടെയും പക്ഷം പിടിക്കാത്ത രചനാരീതിയാണ് നാടകകൃത്ത് സ്വീകരിച്ചിരിക്കുന്നത്. ശ്രീദേവിയോ ശരി, പുരുഷോത്തമനോ ശരി. തീരുമാനം വായനക്കാരന് നാടകകൃത്ത് വിടുന്നു. 

Content Summary : N.N. Pilla's Drama 'Sreedevi'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com