ADVERTISEMENT

നെടുമുടി വേണുവിനെ എഴുത്തുകാരൻ മനോജ് കുറൂർ അനുസ്മരിക്കുന്നു – 

 

‘തെയ് കർകു തക്കുതിക്കു തക തിന്താം 

തിത്തിത്തിങ്ങണേകദന്താം 

കർകു തക്കം തി മി തെയ്...’

 

ഉടുക്കിൽ താളമിട്ടു ചൊല്ലിക്കൊണ്ടു കാലൻ കണിയാൻ പ്രവേശിക്കുകയാണ്; കാവാലത്തിന്റെ ദൈവത്താർ എന്ന നാടകത്തിൽ. അങ്ങനെയൊരു ചൊല്ലലിനു ജീവൻ വേണമെങ്കിൽ കുട്ടനാട്ടിലെ പാടങ്ങൾക്കിടയിൽ വിളഞ്ഞ ആ ശബ്ദംതന്നെ വേണം; കലയുടെ ഒരു തരി കിട്ടിയാൽ അതിനെ കുരലിലും മുഖത്തും ഉടലിലും പൊലിപ്പിച്ച് വാരിച്ചൊരിയുന്ന ആ നടൻതന്നെ വേണം: നെടുമുടി വേണു! താളത്തെപ്പറ്റി ഞാൻ നൂറുകണക്കിനു വേദികളിൽ സംസാരിച്ചിട്ടുണ്ട്. മിക്കപ്പോഴും ഈ വായ്ത്താരിയിലാവും തുടക്കം. വേണുച്ചേട്ടനെപ്പറ്റിയും പറയാതെ പോകാറില്ല. 

 

poet-manoj-kuroor
മനോജ് കുറൂർ

നമ്മുടെ തലമുറയുടെ ക്ലാസ്സിസിസമാണ് മോഡേണിസം എന്നു പറഞ്ഞതു ഫ്രെഡ്രിക് ജേംസണാണെന്നു തോന്നുന്നു. ആണെങ്കിൽ, മലയാളത്തിൽ അത് ഉറച്ച രൂപങ്ങളെയൊക്കെ തകർത്തു കുസൃതിച്ചിരി ചിരിച്ചും ജീവനും മരണവും തമ്മിലുള്ള ഒളിച്ചുകളി നടിച്ചും നാട്ടിൻപുറവും നഗരവും തമ്മിൽ വച്ചുമാറി പരിഭവിച്ചും കരഞ്ഞും ചിരിച്ചും ഉറഞ്ഞാടിയ കാലത്തായിരുന്നു എന്റെ ചെറുപ്പം. അതിലെ ചില വഴികളുമായി അറിഞ്ഞോ അറിയാതെയോ ഏറെയടുപ്പമുണ്ടായി. അയ്യപ്പപ്പണിക്കർ, കാവാലം, കടമ്മനിട്ട, അയ്യപ്പൻ, വിനയചന്ദ്രൻ, നരേന്ദ്രപ്രസാദ്, സച്ചിദാനന്ദൻ, കെജിഎസ്, ചുള്ളിക്കാട്... ഇവരുമായിട്ടൊക്കെ പലപ്പോഴും സന്ധിച്ചു. പ്രായത്തിന്റെ കുറവൊരു കുറവല്ലെന്ന മട്ടിൽ അവർ എന്നെയും ചേർത്തുപിടിച്ചു. ഇടയ്ക്കിടെ നെടുമുടി വേണുച്ചേട്ടനും മറ്റൊരു വലിയ നടൻ മുരളിച്ചേട്ടനും ഒപ്പംകൂടി. വേണുച്ചേട്ടൻ അച്ഛന്റെ അടുത്ത സുഹൃത്തുകൂടിയാണ്. അതിന്റെ സ്നേഹവും കരുതലും അദ്ദേഹം എന്നോടും കാണിച്ചു. ‘അതിരുകാക്കും മല’യും ‘ഏന്റെ മാളിങ്ങെടുത്തേ’യും ‘വെറുമൊരു മോഷ്ടാവായോരെന്നെ’യും പാടി, താളമിട്ടു കൊട്ടി, പല ഭാവങ്ങളിൽ നടിച്ചുകൊണ്ട്, വരികൾക്ക് നാടൻ നർമ്മത്തിനൊപ്പം ജീവതാളത്തിന്റെ തുടർച്ചയും അശരണമായ ജീവിതത്തിന്റെ ഇടർച്ചയും നൽകിക്കൊണ്ട് വേണുച്ചേട്ടൻ നിറഞ്ഞാടി. 

 

സിനിമയിലെ വേഷങ്ങളെപ്പറ്റി ഞാൻ പറയേണ്ടതില്ല. തകരയിലെ ചെല്ലപ്പനാശാരിയെ എങ്ങനെ മറക്കും? കള്ളൻ പവിത്രനെ എങ്ങനെ കണ്ടില്ലെന്നു നടിക്കും? എൺപതുകളിലെ യുവത്വത്തിന്റെ പല മട്ടുകൾക്കു പലതവണ പകിട്ടു നൽകി എത്രയെത്ര വേഷങ്ങളാണ് അദ്ദേഹം അതിഗംഭീരമാക്കിയത്! പോപ്പുലർ സിനിമയിലും ഗായകനും വാദ്യവാദകനുമായി അദ്ദേഹം കലയ്ക്കുള്ളിൽ മറ്റൊരു കല നിർമ്മിച്ചു. കലയുമായി ഒരു ബന്ധവുമില്ലാത്ത കലാമണ്ഡപം സെക്രട്ടറിയെ അവതരിപ്പിച്ചതു കണ്ട് അടിമുടി കലാകാരനായ നെടുമുടിതന്നെയോ ഇത് എന്നമ്പരന്നു ചിരിച്ചു മതിയായതും ഓർക്കുന്നു. 

 

ഏതു വേഷത്തിന്റെയും സൂക്ഷ്മഭാവങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. അതിനനുസരിച്ചുള്ള ടോണും മോഡുലേഷനും അപാരം. ഏതു തരം വേഷവും ഗംഭീരമാക്കാൻ അദ്ദേഹം കരുതിവച്ച കലയുടെ പത്തായത്തിനുള്ളിലെ ഒരു പിടി നെല്ലു മതിയായിരുന്നു.

 

അടുത്തൊരു നാളിൽ ഞാൻ സുഹൃത്ത് ബാലുവിനെ വിളിച്ചപ്പോൾ നെടുമുടി വേണുച്ചേട്ടന്റെ വീട്ടിൽ ഇരിക്കുകയാണ് എന്നു പറഞ്ഞു. ഞാൻ ഫോൺ കട്ട് ചെയ്തു. അപ്പോഴാണോർത്തത്, വേണുച്ചേട്ടനുമായി ഒന്നും മിണ്ടിയില്ലല്ലോ എന്ന്. വീണ്ടും വിളിച്ചു സംസാരിച്ചു. കഥകളിപ്പദവുമൊക്കെയായി കൂടുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. പിന്നെ അതിന്റെ വീഡിയോ കണ്ടപ്പോൾ കലാനിലയം സിനുവിന്റെ പാട്ടിനൊപ്പം വേണുച്ചേട്ടൻ ഉടുക്കു കൊട്ടുകയാണ്! ‘യാമിയാമി’യിലെ ‘ആളുമാടമ്പുള്ളോരെത്തി’ എന്ന ഭാഗത്ത് ഉടുക്കിലെ ചില പ്രയോഗങ്ങൾ അസാധ്യം.

 

അന്നാണ് അവസാനം സംസാരിച്ചത്. അതിനുമുമ്പ് എനിക്കു പദ്മരാജൻ പുരസ്കാരം കിട്ടിയപ്പോൾ അദ്ദേഹം ആശംസിച്ചത്; ‘ഞങ്ങളുടെ, അല്ല, നമ്മുടെ പദ്മരാജന്റെ പേരിലുള്ള..’ എന്നു തുടങ്ങിക്കൊണ്ടായിരുന്നു. അവരൊക്കെച്ചേർന്ന ആ വലിയ കൂട്ടായ്മയെ കണ്ടും കേട്ടുമറിഞ്ഞാണല്ലോ നാം പല കലകളിലെ കലയെന്തെന്നറിഞ്ഞത്. വേണുച്ചേട്ടാ... വിട പറയാനാവുന്നില്ലല്ലോ.

 

Content Summary: Writer Manoj Kuroor on actor Nedumudi Venu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com