ആൻ ഫ്രാങ്കിനെ ഒറ്റിക്കൊടുത്തയാൾ ഇവിടെയുണ്ട്, 75 വർഷത്തിനു ശേഷം പ്രതി ഹാജർ
Mail This Article
1944 ഓഗസ്റ്റ് 4. നാസി സൈനിക നേതാവ് കാൾ ജോസഫ് മറ്റു മൂന്നു ഡച്ച് പൊലീസ് ഓഫിസർമാർക്കൊപ്പം ആംസ്റ്റർഡാമിലെ സുഗന്ധവ്യഞ്ജന വ്യാപാരിയുടെ വീട്ടിൽ എത്തി ചോദിക്കുന്നു:
എവിടെ ജൂതർ ?
20-ാം നൂറ്റാണ്ടിനെ നടുക്കിയ ചോദ്യം. എത്രയെത്ര തവണ ആവർത്തിച്ചാലും മുനയും മൂർച്ചയും പോകാത്ത ചോദ്യം. ഒരു നൂറ്റാണ്ടിനെ, അതിനുശേഷം വന്ന വർഷങ്ങളെയും ഇന്നും നിരപരാധികളുടെയും നിഷ്‌കളങ്കരുടെയും ചോരയിൽ മുക്കിയ ചോദ്യം.
നിമിഷങ്ങൾക്കകം ഓഫിസർമാർ ഭിത്തിയോടു ചേർത്ത് അടുക്കിച്ച ബുക് ഷെൽഫുകൾക്ക് അടുത്തെത്തി. ഹൃദയ സ്പന്ദനങ്ങളുടെ ശബ്ദം പോലും പുറത്തു കേൾക്കാത്ത നിശ്ശബ്ദത. വീർപ്പടക്കി നിന്ന അന്തരീക്ഷം. ബുക് ഷെൽഫുകൾക്കു പിന്നിലെ രഹസ്യ അറയിലെ ഇരുട്ടിൽ രണ്ടു വർഷമായി ജീവിക്കുന്ന രണ്ടു ജൂതകുടുംബങ്ങൾ. അവരുടെ പ്രതീക്ഷ അസ്തമിച്ച നിമിഷം കൂടിയായിരുന്നു അത്. എട്ടു പുരുഷൻമാരും ബാക്കി സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ. അവരെ കോൺസെൻട്രേഷൻ ക്യാപിലേക്കു കൊണ്ടുപോയി. മടങ്ങിവന്നത് ഒരാൾ മാത്രം. ഓട്ടോ ഫ്രാങ്ക്.
പലയാവർത്തി എഴുതുകയും പറയുകയും ചെയ്ത് മനപാഠമായതാണ് ഈ നിമിഷം. ഹിറ്റ്‌ലർ യുഗം അവസാനിച്ച ശേഷം ഓട്ടോ ഫ്രാങ്ക് ആദ്യം ചെയ്തത് മകൾ ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുകയായിരുന്നു. ലോകം വീർപ്പടക്കി വായിച്ച കൊച്ചുകുറിപ്പുകൾ. നിഷ്‌കളങ്കമെങ്കിലും പേടിച്ചരണ്ട ആ കൊച്ചുപെൺകുട്ടിയുടെ മുഖം മനസാക്ഷിയിൽ അന്നു മുദ്രിതമായതാണ്. കൊച്ചുകുട്ടികൾക്കുപോലും പരിചിതമായ ഭാവവും ആശങ്കകളും ലോകത്തിന്റെ ഭാവിയെക്കുറിച്ചുള്ള പേടിയും. എന്നാൽ, 75 വർഷം മുൻപു നടന്ന സംഭവത്തിൽ ഒരു ചോദ്യം ഇന്നും ബാക്കിയാണ്. അന്ന് ഓഗസ്റ്റ് 4 ന് ഫ്രാങ്ക് കുടുംബം വ്യാപാരിയുടെ വീട്ടിൽ ഒളിച്ചിരിക്കുന്ന വിവരം നാസി പടയാളികൾക്കു ചോർത്തിക്കൊടുത്തത് ആരാണ്. ‘ദ് ബിട്രെയൽ ഓഫ് ആൻ ഫ്രാങ്ക്’ എന്ന പുസ്തകത്തിലൂടെ റോസ്‌മേരി സുള്ളിവൻ ഉത്തരം കാണാൻ ശ്രമിക്കുന്നതും ഇതേ ചോദ്യം തന്നെയാണ്. ആൻ ഫ്രങ്കിന്റെ ജീവിതം നാസി പടയാളികളുടെ തടങ്കൽപാളയത്തിലേക്കു വലിച്ചെറിഞ്ഞ ചതിക്കു പിന്നിലെ വ്യക്തി. ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഒറ്റിക്കൊടുക്കൽ സംഭവത്തിലെ യഥാർഥ പ്രതി. കോൾഡ് കേസ് എന്ന് കുറ്റാന്വേഷകർ പോലും വിശേഷിപ്പിക്കുന്ന സംഭവത്തിനു തുമ്പു കണ്ടെത്താനാണ് സുള്ളിവൻ ശ്രമിക്കുന്നത്. പ്രതികളെ കണ്ടെത്തി ശിക്ഷ വാങ്ങിക്കൊടുക്കുന്നത് അപ്രായോഗികമാണെങ്കിലും ഒറ്റിക്കൊടുക്കുന്നവർ ഇന്നല്ലെങ്കിൽ നാളെ പുറത്തുവരും എന്ന് ഓർമിപ്പിക്കാൻ. ഫ്രാങ്ക് കുടുംബത്തെ കുട്ടക്കുരിതിക്ക് ഇരയാക്കിയത് മാപ്പില്ലാത്ത കുറ്റമാണെന്ന് ഓർമിപ്പിക്കാൻ. ചരിത്രത്തിലെ ആ കറുത്ത അധ്യായം ഇനിയും ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ.
സ്റ്റാലിന്റെ മകളുടെ ജീവചരിത്രം ഉൾപ്പെടെ നാഴികക്കല്ല് എന്നു വിശേഷിപ്പിക്കാവുന്ന ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ് റോസ്‌മേരി സുള്ളിവൻ. പത്രപ്രവർത്തകയുടെ വിവരശേഖരണത്തിലെ കഴിവും കുറ്റാന്വേഷകയുടെ അന്വേഷണ ത്വരയും എഴുത്തുകാരിയുടെ സഹൃദയത്വവും കൂടിച്ചേർന്ന എഴുത്തിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയുടെ മറ്റൊരു ശ്രദ്ധേയ പുസ്തകം.
ഡച്ച് ചലച്ചിത്രകാരൻ തിസ് ബയേൺസും പത്രപ്രവർത്തകൻ പീറ്റർ വാൻ ട്വിസ്‌കും പുസ്തകത്തിൽ ഒരുമിക്കുന്നുണ്ട്. വിട്ടുപോയ കണ്ണികളെ കൂട്ടിച്ചേർത്ത് കോൾഡ് കേസിന്റെ ചുരുളഴിക്കാൻ. ഫെഡറൽ ഇൻവെസ്റ്റിഗേറ്റീവ് ഏജൻസി തലവൻ വിൻസ് പാൻകോക്കിന്റെ സഹായവും അവർ ഉപയോഗപ്പെടുത്തി. പാൻകോക്കിന്റെ സംഘത്തിൽ ക്രിമിനോളജിസ്റ്റുകൾ ഉൾപ്പെടെ 30 ൽ അധികം പേർ ഉണ്ടായിരുന്നു. അവരെ ഓരോരുത്തരെയും വിളിച്ചുവരുത്തിയും അന്വേഷണം നടത്തിയുമാണ് എഴുത്തുകാർ മുന്നോട്ടുപോയത്. ഊഹാപോഹങ്ങളും സംശയങ്ങളുമായിരുന്നില്ല അവർക്കു വേണ്ടിയിരുന്നത്. കൃത്യമായ വിവരങ്ങൾ. യാഥാർഥ്യങ്ങൾ. അന്വേഷണഫലങ്ങൾ. അവയുടെ അടിസ്ഥാനത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റുകാരനെ കണ്ടെത്താനുള്ള അന്വേഷണവും.
സംശയത്തിന്റെ മുന ആദ്യം നീളുന്നത് ഓട്ടോ ഫ്രാങ്കിന്റെ മുൻ ജീവനക്കാരനായ ജോബ് ജാൻസനു നേരെയാണ്. തന്റെ ഭാര്യയ്ക്ക് ഫ്രാങ്കുമായി അവിഹിത ബന്ധമുണ്ടെന്ന് ജാൻസൻ സംശയിച്ചിരുന്നു. ഇതാണ് ഫ്രാങ്കിനെയും കുടുംബത്തെയും ഒറ്റിക്കൊടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന രീതിയിലാണ് അന്വേഷണം മുന്നേറിയത്. സംശയിക്കപ്പെട്ടവരിൽ രണ്ടാമത് നെല്ലി വോസ്‌കുൾ ആയിരുന്നു. നെല്ലി നാസികളെ പിന്തുണയ്ക്കുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ സഹോദരി ഫ്രാങ്ക് കുടുംബത്തെ ഒളിവിൽ പോകാൻ സഹായിച്ചവരിൽ ഒരാളാണ്. സഹോദരിയിൽ നിന്നു ലഭിച്ച വിവരം നെല്ലി നാസികൾക്കു ചോർത്തിക്കൊടുത്തു എന്നു ന്യായമായും സംശയിക്കാം. വെയർ ഹൗസ് മാനേജരായ വില്യം വാൻ മാരനെ സംശയിക്കാനും മതിയായ തെളിവുകളുണ്ട്. ജൂതരെ പിടിച്ചുകൊടുക്കുന്നവർക്ക് പ്രഖ്യാപിച്ച പ്രതിഫലം ആയിരിക്കാം അയാളെ ആകർഷിച്ചിട്ടുണ്ടാകുക. അന്ന വാനിനെ ഒഴിവാക്കാൻ കഴിയില്ല. ജൂതരെ ഓരോരുത്തരെയായി സമർഥമായി നാസി കെണിയിൽ വീഴ്ത്തുന്നത് ഹോബി തന്നെയായിരുന്നു അന്ന വാനിന്. യുദ്ധം അവസാനിച്ച ശേഷം അന്നയെ തൂക്കിക്കൊല്ലുകയായിരുന്നു, യുദ്ധ കാലത്തെ ക്രൂരതകളുടെ പേരിൽ. എല്ലാ സാധ്യതകളും പരിശോധിച്ച ശേഷം അന്വേഷക സംഘം ഒരാളിൽ എത്തിച്ചേർന്നു. നോട്ടറി ആയി ജോലി ചെയ്തിരുന്ന ആർനോൾഡ് വാൻ ഡെർ ബെർഗിൽ. ആർനോൾഡും ജൂതൻ തന്നെയായിരുന്നു. എന്നാൽ സ്വന്തം കുടുംബത്തെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ അയാൾ ഫ്രാങ്ക് കുടുംബത്തെ ഇരയാക്കുകയായിരുന്നു. നാസികൾക്കു വിലപ്പെട്ട വിവരം കൈമാറുന്നതിലൂടെ നാസികൾ തന്റെ വീട്ടിലേക്ക് വരില്ലെന്ന് ഉറപ്പാക്കുകയായിരുന്നു അയാൾ. സ്വയം ഒരു ജൂതനായിരുന്നതിനാൽ, മറ്റു ജൂതൻമാർ എവിയെയൊക്കെയാണ് ഒളിച്ചിരിക്കുന്നതെന്ന് ആർനോൾഡിന് സ്വാഭാവികമായും അറിവുണ്ടായിരുന്നു. ജൂത കൗൺസിലിലും അയാൾ അംഗമായിരുന്നു.
സുള്ളിവൻ രണ്ടാം ലോക യുദ്ധ കാലത്തെ ആംസ്റ്റർഡാമിലെ ജീവിതം പുസ്തകത്തിൽ പുനസൃഷ്ടിക്കുന്നുണ്ട്. അക്കാലത്ത് നാസികൾ എങ്ങനെയായിരുന്നു ജീവിച്ചിരുന്നതെന്ന്. മരണ വാറണ്ട് ലഭിച്ചവരെപ്പോലെയായിരുന്നു അവരുടെ ദിസവങ്ങൾ. ഏതു ദിവസവും ഏതു നിമിഷവും വാതിലിൽ മുട്ടുകേൾക്കാം. പിന്നെ ഒരു നിമിഷം പോലും വൈകാൻ പാടില്ല.. വീട് വളഞ്ഞിട്ടുണ്ടാകും. നാസി പടയാളികൾക്കൊപ്പം മരണത്തിലേക്കുള്ള യാത്ര തുടങ്ങുകയായി. ആട്ടിത്തെളിക്കുന്നത് കോൺസെൻട്രേഷൻ ക്യാംപുകളിലേക്ക്. ചിലപ്പോൾ ദിവസങ്ങളോളം നീളുന്ന നരക യാതന. ചിലപ്പോൾ വിചാരണ പോലുമില്ലാതെ മരണം വേഗം വന്നെന്നിരിക്കും. രക്ഷപ്പെട്ടത് വളരെക്കുറച്ചുപേർ മാത്രം. വംശീയ ഉൻമൂലനത്തിന്റെ ബാക്കിപത്രങ്ങളുമായി, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട അവർ, പിന്നീടുള്ള ദിവസങ്ങളിൽ തങ്ങൾക്കു നഷ്ടപ്പെട്ട ഓരോന്നിന്റെ കണക്കുകൾ പറഞ്ഞു ജീവിച്ചു. അ വരുടെ വാക്കുകളിലൂടെ ലോകം നാസികളുടെ ക്രൂരതകൾ അറിഞ്ഞു.
ലോകത്തിന്റെ ഏറ്റവും ക്രൂരമായ ചതിയുടെ പുസ്തകമാണ് സുള്ളിവന്റെത്. എന്നാൽ അതൊരു ഓർമപ്പെടുത്തൽകൂടിയാണ്. ചതിക്കപ്പെട്ടവരുടെ, ഇരയാക്കപ്പെട്ടവരുടെ രക്തം ഒഴുകിയൊഴുകി ഒരിക്കൽ സ്വന്തം വീട്ടുപടിക്കലും എത്തുമെന്ന ഓർമ. സ്വന്തം മുറിയിൽ. അടച്ചു തഴുതിട്ട മനസാക്ഷിയെ ആ രക്തം വിളിച്ചുണർത്താതിരിക്കില്ല. അപ്പോൾ എന്തു മറുപടിയായിരിക്കും പറയാനുണ്ടാകുക. നിശ്ശബ്ദതയ്ക്ക് മാപ്പില്ല. ഉത്തരം തന്നെയാണു വേണ്ടത്. ആരെയൊക്കെ ചതിച്ചു എന്നു വിളിച്ചുപറയുമ്പോൾ വാക്കുകൾക്കുവേണ്ടി അലയാതിരിക്കട്ടെ. തൊണ്ട ഇടറാതിരിക്കട്ടെ. വൈകിയെങ്കിലും ലോകം സത്യം അറിയട്ടെ.
Content Summary: The Betrayal of Anne Frank: A Cold Case Investigation book by Rosemary Sullivan