ADVERTISEMENT

ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അത് സോവിയറ്റ് യൂണിയൻ എന്നു വിശ്വസിച്ച കാലമുണ്ടായിരുന്നു. ആ രാഷ്ട്രത്തെ നയിക്കുന്നവരെ ആരാധിച്ചതു ദൈവതുല്യരായും. അന്നൊക്കെ നിറം പിടിപിച്ച കഥകളായിരുന്നു പുറത്തുവന്നുകൊണ്ടിരുന്നത്. എന്നാൽ ഭരണകൂടത്തിന്റെ ശക്തമായ കോട്ടകൊത്തളങ്ങൾക്കുള്ളിൽ നിലവിളികൾ നിശ്ശബ്ദമാക്കപ്പെടുകയായിരുന്നു എന്നു ക്രമേണയാണ് പുറംലോകം അറിഞ്ഞത്. ഒടുവിൽ സ്വർഗം എന്നു കരുതിയത് നരകമാണെന്ന തിരിച്ചറിവുണ്ടായി. നീതിയും സമത്വവും പ്രതീക്ഷിച്ചയിടത്തു പുറത്തുവന്നത് അനീതിയുടെയും അസമത്വത്തിന്റെയും ക്രൂരകഥകൾ. ഒരിക്കൽ പട്ടിണിക്കെതിരെ പടവാളോങ്ങി വിപ്ലവം വിജയിച്ച അതേ രാജ്യത്ത് ഒരു നേരത്തേ വിശപ്പടക്കാൻ വേണ്ടി ക്യൂ നീളുകയായിരുന്നു. ദേവാലയങ്ങളിൽ വീണ്ടും മണി മുഴങ്ങി. മാനം മുട്ടെ ഉയർന്നുനിന്ന വിപ്ലവ നേതാക്കൻമാരുടെ പ്രതിമകൾ തറയിൽ വീണു തകർന്നു. വിപ്ലവത്തിന്റെ മണ്ണ് അനാഥമായി. പ്രതീക്ഷ തകർന്നു. ശാക്തിക ചേരികൾ കെട്ടുകഥകളായി. സഖാവ് ലെനിനിൽ തുടങ്ങി ഗോർബച്ചോവ് വരെ നീണ്ട സോവിയറ്റ് നായകരിൽ ഏറ്റവും കൂടുതൽ ആരാധിക്കപ്പെട്ടതും പിന്നീട് വിമർശിക്കപ്പെട്ടതും ജോസഫ് സ്റ്റാലിൻ. മകൾ പോലും മറുചേരിയിലെത്തി വിളിച്ചുപറഞ്ഞ സത്യങ്ങൾ അവസാനിച്ചിട്ടുമില്ല. സ്റ്റാലിനെ വില്ലനായി ചിത്രീകരിക്കുന്ന കഥകൾ അവസാനമില്ലാതെ തുടരുമ്പോൾ തന്നെയാണ് ലോകത്തെയും പ്രതിവിപ്ലവകാരികളെയും ഒരുപോലെ വിറപ്പിച്ച അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലേക്കു വെളിച്ചം വീശുന്ന ചില പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. സ്റ്റാലിൻ എന്ന പുസ്തകപ്രേമിയെക്കുറിച്ച്. അക്ഷരങ്ങൾ ഉറ്റസുഹൃത്തുക്കളായിരുന്ന വായനക്കാരനെക്കുറിച്ച്. വലിയൊരു ഗ്രന്ഥശാല സ്വന്തമായുണ്ടായിരുന്ന, വായിച്ച ഓരോ പുസ്തകത്തിലും കയ്യൊപ്പ് പതിപ്പിച്ചതിനെക്കുറിച്ച്. ജെഫ്രി റോബർട്‌സിന്റെ സ്റ്റാലിന്റെ ലൈബ്രറി എന്ന പുസ്തകമാണ് പുതിയ ചർച്ചകൾക്കു തുടക്കമിട്ടിരിക്കുന്നത്.

 

പുസ്തകങ്ങൾ വായിക്കാത്ത, വായിക്കാൻ ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല. എന്നാൽ വായന ഒരു വികാരം മാത്രമായിരുന്നില്ല ജോസഫ് സ്റ്റാലിൻ എന്ന റഷ്യൻ നേതാവിന്. വിചാരം മാത്രവുമായിരുന്നില്ല. ഗൗരവത്തോടെ, അതീവ ശ്രദ്ധയോടെ, ദിവസവും കുറച്ചെങ്കിലും വായിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. 300 മുതൽ 500 വരെ പേജുകൾ ദിവസവും വായിക്കുമായിരുന്നു അദ്ദേഹം. അതായിരുന്നു സ്വയം നിശ്ചയിച്ചിരുന്ന ക്വോട്ട. ലൈബ്രറിയിൽ നിശ്ചിത സമയം ദിവസവും ചെലവഴിക്കുന്നുണ്ട് എന്ന് ഉറപ്പാക്കിയിരുന്ന അദ്ദേഹത്തിന്റെ മരണം പുസ്തകങ്ങൾക്കിടയിൽവച്ചായിരുന്നു. മസ്തിഷ്‌കാഘാതത്തെത്തുടർന്ന്. തിരഞ്ഞുവന്നവർ ഗ്രന്ഥശാലയിൽ മേശകളിലും കസേരകളിലുമായി ഉയരത്തിൽ അടുക്കിവച്ച പുസ്തകങ്ങളാണു കണ്ടത്. അവയ്ക്കു നടുവിൽ വീണു കിടക്കുന്ന സ്റ്റാലിനെയും.

stalins-library

 

പുസ്തകങ്ങൾ സൂക്ഷിക്കുന്നതായിരുന്നില്ല സ്റ്റാലിന്റെ ഹോബി. വായിക്കുന്നതു തന്നെയായിരുന്നു. വായിച്ച ഓരോ പുസ്തകത്തിന്റെയും മാർജിനിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം. ചുവപ്പ്, നീല, പച്ച നിറത്തിലുള്ള പെൻസിലുകൾ കൊണ്ടാണ് പ്രധാനമെന്നു കരുതിയ വരികൾക്കു താഴെ വരയിട്ടത്. പ്രസക്തമെന്നു തോന്നിയ പോയിന്റുകൾ പ്രത്യേകം നമ്പറിട്ടു രേഖപ്പെടുത്തിയിട്ടുമുണ്ട്. അതേ, അതേ എന്ന് പല പുസ്തകങ്ങളുടെയും മാർജിനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സമ്മതിക്കുന്നു എന്നതായിരുന്നു മിക്കപ്പോഴും എഴുതിയ മറ്റൊരു വാക്ക്. നല്ലത്. അതേ, അതു ശരിയാണ് എന്നിങ്ങനെ വ്യക്തമായിത്തന്നെ അഭിപ്രായങ്ങൾ കുറിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ വെറുപ്പും പുച്ഛവും സ്ഫുരിക്കുന്ന വാക്കുകളും കുറിച്ചിട്ടുണ്ട്. 

ഹാ.. ഹാ എന്ന ചിരി പോലും ചിലയിടത്തു കാണാം. അസംബന്ധം, വിവരക്കേട്. തുലയട്ടെ തുടങ്ങിയ ശാപവാക്കുകൾക്കും കുറവില്ല. ആശയങ്ങളോടുള്ള യോജിപ്പും വിയോജിപ്പും രേഖപ്പെടുത്തിയതിനു പുറമേ, അദ്ദേഹത്തെ ഏറ്റവും കൂടുതൽ അലോസരപ്പെടുത്തിയത് വ്യാകരണത്തെറ്റുകളും അക്ഷരത്തെറ്റുകളുമായിരുന്നു. അവ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. തെറ്റായ വാക്കുകൾ തിരുത്തിയെഴുതിയിട്ടുമുണ്ട്. തിരുത്താൻ ചുവന്ന പെൻസിലായിരുന്നു എപ്പോഴും ഉപയോഗിച്ചിരുന്നത്.

20000 പുസ്തകങ്ങൾ ഉണ്ടായിരുന്നു സ്റ്റാലിന്റെ ലൈബ്രറിയിൽ. ഇവയ്ക്കു പുറമേ, സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങുന്നവ വേറെയും. കവി ഡെമ്യാൻ ബെഡ്‌നിക്ക് സ്റ്റാലിനെക്കുറിച്ചുള്ള പരാതി കടം വാങ്ങിക്കുന്ന പുസ്തകങ്ങൾ തിരിച്ചുകിട്ടുമ്പോൾ അവയിൽ സ്റ്റാലിന്റെ അടയാളങ്ങൾ ഉണ്ട് എന്നതായിരുന്നു. ഇഷ്ടപ്പെട്ടതോ താൽപര്യം തോന്നുന്നതോ ആയ ഒരു പുസ്തകവും വായിക്കാതിരിക്കാൻ സ്റ്റാലിന് ആവുമായിരുന്നില്ല. വായിച്ചു എന്നദ്ദേഹം ഉറപ്പുവരുത്തി. അവയെക്കുറിച്ചു കൃത്യമായ അഭിപ്രായങ്ങളും ഉണ്ടായിരുന്നു. ഒറ്റ വാക്കുകളിൽ എഴുതിവച്ചതിനു പുറമേ അവയെക്കുറിച്ചു മണിക്കൂറുകളോളം സംസാരിക്കാൻ അദ്ദേഹം തയാറായിരുന്നു. എന്നാൽ, സ്റ്റാലിൻ പുസ്തകങ്ങളെക്കുറിച്ച് ആരെങ്കിലുമായി സംസാരിക്കുമായിരുന്നു എന്നതിനു തെളിവുകളൊന്നുമില്ല. ആരും അങ്ങനെയുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുമില്ല. എന്നാൽ, മാർജിനുകളിൽ കുറിച്ച വാക്കുകൾ പുസ്തകങ്ങളെ വിടാതെ പിന്തുടരുന്ന പുസ്തകപ്പുഴുവിന്റെ ചിത്രമാണ് സമ്മാനിക്കുന്നത്. രണ്ടാം ലോക യുദ്ധം പോലുള്ള നിർണായക പ്രതിസന്ധികളെ അതിജീവിച്ച കാലത്തു പോലും പുസ്തകങ്ങൾക്കു വേണ്ടി സ്റ്റാലിൻ ദീർഘമായ സമയം മാറ്റിവച്ചു എന്ന വിവരം അദ്ഭുതപ്പെടുത്തുന്നതാണ്. ഇതുവരെ കേട്ട കഥകളിൽ നിന്നു വ്യത്യസ്തവും. എന്നാൽ, സ്റ്റാലിനെ വെള്ളപൂശാനുള്ള ശ്രമങ്ങൾ ജെഫ്രി റോബർട്‌സിന്റെ പുസ്തകത്തിലില്ല. അദ്ദേഹത്തിന്റെ എണ്ണമറ്റ ക്രൂരതകളിലേക്കു കടക്കുന്നുമില്ല. സ്റ്റാലിന്റെ ലൈബ്രറിയിൽ ഒതുങ്ങിനിൽക്കുന്നു പുസ്തകം.

 

സ്റ്റാലിൻ ആത്മകഥ എഴുതിയിട്ടില്ല. മറ്റുള്ളവർ അദ്ദേഹത്തെക്കുറിച്ചു പറഞ്ഞ കഥകളും ഉപകഥകളും ഭാവനകളും മാത്രമാണ് ബാക്കി. അതിൽ നിന്നു വ്യത്യസ്തമായി സ്റ്റാലിൻ എന്ന വ്യക്തിയെക്കുറിച്ചുള്ള വ്യത്യസ്തമായ ചിത്രമാണു ജെഫ്രിയുടെ പുസ്തകം സമ്മാനിക്കുന്നത്.

 

ഏതു തരം പുസ്തകങ്ങളാണു ഏറ്റവും കൂടുതൽ വായിച്ചിരുന്നതെന്ന് ഇന്ന് അനുമാനിക്കാൻ പോലുമാവുന്നില്ല. ക്രൂഷ്‌ചേവ് തള്ളിപ്പറഞ്ഞതിനു പിന്നാലെ സ്റ്റാലിന്റെ തിരുശേഷിപ്പുകൾ ഒന്നൊന്നായി നശിപ്പിക്കപ്പെട്ടു. കൂട്ടത്തിൽ വിപുലമായ ലൈബ്രറിയും ഉപേക്ഷിക്കപ്പെട്ടു. പുസ്തകങ്ങൾ സംരക്ഷിക്കാൻ കാര്യമായ ശ്രമമൊന്നും ഉണ്ടായില്ല. കുട്ടികളുടെ മനശാസ്ത്രം, കായികം, മതം, ഹിപ്‌നോട്ടിസ്, ലൈംഗിക രോഗങ്ങൾ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പുസ്തകങ്ങൾ അദ്ദേഹം വായിച്ചിരുന്നു. ദസ്തയേവ്സ്കിയുടെയും തുർഗനേവിന്റെയും പുസ്തകങ്ങളും ലൈബ്രറിയിൽ നിന്നു പിന്നീട് കണ്ടെടുക്കുകയുണ്ടായി.

1934 ലെ സോവിയറ്റ് റൈറ്റേഴ്‌സ് കോൺഗ്രസ് ഉദ്ഘാടനം ചെയ്തത് സ്റ്റാലിനാണ്. അന്നത്തെ പ്രസംഗത്തിൽ എഴുത്തുകാരെക്കുറിച്ചും അക്ഷരങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി. സോഷ്യലിസത്തിന്റെ നിർമിതിക്ക് സിവിൽ എൻജിനീയർമാരെ ആവശ്യമുണ്ട്. എന്നാൽ മനുഷ്യ മനസ്സുകളുടെ പരിപാലത്തിനുള്ള എൻജിനീയർമാരെയും സമൂഹത്തിന് ആവശ്യമുണ്ട്. അവരാണ് എഴുത്തുകാർ. അവരാണ് ആത്മാവിനെ ശക്തിപ്പെടുത്തുന്നത്. മനസ്സിനെ സുദൃഡമാക്കുന്നത്- സ്റ്റാലിൻ പറഞ്ഞു.

 

നല്ലൊരു വായനക്കാരനായിരുന്നു എന്നതിനു പുറമേ, കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവർത്തകരും നന്നായി വായിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാനും അദ്ദേഹം പരിശ്രമിച്ചിരുന്നു. ദത്തെടുത്ത മകന് ഒരിക്കൽ അദ്ദേഹം സമ്മാനിച്ചത് റോബിൻസൺ ക്രൂസോ ആയിരുന്നു. മകൻ ധീരനായ, പേടിയില്ലാത്ത, ഉറച്ച മനസ്സുള്ള  വിപ്ലവകാരിയായി വളർന്നുവരണം എന്ന ആഗ്രഹം പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. മകൾക്ക് അദ്ദേഹം സമ്മാനിച്ചത് കമ്യൂണിസ്റ്റ് പാർട്ടിയുടെ ലഘുചരിത്രം എന്ന പുസ്തമാണ്. വായിക്കണം എന്നു മകളെ നിർബന്ധിക്കുകയും ചെയ്തിരുന്നു. എന്നാൽ സ്വെറ്റ്‌ലാനയ്ക്ക് പുസ്തകം ഇഷ്ടപ്പെട്ടില്ല. താനതു വായിക്കാൻ മെനക്കെട്ടിട്ടില്ല എന്നാണു സ്വെറ്റ്‌ലാന പിന്നീട് പറഞ്ഞത്.

 

സാഹിത്യ പുസ്തകങ്ങളുടെ വലിയൊരു ശേഖരം തന്നെ ലൈബ്രറിയിൽ ഉണ്ടായിരുന്നു. എന്നാൽ ഷേക്‌സ്പിയറും ടോൾസ്‌റ്റോയിയും ട്രോട്‌സ്‌കിയും ഉൾപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങൾ ആരും പരിചരിക്കാനില്ലാതെ നശിച്ചുപോയി. ട്രോട്‌സ്‌കിയുടെ ഒരു പുസ്തകത്തിന്റെ മാർജിനിൽ വിഡ്ഢി എന്ന് സ്റ്റാലിൻ എഴുതിയിട്ടുണ്ട്. ട്രോട്‌സ്‌കി എന്ന എഴുത്തുകാരനോടുള്ള കമ്യൂണിസ്റ്റ് സർവാധിപതികളുടെ മുഴുവൻ പുച്ഛവും വ്യക്തമാക്കുന്ന ഒറ്റവാക്ക്. ദസ്തയോവ്‌സ്‌കിയെക്കുറിച്ച് അദ്ദേഹം ഒന്നും എഴുതിയതായിട്ട് രേഖകളില്ല. എന്നാൽ ദുഷിച്ച സ്വാധീനം എന്നു പറഞ്ഞിട്ടുണ്ടെന്നാണ് ചിലർ അവകാശപ്പെടുന്നത്.

 

സ്റ്റാലിന്റെ കാലത്തിനു ശേഷം നടന്ന പഠനങ്ങൾ പറയുന്നത് 1500 ൽ അധികം എഴുത്തുകാർ അദ്ദേഹത്തിന്റെ ക്രൂരതകൾ കൊണ്ടു മാത്രം ഇല്ലാതായി എന്നാണ്. രാജ്യം വിട്ടോടിപ്പോയവരും രാജ്യാന്തര അംഗീകാരം വാങ്ങാൻ അനുവാദം ലഭിക്കാത്തവരുമായ ഒട്ടേറെപ്പേരുടെ ദാരുണകഥകൾ വേറെ. അവ അങ്ങനെതന്നെ അവശേഷിക്കുമ്പോഴും സ്റ്റാലിന്റെ പുസ്തക പ്രണയത്തെ നിഷേധിക്കാൻ കഴിയില്ലെന്നാണ് ജെഫ്രി റോബർട്സ് പറയുന്നത്.

 

Content Summary: Stalin's Library: A Dictator and His Books by Geoffrey Roberts

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com