അതിഥി വന്ന ദിവസം – തമ്പി ആന്റണി എഴുതിയ കഥ
Mail This Article
പല മനഃശാസ്ത്രഗ്രന്ഥങ്ങളും ഞാന്‍ വായിച്ചിട്ടുണ്ടെങ്കിലും മനഃശാസ്ത്രജ്ഞനും എന്റെ ആത്മസുഹൃത്തുമായ ഡോക്ടര്‍ റാം മോഹന്‍, അവനെ കാണാന്‍ വരുന്നവരെപ്പറ്റി പറയുമ്പോള്‍, പുസ്തകത്തില്‍നിന്നറിയുന്നതു മാത്രമല്ല യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്നും അതിനപ്പുറത്തു പുതിയൊരു ലോകമുണ്ടെന്നും മനസ്സിലായിത്തുടങ്ങിയിരുന്നു. അവന്‍ പറയുന്നതൊക്കെ ആദ്യം കേട്ടപ്പോള്‍ അതിശയകരമായിത്തോന്നിയിരുന്നു. എന്നാലിപ്പോള്‍ അതൊക്കെ ഓരോ പുതിയ കഥ കേള്‍ക്കുന്ന ലാഘവത്തോടെ കേട്ടിരിക്കും. പക്ഷേ, ഇന്നു കേട്ടത് തികച്ചും അവിശ്വസനീയമായിത്തോന്നി.
പ്രതി, മനുരാജ്. ഇതൊരപരനാമമാണ്. അയാളുടെ അനുഭവങ്ങളെപ്പറ്റിയാണ് ഇന്നു സംസാരിച്ചത്. വളരെ വിചിത്രമായ ചില തോന്നലുകളാണ് അയാളെ വല്ലാത്തൊരു ദുരവസ്ഥയിലെത്തിച്ചത്. സ്വന്തം അനുഭവങ്ങള്‍ ഒരു ഇ-മെയില്‍ സന്ദേശത്തിലൂടെയാണ് അയാള്‍ ഡോക്ടര്‍ റാം മോഹനെ അറിയിച്ചത്.
കാര്യങ്ങളെല്ലാം എന്നോടു പറഞ്ഞെങ്കിലും, അയാള്‍ മലയളത്തിലയച്ച കുറിപ്പ് റാം മോഹന്‍ എനിക്കു ഫോര്‍വേഡ് ചെയ്തു. പതിവുപോലെ, ആര്‍ക്കും ഒന്നും ഷെയര്‍ ചെയ്യരുതെന്ന മുന്നറിയിപ്പ് ആ മെസ്സേജിലുമുണ്ടായിരുന്നു; വിശേഷിച്ച്, ജീവിച്ചിരിക്കുന്നവരുടെ കാര്യങ്ങള്‍. അക്കാര്യത്തില്‍ അവനെന്നെ വിശ്വാസമാണ്. പക്ഷേ ചിലര്‍ക്കൊക്കെ അപരനാമങ്ങളിട്ട് അനുഭവങ്ങള്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്.
പല അനുഭവങ്ങളുടെയും ശരിയായ കാരണമെന്താണെന്ന് മനഃശാസ്ത്രം പഠിക്കാത്തവര്‍ക്കു മനസ്സിലാകണമെന്നില്ല. അതുകൊണ്ടായിരിക്കണം, വായിച്ചുകഴിഞ്ഞു വിളിക്കണമെന്നു റാം പറഞ്ഞത്.
മനുരാജിന്റെ കുറിപ്പ് ഇതായിരുന്നു:
‘ഡോ റാം മോഹന്‍ അറിയുവാന്‍,
വീട്ടില്‍ ഒരതിഥി വന്നുകയറിയ ദിവസംതൊട്ടാണ് എന്റെ എല്ലാ പ്രശ്‌നങ്ങളും തുടങ്ങിയത്. അയാളും എന്റെ ഭാര്യ രാജിയും കൂടിയാണ് എന്നെ ഇപ്പോഴത്തെ അവസ്ഥയിലാക്കിയതെന്നു പറയാനാണ് ഞാനിപ്പോള്‍ ഡോക്ടര്‍ക്ക് ഇങ്ങനെയൊരു കത്തെഴുതുന്നത്; അതും ആരുമറിയാതെ എന്റെ പുതിയ താമസസ്ഥലത്തുള്ള കൊച്ചുമുറിയിലിരുന്ന്.
ഒരസുഖവുമില്ലാത്ത എനിക്ക് എന്തൊക്കെയോ മരുന്നുകള്‍ തരുന്നുണ്ടായിരുന്നു. അതൊന്നും സമയത്തു കഴിക്കാഞ്ഞിട്ടാണ് എന്നെ ഈ കാരാഗൃഹത്തില്‍ കൊണ്ടിട്ടിരിക്കുന്നത് എന്നാണവള്‍ ഡോക്ടറോടു പറഞ്ഞത്. അതു കല്ലുവച്ച നുണയാണ്. നാട്ടില്‍ വരുമ്പോള്‍ എനിക്ക് ഒരു മരുന്നുമുണ്ടായിരുന്നില്ല. ഇപ്പോള്‍ കഴിക്കുന്നത് എന്നെ ഭ്രാന്തു പിടിപ്പിക്കാനുള്ള മരുന്നാണെന്നാണു ഞാന്‍ വിശ്വസിക്കുന്നത്. ഇങ്ങനെ പോയാല്‍ ഇവിടെ ഭ്രാന്തുപിടിച്ചലയുന്ന അന്തേവാസികളുമായുള്ള സഹവാസം, അധികം താമസിയാതെ എന്നെ മുഴുഭ്രാന്തനാക്കും എന്നെനിക്കുറപ്പുണ്ട്.
എന്റെ ശ്രീമതി രാജിയെന്ന രാജലക്ഷ്മിയെ ഒരിക്കല്‍ കണ്ടിരുന്നല്ലോ. ഒറ്റനോട്ടത്തില്‍, ആരും രണ്ടാമതൊന്നു നോക്കിപ്പോകുന്ന ചന്തമൊക്കെയുണ്ട്; ഞാനതു സമ്മതിക്കുന്നു. എനിക്കും ആദ്യം കണ്ടപ്പോള്‍ അങ്ങനെ തോന്നിയെന്നുള്ളതും മറച്ചുവയ്ക്കുന്നില്ല. ഒന്നല്ല, പല പ്രാവശ്യം നോക്കിയതിന്റെ പരിണതഫലമാണ് ഞാനിപ്പോള്‍ അനുഭവിക്കുന്നത്.
ഏതോ സൗന്ദര്യമത്സരത്തില്‍ മൂന്നാംസ്ഥാനത്തു വന്നു എന്നതാണ് എപ്പോഴും ഏറ്റവും വലിയ യോഗ്യതയായി അവള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഒന്നും രണ്ടും സ്ഥാനക്കാര്‍ ജഡ്ജുമാരെ സ്വാധീനിച്ചിട്ടാണുപോലും, അവള്‍ക്ക് ഒന്നാംസ്ഥാനം കിട്ടാതിരുന്നത്! ഈ സ്ഥിരം തള്ള് എന്നോടു മാത്രമല്ല, അറിയാവുന്നവരോടെല്ലാം അവള്‍ നടത്തിയിരുന്നു. ആദ്യം പരിചയപ്പെട്ടപ്പോള്‍ത്തന്നെ, സൗന്ദര്യപ്പട്ടം ചാര്‍ത്തിയ മൂന്നു പെണ്ണുങ്ങള്‍ ഞെളിഞ്ഞുനില്‍ക്കുന്ന ഫോട്ടോ ഫോണില്‍ എന്നെ കാണിച്ചിരുന്നെങ്കിലും ഞാനതൊന്നും അത്ര ഗൗനിച്ചില്ല. കല്യാണം കഴിഞ്ഞപ്പോള്‍ മുതല്‍ എനിക്കെന്തോ കുറവുള്ള മട്ടില്‍, ഒരുമാതിരി അർഥംവച്ചുള്ള കൊള്ളിവാക്കുകളാണ് മിക്കപ്പോഴും പറയാറുള്ളത്. അവളുടെ ആങ്ങളമാര്‍ക്കു പൊക്കമുണ്ട്. എനിക്കിത്തിരി പൊക്കക്കുറവുമുണ്ട്, സമ്മതിച്ചു. അതറിഞ്ഞുകൊണ്ടുതന്നെയല്ലേ അവളെന്നെ പ്രണയിച്ചത്? എന്നിട്ടും എന്തെങ്കിലും പറഞ്ഞു വഴക്കുണ്ടാകുമ്പോള്‍ എന്റെ വീട്ടുകാരുടെ നിറത്തെയും പൊക്കക്കുറവിനെയും കളിയാക്കുന്നത് അസഹനീയമാണ്. അതും പോരാഞ്ഞ് അനവസരത്തിലുള്ള അവളുടെ സ്വയംപുകഴ്ത്തലും! മട്ടും ഭാവവും കണ്ടാൽ മിസ്സ് യൂണിവേഴ്‌സാണെന്നു തോന്നും! എവിടെപ്പോയാലും അണിഞ്ഞൊരുങ്ങി നടക്കണമെന്നല്ലാതെ, കുക്കിങ്ങില്‍പ്പോലും ശ്രദ്ധ ചെലുത്താറില്ല. മിക്കപ്പോഴും ‘വേണമെങ്കില്‍ കഴിച്ചോളണം’ എന്ന മനോഭാവത്തില്‍ വായയ്ക്കു രുചിയില്ലാത്ത എന്തെങ്കിലുമൊക്കെ ഉണ്ടാക്കിവയ്ക്കും. ബാക്കിയുള്ള സമയങ്ങളില്‍ ഫോണില്‍ കുത്തിക്കൊണ്ടിരിക്കും. അതുകൊണ്ടാണ് ഇത്തിരി കഷ്ടപ്പാടാണെങ്കിലും കുക്കിംഗ് എന്ന കര്‍മ്മംകൂടി കുറച്ചുനാളത്തേക്കു ഞാനേറ്റെടുത്തത്.
‘കിസ്സിംഗ് ഡോണ്ട് ലാസ്റ്റ്, ബട്ട് കുക്കിംഗ് ഡു’ എന്നൊരു ജര്‍മന്‍ പഴമൊഴിയുള്ളതായോര്‍ക്കുന്നു. അതാണ് അവളുണ്ടാക്കിത്തരുന്ന ഭക്ഷണം കഴിക്കുമ്പോള്‍ മനസ്സില്‍ വരാറുള്ളത്. മലയാളിയുടെ നോട്ടത്തില്‍ വെറുമൊരു ചരക്കായ ഇവളെയും വലിച്ചുകൊണ്ട്, ഈ ചരക്കുവണ്ടിക്ക് അധികമൊന്നും മുമ്പോട്ടു പോകാന്‍ കഴിയുമെന്നു തോന്നുന്നില്ല. എവിടെയൊക്കെയോ അപകടം പതിയിരിക്കുന്നതുപോലെ.
കുട്ടികളുണ്ടായാല്‍ സൗന്ദര്യം കുറഞ്ഞുപോകുമെന്നാണ് അവളുടെ ഇപ്പോഴത്തെ ചിന്ത. അഹങ്കാരത്തിനു കൈയും കാലും വച്ച ഇങ്ങനെയുള്ളൊരുത്തിയെ കൂടെക്കൂട്ടിയാലുണ്ടാകുന്ന മനഃസംഘര്‍ഷങ്ങള്‍ താങ്കളെപ്പോലെയുള്ള ഒരു ഡോക്ടര്‍ക്കു മനസ്സിലാകുമെന്ന് എനിക്കറിയാം. അതുകൊണ്ടാണ് സത്യങ്ങളെല്ലാം അങ്ങയോടു പറയുന്നത്.
അവളുമായി ഒരിക്കല്‍ താങ്കളെ വന്നു കണ്ടിരുന്നു. പൊടിപ്പും തൊങ്ങലുംവച്ച് അവള്‍ പറഞ്ഞ നുണക്കഥകളൊക്കെ താങ്കള്‍ വിശ്വസിച്ചു. അല്ലെങ്കിലും നടക്കാത്ത കഥകള്‍ നടന്നേക്കാമായിരുന്നതിലും മനോഹരമായി അവതരിപ്പിക്കാന്‍ സ്ത്രീകള്‍ക്കു പ്രത്യേകിച്ചൊരു ചാതുര്യമുണ്ടെന്നറിയാമല്ലോ. ഇവള്‍ അതുക്കും മേലെയാണ്! പറയുന്നതൊക്കെ പച്ചക്കള്ളമാണെങ്കിലും അതൊക്കെ ഏതു കെടികെട്ടിയ ആണുങ്ങളെയും അടിച്ചുവീഴ്ത്തും!
എല്ലാറ്റിനും കാരണക്കാരനായത് എന്റെ വീട്ടില്‍ വിളിക്കാതെ വന്നുകയറിയ അപരിചിതനാണ്. അയാളാരാണെന്ന് എനിക്കറിയില്ല. ഊരും പേരുമറിയില്ല. അങ്ങനെയൊരാള്‍, നല്ല മഴയുള്ളൊരു രാത്രിയില്‍ നനഞ്ഞുകുളിച്ചു കയറിവന്നതെന്തിനാണെന്ന് ആര്‍ക്കും ഒരൂഹവും കിട്ടിയില്ല. സഹതാപം കിട്ടാനുള്ള, വെറും നാടകമായിരുന്നു അതൊക്കെയെന്നു പിന്നീടാണ് എനിക്കു മനസ്സിലായത്.
അയാള്‍ നനഞ്ഞിരുന്നതു കണ്ടയുടന്‍ തല തോര്‍ത്താന്‍ ടൗവ്വലും ധരിക്കാന്‍ ദുബായില്‍നിന്നു കൊണ്ടുവന്ന, എന്റെ ഏറ്റവും നല്ല ടീ ഷര്‍ട്ടും പാന്റ്‌സും കൊടുത്തതു രാജിയാണ്. അപ്പോള്‍ത്തന്നെ ഒരു പരിഹാസച്ചിരിയോടെ എന്നോടൊരു കുടയും വാങ്ങി അയാള്‍ പുറത്തേക്കിറങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ഗെയ്റ്റിനപ്പുറത്തുനിന്നു കാറെടുത്തുകൊണ്ടു വന്നു. എന്നിട്ട്, ഇരുട്ടില്‍ വീടു കണ്ടുപിടിക്കാന്‍ കുറച്ചു പ്രയാസപ്പെട്ടെന്നും അതുകൊണ്ടു പാര്‍ക്ക് ചെയ്തത് കുറച്ചകലെയായിപ്പോയെന്നും മുട്ടാപ്പോക്കു പറഞ്ഞു. അതൊക്കെ ഇതിനുമുമ്പു വന്നിട്ടില്ലെന്ന് എന്നെ അറിയിക്കാനുള്ള നമ്പറുകളായിട്ടേ എനിക്കു തോന്നിയുള്ളു.
വീട്ടിലേക്കു കയറുമ്പോള്‍ അയാളുടെ തോളത്തൊരു ബായ്ക്ക് പാക്കുമുണ്ടായിരുന്നു. അപ്പോഴാണ് അത് അന്നവിടെ തങ്ങാനുള്ള വരവാണെന്നു മനസ്സിലായത്. ഒരതിഥിയല്ലേ, അന്നൊരു ദിവസത്തേക്കാണെങ്കില്‍ കുഴപ്പമില്ലല്ലോ എന്നാണു ഞാനും കരുതിയത്. എവിടെനിന്നാണു വന്നതെന്നു ചോദിച്ചപ്പോള്‍ അവളുടെ ഒരു ബന്ധുവാണെന്നു പറഞ്ഞു. ഇങ്ങനെയൊരു ബന്ധുവുള്ള കാര്യം എന്നോടവള്‍ പറഞ്ഞിരുന്നില്ല എന്നതു വിചിത്രമായിത്തോന്നി. കൂടുതല്‍ ചോദിച്ചപ്പോള്‍, വെറുതെ ചിറി ഒരു വശത്തേക്ക് ഏങ്കോണിച്ച് ഒരുമാതിരി ചിരി! രാജി അതൊന്നും ശ്രദ്ധിക്കാതെ, അപ്പോള്‍മുതല്‍ അയാള്‍ പറയുന്നതൊക്കെ ഒരടിമയെപ്പോലെ അനുസരിച്ചുതുടങ്ങി.
മുന്‍കാലസൗഹൃദമൊന്നുമില്ലെങ്കിലും ഉണ്ടെങ്കിലും ഒരാളെ മറ്റൊരാള്‍ മാനസികമായി അടിമയാക്കുന്ന അവസ്ഥയ്ക്ക് നിങ്ങളുടെ മനഃശാസ്ത്രത്തില്‍ എന്തെങ്കിലുമൊരു പേരു കാണുമെന്നറിയാം. പരിഹാരമില്ലാത്ത രോഗത്തിനുവരെ ആര്‍ക്കും മനസ്സിലാകാത്ത എന്തെങ്കിലും പേരിടുന്നവരാണല്ലോ മനഃശാസ്ത്രജ്ഞര്‍! അതിനൊന്നും ഇപ്പോള്‍ പ്രസക്തിയില്ലെന്നറിയാമെങ്കിലും ഒന്നു സൂചിപ്പിച്ചെന്നേയുള്ളു.
‘‘എന്തായാലും വന്നു. ഇനിയിപ്പം എത്ര ശല്യമാണെങ്കിലും വീട്ടില്‍ വന്ന അതിഥിയെ ഇറക്കിവിടാന്‍ പറ്റുമോ? വീടുവിലക്കരുതെന്നല്ലേ മുത്തച്ഛന്‍മാര്‍ പറയുന്നത്?’’ എന്നൊക്കെ പിറുപിറുത്തുകൊണ്ട് അവള്‍ മുറിക്കകത്തുകൂടി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതു കണ്ടപ്പോള്‍ എന്തോ പന്തികേടു തോന്നിയിരുന്നു. ഒരുപക്ഷേ അവളുടെ കോളജ് പഠനകാലത്തു പിറകേ നടന്നെന്നു പറഞ്ഞിരുന്ന ഗുസ്തിക്കാരന്‍ കാമുകനാകാം. ഗുസ്തിച്ചാമ്പ്യന്‍ മാത്രമായിരിക്കില്ല, മിസ്റ്റര്‍ യൂണിവേഴ്‌സിറ്റികൂടിയായിരുന്നിരിക്കണം. അയാളുടെ, മസിലുരുണ്ടുകൂടിയ ശരീരവും മസില്‍ പിടിച്ചുള്ള നോട്ടവും കണ്ടാല്‍ അങ്ങനെയേ തോന്നൂ. അങ്ങനെ മിസ് യൂണിവേഴ്‌സിറ്റിയും മിസ്റ്റര്‍ യൂണിവേഴ്‌സിറ്റിയും കൂടി കൂടിയാല്‍, കൂടെത്താമസിക്കുന്ന എന്നെപ്പോലൊരു കൃശഗാത്രന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്നു ഡോക്ടര്‍ ഒന്നാലോചിച്ചുനോക്കൂ.
അല്ലെങ്കിലും രാജിക്കു പൊക്കമുള്ള ആണുങ്ങളെ കാണുമ്പോള്‍ വല്ലാത്തൊരു ഉള്‍പ്പുളകമാണെന്ന് എനിക്കറിയാം. പക്ഷേ ഞാനതൊന്നും അറിഞ്ഞതായി നടിക്കാറില്ലായിരുന്നു. അയാളുടെ ഫോണ്‍ സംഭാഷണങ്ങളിലും സംസാരത്തിലും ഒരു വ്യക്തതയുമില്ലായിരുന്നു. ആത്മഗതംപോലെ എന്തൊക്കെയോ അനവസരത്തില്‍ പറയുന്നുമുണ്ടായിരുന്നു. ആകെയൊരു ദുരൂഹത!
രാജിയുടെ അമ്മയും ഒരു വര്‍ഷത്തോളമായി ഇങ്ങനെ സ്വയം സംസാരിച്ചുകൊണ്ട് ഒരേ കിടപ്പാണ്. അയാള്‍ വരുന്നതിനു മുമ്പും ഞങ്ങള്‍ മൂന്നുപേരും കുറേനാളായി ആരോടും ഒന്നും പറയാനില്ലാത്തവരെപ്പോലെയായിരുന്നു. എല്ലാവരും സ്വയം സംസാരിക്കുന്ന ഒരു വീട്! ഞാന്‍ അവധിക്കു വന്നപ്പോള്‍ എന്തോ അപകടം പ്രതീക്ഷിച്ചിരിക്കുന്നതുപോലെ, ആരും ഒന്നും മിണ്ടാതെ അടക്കിപ്പിടിച്ചുള്ള പിറുപിറുക്കലായിരുന്നു.
ഒരു വര്‍ഷത്തിനുശേഷം ദുബായില്‍നിന്നു വന്ന ഞാന്‍ ആകെ ധര്‍മ്മസങ്കടത്തിലാണ്. ആ ഗുസ്തിക്കാരന്‍ ഇതിനുമുമ്പും അവിടെ വന്നിരിക്കാനാണു സാധ്യത. ആദ്യം മഴ നനഞ്ഞു കയറിവന്നപ്പോള്‍ ‘വല്ലപ്പോഴും ഇതുവഴിയൊക്കെ വരണം. അല്ലെങ്കില്‍ വഴിതെറ്റിപ്പോകും’ എന്നൊരു കമന്റ് രാജി പറഞ്ഞപ്പോഴേ ഞാനുറപ്പിച്ചതാണ്, എന്തൊക്കെയോ കള്ളക്കളികളുണ്ടെന്ന്. എന്നാലും ഞാനുള്ളതുകൊണ്ട് വന്നതുപോലെ അയാള്‍ ഇറങ്ങിപ്പോകുമെന്ന പ്രതീക്ഷയിലായിരുന്നു, ആദ്യം. ആരും ആരോടും ഒന്നും സംസാരിക്കാത്തതുകൊണ്ട് എന്തൊക്കെയോ ദുരൂഹതകളുണ്ട്. പക്ഷേ ആരോടു പറയാന്‍!
ഏതെങ്കിലുമൊരു രാത്രിയില്‍ എന്നെയും അവളുടെ ഓര്‍മക്കുറവുള്ള അമ്മയേയും കൊലപ്പെടുത്തുമോ എന്നുപോലും സംശയിക്കത്തക്ക വിധത്തിലായിരുന്നു അയാളുടെ പെരുമാറ്റം. അത്തരം അവിശ്വസനീയമായ എത്രയെത്ര കൊലപാതകങ്ങള്‍ ഈ നാട്ടില്‍ നടക്കുന്നതായി കേട്ടിരിക്കുന്നു!
ഇപ്പോള്‍ എന്നെ മാത്രമല്ല അയാള്‍ ഭയപ്പെടുത്തുന്നത്; എന്റെ ഭാര്യയേയും കൂടിയാണ്. അല്ലെങ്കില്‍ അവളുടെ എല്ലാ കള്ളത്തരങ്ങളും വിളിച്ചുപറയുമെന്നു ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരിക്കണം. അല്ലെങ്കില്‍ അവളെന്തിനാണ് അയാളെ പേടിച്ചിരുന്നതുപോലെ പെരുമാറിയത്? അപരിചിതനാണെങ്കിലും അല്ലെങ്കിലും ഇങ്ങനെ വീട്ടില്‍വന്നിട്ടു പോകാതിരുന്നാലുണ്ടാകുന്ന പ്രശ്‌നങ്ങളെപ്പറ്റിയൊന്നും ആരും ചിന്തിക്കുന്നുപോലുമില്ല! എനിക്കാണെങ്കില്‍ അവധി തീരുന്ന ദിവസം അടുത്തുവരുന്തോറും വിഭ്രാന്തി കൂടിക്കൂടിവന്നു.
നല്ല ഇടിയും മഴയുമുള്ളൊരു ഞായറാഴ്ച പുലര്‍ച്ചയില്‍, മനഃപൂര്‍വ്വം എഴുന്നേല്‍ക്കാതെ മഴസ്വരവുമാസ്വദിച്ചുകൊണ്ട് വെറുതെ ഞാന്‍ കണ്ണടച്ചുകിടക്കുകയായിരുന്നു. അപ്പോഴും അയാള്‍ വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിന്റെ കാല്‍പ്പെരുമാറ്റം അവ്യക്തമായി കേള്‍ക്കാമായിരുന്നു. അയാളുടെ അനക്കങ്ങളും ആരോടൊക്കെയോ ഫോണില്‍ സംസാരിക്കുന്നതിന്റെ അടക്കിപ്പിടിച്ച ശബ്ദങ്ങളും വീടുമുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നതുപോലെ തോന്നി. രാജിയുടെ അമ്മപോലും അയാളോട് ഇറങ്ങിപ്പോകാന്‍ പറയുന്നില്ല. അമ്മയുടെ വീടായതുകൊണ്ട് ഞാനും ആത്മസംയമനം പാലിച്ചു. ഓര്‍മക്കുറവുള്ള അമ്മയുടെ കണ്ണില്‍ അയാള്‍ മകനാണ്. ഇടയ്‌ക്കൊക്കെ അമ്മ 'എടാ മനുമോനേ' എന്ന് ഗുസ്തിക്കാരനെ നീട്ടിവിളിക്കുമ്പോള്‍ അത് തീര്‍ത്തും അരോചകമായി എനിക്കു തോന്നിയിരുന്നു. ആദ്യം കണ്ടപ്പോഴേ അമ്മ ചിരിച്ചുകൊണ്ട് അയാളെ 'മനുമോന്‍' എന്നാണു വിളിച്ചുതുടങ്ങിയത്. അമ്മയ്ക്ക് അല്‍ഷിമേഴ്‌സ് എന്ന രോഗത്തിന്റെ തുടക്കമായതുകൊണ്ടാണ് അതെന്നറിയാമായിരുന്നു. പക്ഷേ രാജിക്കെന്തുപറ്റിയെന്നാണു മനസ്സിലാകാത്തത്. അമ്മയെ ഒറ്റയ്ക്കാക്കി എന്റെകൂടെ ദുബായിലേക്കു വരുന്ന കാര്യം ആലോചിക്കാന്‍പോലും പറ്റുന്നില്ല എന്നുപറഞ്ഞ് അവള്‍ മുന്‍കൂര്‍ജാമ്യമെടുത്തിരുന്നു. ഞാനതിന് മറിച്ചൊന്നും പറഞ്ഞുമില്ല. കാരണം, സ്ഥലകാലബോധമില്ലാത്ത അമ്മായിയമ്മയേയും ഈ മിസ് യൂണിവേഴ്‌സിനേയുംകൊണ്ട് അങ്ങോട്ടു പോകുന്നതിലും ഭേദം, ദുബായിലെ ഏതെങ്കിലും പൊക്കമുള്ള കെട്ടിടത്തിന്റെ മുകളില്‍നിന്നു കൈയുംവിട്ട് ഒറ്റച്ചാട്ടം ചാടുന്നതാണ്!
ഇനി, അമ്മയുടെ രോഗം പാരമ്പര്യമായി മകളിലേക്കു സംക്രമിക്കുന്നതിന്റെ തുടക്കമാണോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. എന്തു പറയാനാണ്, ഇവളുടെ ആനച്ചന്തം കണ്ട് എനിക്കും ഉള്‍പ്പുളകമുണ്ടായിപ്പോയി! വിനാശകാലേ വിപരീതബുദ്ധി!
‘‘അയാളുടെ ബാക്ക്പായ്ക്കില്‍ തോക്കുണ്ട്. എപ്പോഴാ വെടി പൊട്ടുന്നതെന്നറിയില്ല. ഒന്നു സൂക്ഷിച്ചാല്‍ എനിക്കും അമ്മയ്ക്കും ജീവനോടെയിരിക്കാം. മനു ദുബായ്ക്കു പോയാല്‍പ്പിന്നെ ഞങ്ങള്‍ തനിച്ചാണെന്നോര്‍ക്കണം’’ എന്നു മാത്രമാണ് അയാളെ പരാമര്‍ശിച്ച് ഒരു രാത്രിയില്‍ അവളെന്റെ ചെവിയില്‍ മന്ത്രിച്ചത്. അതിനിപ്പോള്‍ തോക്കെന്തിനാണ്? അയാളുടെ മസില്‍ക്കൈകൊണ്ട് കഴുത്തിനൊന്നു ഞെക്കിയാല്‍ തീരാവുന്ന കേസല്ലേയുള്ളു!
എന്തായാലും അപ്പോഴാണ് എനിക്കു കാര്യങ്ങള്‍ക്കൊക്കെ ഏതാണ്ടു വ്യക്തത വന്നത്. എന്തിനാണവള്‍ അങ്ങനെപറഞ്ഞ് എന്നെ പേടിപ്പിച്ചത്? ഞാനെന്തെങ്കിലും പറഞ്ഞാല്‍ അവള്‍ കേട്ട ഭാവം നടിക്കുന്നുമില്ല.
എന്തിനാണ് ആ ഫയല്‍വാന്‍ എന്നോട് എന്റെ മുറിയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആക്രോശിച്ചത്? രാജി അമ്മയുടെ മുറിയിലും അയാള്‍ സ്വീകരണമുറിയിലുമാണു കിടക്കുന്നതെങ്കിലും പാതിരാത്രിയില്‍പ്പോലും മുറിക്കകത്തുനിന്നു കേള്‍ക്കുന്ന അപശബ്ദങ്ങളും അടക്കിപ്പിടിച്ച സംസാരങ്ങളും എന്റെ സമനില തെറ്റിച്ചിരുന്നു. ഞാനേതോ അന്ധകാരവൃത്തത്തില്‍ക്കിടന്നു വട്ടം കറങ്ങുകയായിരുന്നു. പകല്‍വെളിച്ചത്തില്‍പ്പോലും എവിടെയൊക്കെയോ പതിയിരിക്കുന്ന കൂരിരുട്ട് എന്നെ പൊതിയുന്നതുപോലെ. അതുകൊണ്ടാണ് വീട്ടിലൊരു ഭീകരാന്തരീക്ഷം സൃഷ്ടിച്ച അപരിചിതനെ കൊല്ലണമെന്നുള്ള തീരുമാനത്തിലെത്തിയത്. അപ്പോഴും, ഒരുറുമ്പിനെപ്പോലും ഉപദ്രവിച്ചിട്ടില്ലാത്ത ഞാനെങ്ങനെ ആജാനുബാഹുവായ ഒരു ഗുസ്തിക്കാരനെ കൊല്ലുമെന്ന് എനിക്കു രൂപമില്ലായിരുന്നു. അതൊന്നും നടക്കുന്ന കാര്യമല്ലെന്ന് എനിക്കറിയാമായിരുന്നു. അതിനുള്ള ആരോഗ്യമോ ധൈര്യമോ എനിക്കില്ലെന്ന് അവള്‍ക്കുമറിയാമായിരുന്നു.
അങ്ങനെയുള്ള പല വികലചിന്തകളുമായി, വല്ലാത്തൊരു മാനസികസംഘര്‍ഷത്തിലായിരുന്നു ഞാനവിടെക്കഴിഞ്ഞത്. എനിക്കപ്പോള്‍ അയാളെന്നെ കൊല്ലുമെന്നുതന്നെയാണു തോന്നിയത്. അത് അവളുംകൂടി അറിഞ്ഞുകൊണ്ടായിരിക്കുമെന്ന് എനിക്കുറപ്പായിരുന്നു.
എനിക്കറിയാം, ഇതറിയുന്ന മനഃശാസ്ത്രജ്ഞര്‍ പല പ്രതിവിധികളും നിര്‍ദ്ദേശിക്കുമെന്ന്. അതൊക്കെ അനുഭവിക്കാത്തവര്‍ക്കും കേള്‍വിക്കാര്‍ക്കും പറയാം. അവളെ ഒരിക്കലേ കണ്ടിട്ടുള്ളെങ്കിലും മനഃശാസ്ത്രജ്ഞനായ ഡോക്ടര്‍ റാം മോഹനെ എനിക്കു പൂര്‍ണവിശ്വാസമാണ്. താങ്കള്‍ക്കു മാത്രമേ എന്നെ സഹായിക്കാന്‍ സാധിക്കൂ എന്നെനിക്കുറപ്പുണ്ട്. ഈ ദുരവസ്ഥയില്‍ ആ വീട്ടില്‍ കിടന്നുറങ്ങാന്‍പോലും ഞാന്‍ ഭയപ്പെടുന്നതിന്റെ കാരണം ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ. അയാളും അവളുംകൂടി എന്നെ ശ്വാസംമുട്ടിച്ചു കൊന്ന്, കുഴിച്ചുമൂടുന്നതായുള്ള സ്വപ്നങ്ങളായിരുന്നു ഞാന്‍ ദിവസേന കണ്ടുകൊണ്ടിരുന്നത്. ഇപ്പോള്‍ ഞാന്‍ പുറത്തേക്കിറങ്ങിയതുകൊണ്ട്, അയാളവളെ പീഡിപ്പിച്ചുകൊല്ലുമെന്ന ഭീതിയാണ് എന്നെ അലട്ടുന്നത്. എന്നെയുള്‍പ്പെടെ ലോകത്തില്‍ ഒരാണിനെയും ഉറക്കത്തില്‍പ്പോലും വിശ്വാസമില്ല എന്നവള്‍ വഴക്കുണ്ടാക്കുമ്പോഴൊക്കെ എത്രവട്ടം പറഞ്ഞിരിക്കുന്നു! എന്നിട്ടും അവളെന്തിനാണ് അയാളോടിത്ര മമത കാണിക്കുന്നത്? എന്റെ സെല്‍ഫോണ്‍പോലും അയാള്‍ ബലമായി എടുത്തുകൊണ്ടുപോയി. അവള്‍ പോലീസിനെ വിളിക്കാന്‍ ഭയപ്പെടുന്നതെന്തിനാണ്? ഇങ്ങനെ ഉത്തരംകിട്ടാത്ത ഒരുപാടു ചോദ്യങ്ങളാണ് എന്നെ അലോസരപ്പെടുത്തുന്നത്.
എനിക്കു തരുന്ന ഭക്ഷണത്തില്‍ അയാളും അവളുംകൂടി വഷം കലര്‍ത്തിയിട്ടുണ്ടോ എന്നുപോലും ഞാന്‍ സംശയിച്ചിരുന്നു. എങ്ങനെയെങ്കിലും അവിടെനിന്നു രക്ഷപ്പെടാനുള്ള ഒരു പഴുതു നോക്കിയിരിക്കുമ്പോഴാണ്, ഒരു ദിവസം എന്നൊട് ഒരു സ്ഥലംവരെ പോകണമെന്ന് അവള്‍ പറഞ്ഞത്. ആദ്യം ഞാനെതിര്‍ത്തെങ്കിലും അവള്‍ വിട്ടില്ല. അവസാനം അവളുടെ ഇംഗിതത്തിനു വഴങ്ങിക്കൊടുക്കേണ്ടിവന്നു. അവള്‍തന്നെയാണ് എന്റെ കാര്‍ ഡ്രൈവ് ചെയ്തത്. സാധാരണ അങ്ങനെയൊരു പതിവില്ല. ഇപ്പോള്‍ എല്ലാം മാറിമറിഞ്ഞു. എല്ലാറ്റിനും കാരണക്കാരന്‍ ആ അതിഥിതന്നെ.
എല്ലാ കാര്യങ്ങള്‍ക്കും പരസഹായം ആവശ്യമുള്ള അവളുടെ അമ്മയെ അയാളുടെയടുത്ത് ഒറ്റയ്ക്കാക്കിയിട്ട് എങ്ങോട്ടാണ് എന്നെയവള്‍ കൊണ്ടുപോകുന്നതെന്ന് ഒരൂഹവുമില്ലായിരുന്നു.
ഞാന്‍ കാറിലിരുന്ന് അലറിവിളിച്ചു. ആരും ഒന്നും കേള്‍ക്കുന്നില്ല. പലതവണ പോലീസിനെ അവളുടെ ഫോണില്‍നിന്നു വിളിച്ചെങ്കിലും അവര്‍ ചിരിച്ചുതള്ളി. എന്റെ ഒച്ചയും ബഹളവും കേട്ടിട്ടും അവള്‍ക്കൊരു കൂസലുമില്ല! എനിക്കു മുഴുഭ്രാന്താണെന്ന് എല്ലാവരേയും അവള്‍ പറഞ്ഞുവിശ്വസിപ്പിച്ചിരിക്കുകയാണെന്ന് എനിക്ക് അപ്പോഴാണു മനസ്സിലായത്. എല്ലാവര്‍ക്കും ഭ്രാന്തുപിടിച്ച ലോകം എന്നെ ബന്ധനസ്ഥനാക്കുന്നു! ഞാന്‍ കാറിലിരുന്ന ഒച്ചവച്ചു; ഉറക്കെ സംസാരിച്ചു. എനിക്ക് അപ്പോഴറിയണമായിരുന്നു, ഞാനാരാണെന്ന്. അവനാരാണ്? ഞങ്ങള്‍ രണ്ടുപേരുമോ ഞങ്ങളുടെ ബന്ധുക്കളോ അറിയാത്ത പുതിയൊരു ബന്ധു എവിടെനിന്നു വന്നു?
അവള്‍ ഒന്നും ശ്രദ്ധിക്കാതെ നാവിഗേഷന്‍ നോക്കി കാറോടിക്കുന്നതിന്റെ ശ്രദ്ധയിലാണ്. ഇടയ്ക്കു കാര്‍ വഴിയോരത്തു ചേര്‍ത്തുനിര്‍ത്തി, പുറത്തിറങ്ങി അവള്‍ ആര്‍ക്കൊക്കെയോ ഫോണ്‍ ചെയ്യുന്നുണ്ട്. അവനെയായിരിക്കണം. അവന്‍ വന്നതില്‍പ്പിന്നെ, മറ്റു കാമുകന്‍മാരോടുള്ള സംസാരങ്ങളും ഫോണ്‍വിളികളും കുറഞ്ഞിരുന്നു എന്നതു ഞാന്‍ ശ്രദ്ധിച്ചിരുന്നു.
തിരിച്ചു കാറിലേക്കു കയറുമ്പോള്‍ എന്നെ അതിരൂക്ഷമായി അവളൊന്നു നോക്കി. പിന്നെ, നഗരത്തിരക്കുകളിലൂടെ എവിടെയൊക്കെയോ കറങ്ങി വലിയൊരു കെട്ടിടത്തിനു മുമ്പില്‍ കാര്‍ നിര്‍ത്തി. അവളിറങ്ങിയിട്ട് എന്നോടിറങ്ങാനാജ്ഞാപിച്ചു. ഞാന്‍ ചാടിയിറങ്ങി ഒറ്റയോട്ടമായിരുന്നു! അങ്ങനെയാണ് ഒരുതരത്തില്‍ രക്ഷപ്പെട്ടത്. ഇനിയും ഞാന്‍ തിരിച്ചുപോയാല്‍ എന്നെ കൊലപ്പെടുത്താനുള്ള സാധ്യതയുണ്ടെന്ന തോന്നല്‍കൊണ്ടാണ് ഞാനോടിയത്; അതും പോലീസ് സ്റ്റേഷനിലേക്ക്. അവരാണ് എന്നെ ഈ അഭയകേന്ദ്രത്തിലെത്തിച്ചത്.
ഇവിടെ സുഖതാമസംതന്നെ. പക്ഷേ, ആരാണ് ഇതിന്റെയൊക്കെ ചെലവു വഹിക്കുന്നതെന്ന് എനിക്കറിയില്ല. ഒരു ഭ്രാന്തുമില്ലാത്ത ഞാന്‍ എന്തൊക്കെയോ മരുന്നുകള്‍ കഴിക്കുന്നുണ്ട്. ഇനി എനിക്കുകൂടി ഭ്രാന്തു പിടിക്കുന്നതിനുമുമ്പ് എന്നെ ഇവിടുന്നു രക്ഷപ്പെടുത്തൂ ഡോക്ടര്‍. ഇതൊരപേക്ഷയാണ്.
എന്ന്,
സ്‌നേഹപൂര്‍വ്വം
മനുരാജ്.
വായിച്ചയുടന്‍തന്നെ റാം മോഹനെ വിളിച്ചു.
‘ഹലോ റാം മോഹന്‍, ഇതു ജോസ് അലക്‌സാണ്. നീ അയച്ച കത്തു മുഴുവനും ഞാന്‍ വായിച്ചു. നീയിപ്പോള്‍ തിരക്കിലാണോ?’
‘അല്ല. ഞാന്‍ നിന്റെ കോള്‍ പ്രതീക്ഷിച്ചിരുന്നു. എത്ര വിശ്വസനീയമായിട്ടാണ് അയാള്‍ അനുഭവങ്ങളെഴുതിയിരിക്കുന്നത്?!’
‘അപ്പോള്‍ ഇതൊന്നും സത്യമല്ലെന്നാണോ നീ പറയുന്നത്?’
‘എല്ലാം കെട്ടിച്ചമച്ച കഥകള്‍പോലെയേ എനിക്കു തോന്നിയിട്ടുള്ളു. എന്തായാലും തൊട്ടടുത്ത പറമ്പിലെ പൊട്ടക്കിണറ്റില്‍ച്ചാടി അയാള്‍ ആത്മഹത്യ ചെയ്തു!’
‘അയ്യോ!’ എന്നു പറഞ്ഞതിനുശേഷം, പെട്ടെന്നുള്ള ഷോക്കില്‍ ഞാന്‍ നിശ്ശബ്ദനായി.
‘എന്റെ പഠനത്തില്‍ എനിക്കു മനസ്സിലായത് അയാളൊരു തീവ്രസംശയരോഗിയാണെന്നാണ്. മനുഷ്യന് ഏതംശവും കൂടിയാല്‍ അത് അപകടകരമാണ്. സ്‌നേഹവും വിദ്വേഷവും വിശ്വാസവും ആത്മവിശ്വാസവും ഭക്തിയും സംശയവുമെല്ലാം അതിലുള്‍പ്പെടും. അയാളുടെ സ്വാപകര്‍ഷബോധമാണ് അയാളെ സംശയരോഗിയാക്കിയത്. അയാളുടെ പൊക്കക്കുറവും അവളുടെ സൗന്ദര്യവുമാണ് അയാളെ അങ്ങനെയൊരപകടാവസ്ഥയിലെത്തിച്ചത്. എല്ലാറ്റിനുമുപരിയായി, ആ മിസ് യൂണിവേഴ്‌സ് എന്ന ഭാവവും അയാള്‍ക്കു സഹിക്കാന്‍ പറ്റുമായിരുന്നില്ല. വീട്ടില്‍ അല്‍ഷിമേഴ്‌സ് രോഗം ബാധിച്ച അമ്മയുണ്ടെന്നുള്ളതു നേരാണ്. പക്ഷേ അവര്‍ കിടപ്പിലൊന്നുമല്ല. അയാള്‍ പറയുന്ന അതിഥിയെപ്പറ്റിയുള്ള വിവരണം വെറും കെട്ടുകഥയാണെന്നാണ് അയാളുടെ ഭാര്യ രാജി ഒരിക്കല്‍ ക്ലിനിക്കില്‍ വന്നപ്പോള്‍ പറഞ്ഞത്. ഒരു ബന്ധു ഒരിക്കല്‍ വീട്ടില്‍ വന്നിരുന്നു. പക്ഷേ, അയാള്‍ അപ്പോള്‍ത്തന്നെ തിരിച്ചുപോയിരുന്നു എന്നു രാജി പറഞ്ഞതു മാത്രമാണു ഞാന്‍ വിശ്വസിച്ചത്. മറ്റു തെളിവുകളൊന്നും എന്റെപക്കലില്ല.
അമ്മയ്ക്ക് സ്വന്തം മകളെപ്പോലും തിരിച്ചറിയില്ല. വിളിക്കുമ്പോള്‍ പേരുകള്‍പോലും മാറിപ്പോകും. ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുകയും ആരും കാണാത്തതൊക്കെ കാണുകയും ചെയ്യുന്ന അവസ്ഥ. ഹാലൂസിനേഷന്‍ എന്നാണ് സൈക്യാട്രിയില്‍ ഈയവസ്ഥയ്ക്കു പറയുന്നത്.
സംശയരോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ മറ്റൊരാളുടെ സാന്നിധ്യമുണ്ടെന്നും മറ്റുമുള്ള തോന്നലുകളുണ്ടാകാം. അയാള്‍ ഒരു ദിവസംപോലും വീട്ടില്‍ താമസിച്ചിട്ടില്ലെന്നാണു രാജി തറപ്പിച്ചു പറഞ്ഞത്. രാജി മനുരാജുമായി ഒരിക്കല്‍ എന്റെ ഓഫീസില്‍വന്ന് എന്നോടു കണ്‍സള്‍ട്ട് ചെയ്തിരുന്ന കാര്യം കത്തില്‍ത്തന്നെ പറയുന്നുണ്ടല്ലോ. അതിനുശേഷം എന്റെ നിര്‍ദ്ദേശപ്രകാരമാണ് മനുവിനെ ആ മാനസികരോഗാശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. എന്തായാലും എന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകളഞ്ഞു, ഈ മനുവും ഭാര്യ രാജിയും.'
‘ഒരുപക്ഷേ അവള്‍ക്ക് അങ്ങനെയൊരു കാമുകനുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കോളേജില്‍ കൂടെപ്പഠിച്ചിരുന്നതാണെന്നു പറയുന്നുണ്ടല്ലോ.’
ഞാന്‍ സംശയം പ്രകടിപ്പിച്ച.
‘നീ പറഞ്ഞതിലും കാര്യമുണ്ട്. കാമുകനുവേണ്ടി ഭര്‍ത്താവിനെയും കുഞ്ഞിനെയുംവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പല കേസുകളും ഉണ്ടായിട്ടുണ്ട്. രാജിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നറിയില്ല. എല്ലാം ശാന്തമാകുമ്പോള്‍ ഒരു കൗണ്‍സിലിംഗിനു വരാന്‍ പറഞ്ഞിട്ടുണ്ട്.’
‘അവളൊരു മിസ് യൂണിവേഴ്‌സാണെന്നറിയാമല്ലോ. സംസാരിക്കുമ്പോള്‍ വികാരം കൂടാതെനോക്കണം. ഏതു വികാരവും കൂടിയാല്‍ അപകടമാണെന്നറിയാമല്ലോ!’
‘ഒന്നു പോടാ! നിനക്കൊക്കെ എന്തു പറഞ്ഞാലും ഒരേയൊരു വികാരം മാത്രമേയുള്ളു!’
അപ്പോഴേക്കും മറ്റൊരു കോളുണ്ടെന്നുപറഞ്ഞ് റാം മോഹന്‍ എന്റെ കോള്‍ കട്ട് ചെയ്തു. ആരുടെ കോളാണെന്ന് അവന്‍ പറഞ്ഞില്ല. എന്നാല്‍ അതു രാജിയുടെ കോളായിരുന്നു!
Content Summary: Aditi Vanna Divasam malayalam short story written by Thampy Antony