ADVERTISEMENT

77 വർഷത്തിനു ശേഷം കണ്ടെത്തിയ ഒറ്റുകാരന് ആയുസ്സ് രണ്ടു മാസം മാത്രം. ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചനകളിലൊന്നിന്റെ മറ നീക്കിയ സത്യം ഇനിയും ഇരുളിൽ തന്നെ തുടരും. ചില സത്യങ്ങൾ പുറത്തു വരരുത് എന്നതായിരിക്കും കാലത്തിന്റെ നീതി എന്നാശ്വസിക്കാനേ ഇനി നിവൃത്തിയുള്ളൂ. 

രണ്ടാം ലോക യുദ്ധത്തിനു കാരണമായ നാത്സി ഭീകരത ഡയറിക്കുറിപ്പുകളിലൂടെ ലോകത്തെ അറിയിച്ച ആൻ ഫ്രാങ്കിനെ ഒറ്റിക്കൊടുത്തത് എന്ന് ആരോപിക്കപ്പെട്ട ഒറ്റുകാരനാണ് രണ്ടു മാസത്തിനു ശേഷം സംശയത്തിന്റെ ആനുകൂല്യം ലഭിച്ചിരിക്കുന്നത്. ജൂതനായ ആർനൾഡ് വാൻ ഡെൻ ബെർഗിന്. കംപ്യൂട്ടർ അൽഗൊരിതങ്ങളും മറ്റും ഉപയോഗിച്ച് ആധുനിക സാങ്കേതികവിദ്യയിലൂടെ ഒറ്റുകാരനെ പുറത്തുകൊണ്ടുവന്ന പുസ്തകം പിൻവലിക്കുകയാണ് പ്രസാധകരായ ആംബോ ആന്തോസ്. ദ് ബിട്രെയൽ ഓഫ് ആൻ ഫ്രാങ്ക് എന്ന പുസ്തകം. മുൻ എഫ്ബിഐ ഏജന്റ് വിൻസ് പാൻകോക്കും ചരിത്രകാരന്മാരും ഉൾപ്പെടുന്ന സംഘം കണ്ടെത്തിയ സത്യത്തിൽ ഒരുപറ്റം ചരിത്രകാരൻമാർ സംശയം ഉന്നയിച്ചതോടെയാണ് പൂർണമായും ശരിയെന്ന് ഉറപ്പില്ലാത്ത സത്യവുമായി പുറത്തുവന്ന പുസ്തകം പ്രസാധകർ പിൻവലിക്കുന്നത്. ആർനൾഡ് വാൻ ഡെൻ ബെർഗ് ആണോ മറ്റാരെങ്കിലുമാണോ ആൻ ഫ്രാങ്കിനെയും കുടുംബത്തെയും വഞ്ചിച്ചതെന്ന സത്യം ഇനിയും ദൂരൂഹതയായിത്തന്നെ തുടരുമെന്നു മാത്രം. 

 

കാനഡയിൽ നിന്നുള്ള എഴുത്തുകാരി റോസ്മേരി സുള്ളിവൻ ആണ് ആൻ ഫ്രാങ്കിനെ ചതിച്ച വ്യക്തിയെ വെളിച്ചത്തുകൊണ്ടുവന്ന പുസ്തകം രചിച്ചത്. കടകളിലുള്ള പുസ്തകങ്ങൾ തിരിച്ചെത്തിക്കണം എന്നഭ്യർഥിച്ച പ്രസാധകർ പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ മാപ്പ് പറയുകയും ചെയ്തു. 

 

1945 ഫെബ്രുവരിയിൽ പതിനഞ്ചാം വയസ്സിലാണ് ആൻ ഫ്രാങ്ക് നാത്‌സികളുടെ പിടിയിലാകുന്നത്. മൂന്നു വർഷത്തെ ഒളിവു ജീവിതത്തിനൊടുവിൽ. നാത്സി നയങ്ങൾ നടപ്പിലാക്കുകയായിരുന്നു ആംസ്റ്റർഡാമിലെ ജൂത കൗൺസിൽ അംഗമായിരുന്ന വാൻ ഡെൻ ബെർഗിന്റെ ചുമതല. എന്നാൽ കൗൺസിൽ പിരിച്ചുവിട്ട് അംഗങ്ങളെ കോൺസൻട്രേഷൻ ക്യാംപുകളിലേക്ക് അയച്ചെങ്കിലും വാൻ ഡെൻ ബെർഗിന് ഇളവു ലഭിച്ചു. ഇതിനു പകരമായി അദ്ദേഹം ജൂതരെ ഒറ്റുകൊടുത്തു എന്നായിരുന്നു കണ്ടെത്തൽ. കൂട്ടത്തിൽ ആനിനെക്കുറിച്ചുള്ള വിവരവും നാത്സി രഹസ്യപ്പൊലീസിനെ അദ്ദേഹം അറിയിച്ചെന്നും ഏഴു പതിറ്റാണ്ടിനുശേഷം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

 

വാൻ ഡെൻ ബെർഗാണു വിവരം നൽകിയതെന്നു പറയുന്ന അജ്ഞാത കത്ത് ആനിന്റെ പിതാവ് ഓട്ടോ ഫ്രാങ്കിനു ലഭിച്ചിരുന്നതായി മുൻപ് മറ്റൊരു അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇത് പൂർണമായും ശരിയാണെന്നാണ് പുതിയ സംഘവും കണ്ടെത്തിയതും കണ്ടെത്തൽ ഉൾപ്പെടുത്തി റോസ്മേരി സുള്ളിവൻ പുസ്തകം രചിച്ചതും. 1950 ൽ മരിച്ച വാൻ ഡെൻ ബെർഗിനെ സംശയത്തിന് അതീതനായി കുറ്റക്കാരനായി കാണുന്ന കണ്ടെത്തലിന് എതിരെ ചരിത്രകാരൻമാർ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. 

 

സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ വേണ്ടിയാണ് വാൻ ഡെർ ബെർഗ് ആൻ ഫ്രാങ്കിനെയും കുടുംബത്തെയും ഒറ്റക്കൊടുത്തതെന്ന വാദം ഉയർന്നിരുന്നു. എന്നാൽ പുസ്തകം പുറത്തുവന്നയുടൻ യൂറോപ്പിലെ ജൂത സമൂഹങ്ങൾ ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നു. ആൻ ഫ്രാങ്കിന്റെ ഓർമയെ കളങ്കപ്പെടുത്തുന്നതാണ് പുസ്തകം എന്നും നാത്സി ഭീകരതയെ അതിജീവിച്ചവരെ അപമാനിക്കാനാണ് ശ്രമിച്ചതെന്നും അവർ കുറ്റപ്പെടുത്തി. പുസ്തകം ഇംഗ്ലിഷിൽ പുറത്തിറക്കിയ ഹാർപർ കോളിൻസ് കമ്പനിയെയും പ്രതിഷേധം അറിയിച്ചു. വാൻഡെർ ബെർഗിന്റെ കൊച്ചുമകൾ മാർജാം ഡി ഗോർട്ടർ കണ്ണീരിൽ കുതിർന്ന പ്രസ്താവനയും പുറപ്പെടുവിച്ചു. 

 

എന്റെ മുത്തച്ഛനെ ലോകം മുഴുവൻ വെറുക്കുന്നു. അദ്ദേഹത്തെ നിങ്ങൾ ബലിയാടാക്കിയിരിക്കുന്നു. ഇനി ഞാൻ എങ്ങനെ ജീവിക്കും: മിർജാം ചോദിച്ചു. കോൾഡ് കേസ് ടീം എന്നറിയപ്പെട്ട അന്വേഷണം സംഘം ശാസ്ത്രീയമായി അന്വേഷിച്ചു എന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാൽ ബിൽഡിങ് ബ്ലോക്ക് നിരത്തി കുട്ടികൾ വീട് ഉണ്ടാക്കുന്നതുപോലെ സംഭവ പരമ്പരകളെ പുനരാവിഷ്കരിച്ച് സത്യം കണ്ടെത്താൻ ശ്രമിച്ചതോടെ പല പ്രധാന വിവരങ്ങളും വിട്ടുപോയതായി ചരിത്രകാരൻമാർ ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ സത്യമാണെന്ന് അവതരിപ്പിച്ച പുസ്തകം ചരിത്രത്തോട് നീതി പുലർത്തുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. 

 

ശക്തമായ ആരോപണം ഉന്നയിക്കുമ്പോൾ വസ്തുതകളുടെ പിൻബലം വേണം. എന്നാൽ, സംശയങ്ങളും ഊഹാപോഹങ്ങളും മാത്രമാണ് പുതിയ സംഘം ആശ്രയിക്കുന്നത്. 

 

1942 മുതലുള്ള രണ്ടു വർഷക്കാലത്തെ ഒളിവു ജീവിതം ആൻ ഫ്രാങ്കിന്റെ ഡയറിയിലുണ്ട്. ഒളിവുകാലത്തെ അവസാന ദിവസമായ 1944 ഓഗസ്റ്റ് 1 വരെയുള്ള കാലം. അക്കാലത്ത് ആൻ ഒളിച്ചിരുന്ന വീട് ഇപ്പോൾ മ്യൂസിയമാണ്; ആൻ ഫ്രാങ്ക് ഹൗസ് മ്യൂസിയം എന്ന പേരിൽ. പുതിയ വിവാദത്തെക്കുറിച്ച് മ്യൂസിയം അധികൃതർ വ്യക്തമായി ഒന്നും പറയുന്നില്ല. ശക്തമായ തെളിവുകൾ വരട്ടെ എന്നു മാത്രം പറയുന്നു. ഒറ്റുകാരനുണ്ടെങ്കിൽ അത് സംശയാതീതമായി തെളിയിക്കേണ്ടിയിരിക്കുന്നു. അതിന് ഇപ്പോഴുള്ള തെളിവുകൾ പോരാ. സ്വർണപാത്രം കൊണ്ടു മൂടിയാലും സത്യം ജ്വലിക്കുകതന്നെ ചെയ്യും. ചാരത്തിൽ നിന്ന് കനൽ പോലെ സത്യം പുറത്തുവരട്ടെ. അന്വേഷണം നടക്കട്ടെ. ഇരകൾക്കും രക്തസാക്ഷികൾക്കും നീതി ലഭിക്കട്ടെ. 

 

Content Summary: Anne Frank betrayal book pulled after findings discredited

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com