20 വർഷമായി ട്രെയിനിൽ പുസ്തക വിൽപന; എഴുത്തുകാരുടെ സ്വന്തം റഫീഖ്
Mail This Article
വായനാദിനത്തിൽ ട്രെയിനിൽ പുസ്തകങ്ങൾ വിൽക്കുന്ന തിരക്കിലാണ് കേച്ചേരി സ്വദേശി റഫീക്ക്. ട്രെയിനിലെ പുസ്തക വിൽപന തുടങ്ങിയിട്ട് 2 പതിറ്റാണ്ടായി. വർഷങ്ങളായി ഈ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്.
സാഹിത്യകാരന്മാരും സിനിമാ നടന്മാരും ട്രെയിൻ യാത്രയ്ക്കിടെ വായനാനുഭവങ്ങൾ റഫീക്കുമായി പങ്കുവയ്ക്കാറുണ്ട്. നല്ല പുസ്തകങ്ങൾ ചോദിച്ച് വാങ്ങിയാണ് പലരും യാത്ര പറയാറുള്ളതെന്ന് റഫീക്ക് പറയുന്നു.
കഥാകൃത്ത് സേതു, ജോയ് മാത്യു, യു.കെ.കുമാരൻ, എസ്.ശാരദക്കുട്ടി എന്നിവരുടെ സുഹൃത്താണ് റഫീക്ക്. വർഷങ്ങൾക്ക് ശേഷം റഫീക്കിനെ ട്രെയിനിൽ കണ്ടുമുട്ടിയ ജോയ് മാത്യു തന്റെ ഫെയ്സ് ബുക്കിൽ റഫീക്കിനെ കുറിച്ച് പങ്കുവച്ചിരുന്നു. എഴുത്തുകാരൻ സേതുവും വർഷങ്ങൾക്ക് മുൻപ് ഫെയ്സ് ബുക് കുറിപ്പിട്ടിരുന്നു. തൃശൂരിൽ നിന്ന് കോഴിക്കോട്, ആലുവ ഭാഗങ്ങളിലേക്കാണ് ട്രെയിനിൽ യാത്ര ചെയ്യാൻ കൂടുതലും റഫീക്ക് തിരഞ്ഞെടുക്കാറുള്ളത്. ഭാര്യ നൂർജഹാനും മൂന്നു മക്കൾക്കുമൊപ്പം കേച്ചേരിയിലാണു താമസം.
റഫീക്കിന്റെ പുസ്തക വിൽപന മലയാള സാഹിത്യത്തിലും ഇടം പിടിച്ചിട്ടുണ്ട്. യു.കെ.കുമാരന്റെ ‘കാണുന്നതല്ല കാഴ്ചകൾ’ എന്ന നോവലിലെ പുസ്തക വിൽപനക്കാരൻ റഫീക്കിന്റെ ജീവിതം കണ്ടാണ് പകർത്തിയിട്ടുള്ളതെന്ന് പറയുന്നു. എം.മുകുന്ദന്റെ ‘പേന കണ്ണ്’ എന്ന ലേഖനത്തിലും പുസ്തക വിൽപന ഇടം നേടിയിട്ടുണ്ട്.