ADVERTISEMENT

ദ് ക്ലിഫ് ഹാങ്ങേഴ്സ്’ എന്ന നോവൽ വർക്കലയിലെ നാലു ചെറുപ്പക്കാരുടെ ജീവിതമാണ്. തീരനാടിന്റെ വേവും മണൽച്ചൂടുമുള്ള എഴുത്ത്. നോവലിസ്റ്റ് സബിൻ ഇക്ബാൽ അതേ നാട്ടുകാരൻ. പഠിച്ചത് സാധാരണ പള്ളിക്കൂടത്തിൽ. പക്ഷേ, അസാധാരണനായൊരു മലയാളിയുടെ പേരു കേട്ടാൽ സബിനെ കൂറേക്കൂടി അടുത്തറിയാം. തിരുവിതാംകൂറിൽ സ്വാതന്ത്ര്യത്തിന്റെ തീവെയിലുരുകിയ നാളുകളിൽ സ്വദേശാഭിമാനി പത്രത്തിന് അച്ചുകൂടമൊരുക്കിയ വക്കം മൗലവിയെ. അദ്ദേഹത്തിന്റെ കൊച്ചുമകനാണ് സബിൻ. പത്രപ്രവർത്തകനായും സാഹിത്യോത്സവങ്ങളുടെ ക്യൂറേറ്ററായും മറ്റൊരു അക്ഷരലോകം കൂടിയുണ്ട് അദ്ദേഹത്തിന്. എഴുത്തിനെയും വായനയെയും കുറിച്ച് സബിൻ പറയുന്നു..

 

എഴുത്ത്: പുസ്തകങ്ങളുടെയും എഴുത്തിന്റെയും അന്തരീക്ഷം വീട്ടിലുണ്ടായിരുന്നു. ഇംഗ്ലിഷിൽ കവിതയെഴുതിയാണു തുടക്കം.

sabin-iqbal2
സബിൻ ഇക്ബാൽ

 

തുടക്കം: അരുന്ധതി റോയിയുടെ ‘ദ് ഗോഡ് ഓഫ് സ്മോൾ തിങ്സിന്’ ബുക്കർ പുരസ്കാരം കിട്ടിയ വാർത്തയാണ് എഴുത്തിലേക്കുള്ള വാതിൽ തുറന്നതെന്നു പറയാം. അയ്മനത്തേതു പോലെ എന്റെ ഗ്രാമത്തിൽ ഇരുന്നും ഒരു കഥ പറയാനുണ്ടെന്ന തോന്നൽ. 8 വയസ്സുകാരൻ ഫറൂക്കിന്റെ കഥയാണിത്. ‘ഫൈനലി ഫാദർ ഡൈയ്ഡ്’ എന്ന നോവൽ അങ്ങനെയാണ് എഴുതിത്തുടങ്ങിയത്. ഇപ്പോഴും തീർത്തിട്ടില്ല. വൈകാതെ അതിന് അവസാന വരിയെഴുതണം.

 

കൂട്ട്: ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരനായ അനീസ് സലിം എന്റെ കസിനാണ്. അനീസിന്റെ എഴുത്തും കൂട്ടും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. വി.എസ്.നായ്പോളിന്റെ പുസ്തകങ്ങൾ വായിക്കാൻ തന്നത് അനീസാണ്.

sabin-iqbal1
സബിൻ ഇക്ബാൽ

 

ന്യൂസ് റൂം: ‘ദി എമിറേറ്റ്സ്’ ന്യൂസിൽ ജോലി ചെയ്യുന്ന കാലത്താണ് ‘ലോകജീവിതം’ ഞാൻ പരിചയപ്പെടുന്നത്. പതർച്ചയില്ലാതെ ഇംഗ്ലിഷിൽ മിണ്ടിത്തുടങ്ങിയത് അവിടെ നിന്നാണ്. ‘ഗൾഫ് ടുഡേ’യിൽ ജോലി ചെയ്യുമ്പോൾ മലയാളിയായ എഡിറ്റർ പി.വി.വിവേകാനന്ദ് എന്റെ എഴുത്തിനു മുന കൂർപ്പിച്ചുതന്നു.

 

വായന: മാർക്കേസാണ് എന്റെ പാഠപുസ്തകം. ലൂയിസ് എർഡ്രിച്ചിന്റെ ‘ദ് പ്ലേഗ് ഓഫ് ഡവ്സ്’ എന്ന പുസ്തകമാണ് ഇപ്പോൾ വായനയിൽ. എംടിയുടെ ‘രണ്ടാമൂഴം’ വീണ്ടും വായിക്കുന്നു.

 

ദ് ക്ലിഫ് ഹാങ്ങേഴ്സ്: കേരളത്തിലെ ചെറു പട്ടണങ്ങളിലുള്ള പല യുവാക്കളുടെയും കഥയാണിത്. ഇതിന്റെ മലയാളം പരിഭാഷ ഉടൻ വരുന്നുണ്ട്. 2020ൽ ടാറ്റ ലിറ്റ് ലൈവ് തിരഞ്ഞെടുത്ത മികച്ച നവാഗത രചനകളിലൊന്നായി ദ് ക്ലിഫ് ഹാങ്ങേഴ്സ്. മലയാളത്തിൽ ഒരു നോവൽ മറ്റൊരു സ്വപ്നം. കോവിഡ് കാലത്ത് ‘ഷമാൽ ഡേയ്സ്’ എന്ന നോവൽ വന്നു. വിദേശത്തെ ഒരു ന്യൂസ് റൂമിലെ മലയാളി എഡിറ്ററുടെ ജീവിതമാണതിൽ.

 

സാഹിത്യോത്സവം: ശശി തരൂരുമായി ചേർന്ന് ‘ബുക്സ് ഓൺ ദ് ബീച്ച്’ എന്നൊരു സാഹിത്യോത്സവത്തിന് ഒരുങ്ങിയെങ്കിലും നടന്നില്ല. പക്ഷേ, എഴുത്തുത്സവങ്ങളിലേക്ക് അതെനിക്കു വഴിയൊരുക്കി. കേരളം അതിനു പാകമായ മണ്ണാണ്. ക്യുറേറ്റർ എന്ന നിലയിൽ അവരോടു തോളുരുമ്മി നിൽക്കുന്നത് അഭിമാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com