പൂക്കാലം പറയുന്നു, ഇതാ ഓണമെത്തി
Mail This Article
ഓണം മലയാളികളുടെ മതനിരപേക്ഷ മഹോത്സവമാണ്. അതൊരു ഭൂതകാല ഐതിഹ്യത്തെ ആധാരമാക്കിയാണു നാം ആഘോഷിക്കുന്നതെങ്കിലും എനിക്കെപ്പോഴും തോന്നിയിട്ടുള്ളതു ഭാവിയെക്കുറിച്ചുള്ള നമ്മുടെ സ്വപ്നത്തിന്റെ ആവിഷ്‌കാരവും ആഘോഷവുമാണ് അതെന്നാണ്. അതായത്, സമത്വസുന്ദരമായ, സത്യസന്ധമായ, നീതിപൂർവമായ ഒരു സമൂഹത്തെക്കുറിച്ചു നമുക്കുള്ള വലിയ സ്വപ്നത്തിന്റെ ഒരു കൊണ്ടാടലാണ് ഓണം.
നാം പൂക്കളമിട്ടു മഹാബലിയെ കാത്തിരിക്കുന്നു, വിരുന്നൊരുക്കി അദ്ദേഹത്തിന്റെ വരവ് ആഘോഷിക്കുന്നു. ഇതെല്ലാം ശരിയായിരിക്കെത്തന്നെ ഈ മഹാബലി നമ്മുടെയെല്ലാം പ്രതീക്ഷകളിലുള്ള ഒരു നവലോകത്തിന്റെ പ്രതിനിധിയാണ്. അസുര രാജാവാണു മഹാബലി. അങ്ങനെയുള്ള ഒരാളെയാണു നാം മനസ്സിൽ വലിയ സ്ഥാനം നൽകി ആദരിക്കുകയും അദ്ദേഹത്തിന്റെ വാർഷിക സന്ദർശനത്തിനായി കാത്തിരിക്കുകയും ചെയ്യുന്നത്. ഇതു പ്രതീകാത്മകമാണ്. നന്മയെക്കുറിച്ച്, നീതിയെക്കുറിച്ചുള്ള നമ്മുടെ സങ്കൽപത്തിന്റെ ഒരു ധ്വനി അതിലുണ്ട്. അങ്ങനെ നോക്കുമ്പോൾ ചവിട്ടിത്താഴ്ത്തപ്പെട്ട, പാർശ്വവത്ക്കരിക്കപ്പെട്ട മനുഷ്യരുടെ മുഴുവൻ പ്രതീകം കൂടിയാണു മഹാബലി.
എന്റെ ഗ്രാമത്തിലെ ഓണത്തെക്കുറിച്ചു നല്ല ഓർമകളെനിക്കുണ്ട്. സഹോദരനും സഹോദരിക്കുമൊപ്പം കഴുത്തിൽ പൂവട്ടി തൂക്കി കുന്നുകളിലും വയലുകളിലും അലഞ്ഞു നെല്ലിപ്പൂവും കൊങ്ങിണിപ്പൂവും ഒക്കെ ശേഖരിച്ച് അത്തം മുതൽ പല മാതൃകകളിലുള്ള പൂക്കളം നിർമിക്കുന്നതും ഓണക്കളികളും വലിയ ആഹ്ലാദമായിരുന്നു. ഇന്നു മിക്കവാറും നാമൊരു ഉപഭോക്തൃ സമൂഹമായി മാറിയിട്ടുണ്ട്. ‘നാം ഓണമുണ്ടാക്കുകയല്ല ചെയ്യുന്നത്, ഓണം വാങ്ങുകയാണ്’ എന്നു പറയാം. പാലട മുതൽ ശർക്കര ഉപ്പേരി വരെ വിഭവങ്ങളെല്ലാം വാങ്ങുകയാണ്. എനിക്ക്, മധുരമുള്ള ഒരോർമ ഓണത്തിനു വേണ്ടി ആളുകളെല്ലാം വീട്ടിൽ ഒത്തുകൂടി ഇതെല്ലാം ഉണ്ടാക്കുന്നതാണ്. അച്ഛനാണു ശർക്കര ഉപ്പേരിയും പായസവുമൊക്കെ ഉണ്ടാക്കിയിരുന്നത്. അമ്മയടക്കം ഞങ്ങളെല്ലാവരും ചെറിയ പങ്കു വഹിക്കും. കുടുംബത്തിന്റെ ഒത്തുകൂടലും അതു നൽകുന്ന വലിയൊരു ആഹ്ലാദവുമുണ്ട് അതിൽ.
ഒരുപക്ഷേ, ആ ആഹ്ലാദം നമ്മുടെ ഈ യാന്ത്രിക യുഗത്തിൽ നഷ്ടപ്പെടുകയോ കുറയുകയോ ചെയ്തിട്ടുണ്ടെന്നു തോന്നുന്നു. കുട്ടിക്കാലത്തിന്റെ ഓണ ഓർമയിലാണ് ഇന്നും ഞങ്ങൾ ഓണം ആഘോഷിക്കുന്നത്. ഭാവിയിൽ വരാൻ പോകുന്ന ഒരു ലോകത്തിന്റെ മഹാസ്വപ്നം എന്ന നിലയിൽകൂടി ഓണം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.
തയാറാക്കിയത്: ഡോ. എം.പി.പവിത്ര
English Summary : Ormapokkalam memoir by Sachidanandan