ADVERTISEMENT

2022ലെ ജെസിബി സാഹിത്യ പുരസ്കാര ജേതാവിനെ തീരുമാനിക്കാനുള്ള ലോങ് ലിസ്റ്റിൽ മൂന്നു മലയാളികൾ. ഷീല ടോമി എഴുതിയ ‘വല്ലി’ എന്ന നോവലിന്റെ ഇംഗ്ലിഷ് വിവർത്തനവും അനീസ് സലിം എഴുതിയ ഇംഗ്ലിഷ് നോവൽ ‘ദി ഓഡ് ബുക് ഓഫ് ബേബി നെയിംസു’മാണ് 10 പുസ്തകങ്ങളുള്ള ലോങ് ലിസ്റ്റിൽ ഉൾപ്പെട്ടത്. വല്ലി ഇംഗ്ലിഷിലേക്ക് മൊഴിമാറ്റിയ ജയശ്രീ കളത്തിലും മലയാളിയാണ്. പുരസ്കാരത്തിനായുള്ള ഷോർട് ലിസ്റ്റ് ഒക്ടോബറിൽ പ്രസിദ്ധീകരിക്കും. നവംബറിലാണു പുരസ്കാര പ്രഖ്യാപനം. വയനാടിന്റെ ചരിത്രവും വർത്തമാനവും ഭാവിയും ഉൾച്ചേർത്ത് മനുഷ്യന്റെയും പ്രകൃതിയുടെയും കഥ പറയുന്ന ‘വല്ലി’ ഷീല ടോമിയുടെ ആദ്യ നോവലാണ്. അനീസ് സലീമിന്റെ ആറാമത്തെ നോവലാണ് ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയവും ചരിത്രവും സംസ്കാരവുമെല്ലാം കടന്നുവരുന്ന ദി ഓഡ് ബുക് ഓഫ് ബേബി നെയിംസ്. 2018ൽ അദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. 

book1

 

book-2

ലോങ് ലിസ്റ്റിലെ 10 പുസ്തകങ്ങളിൽ ആറും വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്ന് ഇംഗ്ലിഷിലേക്കുള്ള വിവർത്തനങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. ഉറുദു (രണ്ട്), മലയാളം, ഹിന്ദി, ബംഗാളി എന്നീ ഭാഷകളിൽ നിന്നുള്ള വിവർത്തന പുസ്തകങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. 2020ൽ എസ്. ഹരീഷിന്റെ മീശയ്ക്ക് ജെസിബി പുരസ്കാരം നേടിക്കൊടുത്ത വിവർത്തക ജയശ്രീ കളത്തിലാണ് ‘വല്ലി’ മൊഴി മാറ്റിയിരിക്കുന്നത്. ജയശ്രീയൊടൊപ്പം ബംഗാളി എഴുത്തുകാരൻ മനോരഞ്ജൻ ബ്യാപാരിയും വിവർത്തകൻ അരുണവ സിൻഹയും രണ്ടാമത്തെ തവണയാണു പട്ടികയിൽ ഇടം നേടുന്നത്. മനോരഞ്ജന്റെ ഗൺ പൗഡർ ഇൻ ദി എയർ 2019ലെ ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. ക്രിംസൺ സ്പ്രിങ് (നവ്തേജ് സർണ), എസ്കേപിങ് ദ് ലാൻഡ് (മമങ് ദേയ്), ഇമാൻ (മനോരഞ്ജൻ ബ്യാപാരി), റൂസിൻ (റഹ്മാൻ അബ്ബാസ്), സോങ് ഓഫ് ദ് സോയിൽ (ചുഡേൻ കബീമോ), സ്പിരിറ്റ് നൈറ്റ്സ് (ഈസ്റ്ററിൻ കൈർ), ദ് പാരഡൈസ് ഓഫ് ഫുഡ് (ഖാലിദ് ജാവേദ്), ടൂം ഓഫ് സാൻഡ് (ഗീതാഞ്ജലി ശ്രീ), വല്ലി (ഷീല ടോമി), ദി ഓഡ് ബുക് ബേബി നെയിംസ് (അനീസ് സലിം) എന്നിവയാണ് ലോങ് ലിസ്റ്റിൽ ഉൾപ്പെട്ട 10 പുസ്തകങ്ങൾ. ഈ വർഷത്തെ ബുക്കർ ഇന്റർനാഷനൽ നേടിയ കൃതിയാണ് ഗീതാഞ്ജലി ശ്രീയുടെ ടൂം ഓഫ് സാൻഡ്. 

 

ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരമാണ് ജെസിബി പുരസ്കാരം. 25 ലക്ഷമാണു വിജയിക്കു ലഭിക്കുക. വിവർത്തനകൃതി ആണെങ്കിൽ വിവർത്തനം ചെയ്തയാൾക്ക് 10 ലക്ഷം രൂപയും ലഭിക്കും. ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഓരോ എഴുത്തുകാർക്കും ഓരോ ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും. വിവർത്തകർക്ക് 50,000 വീതവും. മാധ്യമപ്രവർത്തകനായ എ.എസ്. പനീർശെവൽവം, എഴുത്തുകാരായ അമിതാഭ് ബാഗ്ചി, ജാനിസ് പാരിയറ്റ്, ജെ. ദേവിക, രാഖി ബലറാം എന്നിവരാണ് ജെസിബി സാഹിത്യ പുരസ്കാര ജൂറി അംഗങ്ങൾ. 16 സംസ്ഥാനങ്ങളിലെ 8 ഭാഷകളിൽ നിന്നുള്ള പുസ്തകങ്ങൾ പരിശോധിച്ചാണ് ജൂറി ലോങ് ലിസ്റ്റിൽ ഉൾപ്പെട്ടെ 10 പുസ്തകങ്ങൾ തിരഞ്ഞെടുത്തത്. എം.മുകുന്ദന്റെ ദൽഹിഗാഥകളാണ് 2021ലെ ജെസിബി പുരസ്കാരം നേടിയത്. ഇ.വി. ഫാത്തിമയും കെ.നന്ദകുമാറും ചേർന്നാണു ദൽഹിഗാഥകൾ പരിഭാഷപ്പെടുത്തിയത്. എസ്. ഹരീഷിന്റെ ‘മീശ’ 2020ൽ സമ്മാനിതമായി. ജയശ്രീ കളത്തിലായിരുന്നു പരിഭാഷ. മാധുരി വിജയ് എഴുതിയ ആദ്യ നോവൽ ‘ദ് ഫാർ ഫീൽഡ്’ 2019ലെ പുരസ്കാരം നേടി. 2018ൽ ബെന്യാമിൻ എഴുതിയ നോവൽ ‘ജാസ്മിൻ ഡേയ്സ്’ (മുല്ലപ്പൂ നിറമുള്ള പകലുകൾ) ആണു പുരസ്കാരാർഹമായത്. ഷഹനാസ് ഹബീബ് ആയിരുന്നു പരിഭാഷപ്പെടുത്തിയത്.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com