ADVERTISEMENT

സെന്നിൽ നിന്ന് സൈക്കിളുരുണ്ടപ്പോൾ

 

കടുക് വറക്കാനുള്ളത്രയും കുറച്ച് പുസ്തകങ്ങൾ എഴുതിയിട്ടുള്ള എഴുത്തുകാരനാണ് റോബർട്ട് എം. പിർസിഗ്. കാലങ്ങളായി ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ തുടരുന്ന സെൻ ആൻഡ് ദി ആർട്ട് ഓഫ് മോട്ടോർസൈക്കിൾ മെയിന്റനൻസ് എന്ന ഗംഭീരപുസ്തകം കൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയ ആ എഴുത്തുകാരൻ അന്തരിക്കുന്നത് 2017ലാണ്. അദ്ദേഹത്തിന്റേതായി പുതിയൊരു പുസ്തകം പുറത്തു വന്നിരിക്കുന്നു. ഓൺ ക്വാളിറ്റി - ആൻ ഇൻക്വയറി ഇൻടു എക്സലൻസ്. പിർസിഗിന്റെ ഭാര്യ വെൻഡി കെ. പിർസിഗാണ് പുസ്തകം എഡിറ്റ് ചെയ്ത് പുറത്തിറക്കിയിരിക്കുന്നത്. റോബർട്ട് പിർസിഗിന്റെ പ്രഭാഷണങ്ങളിൽ നിന്നും വായനക്കാർക്കയച്ച കത്തുകളിൽ നിന്നും ചില ആന്തോളജികളിൽ അദ്ദേഹം കൊടുത്തിരുന്ന ലേഖനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ഭാഗങ്ങൾ ചേർത്താണ് ഈ പുസ്തകം ഒരുക്കിയിരിക്കുന്നത്. 

 

on-quality
ഓൺ ക്വാളിറ്റി - ആൻ ഇൻക്വയറി ഇൻടു എക്സലൻസ്.

ബൈക്ക് യാത്രയെയും വാഹനങ്ങളുടെ മെയിന്റനൻസിനെയും മനുഷ്യജീവിതവുമായി ബന്ധപ്പെടുത്തി വിശദീകരിക്കാനും വ്യാഖ്യാനിക്കാനും തൽപരനായിരുന്നു പിർസിഗ്. അതിന് അദ്ദേഹം പ്രധാനമായും കൂട്ടുപിടിച്ചിരുന്നത് ഇന്ത്യൻ തത്വശാസ്ത്ര പദ്ധതികളെയായിരുന്നു. താവോ ഓഫ് ഫിസിക്സിൽ ഫ്രിജോഫ് കാപ്രയും മറ്റും ചെയ്തതിൽനിന്ന് വ്യത്യസ്തമായ മട്ടിലാണ് ആത്മീയതയെ ഭൗതികയാഥാർത്ഥ്യങ്ങളുമായി ഇഴപിരിച്ചുചേർത്ത പിർസിഗ് പരിപ്രേക്ഷ്യം നിലകൊള്ളുന്നത്. യന്ത്രഭാഗങ്ങൾ ഉറപ്പിക്കുന്നതിനുള്ള സ്പാനറുകളും നട്ടുകളും ബോൾട്ടുകളുമൊക്കെ മനുഷ്യ ജീവിതത്തെയും ഉറപ്പിക്കാനുതകുന്ന ഉപകരണങ്ങളായി അദ്ദേഹത്തിന് കാണാൻ കഴിയുന്നു. ഈ പുസ്തകത്തിലെ പേജ് വിന്യാസത്തിന്റെ പ്രധാനഭാഗമാണ് ബൈക്കുകളുടെയും യന്ത്രഭാഗങ്ങളുടെയും സ്പാനറുകളുടെയുമൊക്കെ മുഴുപ്പേജ് ചിത്രങ്ങൾ.

 

ഭദ്രജീവിതത്തിന്റെ രൂപകങ്ങളായി നിത്യജീവിതചിഹ്നങ്ങൾ പരിവർത്തിപ്പിക്കാൻ സാധിക്കുന്നതെങ്ങനെ എന്ന് അന്വേഷിക്കുന്നവർക്കൊക്കെയും ഒഴിച്ചുകൂടാനാവാത്തതാണ് പിർസിഗിന്റെ എഴുത്തുകൾ. ജീവിതത്തിന്റെ മൂല്യത്തെയും നിലവാരത്തെയും സംബന്ധിക്കുന്ന ചിന്തകളാണ് ഈ പുസ്തകത്തിന്റെ കാതൽ. കാര്യങ്ങളെ വിശദമായി പഠിച്ചവതരിപ്പിക്കുന്ന സുദീർഘങ്ങളായ പ്രബന്ധങ്ങൾ അല്ലാത്തതുകൊണ്ടുതന്നെ ചിലയിടങ്ങളിൽ ഒരു സാധാരണ സെൽഫ്ഹെൽപ് പുസ്തകത്തിന്റെ ഉപരിപ്ലവത അനുഭവിപ്പിച്ചേക്കാം ഓൺ ക്വാളിറ്റി. പക്ഷേ, മികവിനായുള്ള തിരച്ചിലിലെ ആത്യന്തികലക്ഷ്യം  ബോധോദയമാണെന്ന സെൻ ബുദ്ധിസ്റ്റ് കാഴ്ചപ്പാട് പൈങ്കിളിവൽക്കരണത്തിൽ നിന്ന് ഈ പുസ്തകത്തെ പുറത്തുചാടിക്കുന്നു.

 

‘Quality is not a thing, it is an event.’

‘At the instant quality is observed observer and observed are not separate.’

 

ഇത്തരത്തിലുള്ള താത്വികബലമുള്ള സൂത്രവാക്യങ്ങളുടെ ഗുരുത്വത്തിൽ സ്വയംസഹായപുസ്തകങ്ങളുടെ സാധാരണത്വത്തെയും ലഘുത്വത്തെയും ഓൺ ക്വാളിറ്റി മറികടക്കുന്നു. ആലസ്യത്തിലും അനിശ്ചിതത്വത്തിലും പെട്ട് വലിയൊരു കാർമേഘകഷണം പോലെ ചിന്തകൾ കനംതൂങ്ങി നിൽക്കുമ്പോൾ മൂല്യാത്മകവും ക്രിയാത്മകവുമായ പ്രവർത്തനങ്ങളുടെ സന്തോഷത്തിലേക്ക് നയിക്കാനും ജീവിതനിലവാരമുയർത്താനും ‘ഓൺ ക്വാളിറ്റി’ നാളെകളിൽ എനിക്ക് തുണയാകുമെന്നു തന്നെയാണു ഞാൻ കരുതുന്നത്. ഒരു വ്യക്തി എന്ന നിലയിൽ എന്നെ സ്വാധീനിച്ചത് മാത്രമല്ല ഈ പുസ്തകത്തിന്റെ പ്രസക്തി എന്ന് സൂചിപ്പിക്കുന്നതിന് പുസ്തകത്തിലെ രണ്ടുമൂന്നു വാചകങ്ങൾ കൂടി ഉദ്ധരിക്കട്ടെ.

 

‘If you want to build a factory, or fix a motorcycle, or set a nation right without getting stuck, then classical, structured, dualistic subject-object knowledge, although necessary, isn't enough. You have to have some feeling for the quality of the work. You have to have a sense of what's good. That is what carries you forward’.

 

sen-book
Book: ZEN - The Art of Simple Living

 

സൈക്ലിക്കായി സെന്നിലേക്കെത്തിയപ്പോൾ

ജീവിതഭാരത്തെക്കുറിച്ചുള്ള പറച്ചിൽ അടുത്തിടെ വായിച്ച മറ്റൊരു പുസ്തകത്തിലേക്ക് ആലോചനകളെ വഴി നടത്തിക്കുന്നു. വലിഞ്ഞുമുറുകി നിൽക്കുന്ന ഒരു ജീവിതസന്ധിയിലാണ് എന്റെ അനിയത്തിയായ ചിത്തിര കുസുമന്റെ ‘തൃപ്പൂത്ത്’ എന്ന കവിതാസമാഹാരം വായിക്കുന്നത്. അതിൽ അവൾ എഴുതി.

 

‘ഭാരമുണ്ടായിരിക്കുമ്പോഴേ 

വീഴ്ചകൾ വേദനിപ്പിക്കുകയുള്ളു. 

ജീവിതം പറഞ്ഞു

പൂവായിരിക്ക്’.

 

പറഞ്ഞുവരുന്നതു ചിത്തിരയുടെ എഴുത്തിനെക്കുറിച്ചല്ല. അതിൽ തെളിഞ്ഞിരിക്കുന്ന സെൻ ബുദ്ധിസ്റ്റ് ജീവിതദർശനത്തെക്കുറിച്ചാണ്. എന്താണ് സെൻ ബുദ്ധിസ്റ്റ് കാഴ്ചപ്പാട് എന്ന് ചോദിച്ചാൽ താത്വികതയ്ക്കൊപ്പം പ്രായോഗികതയ്ക്കും പ്രാമുഖ്യമുള്ള സമീപനം എന്ന് ലളിതമായി പറയാം. നിത്യജീവിതവ്യാപാരങ്ങളെ ഒരിക്കലും അത് നിരസിക്കുന്നില്ല. മറിച്ച് മുഷിപ്പനെന്നു തോന്നിപ്പിക്കുന്ന ചെറിയ ചെറിയ ജീവിതവ്യവഹാരങ്ങളെയടക്കം മറ്റൊരു മട്ടിൽ കാണാനും ജീവിതസമീപനത്തെത്തന്നെ മാറ്റിമറിക്കാനും സഹായിക്കുന്നൊരു ശൈലിയാണ് സെൻ ബുദ്ധിസത്തിനുള്ളത്. ഞാൻ വിശദീകരിച്ച് വൃത്തികേടാക്കുന്നതിനേക്കാൾ നല്ലത് വായിച്ചൊരു പുസ്തകത്തിന്റെ പേര് നിർദ്ദേശിക്കുന്നതാകും. 

 

ഷുന്മിയോ മസുനോ എഴുതിയ ZEN - The Art of Simple Living എന്ന പുസ്തകമാണത്. സെൻ - ലളിതമായ ജീവിതത്തിന്റെ കല എന്ന തലക്കെട്ടിൽ റോഷ്നി ലൂയി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി മഞ്ജുൾ പ്രസിദ്ധീകരിച്ച പുസ്തകമാണ് ഞാൻ വായിച്ചത്. ചെറിയ നൂറ് അധ്യായങ്ങളിലായി ഗഹനമായ ജീവിതപാഠങ്ങളെ ലളിതമായും സരസമായും അതിലവതരിപ്പിക്കുന്നു ഷുന്മിയോ. ജപ്പാനിലെ 450 വർഷം പഴക്കമുള്ള ഒരു സെൻ ബുദ്ധക്ഷേത്രത്തിലെ പ്രധാന പുരോഹിതനാണ് ഷുന്മിയോ മസുനോ. ജപ്പാനിലെ പ്രമുഖ ആർട്ട് സ്കൂളുകളിലൊന്നിലെ പരിസ്ഥിതി രൂപകൽപ്പന പ്രഫസറും ധാരാളം അവാർഡുകൾ നേടിയ സെൻ ഗാർഡൻ ഡിസൈനറുമാണ് അദ്ദേഹം. ഹാർവാർഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ഡിസൈൻ, കോർണി യൂണിവേഴ്സിറ്റി, ബ്രൗൺ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ അദ്ദേഹം ധാരാളം പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഒരു പൂന്തോട്ടം ഒരുക്കുന്നതു പോലെ ഭംഗിയായി ജീവിതത്തെ ഒരുക്കാനുള്ള പ്രായോഗിക പാഠങ്ങളാണ് സെൻ - ലളിതമായ ജീവിതത്തിന്റെ കല എന്ന പുസ്തകത്തിലുള്ളത്.

 

എല്ലാ അധ്യായങ്ങളിലും അതിന് യോജിച്ച ലളിതമായ സ്കെച്ചുകൾ കൂടി ഈ പുസ്തകത്തിൽ നമുക്ക് കാണാൻ കഴിയും. രണ്ടുപേജിൽ കവിയുന്ന ഒരധ്യായവും ഇല്ല തന്നെ. ഇടതുവശത്തെ പേജിൽ തലക്കെട്ടും ചിത്രവും പ്രധാനപ്പെട്ട ഒരു വാചകവും വലതുവശത്തെ പേജിൽ ഇത്തിരി കൂടി വിശദീകരിച്ച ജീവിതപാഠവും എന്നതാണ് അനുവർത്തിച്ചിരിക്കുന്ന ക്രമം. സെൻ ഗാർഡൻ ഡിസൈനറായ ഷുന്മിയോ മനുഷ്യജീവിതത്തെ മനോഹരമായി ഡിസൈൻ ചെയ്യാനുദ്ദേശിച്ചു പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ രൂപകൽപ്പനയെക്കുറിച്ചും എടുത്തു പറയേണ്ടതുണ്ട്. മനോഹരമായ ഹാർഡ്ബൗണ്ട് കവറും വ്യത്യസ്തമായ ആകൃതിയും ഓരോ അംശത്തിലും പ്രത്യേകതയുള്ള ഇതിന്റെ നിർമ്മിതി മറ്റു മലയാള പുസ്തകങ്ങളുടെ പ്രസാധനത്തിൽ മാതൃകയാക്കാവുന്നതാണ്. 

 

ഡിസൈൻ എന്ന സാധാരണമായ വാക്കിന് അസാധാരണമായ മൂല്യവും മാനവും ജീവിതത്തിൽ കൊടുക്കുന്ന ഒരാളാണ് ഞാൻ. നമ്മുടെ ജീവിതത്തിന്റെ നിലവാരവും സൗന്ദര്യവും പ്രസക്തിയും നിർണയിക്കുന്നത് അതിന്റെ രൂപകൽപ്പന തന്നെയാണ്. ഡിസൈൻ എന്ന പദത്തിന്റെ പൂർണമായ പൊരുളിനെ തെളിച്ചെടുക്കുന്നതിന് സാധാരണ കണ്ടുപോരുന്ന അർത്ഥസന്ദർഭങ്ങളിൽ നിന്ന്  അടർത്തിമാറ്റേണ്ടതുണ്ട് അതിനെ. രൂപവും കൽപ്പനയും സവിശേഷമായ അനുപാതങ്ങളിൽ സംയോജിക്കുമ്പോൾ ഉണ്ടാവുന്ന സൗന്ദര്യത്തിന്റെ പാറ്റേണുകൾ ജീവിതം എന്ന കലയെ മാറ്റിമറിക്കുന്നതിൽ നിർണായകമാണ്.

 

ഉള്ളടക്കത്തിൽ മാത്രമല്ല, പുറമേക്ക് കാണാവുന്ന വിധത്തിലുള്ള ലേഔട്ടിലും ഡിസൈനിലും വേറിട്ട് നിൽക്കുന്ന ഓൺ ക്വാളിറ്റി, സെൻ എന്നീ പുസ്തകങ്ങൾ അടുത്തിടെയുള്ള വായനയിൽ നിന്ന് എടുത്തുപറയുന്നത് എന്തുകൊണ്ടാണെന്നോ? എന്റെ ജീവിതത്തിന്റെ രൂപകൽപനയെ സാരമായവിധത്തിൽ അവ സ്വാധീനിച്ചതുകൊണ്ടുതന്നെ. മറ്റു വായനക്കാരെയും അവ ഗുണപരമായി സ്വാധീനിക്കാൻ സാധ്യതയുള്ളതുകൊണ്ടുതന്നെ.

 

 

English Summary: Bipin Chandran on the books that influenced his reading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com