അക്ഷരാർത്ഥത്തിൽ അല്ല, കാവ്യാത്മകമായി ചിന്തിക്കുക, അപ്പോള്‍ സാധ്യതകൾ വിശാലമാകും - അമിത് ദത്ത
Mail This Article
ഇന്ത്യന്‍ സിനിമയിൽ സിനിമാട്ടോഗ്രാഫിയുടെ സാധ്യതകളെ ഏറ്റവും ക്രിയാത്മകമായി ഉപയോഗിക്കുന്ന സംവിധായകനാണ് അമിത് ദത്ത. പൂനയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമ പഠിച്ച ദത്ത നമ്മുടെ ആര്‍ട് സിനിമാ വേദികളില്‍ പോലും അത്ര പരിചിതനല്ല. അദ്ദേഹത്തിന്റെ സിനിമകൾ തിയറ്ററുകളില്‍ റിലീസ് ചെയ്തിട്ടില്ല. ലോകമെമ്പാടുമുള്ള പ്രധാന മേളകളിലും മ്യൂസിയം പ്രോഗ്രാമുകളിലും ദത്തയുടെ സിനിമകൾ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രശസ്തങ്ങളായ പല മേളകളിൽ നിന്ന് ഈ സിനിമകള്‍ക്ക് ബഹുമതികളും ലഭിച്ചിട്ടുണ്ട്. ഈയടുത്ത് മുബി അദ്ദേഹത്തിന്റെ സിനിമകളുടെ ഒരു ഓണ്‍ലൈൻ റെട്രോസ്പെക്റ്റീവ് അവതരിപ്പിക്കുകയുണ്ടായി. സിനിമാ പ്രബുദ്ധമായ കേരളത്തില്‍ പോലും ദത്തയുടെ സിനിമകളെ വേണ്ട രീതിയിൽ ചര്‍ച്ചചെയ്തിട്ടില്ല. 2000-കളുടെ പകുതി മുതൽ സിനിമകൾ സംവിധാനം ചെയ്യുന്ന (ചെറുതും വലുതുമായി ഏകദേശം മുപ്പതോളം സിനിമകള്‍) ദത്തയെ കുറിച്ച് ഇംഗ്ലീഷില്‍ പോലും ഒരു പുസ്തകം എഴുതപ്പെട്ടിട്ടില്ല. ഈ വിടവ് നികത്തുകയാണ് ശ്രീകാന്ത് ശ്രീനിവാസന്‍ തന്റെ Modernism by Other Means – The Films of Amit Dutta എന്ന പുസ്തകത്തിലൂടെ.
ബാംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ചലച്ചിത്ര നിരൂപകനാണ് ശ്രീകാന്ത് ശ്രീനിവാസൻ. കലാ സിനിമകളിലെതന്നെ വെല്ലുവിളികള്‍ ഏറ്റെടുക്കുന്ന ഇന്ത്യൻ, അന്തർദേശീയ സിനിമകളെക്കുറിച്ച് അദ്ദേഹം എഴുതുന്നു. ഫ്രഞ്ചില്‍ നിന്ന് ചലച്ചിത്ര നിരൂപണങ്ങൾ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്നു. 2010-ൽ ‘ഫിലിം കമന്റ് ‘ മാഗസിൻ അദ്ദേഹത്തിന്റെ ‘ദി സെവൻത് ആർട്ട് ‘ എന്ന ബ്ലോഗ് ചലച്ചിത്ര നിരൂപണത്തിനുള്ള ഏറ്റവും മികച്ച സൈറ്റുകളിലൊന്നായി തിരഞ്ഞെടുത്തു.
“ഫിലിംസ് ഡിവിഷനിലെ അഗ്രഗാമികളായിരുന്ന പ്രമോദ് പതി, എസ്.എൻ.എസ്. ശാസ്ത്രി എന്നിവരടങ്ങുന്ന ഇന്ത്യയിലെ ‘പരീക്ഷണാത്മക’ ചലച്ചിത്രനിർമ്മാണത്തിന്റെ വൈവിധ്യമാർന്ന പരമ്പരയിലാണ് ദത്തയുടെ പരിശീലനം. അതുപോലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായിരുന്ന മണി കൗൾ, കുമാർ സഹാനി, കമൽ സ്വരൂപ്, വിഷ്ണു മാഥൂർ എന്നിവരും അദ്ദേഹത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കൗളിനെയും സഹാനിയെയും പോലെ ദത്തയുടെ സിനിമയും പുരാതന ഇന്ത്യൻ കലാചിന്തകളുമായും കലയുടെ പ്രാദേശിക പാരമ്പര്യങ്ങളുമായും നിരന്തരമായ സംവാദത്തിലാണ്. ഈ സിനിമകളുടെ നൂതനത്വവും ആധുനികതയുടെ ആശയവും നൂറ്റാണ്ടുകൾ പഴക്കമുള്ള കലാപരമായ ഗ്രന്ഥങ്ങളിൽ നിന്നും സിദ്ധാന്തങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞതാണ് എന്നത് വിരോധാഭാസമായി തോന്നാം” എന്നാണ് ഗ്രന്ഥകര്‍ത്താവ് ആമുഖത്തിൽ കുറിച്ചത്. തദ്ദേശീയ വിജ്ഞാന സമ്പ്രദായങ്ങളുടെ സൂക്ഷ്മപഠനത്തിലൂടെ ആധികാരികമായ ഒരു ആധുനികതയിലേക്ക് ദത്ത എത്തിയിരിക്കുന്നു, അത് യൂറോ കേന്ദ്രീകൃതമായ ആശയങ്ങളിൽ മാത്രം ഊന്നിയതല്ല എന്നര്‍ത്ഥം. സിനിമയിലെ ആധുനികത എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്നതിനെക്കുറിച്ചുള്ള നമ്മുടെ ആശയങ്ങൾ പുനര്‍വിചിന്തനം ചെയ്യാൻ ദത്തയുടെ സൃഷ്ടികൾ നമ്മെ ക്ഷണിക്കുന്നു.
സിനിമകള്‍ക്ക് പുറമേ, ദത്ത പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒന്ന് കുട്ടികള്‍ക്കുള്ള പുസ്തകമാണ്, മറ്റൊന്ന് ഒരു നോവലും, അടുത്തത് സിനിമയെക്കുറിച്ചുള്ള ചലച്ചിത്രകാരന്റെ ചിന്തകളുടെ സംഗ്രഹമാണ്, മറ്റൊന്ന് ഒരു പ്രാദേശിക ചിത്രകാരനെക്കുറിച്ചുള്ള ഗവേഷണ പ്രസിദ്ധീകരണമാണ്.
ഒരു സിനിമാക്കാരനാകുന്നതിനു മുമ്പ് ദത്ത ഒരു ചെസ്സ് കളിക്കാരനാവാന്‍ ആഗ്രഹിച്ചിരുന്നു. ജമ്മുവില്‍ പഠിക്കവെ കോളേജിന്റെ ചെസ്സ് ടീമിന്റെ ഭാഗമായിരുന്നു. 2017-ല്‍ ഓൾ ഇന്ത്യ കറസ്പോണ്ടൻസ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. ചെസ്സിന്റെ ചരിത്രത്തെക്കുറിച്ച് റിസേര്‍ച്ച് ചെയ്ത അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. തന്റെ ചെസ്സ് പ്രേമത്തെക്കുറിച്ച് ദത്ത പറയുന്നു: “ചെറുപ്പത്തില്‍ ദൃശ്യപരമായിട്ടാണ് ചെസ്സ് എന്നെ ആകര്‍ഷിച്ചത്. അത്ഭുതകരമാംവിധം കൊത്തുപണികളുള്ള മരത്തിന്റെ കരുക്കള്‍. കറുപ്പിലും മഞ്ഞയിലുമുള്ള പാറ്റേണ്‍, കരുക്കളുടെ ചലനങ്ങള്‍, ഗൂഡരീതിയിലുള്ള കോഡ് ഭാഷയില്‍ കളിക്കാര്‍ നീക്കങ്ങൾ കുറിച്ചുവെക്കുന്നത്– ഇവയെല്ലാം എന്നെ സംബന്ധിച്ച് സംഗീതത്തിലെ നോട്ടേഷന്‍ പോലെ ആകര്‍ഷകമായിരുന്നു”. ചെസ്സ് കഴിഞ്ഞാൽ ദത്തയ്ക്ക് സാഹിത്യത്തോടായിരുന്നു ഇഷ്ടം. ഒരു എഴുത്തുകാരനാവണം എന്നായിരുന്നു ചെറുപ്പത്തില്‍ ആഗ്രഹിച്ചിരുന്നത്.
ഒരു സിനിമാ സംവിധായകനായതിനുശേഷം ചെസ്സുമായി ബന്ധപ്പെടുത്തി സിനിമയിലെ കാലസങ്കല്‍പ്പത്തെക്കുറിച്ച് ദത്ത ഇപ്രക്കാരം പറയുകയുണ്ടായി: “Although cinema develops in time (like music), it is also made of time (Tarkovsky called filmmaking “sculpting in time”). As in chess, a film sequence that develops linearly is also developing vertically. The vertical time is the realm of the “initiate”, the Sahrudaya or Rasika, who can process significant associations, symbols and ideas as they unfold and carry them over to the next surging moment on the screen”.
ഒരു സഹപാഠി അദ്ദേഹത്തിന് ബംഗാളി ഭാഷയിൽ എഴുതിയ സിനിമയെക്കുറിച്ചുള്ള ഉപന്യാസങ്ങളുടെ ഒരു സമാഹാരം സമ്മാനിച്ചു. ലേഖനങ്ങളിലൊന്ന്, ഭാഗ്യവശാൽ, ഇംഗ്ലീഷിലായിരുന്നു. പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ അധ്യാപകനായിരുന്ന ഋത്വിക് ഘട്ടക് വിദ്യാർത്ഥികൾക്കുള്ള പാഠ്യപദ്ധതി വിശദമായി വിവരിച്ചുകൊണ്ട് എഴുതിയ ഒരു ലേഖനമായിരുന്നു അത്. ഇതില്‍ നിന്ന് തെരഞ്ഞെടുത്തു വായിച്ച പുസ്തകങ്ങൾ സിനിമയിൽ താത്പര്യമുണ്ടാക്കുകയും പി.കെ.നായര്‍ ദല്‍ഹിയിൽ വെച്ച് നടത്തിയ സിനിമാ ആസ്വാദന കോഴ്സിൽ പങ്കെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാല്‍ അവിടെ നിന്ന് കണ്ട ബ്രസ്സോയുടെ മൂഷേറ്റ് (Mouchette) എന്ന സിനിമയാണ് അദ്ദേഹത്തെ സിനിമയിലേക്ക് അഗാധമായി അടുപ്പിച്ചത്. പ്രത്യേകിച്ച് സിനിമയുടെ അവസാന ഭാഗം, പെൺകുട്ടിയുടെ ആത്മഹത്യ. ഈ സീൻ അദ്ദേഹത്തെ വല്ലാതെ ബാധിച്ചുവത്രേ. ആത്മഹത്യ ജനിപ്പിക്കുന്ന വൈകാരികതയല്ല, ഈ സീക്വൻസ് എഡിറ്റു ചെയ്ത രീതിയാണ് അദ്ദേഹത്തെ സ്വാധീനിച്ചത്.
ഇന്‍സ്റ്റിറ്റ്യൂട്ടിൽ വച്ച് കണ്ട ആത്മകഥയും തദ്ദേശീയ മിത്തുകളും ശൈലീകൃത മിസ്-എന്‍-സീനും ചേര്‍ന്നുള്ള സെര്‍ഗി പരഞ്ജനോവിന്റെ സിനിമകൾ അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചു. ഈ കാലയളവിൽ അദ്ദേഹം എഴുതിയ ഡയറിക്കുറിപ്പുകളുടെ സമാഹാരമായ Many Questions to Myself എന്ന പുസ്തകത്തിൽ തന്റെ പാരമ്പര്യത്തിൽ ഊന്നിക്കൊണ്ടുള്ള സിനിമാ പ്രവര്‍ത്തനത്തോടുള്ള ആഭിമുഖ്യം അദ്ദേഹം വെളിപ്പെടുത്തുന്നു. സൗന്ദര്യശാസ്ത്രത്തെക്കുറിച്ചുള്ള പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങൾ, പാശ്ചാത്യ കലാ സൈദ്ധാന്തികർ, നിരൂപകർ, സിനിമയുടെ തുടക്കക്കാർ എന്നിവരെക്കുറിച്ചുള്ള പരാമർശങ്ങൾ ഇതിൽ കാണാം. ഇതിലൂടെ ചലന ചിത്രങ്ങളെ കുറിച്ച് സ്വന്തമായ സിദ്ധാന്തം അദ്ദേഹം വളര്‍ത്തിയെടുത്തു.
ദത്തയുടെ രൂപീകരണത്തിൽ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വഹിച്ച പങ്ക് വളരെ നിർണായകമായിരുന്നു. അവിടെ നിന്ന് ബിരുദം നേടിയ ശേഷം ദത്ത അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ അദ്ധ്യാപകനായി ജോലിചെയ്തു. അവിടത്തെ പഠന രീതി പല മേഖലകള്‍ - ഫൈൻ ആര്‍ട്സ്, ഫോക്, ഇന്റസ്ട്രിയല്‍ ക്രാഫ്റ്റ്- എന്നിവ ഒന്നിക്കുന്ന രീതിയില്‍ ഉള്ളതാണ്. ഇത് സിനിമയെ വിശാലമായ സാംസ്കാരിക ഘടനയുടെ ഭാഗമായും മറ്റ് കലകളുമായുള്ള അസ്തിത്വപരമായ തുടർച്ചയായും വീക്ഷിക്കാൻ ദത്തയെ പ്രേരിപ്പിച്ചു.
പതിനെട്ടാം നൂറ്റാണ്ടിലെ ഇന്ത്യൻ മിനിയേച്ചർ ചിത്രകാരൻ നൈൻസുഖിനെക്കുറിച്ച് ഒരു സിനിമ നിർമ്മിക്കാൻ സ്വിസ് കലാചരിത്രകാരനും നരവംശശാസ്ത്രജ്ഞനുമായ ഡോ. എബർഹാർഡ് ഫിഷർ (Dr. Eberhard Fischer) വളരെക്കാലമായി ആഗ്രഹിച്ചിരുന്നു. ഇരുപത്തിയാറ് വർഷമായി സൂറിച്ചിലെ റീറ്റ്ബെർഗ് മ്യൂസിയത്തിന്റെ ഡയറക്ടറായും സ്വകാര്യ കളക്ടറായും ഉത്തരേന്ത്യയിലെ പഴയ മലയോര രാജ്യങ്ങളിൽ നിന്നുള്ള പഹാഡി പെയിന്റിംഗുകൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു. ആയിടയ്ക്കാണ് അദ്ദേഹം ദത്തയെ പരിചയപ്പെടുന്നത്.
സിനിമയുണ്ടാക്കാനുള്ള ഫിഷറിന്റെ ക്ഷണം പൂനെ, അഹമ്മദാബാദ് എന്നീ നഗരങ്ങളിൽ ഏകദേശം ഒരു ദശാബ്ദത്തോളം സിനിമാ പ്രവര്‍ത്തനങ്ങൾ നടത്തിയിരുന്ന ദത്തയെ സംബന്ധിച്ചിടത്തോളം തന്റെ വീടിനടുത്തുള്ള കാംഗ്ര താഴ്വരയിലേക്കുള്ള മടക്കമായിരുന്നു. ഡോ.ഫിഷറിനൊപ്പം അദ്ദേഹം നിരവധി മാസങ്ങളിൽ താഴ്‌വര പര്യവേക്ഷണം ചെയ്തു. നൈൻസുഖ് താമസിച്ചിരുന്നതും ജോലി ചെയ്തിരുന്നതുമായ എല്ലാ സ്ഥലങ്ങളും ഡോ. ഫിഷര്‍ പരിചയപ്പെടുത്തി. പിന്നീട് സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചപ്പോൾ ലൊക്കേഷന്‍ തേടിയുള്ള യാത്രയിൽ നൈന്‍സുഖിനെ പോലെ, അല്ലെങ്കില്‍ അതുപോലുള്ള കലാകാരന്മാരുടെ സര്‍ഗ പ്രവര്‍ത്തനം തഴച്ചുവളരുന്നതിൽ സ്ഥലത്തിനുള്ള പങ്ക് അദ്ദേഹം മനസ്സിലാക്കി. തനിക്കും അത്തരമൊരു ബന്ധം ആവശ്യമാണ് എന്ന തോന്നലിൽ നിന്നാണ് അദ്ദേഹം 2010-ൽ കാംഗ്ര താഴ്‌വരയിലേക്ക് താമസം മാറ്റാന്‍ തീരുമാനിച്ചത്. അതിലും പ്രധാനമായി, തന്റെ കലാ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സന്ദർഭം കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ദീർഘകാല ധർമ്മസങ്കടത്തിന് ഇത് ഒരു പരിഹാരം നൽകി. കാംഗ്ര കുന്നുകളിലും പരിസരങ്ങളിലും സിനിമകൾ നിർമ്മിക്കുന്നതിലൂടെ പഹാഡി മിനിയേച്ചറിസ്റ്റുകളുടെ നീണ്ട പാരമ്പര്യത്തിൽ തന്റെ സിനിമയെ സ്ഥാപിക്കാൻ ദത്തയ്ക്ക് കഴിഞ്ഞു.
അതുപോലെ കലാ-ചരിത്രകാരനും നിരൂപകനുമായ ബി.എന്‍. ഗോസ്വാമിയുമായുള്ള പ്രവര്‍ത്തനം മറ്റൊരു പ്രചോദനമായി. പഹാഡി പെയിന്റിംഗിലും ഇന്ത്യൻ മിനിയേച്ചർ പെയിന്റിംഗുകളിലുമുള്ള ഗോസ്വാമിയുടെ അറിവ് പ്രശസ്തമാണ്. കലയോടുള്ള ഗോസ്വാമിയുടെ സമീപനവും മിനിയേച്ചർ പെയിന്റിംഗിനെ നോക്കുന്ന രീതിയും ദത്തയുടെ ചലച്ചിത്ര സൗന്ദര്യശാസ്ത്രത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. ചിത്രങ്ങളുടെ ചെറിയ ചെറിയ വിശദാംശങ്ങളെ ഗോസ്വാമി കാണുന്ന രീതി, ദത്തയിൽ, പ്രത്യേക രീതിയിലുള്ള ഷോട്ട് വിന്യാസത്തിലും ഫോക്കസിലെ സൂക്ഷ്മമായ മാറ്റങ്ങളിലും സ്വാധീനം ചെലുത്തി. മിനിയേച്ചർ പെയിന്റിംഗ് ദത്തയുടെ സൗന്ദര്യശാസ്ത്രത്തിലേക്ക് കൊണ്ടുവന്ന പ്രധാന മാറ്റങ്ങളിലൊന്ന്, സിനിമാറ്റിക് കാലത്തെയും സ്ഥലത്തെയും കുറിച്ചുള്ള സമീപനമാണ്. മിനിയേച്ചറില്‍ ഒരേ ക്യാൻവാസിൽ ഒന്നിലധികം സ്ഥലങ്ങളിൽ ഒരു രൂപത്തിന്റെ സാന്നിദ്ധ്യം കാണാം. അനേകത എന്ന ഈ ആശയം ഇന്ത്യൻ ദാർശനിക പാരമ്പര്യത്തിൽ കാലത്തെ കുറിച്ചുള്ള രേഖീയമല്ലാത്ത സങ്കൽപ്പത്തിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് മനസ്സിലാക്കാം. ആധുനികതയുടെ രേഖീയ കാലത്തിന് എതിരായി, ഈ ആശയം കാല ദൈർഘ്യത്തിന്റെ വ്യത്യസ്ത അനുഭവങ്ങളുടെ സഹവർത്തിത്വം അനുവദിക്കുന്നു. അതുപോലെ, ദത്തയുടെ സിനിമകളിൽ, ഭൂതകാലവും വർത്തമാനകാല സംഭവങ്ങളും ഒരേ ഇടത്തിൽ സംഭവിക്കുന്നു. ചെറിയ വ്യത്യാസങ്ങളോടെ ദത്ത ഒരു ഷോട്ട് ആവർത്തിക്കുന്നു, ഒരു നടനെ പരിചിതമായ ലൊക്കേഷനുകളിലൂടെ പലതവണ കൊണ്ടുപോകുന്നു, അതുപോലെ ഒരേ ഷോട്ടിനെ റിവേര്‍സ് ചെയ്യിക്കുന്നു. ഇതിലൂടെ പഹാഡി മിനിയേച്ചറുകളിലെ കാല സങ്കല്‍പ്പത്തെ സിനിമയുമായി ബന്ധിപ്പിക്കുന്നു.
മിനിയേച്ചർ പെയിന്റിംഗുകൾ മനുഷ്യ പരിപ്രേക്ഷ്യത്തെ ചോദ്യം ചെയ്യുന്നു. യൂറോപ്യന്‍ നവോത്ഥാനത്തിലൂടെ നമുക്ക് ലഭിച്ച പരിപ്രേക്ഷ്യത്തെ കുറിച്ചുള്ള, പരിപ്രേക്ഷ്യത്തിന്റെ സംയോജനത്തെ കുറിച്ചുള്ള ആശയത്തിന് എതിരെ പ്രവര്‍ത്തിക്കുന്നു. മിനിയേച്ചര്‍ ചിത്രങ്ങളുടെ പരന്ന പ്രതലത്തിൽ പല സംഭവങ്ങൾ ആലേഖനം ചെയ്തിരിക്കുന്നതിനാൽ ഒരേ ചിത്രത്തില്‍ പല തലങ്ങളിലുള്ള പരിപ്രേക്ഷ്യമാണ് ഉണ്ടാവുന്നത്. നവോത്ഥാന സങ്കൽപ്പങ്ങൾ പരിപ്രേക്ഷ്യത്തിന്റെയും കലാപരമായ ഭാവനയുടെയും സംയോജനത്തെ കുറിച്ച് പലപ്പോഴും സംസാരിച്ചു. ഇരുപതാം നൂറ്റാണ്ട് വരെ പാശ്ചാത്യകലയുടെ വ്യവഹാരം എല്ലാത്തിന്റെയും യോജിപ്പിന് ഊന്നൽ നൽകിയിരുന്നു. അതായത് വ്യത്യസ്ത ഘടകങ്ങളെ യോജിപ്പിച്ച് അവസാനം ക്ലൈമാക്സില്‍ എത്തിക്കുന്ന രീതി.
‘നൈന്‍സുഖ് ‘ എന്ന സിനിമ പതിനെട്ടാം നൂറ്റാണ്ടിലെ മിനിയേച്ചർ ചിത്രകാരനായ നൈന്‍സുഖിനെ കുറിച്ചാണ്. Notes on Guler എന്ന സിനിമ ഒരു കാലത്ത് പ്രഗത്ഭരായ കലാകാരന്മാർക്കും പല നിര്‍മ്മിതികള്‍ക്കും പേരുകേട്ട ഹരിപൂർ ഗുലേർ പട്ടണത്തെക്കുറിച്ചാണ്. എന്നാല്‍ അണക്കെട്ട് പണിതതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പട്ടണം ഭാഗികമായി വെള്ളത്തിനടിയിലായി.The Seventh Walk എന്ന സിനിമ പരംജിത് സിംഗ് എന്ന ചിത്രകാരനെ കുറിച്ചാണ്. അദ്ദേഹം പാലമ്പൂരിലെ ദത്തയുടെ വീടിന് തൊട്ടടുത്തുള്ള കാൻഗ്ര താഴ്‌വരയിലെ കലാകാരന്മാരുടെ കോളനിയിലാണ് താമസിക്കുന്നത്. Even Red Can Be Sad എന്ന സിനിമ രാം കുമാർ എന്ന ചിത്രകാരനെ കുറിച്ചാണ്.
ആര്‍ക്കിടെക്ച്ചർ ദത്തയുടെ സിനിമകളുടെ പ്രധാന വിഷയമാണ്. ആര്‍ക്കിടെക്ച്ചർ, സാഹിത്യം, സിനിമ എന്നിവ പരസ്പരം പോഷിപ്പിക്കുകയും ഒഴുകുകയും ചെയ്യുന്നു. Finished / Unfinished ഹിമാചൽ പ്രദേശിലെ കാൻഗ്ര താഴ്‌വരയിലെ മസ്‌റൂർ ഗ്രാമത്തിലെ ഒരു കൂട്ടം ക്ഷേത്രങ്ങളെ കുറിച്ചാണ്. The Unknown Craftsman മസ്രൂരിലെ ക്ഷേത്ര സമുച്ചയത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാൽ ഇവിടെ ഇതിന്റെ സൃഷ്ടിയെ ചുറ്റിപ്പറ്റിയുള്ള ഒരു സാങ്കൽപ്പിക കഥയാണ് ദത്ത നെയ്യുന്നത്.
നൈൻസുഖിന് ശേഷമുള്ള വർഷങ്ങളിൽ, ദത്ത ഗോസ്വാമിയുടെ ചണ്ഡീഗഡിലെ വസതിയിലും നഗരത്തിലെ ഫൈൻ ആർട്ട് മ്യൂസിയത്തിലും വച്ച് ഗോസ്വാമിയുമായി നിരവധി അഭിമുഖങ്ങള്‍ ചിത്രീകരിച്ചു. ഈ ഫൂട്ടേജ് The Wondering Eye എന്ന പേരിൽ 25 മണിക്കൂർ ദൈർഘ്യമുള്ള പ്രോജക്റ്റായി എഡിറ്റുചെയ്‌തു. ഈ സിനിമ ഇതുവരെ പരസ്യമായി പ്രദര്‍ശിപ്പിച്ചിട്ടില്ല.
ഗ്രന്ഥകാരന്‍ ദത്തയെ കാണാനായി ഷിംലയിലേക്ക് പോയി. അപ്പോള്‍ ദത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ടാഗോർ ഫെല്ലോ ആയിരുന്നു. ഗ്രന്ഥകാരന്‍ ദത്തയും അദ്ദേഹത്തിന്റെ ഭാര്യയും സിനിമകളിൽ ഒപ്പം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഐശ്വര്യ ശങ്കരനാരായണനുമായി സംവദിച്ചു. അവരുടെ സൃഷ്ടികൾ (അതുവരെ പ്രസിദ്ധീകരിക്കാത്ത ഭാഗങ്ങൾ ഉൾപ്പെടെ) അവര്‍ ഗ്രന്ഥകര്‍ത്താവിന് ലഭ്യമാക്കി. ഇതില്‍ നിന്നുള്ള പല പരാമര്‍ശങ്ങളും ഗ്രന്ഥകാരൻ പുസ്തകത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. അതില്‍ ഷൂട്ടിംഗ് സ്‌ക്രിപ്റ്റുകൾ, ഫിലിം പ്രൊപ്പോസലുകൾ, കൂടാതെ പുസ്തകവും ഉള്‍പ്പെടുന്നു. അതിലൊന്ന് ദത്തയുടെ സിനിമയെക്കുറിച്ചുള്ള ചിന്തകളുടെ ഡയറിയുടെ രൂപത്തിലുള്ള Many Questions to Myself എന്ന ഇതുവരെ യഥാർത്ഥ രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത പുസ്തകമാണ്.
ഏകദേശം 200 പേജുകളുള്ള പുസ്തകം 20 അദ്ധ്യായങ്ങളായി തിരിച്ചിരിക്കുന്നു. ആമുഖത്തിൽ ദത്തയുടെ സിനിമകളുടെ സ്വഭാവം, പ്രാധാന്യം എന്നീ കാര്യങ്ങള്‍ വിശദമാക്കുന്നു. Early films (2001-07) എന്ന അദ്ധ്യായം ദത്തയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് പഠന കാലം മുതൽ ആരംഭിക്കുന്നു. ഇക്കാലത്ത് ഹ്രസ്വ സിനിമകളായും ഫീച്ചർ ദൈർഘ്യമുള്ള സിനിമകളായും ദത്ത ഒരു ഡസനോളം സിനിമകൾ സംവിധാനം ചെയ്തു. ഇവയിൽ പലതും വിദേശമേളകളിൽ പ്രദർശിപ്പിച്ച് പ്രശംസയും അവാർഡുകളും നേടി. ഇന്‍സ്റ്റിറ്റ്യൂട്ടിൽ അത്യാധുനിക ഉപകരണങ്ങളും ആർക്കൈവൽ മെറ്റീരിയലുകളും ജോലി ചെയ്യാൻ സമർപ്പിതരായ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. സെല്ലുലോയിഡ്, 16 എംഎം, 35 എംഎം എന്നിവയിൽ ഷൂട്ട് ചെയ്യാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇതൊക്കെയും അദ്ദേഹത്തിന് സാധ്യതകളായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ അദ്ദേഹത്തിന് ഇതൊക്കെ വല്ലപ്പോഴും മാത്രമേ ലഭിച്ചുള്ളൂ. അക്കാലത്തെ കുറിച്ച് ദത്ത പറയുന്നു: “എന്റെ ആദ്യകാല ഷോർട്ട് സ്റ്റുഡന്റ് ഫിലിമുകളിൽ, ഞാന്‍ എന്നെ പ്രചോദിപ്പിച്ച പരമ്പരാഗത കലകളുടെ, അതായത് സാഹിത്യത്തിന്റെയും ചിത്രകലയുടെയും സൗന്ദര്യശാസ്ത്രത്തിൽ നിന്ന് സിനിമയെ എങ്ങനെ സ്വതന്ത്രമാക്കാമെന്നും ഒരു മാധ്യമമെന്ന നിലയിൽ സിനിമയുടെ തനിമ എങ്ങനെ തിരിച്ചറിയാമെന്നും അന്വേഷിക്കുകയായിരുന്നു”.
ഇന്ത്യയുടെ വ്യത്യസ്തമായ ചിന്തകളോടും കലകളോടും പരിമിതമായ അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ഇക്കാലത്തെ സിനിമകൾക്ക് പ്രചോദനം ലഭിക്കുന്നതിനായി ദത്ത വ്യക്തിഗത ചരിത്രത്തിലേക്ക് തിരിച്ചുപോയി. സാഹിത്യ കൃതികള്‍, നാടോടി കഥകള്‍, ഐതിഹ്യങ്ങള്‍, ചൊല്ലുകള്‍, കുട്ടിക്കാലത്ത് കേട്ട ‘അന്ധവിശ്വാസങ്ങള്‍’ എന്ന് പറയാവുന്ന കാര്യങ്ങള്‍ എന്നിവയിലേക്ക് അദ്ദേഹം ആഴ്ന്നിറങ്ങി.
പൂനെ സര്‍വ്വകലാശാലയിലെ ലൈബ്രറിയിൽ നിന്ന് പരിചയപ്പെട്ട ഒരു നരവംശശാസ്ത്ര പ്രൊഫസർ, മഹാരാഷ്ട്രയിലെ രാംഖിന്ദ് ഗ്രാമത്തിൽ തന്റെ വിദ്യാർത്ഥികളുടെ ഫീൽഡ് വർക്കിൽ ചേരാൻ അദ്ദേഹത്തെ ക്ഷണിച്ചു. അവരുടെ കൂടെ ഈ ആദിവാസി ഗ്രാമത്തില്‍ യാത്രചെയ്ത് ചിത്രീകരിച്ച സിനിമയാണ് Ramkhind: A Warli Village. Ksha Tra Gya (‘X Y Z’, 2004) എന്ന ദത്തയുടെ ഡിപ്ലോമാ സിനിമയില്‍ കഥാസരിത് സാഗരം, Dictionary of the Khazars (സെർബിയൻ എഴുത്തുകാരനായ മിലോറാദ് പവിക്കിന്റെ നോവൽ) തുടങ്ങിയവയില്‍ നിന്നുള്ള കഥകള്‍ക്കൊപ്പം ചെറുപ്പകാലത്ത് താൻ കേട്ടിരുന്ന അന്ധവിശ്വാസങ്ങളും ഗോസിപ്പുകളും കെട്ടുകഥകളും സിദ്ധാന്തങ്ങളും ഫലപ്രദമായി സംയോജിപ്പിക്കുന്നു.
Ka (Who) തീര്‍ത്തും വ്യത്യസ്തമായ ശൈലിയിൽ ഉള്ളതാണ്. കാർഡ്ബോർഡ് കട്ട്-ഔട്ടുകൾ, പ്ലാസ്റ്റിക് പാവകൾ, മിനിയേച്ചർ ഫർണിച്ചറുകൾ, പെയിന്റ് ചെയ്ത ബാക്ക്ഡ്രോപ്പുകൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഒരു സ്റ്റോപ്പ്-മോഷൻ ആനിമേഷൻ. അതിന് ഒരു അമേച്വർ, ഹോം മേഡ് സിനിമയുടെ സ്വഭാവം ഉണ്ട്. ദത്തയുടെ മൊത്തം സിനിമകളിൽ ഏറ്റവും സങ്കീർണ്ണമായ ശബ്‌ദ രൂപകൽപ്പനയാണ് ഈ സിനിമയുടെത്. മാത്യു അറക്കപ്പറമ്പിൽ വികസിപ്പിച്ചെടുത്ത, അത്യാധുനിക ഓഡിയോഗ്രാഫിയിൽ കൃത്രിമവും പ്രകൃതിദത്തവുമായ ശബ്ദങ്ങൾ, മനുഷ്യ ശബ്ദങ്ങൾ, യന്ത്രങ്ങളുടെ ശബ്ദം എന്നിവയുടെ മിശ്രിതം അടങ്ങിയിരിക്കുന്നു. ജെയിംസ് ജോയ്‌സ് ഒരു സാഹിത്യ പാഠം വായിക്കുന്നതിന്റെ റെക്കോർഡിംഗുമായി മന്ത്രോച്ചാരണങ്ങൾ ഇഴചേർന്നിരിക്കുന്നു.
2020-ല്‍ സംവിധാനം ചെയ്ത Wittgenstein Plays Chess with Duchamp; Or How Not to Do Philosophy ഒരു കട്ട് ഔട്ട് ആനിമേഷനാണ്. സ്റ്റീവന്‍ ബി. ജെറാര്‍ഡ് എന്ന തത്വചിന്തകന്റെ ഇതേ പേരിലുള്ള ഒരു ഉപന്യാസത്തെ ആധാരമാക്കിയാണ് ദത്ത പതിനേഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ അനിമേഷൻ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ദത്തയുടെ ഭാര്യ ഐശ്വര്യ ശങ്കരനാരായണനാണ് അനിമേഷൻ നിര്‍വഹിച്ചിരിക്കുന്നത്.
ഉപരിതലത്തിന്റെ (Surface) പ്രയോതാക്കളായ വിറ്റ്‌ജൻസ്റ്റൈനും ഡുഷാമ്പിനും എതിരെ, മറഞ്ഞിരിക്കുന്ന ആഴങ്ങളുടെ (Hidden depths) പ്രയോക്താക്കളായ മാക്‌സ് ഏണസ്റ്റിനെയും ഫ്രോയിഡിനെയും വിന്യസിച്ചുകൊണ്ട് ജെറാർഡ് തത്ത്വചിന്ത, കല, ചെസ്സ് എന്നിവയ്‌ക്കിടയിലുള്ള ബന്ധങ്ങളുടെ ഒരു വല നെയ്യുന്നു. ശബ്ദപഥത്തിൽ ഐശ്വര്യ ജെറാർഡിന്റെ ഉപന്യാസത്തിൽ നിന്നുള്ള ഉദ്ധരണികൾ വായിക്കുമ്പോൾ, ഒരു കൂട്ടം ദാദായിസ്റ്റ് കലാ വസ്തുക്കൾ ജീവൻ വച്ച് മറ്റ് ആർക്കൈവൽ ദൃശ്യങ്ങള്‍ക്കും വീഡിയോ ക്ലിപ്പുകൾക്കും എതിരെ കുതിച്ചുയരുന്നു.
പഹാഡി ചിത്രകാരന്മാരും മധുബനി കലാകാരന്മാരും ഗീതാഗോവിന്ദത്തെ അടിസ്ഥാനമാക്കി എണ്ണമറ്റ ചിത്രങ്ങൾ നിർമ്മിച്ചു. ദത്തയുടെ ‘ഗീതാഗോവിന്ദ’ത്തിലെ രണ്ട് ഡസനോളം ഡ്രോയിംഗുകളും പെയിന്റിംഗുകളും സൂറിച്ചിലെ റീറ്റ്ബെർഗ് മ്യൂസിയത്തിന്റെ ശേഖരത്തിൽ നിന്നാണ് വന്നത്. ഈ പെയിന്റിംഗുകളുടെ അസാധാരണമായ ഉയർന്ന നിലവാരമുള്ള സ്കാൻ ചെയ്ത ദൃശ്യങ്ങളെ എഡിറ്റ് ചെയ്ത് ശബ്ദപഥത്തിൽ സൂക്ഷ്മമായ പ്രകൃതിദത്ത ശബ്‌ദങ്ങളും ചിത്രകാരന്റെ പണിപ്പുരയിൽ നിന്നുള്ള ശബ്ദങ്ങളും ചേര്‍ത്തിരിക്കുന്നു. ഇതിന്റെ കൂടെ നൈൻസുഖിന്റെ പിൻഗാമികൾ ജോലിസ്ഥലത്ത് ചിത്രനിര്‍മ്മിതിക്ക് ആവശ്യമായ സാമഗ്രികൾ തയ്യാറാക്കുന്നതിന്റെയും സ്കെച്ചുകൾ നിർമ്മിക്കുന്നതിന്റെയും ഡോക്യുമെന്ററി ഷോട്ടുകളാണ്. ഇവരുടെ രൂപങ്ങൾ മിനിയേച്ചറുകളിലെ രൂപങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. പരന്നതും ആഴവും തമ്മിലുള്ള പിരിമുറുക്കവും, നിശ്ചലതയും ചലനവും തമ്മിലുള്ള പിരിമുറുക്കവും ഈ സിനിമയിൽ സിനിമയില്‍ ഉച്ചസ്ഥായിയിൽ എത്തുന്നു.
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ ഡിജിറ്റൽ വിപ്ലവം അനുഭവിച്ച ഒരു തലമുറയുടെ ഭാഗമായിരുന്നു ദത്ത -- അനലോഗ്, ഡിജിറ്റൽ വീഡിയോ ഫോർമാറ്റുകളിൽ പരിശീലനം നേടിയ വിദ്യാർത്ഥികളുടെ ഒരു തലമുറയുടെ ഭാഗം. ഡിജിറ്റലിനോടുള്ള ആഭിമുഖ്യം, അതിന്റെ സൗകര്യം എച്.ഡി. ഡിജിറ്റൽ വീഡിയോയിൽ നിരവധി ചെറു സിനിമകള്‍ സംവിധാനം ചെയ്യാന്‍ ദത്തയെ പ്രേരിപ്പിച്ചു. “സെല്ലുലോയിഡിൽ മാത്രം ഷൂട്ട് ചെയ്യാനും ഡിജിറ്റൽ ഇമേജ് കണക്കിലെടുക്കാതിരിക്കാനും ഞാൻ തീരുമാനിച്ചിരുന്നെങ്കിൽ എനിക്ക് ഒരിക്കലും ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ഇപ്പോൾ ഞാൻ ദൃശ്യങ്ങളുടെ ഗുണനിലവാരം കാര്യമാക്കുന്നില്ല, അതിന്റെ പിന്നിലെ ചിന്തയുടെ ഗുണനിലവാരം മാത്രമാണ് പ്രധാനം...ധാരാളം പണവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആവശ്യമുള്ള തരത്തിലുള്ള സിനിമകള്‍ നിർമ്മിക്കാൻ എനിക്ക് കഴിഞ്ഞില്ല, പക്ഷേ എന്റെ ചെറിയ ക്യാമറ എനിക്ക് വലിയ സ്വാതന്ത്ര്യം നല്‍കുന്നു. ഇതിലൂടെ ജീവിതത്തിന്റെയും ഭാവനയുടെയും സമൃദ്ധി എനിക്ക് ആഴത്തിലുള്ള സംതൃപ്തി നല്‍കുന്നു”.
ദത്തയുടെ പ്രവര്‍ത്തനം ഇപ്പോൾ വളരെയധികം മാറിയിരിക്കുന്നു, അദ്ദേഹത്തിന്റെ ക്രൂ വളരെ വളരെ ചെറുതായി. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഉപകരണങ്ങൾ പ്രധാനമായും ഒരു ഡിജിറ്റൽ ക്യാമറയും കമ്പ്യൂട്ടറും ആണ്. ദത്തയെ സംബന്ധിച്ചിടത്തോളം, ഡിജിറ്റൽ ഫിലിം മേക്കിംഗ് ആവശ്യകതയിൽ നിന്ന് ജനിച്ച ഒരു പുണ്യമാണ്. ഡിജിറ്റൽ ക്യാമറ, അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ, ലോകത്തെ നോക്കുന്നതിന് ഒരു പുതിയ വഴിക്ക് തുടക്കമിട്ടു. നിർമ്മാണത്തിന്റെ കാര്യത്തിൽ അത് പ്രദാനം ചെയ്യുന്ന സുസ്ഥിരതയും വിഷയവുമായി അത് സുഗമമാക്കുന്ന വ്യക്തിഗത ബന്ധവും ധ്യാനാത്മകമായ സ്വകാര്യതയുടെ ജീവിതം നയിക്കാനും ഒരു അജ്ഞാത ശില്പിയെപ്പോലെ സിനിമകൾ നിർമ്മിക്കാനും അദ്ദേഹത്തെ അനുവദിച്ചു. നൈന്‍സുഖിനെ പോലെ, അല്ലെങ്കില്‍ ദത്ത സിനിമ ഉണ്ടാക്കിയ പരംജിത് സിംഗ് അല്ലെങ്കില്‍ രാംകുമാര്‍ എന്നിവരെ പോലെ തങ്ങളുടെ ജോലി സ്ഥലത്ത് അല്ലെങ്കില്‍ സ്റ്റുഡിയോയില്‍ പ്രവര്‍ത്തിച്ച് സിനിമ രചിക്കാന്‍. ഇപ്പോൾ എല്ലാ ഉപകരണങ്ങളും ലഭ്യമായിരിക്കെ, ഒരു പരമ്പരാഗത കരകൗശല വിദഗ്ധനെപ്പോലെ ചലച്ചിത്ര സംവിധായകന് സിനിമകൾ നിർമ്മിക്കാനും വിതരണം ചെയ്യാനും കഴിയുമോ? പ്രശസ്തിയുടെയും പണത്തിന്റെയും മോഹം വെടിഞ്ഞ് ഒരു അജ്ഞാത ജീവിതം നയിച്ച് സത്യത്തിനുവേണ്ടി പ്രയത്നിച്ചുകൊണ്ട് ഒരു പരമ്പരാഗത കരകൗശലത്തൊഴിലാളിയുടെ ജീവിതം നയിക്കാൻ ഒരാൾക്ക് കഴിയുമോ? ഇത്തരം അന്വേഷണമാണ് ദത്ത ഇപ്പോൾ നടത്തുന്നത്.
ഈ സന്ദര്‍ഭത്തിൽ മനസ്സിൽ വരുന്നത് അലക്സാണ്ടര്‍ ആസ്ട്രുക്കിന്റെ ‘ക്യാമറാ സ്റ്റൈലോ’ എന്ന ആശയമാണ്. അതിനുമുമ്പ് ഉണ്ടായിരുന്ന മറ്റെല്ലാ കലകളും പോലെ, പ്രത്യേകിച്ച് പെയിന്റിംഗും നോവലും പോലെ, സിനിമ വളരെ ലളിതമായി ആവിഷ്‌കാരത്തിനുള്ള ഉപാധിയായി മാറുകയാണ്. സിനിമ ക്രമേണ ഒരു ഭാഷയായി മാറുകയാണ്. ഭാഷയെന്നാൽ, ഒരു കലാകാരന് തന്റെ ചിന്തകൾ പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു രൂപം. അവ എത്ര അമൂർത്തമായാലും സമകാലിക ഉപന്യാസത്തിലോ നോവലിലോ ചെയ്യുന്നതുപോലെ തന്നെ അവന്റെ അഭിനിവേശങ്ങൾ വിവര്‍ത്തനം ചെയ്യാന്‍ കഴിയും. അതുകൊണ്ടാണ് സിനിമയുടെ ഈ പുതിയ കാലഘട്ടത്തെ ക്യാമറ-സ്റ്റൈലോ (ക്യാമറ-പേന) എന്ന് അദ്ദേഹം വിളിച്ചത്. ഈ രൂപകത്തിന് വളരെ കൃത്യമായ അർത്ഥമുണ്ട്. സിനിമ എല്ലാ നിയന്ത്രണങ്ങളിൽ നിന്നും മോചിതമായി ഭാഷ പോലെ അയവുള്ളതും സൂക്ഷ്മവുമായ എഴുത്തിനുള്ള ഉപാധിയായി മാറും എന്നാണ് അദ്ദേഹം വിവക്ഷിച്ചത്.
ഡിജിറ്റൽ വിപ്ലവത്തിന്റെ വരവിനെ കുറിച്ചും സിനിമയുടെ സാമൂഹികാനുഭവം നഷ്‌ടപ്പെടുന്നതിനെ കുറിച്ചും വിലപിക്കുന്ന ചലച്ചിത്ര സംവിധായകരിൽ നിന്ന് വ്യത്യസ്തമായി, ചലിക്കുന്ന ചിത്രങ്ങളുമായി ഇടപഴകുന്നതിനുള്ള സാധുവായ ഒരു മാർഗമായി ദത്ത വ്യക്തിഗത ഇലക്ട്രോണിക് മീഡിയയെ അംഗീകരിക്കുന്നു, അത് പ്രേക്ഷകനും സിനിമയും തമ്മിൽ നോവൽ പോലെയുള്ള ബന്ധം ഉണ്ടാക്കുന്നു.
ചലച്ചിത്ര പ്രവർത്തകരെ ഡിജിറ്റൽ സ്വയംഭരണാധികാരികളാക്കി മാറ്റിയെങ്കിൽ, ഇപ്പോൾ കാഴ്ചക്കാരനും അവന്റെ അല്ലെങ്കിൽ അവളുടെ കാഴ്ചാനുഭവത്തിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കാം. ചില ലാപ്‌ടോപ്പുകളെ "നോട്ട്ബുക്കുകൾ" എന്ന് വിളിക്കുന്ന ഒരു കാലത്ത്, ലാപ്ടോപ്പില്‍ സിനിമ കാണുന്നത് ഗൗരവമായി എടുക്കാതിരിക്കാൻ ചലച്ചിത്രകാരന് കഴിയില്ല. ഇവിടെ ദൈർഘ്യം, സാന്ദ്രത, വിവരങ്ങളുടെ വിരളത, ഘടന -- ഇപ്പോൾ ഇഷ്ടാനുസരണം പുനരവലോകനം ചെയ്യാൻ കഴിയുന്ന മറ്റ് പല കാര്യങ്ങളെക്കുറിച്ച് ചലച്ചിത്ര സംവിധായകന്‍ വിഷമിക്കേണ്ടതില്ല. ഒരു കാലബദ്ധ-കല എന്ന നിലയിൽ സിനിമ ഇപ്പോൾ കാലത്തോട് രേഖീയമായി ബന്ധിക്കപ്പെട്ടിട്ടില്ല. സിനിമാറ്റിക് ഇമേജിൽ സ്ഥലത്തിൽ പോലും ഇപ്പോൾ പര്യവേക്ഷണം ചെയ്യാന്‍ പറ്റും, ഹൈപ്പർലിങ്കുകളും അടിക്കുറിപ്പുകളും ഉപയോഗിച്ച് ഇത് വിപുലീകരിക്കാം. വാസ്തവത്തിൽ, അറ്റമില്ലാത്ത / അക്ഷയമായ രീതിയില്‍ സിനിമ നിർമ്മിക്കാനുള്ള ചലച്ചിത്രകാരന്റെ സാധ്യതകൾ ക്രമാതീതമായി വർദ്ധിക്കുന്നു.
“എന്താണ് യഥാർത്ഥ സ്വതന്ത്ര സിനിമ? സിനിമയെ ആദ്യം സ്വന്തം പ്രതിച്ഛായയിൽ നിന്ന് മോചിപ്പിക്കണം, അപ്പോൾ അത് സ്വതന്ത്രമായി കാണാനുള്ള സ്വാതന്ത്ര്യം നേടും. അതിനായി അത് മറ്റ് കലാരൂപങ്ങൾക്കായി തുറന്നിരിക്കണം. ഇന്നത്തെ മിക്ക സിനിമകളും ഗദ്യം പോലെ വായിക്കുകയും നോവലുകൾ പോലെ നിർമ്മിക്കപ്പെടുകയും ചെയ്യുന്നു. ഒരു യുവ കലാരൂപത്തിന്റെ അകാല വാർദ്ധക്യത്തിന് നാം സാക്ഷ്യം വഹിക്കുന്നുണ്ടോ? കലാരൂപങ്ങളുടെ തുടർച്ചയായി നമുക്ക് സിനിമയെ വിഭാവനം ചെയ്യാൻ കഴിയുമോ? സംഗീതത്തെക്കുറിച്ചോ ചിത്രകലയെക്കുറിച്ചോ നാം ചിന്തിക്കുന്നതുപോലെ സിനിമയെക്കുറിച്ചും ചിന്തിക്കുക; അതുപോലെ, കാലത്തിന്റെയും സ്ഥലത്തിന്റെയും പരിപ്രേക്ഷ്യം കൈകാര്യം ചെയ്യുന്നതിനുള്ള ഒരു മാർഗമായി എഡിറ്റിംഗിനെക്കുറിച്ച് ചിന്തിക്കുക; മറ്റ് കലാരൂപങ്ങളെക്കുറിച്ച് അക്ഷരാർത്ഥത്തിൽ അല്ല, കാവ്യാത്മകമായി ചിന്തിക്കുക. അപ്പോള്‍ സാധ്യതകൾ വിശാലമാകും. സിനിമയെ ഒരു ചെസ്സ് കളിയായോ, മനസ്സിലാക്കാൻ തുടങ്ങാം” – ദത്ത തന്റെ സിനിമാ സങ്കല്പങ്ങൾ ഇപ്രകാരം വിവരിക്കുന്നു.
Content Summary: Malayalam Article on Indian Film Maker Amit Dutta Written by P K Surendran