ADVERTISEMENT

 

 

 

 

വലിച്ചടിപ്പിക്കുന്നതായിരുന്നു ആധുനികരുടെ ആഖ്യാനങ്ങൾ. കഥകളും നോവലുകളും മാത്രമല്ല, അവർ എഴുതിയതൊക്കെയും. എന്നാൽ, എവിടെയോ ഒരു അപരിചിതത്വവും അവ അവശേഷിപ്പിച്ചിരുന്നു. ഖസാക്കിലെ രവിയായലും ഹരിദ്വാറിൽ മണി മുഴങ്ങുന്നുവിലെ രമേശ് പണിക്കരായാലും ഒക്കെ ഇതു പ്രകടമായിരുന്നു. അവരെ ഇഷ്ടപ്പെടുമ്പോൾ, അവരുടെ വ്യഥകൾ ഏറ്റുവാങ്ങുമ്പോൾ, അവരുടെ പുറപ്പെട്ടു പോകലുകളിൽ മനസ്സ് വിങ്ങുമ്പോഴും അവർ കുറച്ചു ദൂരെ നിൽക്കുന്നവരായിക്കൂടി തോന്നുമായിരുന്നു. രവി നമ്മുടെ പരിചിത വലയത്തിൽപ്പെട്ട വ്യക്തിയല്ല. രമേഷ് പണിക്കരുടെ ചില മാതൃകകൾ കണ്ടെത്താമെങ്കിലും അയാൾ അയാളായി നമ്മൾ കണ്ടുമുട്ടുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല. അവർ നമ്മുടെ തന്നെ അപര ഭാവങ്ങളോ ദ്വന്ദ ഭാവങ്ങളോ പോലുമല്ല. എന്നാൽ അവരെ മഥിക്കുന്ന വികാരങ്ങൾ മനസ്സിലാവുന്നുണ്ടു താനും. അപ്രതീക്ഷിതമായ ഒരു കാട്ടുതീയായിരുന്നു ആധുനികത. കുറെയൊക്കെ വെന്തൊടുങ്ങി. കത്തിക്കരിഞ്ഞു. ചാമ്പലായി. തീ അണഞ്ഞിട്ടും ചാരം മാത്രമല്ല, ചാരത്തിൽ തിളങ്ങുന്ന പലതും ബാക്കിയാണുതാനും. ആധുനികരുടെ കൂട്ടത്തിലാണ് സേതുവും മലയാളത്തിൽ അടയാളപ്പെടുത്തപ്പെട്ടത്. കണ്ണിചേർക്കപ്പെട്ടത്. എന്നാൽ, ഭൂമിശാസ്ത്രം കൊണ്ടും വിപ്ലവകരമായ മനോഘടന കൊണ്ടും പാണ്ഡവപുരം ആധുനികതയോട് അടുത്തുനിൽക്കുമ്പോൾ തന്നെ, അദ്ദേഹത്തിന്റെ പ്രശസ്തമായ ഒട്ടേറെ കഥകളും നോവലുകളും ആധുനികതയിൽ നിന്ന് ഏറെ അകലം പാലിക്കുന്നതും കാണാം. ആധുനികനായിരിക്കുമ്പോൾ തന്നെ അതിൽ നിന്ന് വിഛേദിച്ച് മണ്ണിന്റെ മണമുള്ള മറ്റൊരു, പുതിയൊരു ആധുനികത സ്വന്തമായി സൃഷ്ടിച്ച എഴുത്തുകാരനാണ് സേതു എന്നും പറയാം.

ദൂത് ആണ് സേതുവിന്റെ ഏറ്റവും പ്രശസ്തമായ കഥ. സംഭാഷണങ്ങൾ കൊണ്ടു മാത്രം രചിക്കപ്പെട്ട ഈ കഥ ആഖ്യാന സവിശേഷതയാലും പ്രമേയപരമായ നൂതനത്വം കൊണ്ടുമെല്ലാം വേറിട്ടു നിൽക്കുന്നു. സേതു എന്ന എഴുത്തുകാരൻ എന്തുകൊണ്ട് ആധുനികനല്ലെന്നും ആണെന്നും തെളിയിക്കുന്നു. അഥവാ, സേതുവിന്റെ ആധുനികത ഇറക്കുമതിയല്ലെന്നും കയറ്റിയയക്കേണ്ട മലയാളത്തിന്റെ സ്വന്തം ആധുനികതയാണെന്നും. ലാറ്റിനമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത മാജിക്കൽ റിയലിസം മാത്രമല്ല വായനക്കാരെ ആകർഷിക്കുക, മലയാളത്തിനും സ്വന്തമായി മാജിക്കൽ റിയലിസമുണ്ടെന്നും. ഈ മണ്ണിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്നാൽ, നമ്മുടെ ചുറ്റുമുള്ളവരുടെ മനസ്സിനെ അഗാധമായി മനസ്സിലാക്കിയാൽ റിയലിസവും ആധുനികതയും മാജിക്കൽ റിയലിസവും കണ്ടെത്താനാവുമെന്നും. ദൂതിൽ മാത്രമല്ല, വെളുത്ത കൂടാരങ്ങൾ, തിങ്കളാഴ്ചകളിലെ ആകാശം തുടങ്ങിയ കഥകളിലും കൈമുദ്രകൾ, നിയോഗം, അടയാളങ്ങൾ എന്നിങ്ങനെ നോവലുകളിലും സേതു എഴുതിയതും അനുഭവിപ്പിച്ചതും മലയാളത്തിന്റെ സ്വന്തം അസ്തിത്വ പ്രതിസന്ധികളാണ്. അവയ്ക്ക് യൂറോപ്യൻ രാജ്യങ്ങളുമായി ബന്ധമില്ല. ലാറ്റിനമേരിക്കയുമായോ മറ്റേതെങ്കിലും വിദേശരാജ്യവുമായോ ബന്ധമില്ല.

അച്ഛനിൽ നിന്ന് ക്രൂരമായി അകന്നുപോയ മകനാണ് അച്യുതൻ കുട്ടി. അയാൾ മനസ്സുകൊണ്ടും ശരീരം കൊണ്ടും പിതാവിൽ നിന്ന് ദൂരെയാണ്. എന്നാൽ, ആവേശം അടങ്ങിയപ്പോൾ, തെറ്റുകൾ മനസ്സിലായപ്പോൾ അയാൾക്കു തിരിച്ചുവരണമെന്നുണ്ട്. എന്നാൽ മകനാണെങ്കിലും പെട്ടെന്നൊരു ദിവസം അച്ഛന്റെ മുമ്പിൽ ഹാജരാകാൻ അയാൾക്കു കഴിയുന്നില്ല. ഒരുപക്ഷേ, അത്ര പെട്ടെന്നു ക്ഷമിക്കാവുന്നതായിരിക്കില്ല അയാളുടെ തെറ്റുകൾ. അതേക്കുറിച്ച് അയാൾക്കു തന്നെയാണ് നന്നായി അറിയാവുന്നതും. അച്ഛനെ കാണണമെന്നുണ്ട് അയാൾക്ക്. അതിന് അയാൾ സുഹൃത്തിനെ ദൂതനായി അയച്ചു എന്നു പറയാനും പറ്റില്ല. എന്നാൽ സുഹൃത്ത് അയാളുടെ മാനസികാവസ്ഥ പൂർണമായും മനസ്സിലാകുന്നുണ്ട്. അുടുത്തിടെയായി കൂടിക്കൊണ്ടിരിക്കുന്ന ചിന്താഭാരം. അസ്വസ്ഥത. വിഷാദം. എന്തോ നഷ്ടപ്പെട്ടതുപോലുള്ള മാനസികാവസ്ഥ. എവിടേക്കോ തിരിച്ചുചെല്ലനെന്ന വെമ്പൽ. ഇവയൊക്കെയും അച്ഛനെ അറിയിക്കാനാണു സുഹൃത്തിന്‌റെ വരവ്. അയാൾക്കു പറയാൻ രണ്ടു സംഭവകഥകൾ കൂടിയുമുണ്ട്. ഒന്ന് ഒരു വിഗ്രഹവുമായി ബന്ധപ്പെട്ടതാണ്. അടയാത്ത, വേർപെടാത്ത ഒരു കണ്ണുമായി ബന്ധപ്പെട്ടതും.

ഒരു കൊച്ചുവിഗ്രഹം. ലോഹം കൊണ്ടുള്ള ഒരു ചെറിയ ദേവീ വിഗ്രഹം.  ഫാക്ടറിയുടെ കോമ്പൗണ്ടിൽ നിന്നു കിട്ടിയ വിഗ്രഹം അച്യുതൻകുട്ടി വാങ്ങി വീട്ടിലെ ഷോകേസിൽ വച്ചു. ദേവിയുടെ രണ്ടുകണ്ണുകളിൽ ഒന്ന് അടർന്നുപോയിരുന്നു. മറ്റേ കണ്ണിലാകട്ടെ, ചില സമയത്ത് ഒരായിരം കണ്ണുകളുടെ തിളക്കം. ചിലപ്പോൾ ഉയിരുള്ളതുപോലെ തുടിക്കുകയും. എന്തോ കത്തിയെരിയുന്നപോലെയും. ഒടുവിൽ അത് ഒഴിവാക്കാൻ തീരുമാനിച്ചു. കുറച്ചുമാറിയുള്ള പൊട്ടക്കിണർ കണ്ടെത്തി. രാത്രിയുടെ ഇരുട്ടിന്റെ മറ പറ്റി വിഗ്രഹം കിണറ്റിൽ എറിഞ്ഞു. ഉറക്കെച്ചിരിച്ചുകൊണ്ട് ആശ്വാസത്തോടെ അവർ മടങ്ങി. നാലു ചുവടു വച്ചില്ല.  കരിയിലകൾക്കിടിയിൽ എന്തോ തിളങ്ങുന്നു. ആ ഒറ്റക്കണ്ണ്. വീണ്ടും വിഗ്രഹം കയ്യിലെടുത്തു.

അവന്റെ കൈ പൊള്ളിയിരിക്കണം. ഉറുമാൽകൊണ്ടു കൂട്ടിപ്പിടിച്ചു കിണറ്റിനരികിലേക്കു ചുവടുവച്ചു. ഇത്തിരിനേരം കണ്ണടച്ചുനിന്ന്, ഭരദേവതയെയും സകല ഇഷ്ടമൂർത്തികളെയും ഗുരുകാരണോൻമാരെയും സങ്കൽപിച്ച്, സമസ്താപരാധവും പൊറുക്കണേ എന്ന് ഉറക്കെ കേണുകൊണ്ട് മൂന്നു പ്രവശ്യം തലയ്ക്കു ചുറ്റും ഉഴിഞ്ഞ്, ഒരൊറ്റ ഏറ്....

വാക്കുകളിൽ, വാചകങ്ങളിൽ, ഭാവത്തിൽ ഭാവുകത്വത്തിൽ ഈ സംഭവം എത്രമാത്രം മലയാളിയുടെ ജീവിതവുമായി അടുത്തുനിൽക്കുന്നു എന്ന് ഇനിയധികം വിശദീകരിക്കേണ്ടതില്ല. ഇതു മലയാളത്തിന്റെ സ്വന്തം ആധുനികതയാണ്. ദാർശനിക പ്രതിസന്ധിയാണ്. അസ്തിത്വ സമസ്യയാണ്. എന്നാൽ, ഇത് മണ്ണിന്റെ ദർശനവും അസ്തിത്വവും ദുരൂഹതയുമാണ്. ഇതു തന്നെയാണ് സേതുവിനെ ആധിനികനാക്കുന്നതും അല്ലാതാക്കുന്നതും.

പാണ്ഡവപുരത്തെ ഒഴിച്ചുനിർത്തിയാൽ സേതുവിന്റെ മറ്റെല്ലാ നോവലുകളും കഥകളും ഏറ്റവും സാധാരണക്കാരനായ വായനക്കാരനുപോലും വഴങ്ങുന്നതാണ്. രസംപിടിച്ചിരുന്ന് വായിച്ചുതീർക്കാവുന്നതാണ്. വായനക്കാരനെ അകറ്റുന്ന, മാറ്റനിർത്തുന്ന, അപരിചിതത്വം തോന്നിപ്പിക്കുന്ന ഒരു വാക്കു പോലും അദ്ദേഹം ഉപയോഗിക്കാറില്ല. എന്നാൽ, നാട്ടുമൊഴിവഴക്കം എന്നു പറയാവുന്ന ഒട്ടേറെ പ്രയോഗങ്ങൾ സമൃദ്ധമായി ഉപയോഗിക്കാറുണ്ടുതാനും. ദൂതിൽ തന്നെ അത്തരമൊരു പ്രയോഗമുണ്ട്.

മുഞ്ഞപ്പുല്ലിൽ നിന്ന് നടുവിലുള്ള തണ്ടിനെ ശ്രദ്ധയോടെ വലിച്ചെടുക്കുന്നതുപോലെ ഉള്ളിലുള്ള പെരുവിരലിനോളം മാത്രം വലുപ്പമുള്ള പുരുഷനെ ധൈര്യപൂർവം ശരീരത്തിൽ നിന്ന് വേർപെടുത്തിയെടുക്കണം.

ഗനഹമായ തത്വത്തെ അതീവ ലളിതമായ കാർഷിക ഇമേജിലൂടെ എത്ര ശക്തവും ഉദാത്തവുമായാണ് സേതു അവതരിപ്പിക്കുന്നത്. ഒരു എഴുത്തുകാരനെന്ന നിലയിൽ അദ്ദേഹത്തെ ജനകീയനാക്കുന്നത് ഈ ഘടകം തന്നെയാണ്. ആധുനികനാക്കുന്നതും. മലയാളത്തിന്റെ മണ്ണിലാണ് സേതു ഉറച്ചു ചവിട്ടി നിൽക്കുന്നത്. മലയാളിയുടെ മനോലോകത്തിലാണ് അദ്ദേഹത്തിന്റെ ചിന്തകൾ കൂടുകെട്ടുന്നത്.

ആ ശരീരവും ആത്മാവും ഊർജം കണ്ടെത്തുന്നതും ഉത്തരം കണ്ടെത്തുന്നതും നമ്മുടെ സ്വന്തം ഭൂമികയിൽ നിന്നു തന്നെ.

അച്യുതൻ കുട്ടി ഖസാക്കിലെ രവിയെപ്പോലെയല്ല. രമേശ് പണിക്കരെപ്പോലെയല്ല. കൊച്ചുണ്ണിമ്മാനും രവിയെപ്പോലെയോ രമേശ് പണിക്കരെപ്പോലെയോ അല്ല. നമ്മൾ വായിച്ചതും അറിഞ്ഞതുമായ മറ്റൊരു ആധുനിക ആന്റി ഹീറോയെപ്പോലെയും അല്ല. അതുകൊണ്ടുതന്നെ അവരോട് ആർക്കും അപരിചിതത്വം തോന്നുന്നുമില്ല.

കൊച്ചുണ്ണിമ്മാന്റെ വാക്കുകൾ നോക്കൂ.

യാത്രയാന്ന് പറയൂ....

യാത്രയാന്നന്നെ പറയാമല്ലോ....

യാത്ര എന്ന കഥയുടെ അവസാനം യാത്ര പോലും പറയാതെ ഇറങ്ങിത്തിരിക്കുന്നയാളെ കാണാം.

അയാൾ ചുട്ടുപൊള്ളുന്ന നിരത്തിലേക്ക് ഇറങ്ങി. ഉരുകിയൊലിച്ച ടാറിൽ കാൽപാടുകൾ വീഴ്ത്താതെ മുന്നോട്ടുനടന്നു.

 

Content Summary: Aricle on Malayalam Writer Sethu who won Ezhuthachan Award 2022 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com